10 January 2025, Friday
KSFE Galaxy Chits Banner 2

സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുക, മുന്നോട്ട് നയിക്കുക

കെ ജി ശിവാനന്ദൻ
May 26, 2023 4:22 am

ആഗോളതലത്തിൽ സാമ്പത്തികമേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധി, വമ്പൻ ബാങ്കുകളുടെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും വർഷങ്ങളുടെ പഴക്കമുള്ളതും വ്യാപാരഭീമൻമാരുമായ നാല് ബാങ്കുകളാണ് ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തകർന്നുവീണത്. മാർച്ച് എട്ടിനാണ് അമേരിക്കയിലെ പ്രധാന ബാങ്കുകളിലൊന്നായ സിൽവർ ഗേറ്റ് കോർപറേഷൻ ബാങ്ക് തകർന്നു വീണത്. രണ്ടുദിവസം കഴിഞ്ഞ് മാർച്ച് 10ന് മറ്റൊരു ഭീമൻ സിലിക്കൺ വാലി ബാങ്കും തകർന്നു. ഈ സംഭവത്തോടെ സാമ്പത്തികരംഗത്ത് ആശങ്ക പടർന്നു. സർക്കാരിന്റെ ഇടപെടൽ ഉണ്ടായിട്ടും ബാങ്കുകളുടെ തകർച്ച തുടർന്നു. ക്രിപ്റ്റോ കറൻസി മേഖലയിൽ നൂതന വിജയം കൈവരിച്ച സിഗ്നേച്ചർ ബാങ്കിന്റെയും, മറ്റൊരു പ്രമുഖ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കിന്റെയും തകർച്ചയ്ക്ക് തടയിടാൻ സർക്കാരിനു പോലും സാധിച്ചില്ല. സ്വിറ്റ്സർലന്റിലെ 166 വർഷം പഴക്കമുള്ള ക്രെഡിറ്റ് സ്വിസ് ബാങ്കും തകച്ചയുടെ പട്ടികയില്‍ കയറി. ജർമ്മനിയിലെ ഡോഷേ ബാങ്കും തകർച്ചയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2008ൽ അമേരിക്കയിലെ വാൾസ്ട്രീറ്റ് ബാങ്ക് തകർച്ച ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളെയും സാമ്പത്തികമാന്ദ്യത്തിലെത്തിച്ചു. ഇന്ത്യൻ ബാങ്കുകളും, സമ്പദ്ഘടനയും ആഴമേറിയ പ്രതിസന്ധിയിൽ അകപ്പെടാതെ ഒരുവിധം പിടിച്ചു നിന്നു. അന്ന്, ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് രക്ഷാകവചം തീർത്തത് പൊതുമേഖലാ സ്ഥാപനങ്ങളും അതിനൊപ്പം സഹകരണ പ്രസ്ഥാനവുമാണ്. ഈ വസ്തുത അന്നത്തെ ഭരണാധികാരികൾ തന്നെ സമ്മതിച്ചിട്ടുള്ളതുമാണ്. ഇപ്പോൾ, അമേരിക്കൻ‑യൂറോപ്യൻ രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ള ബാങ്കുകളുടെ പതനം ഇന്ത്യൻ ബാങ്കുകളെ ബാധിക്കില്ലായെന്നാണ് കേന്ദ്ര ഭരണാധികാരികളുടെ കണക്കുകൂട്ടൽ. എന്നാൽ ഇപ്പോഴുണ്ടായിട്ടുള്ള തകർച്ച ലോക സാമ്പത്തികമാന്ദ്യത്തിന് വഴിവച്ചേക്കാമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

 


ഇതുകൂടി വായിക്കു; നവ കോളനിവല്‍ക്കരണവും ലോക ബാങ്കും


ബഹുജന താല്പര്യത്തെക്കാൾ കോർപറേറ്റ് താല്പര്യത്തിന് മുൻഗണന നൽകുന്ന മോഡിസർക്കാരിന്റെ നടപടികൾ രക്ഷകരെ ശിക്ഷിക്കുന്ന വിധത്തിലുള്ളതാണെന്ന് കാണാൻ കഴിയും. ന്യൂജനറേഷൻ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിലുണ്ടായ നിക്ഷേപത്തട്ടിപ്പ് ബാങ്കിനെ തകർച്ചയിൽ കൊണ്ടുചെന്നെത്തിച്ചു. കേന്ദ്രസർക്കാരും റിസർവ് ബാങ്കും നടത്തിയ അടിയന്തര ഇടപെടൽ ബാങ്കിനെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തി. പൊതുമേഖലാ ബാങ്കിന്റെ പണമാണ് ഇതിനായി വിനിയോഗിച്ചത്. ഇതേ താല്പര്യം പൊതുമേഖലാ സ്ഥാപനങ്ങളോടും സഹകരണ സ്ഥാപനങ്ങളോടും കേന്ദ്രസർക്കാർ കാണിച്ചില്ല. സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട് നീങ്ങുകയാണ് കേന്ദ്രം ചെയ്തത്. യെസ് ബാങ്ക് സംഭവത്തിന് ശേഷമാണ് പഞ്ചാബ്-മഹാരാഷ്ട്ര മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്കിൽ വായ്പാ തട്ടിപ്പ് നടന്നതായി വാർത്ത വന്നത്. യെസ് ബാങ്കിനോട് കാണിച്ച മമത, കേന്ദ്രം പിഎംസി ബാങ്കിനോട് കാണിച്ചില്ല, രക്ഷയ്ക്ക് എത്തിയതുമില്ല. ഈ ബാങ്കിനെ മൊത്തമായും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ മൈക്രോ ഫിനാൻസ് ബാങ്കിൽ നിർബന്ധിച്ച് ലയിപ്പിക്കുകയാണ് ചെയ്തത്. ഒരു സഹകരണ സ്ഥാപനത്തെ സംരക്ഷിച്ച് നിർത്തേണ്ട ബാധ്യതയിൽ നിന്നും പിറകോട്ടു പോയത്, കേന്ദ്രസർക്കാരിന്റെ സ്വകാര്യവല്‍ക്കരണ നിലപാടാണ് വ്യക്തമാക്കുന്നത്. പിഎംസി ബാങ്ക് തട്ടിപ്പ് ആവർത്തിക്കാതിരിക്കാനെന്ന പ്രഖ്യാപനത്തോടെ ഒരു ഭേദഗതി നിയമം കൊണ്ടുവരികയാണ് ചെയ്തത്. വാണിജ്യ ബാങ്കുകൾക്ക് മാത്രം ബാധകമായ കമ്പനി നിയമം സഹകരണ ബാങ്കുകൾക്ക് കൂടി ബാധകമാകുന്ന നിയമ ഭേദഗതി ബിആർ ആക്ടിൽ കൊണ്ടുവന്ന് പാസാക്കി ധൃതഗതിയിൽ നടപ്പാക്കി. ഈ നിയമം നിലവിൽ വന്നതോടുകൂടി സഹകരണ ബാങ്കുകളുടെ നിയന്ത്രണം ഏതാണ്ട് പൂർണമായും റിസര്‍വ് ബാങ്കിന്റെ കയ്യിലായി. ഇതുമൂലം സഹകരണ ബാങ്കുകളും സ്വകാര്യവല്‍ക്കരണ ഭീഷണി നേരിടുന്നു.

 


ഇതുകൂടി വായിക്കു; ബാങ്കുകള്‍ തകര്‍ന്നടിയുമ്പോള്‍


 

നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഭാഗമായി നടപ്പാക്കിവരുന്ന സ്വകാര്യവല്‍ക്കരണം പൊതുമേഖലയെ ആകെ വിഴുങ്ങുന്ന അവസ്ഥയിലെത്തി നിൽക്കുകയാണ്. സഹകരണ സ്ഥാപനങ്ങൾക്കു നേരെയും ഈ നടപടി സ്വീകരിക്കുന്നു. പുതിയതായി രൂപമെടുത്ത കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് സഹകരണ സ്ഥാപനങ്ങൾക്കു നേരെ കടന്നുകയറ്റം നടക്കുന്നത്. കഴിഞ്ഞ നവംമ്പർ 24ന് ലോക്‌സഭയിൽ അവതരിപ്പിച്ച്, സെലക്ട് കമ്മിറ്റിക്ക് വിട്ടിട്ടുള്ള ബഹുസംസ്ഥാന സഹകരണ ഭേദഗതി നിയമം കേന്ദ്ര ലക്ഷ്യം സാധിച്ചെടുക്കുന്നതിനുള്ള ഉപാധിയാണ്. സഹകരണത്തിന്റെ കാര്യത്തിൽ ഭരണഘടന നല്കുന്ന അധികാരങ്ങൾ കവർന്നെടുക്കാനുള്ള നീക്കവും നടക്കുന്നു. കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കൊപ്പം പ്രാദേശിക സഹകരണ സ്ഥാപനങ്ങളെ വരുതിയിലാക്കാനുള്ള നിയമക്കുരുക്കും പുതിയ ഭേദഗതി നിയമത്തിലുണ്ട്. ഭരണഘടനയെ വെല്ലുവിളിക്കുന്ന കേന്ദ്ര നടപടികൾക്കെതിരെ, സഹകരണ സ്ഥാപനങ്ങൾക്ക് ആശ്വാസം നല്കുന്ന ഇടപെടലുകൾ പരമോന്നത നീതിപീഠത്തിൽ നിന്നും ഉണ്ടായിട്ടുള്ളത് ഈ മേഖലയ്ക്ക് ഊർജം പകരുന്നതാണ്. കോടതികളിൽ നിന്ന് തിരിച്ചടികൾ ഉണ്ടായിട്ടും സഹകരണ മേഖലയ്ക്കുമേൽ കോർപറേറ്റ് താല്പര്യങ്ങൾ അടിച്ചേല്പിക്കുന്ന നിലപാടിൽ നിന്നും കേന്ദ്രം പിന്നോട്ടു പോകുന്നില്ല എന്നതിൽനിന്നും അവരുടെലക്ഷ്യം കൂടുതൽ വ്യക്തമാകുന്നു. ഭരണഘടനാ ഭേദഗതി തന്നെ അസാധുവാക്കിയ വിധി പ്രസ്താവം സുപ്രീം കോടതി നടത്തി. ആ വിധിയിൽ ബഹുസംസ്ഥാന സഹകരണ ബാങ്കുകൾക്ക് ഇളവുകൾ നൽകുന്നുണ്ട് എന്ന ന്യായം പറഞ്ഞാണ് പുതിയ നിയമ ഭേദഗതി നീക്കം.
സഹകരണത്തെ സംബന്ധിച്ച പല കേസുകളും കോടതി നടപടികളിലാണ്. ഇതിനിടയിൽ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധി വളരെ ശ്രദ്ധേയമാണ്. സഹകരണ ബാങ്കുകൾക്ക് ആദായ നികുതി ഇളവിന് അർഹതയുണ്ടെന്ന് കോടതി വിധിച്ചു. രാജ്യത്തെ രണ്ട് ഹൈക്കോടതി വിധികളെ നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജഡ്ജിമാരായ എം ആർ ഷായും, സി ടി രവി കുമാറും ചേർന്ന ബെഞ്ചിന്റെ വിധി ആദായ നികുതി വകുപ്പിന് മാത്രമല്ല കേന്ദ്ര സർക്കാരിന്റെ നയത്തിനും കനത്ത തിരിച്ചടിയാണ്. അതോടൊപ്പം ഇന്ത്യൻ ഭരണഘടന, സഹകരണ മേഖലയിൽ സംസ്ഥാന നിയമങ്ങൾക്കു നൽകുന്ന പ്രാധാന്യം എടുത്ത് കാണിക്കുന്നു. മുംബൈ ഹൈക്കോടതിയുടെ വിധിക്കെതിരെ ആദായ നികുതി വകുപ്പ് സമർപ്പിച്ച അപ്പീൽ, വാദം കേട്ടശേഷം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരളത്തിലെ സഹകരണ ബാങ്കുകൾ 2021ൽ സുപ്രീം കോടതിയിൽ നിന്നും ഇതേ വിഷയത്തിൽ നേടിയ അനുകൂല വിധിയും ബെഞ്ച് ചൂണ്ടിക്കാണിച്ചു.


ഇതുകൂടി വായിക്കു; സഹകരണരംഗവും കേന്ദ്രം പിടിച്ചടക്കുന്നു


 

സഹകരണ തത്വങ്ങൾക്ക് ആഘാതമുണ്ടാക്കുന്നതും സഹകരണ സ്ഥാപനങ്ങളെ തകർച്ചയിലേക്ക് നയിക്കുന്നതുമായ ഏതൊരു നീക്കത്തിനെതിരെയും സഹകാരികളുടെ ജാഗ്രതയും ഇടപെടലുകളും ആവശ്യമാണ്. സഹകരണ നിയമങ്ങൾ സഹകാരികൾക്ക് നല്കുന്ന അവകാശങ്ങളെ സംബന്ധിച്ച് ഉത്തമബോധ്യം ഉണ്ടാകുകയും വേണം. രണ്ടംഗ ബെഞ്ച് വിധിയിൽ ഊന്നിപ്പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്, “വായ്പ നല്കുന്നത് അംഗങ്ങൾക്ക് മാത്രമായതിനാൽ ഈ സ്ഥാപനങ്ങളെ ബാങ്കായി കാണാൻ കഴിയില്ല”.
ആഗോളതലത്തില്‍ ഇപ്പോൾ ഉണ്ടായിട്ടുള്ള ബാങ്കുകളുടെ തകർച്ച, സ്വകാര്യമേഖലയുടെ പരിപോഷണത്തിനായി ഉപയോഗിക്കാനാണ് മുതലാളിത്ത സർക്കാരുകളുടെ ശ്രമം. ഇന്ത്യയിൽ മോഡിസർക്കാരും ഇതു തന്നെയായിരിക്കും നടത്തുക. ഏതുതരത്തിലുള്ള പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നാലും രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വ്യാപ്തിയും ശക്തിയും അതിസമ്പന്നമാണ് എന്ന തിരിച്ചറിവോടെ മുന്നോട്ട് നീങ്ങണം. ഈ മഹാപ്രസ്ഥാനം അതിസമ്പന്നമാണ്. അതിനെ തകർക്കാനും പ്രതിസന്ധി സൃഷ്ടിക്കാനുമുള്ള ഏതൊരു നീക്കത്തെയും ഒരുമയോടെ പൊരുതി തോല്പിക്കാനാകണം. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാണ്. സഹകരണ പ്രസ്ഥാനത്തിന്റെ സംരക്ഷണം ജാഗ്രയോടെ കാണണം. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും സ്ഥിതിഗതികൾ ചർച്ചയ്ക്ക് വിധേയമാക്കണം. സഹകാരികളുടെ കൂട്ടായ്മയായ കേരള സഹകരണ വേദിയുടെ സംസ്ഥാന സമ്മേളനം മേയ് 26, 27 തീയതികളിൽ തൃശൂരിൽ നടക്കുകയാണ്. ലോകത്തും രാജ്യത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും സാമ്പത്തികരംഗത്തും സഹകരണ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുകയും പ്രതീക്ഷകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതായിരിക്കും ഈ സമ്മേളനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.