
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ പേരുകളിൽ ഒന്നാണ് പിടിബി എന്ന പി ടി ഭാസ്കര പണിക്കരുടേത്. ലോകത്തിലെ തന്നെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ആയിരിക്കണം പിടിബി. 1954ലാണ് പഴയ മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലാ ബോർഡിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് മുപ്പത്തിനാലാം വയസിൽ അദ്ദേഹം ബോർഡിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്നത് 1954ൽ മലബാർ ഡിസ്ട്രിക് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിലായിരുന്നു. അതിനുമുമ്പ് 1953ൽ തിരു — കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 118ൽ 23 സീറ്റുകൾ നേടി. എന്നാൽ, 19 സീറ്റ് നേടിയ പിഎസ്‌പി കോൺഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്നത് 1954ലെ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കായിരുന്നു. ആ ഭരണസംവിധാനത്തിന്റെ തലവൻ സഖാവ് പി ടി ഭാസ്കര പണിക്കരായിരുന്നു. ഇന്നത്തെ കണ്ണൂരും കാസർകോടും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂർ ജില്ലയുടെ വലിയൊരു ഭാഗവും ഉൾപ്പെടുന്ന കേരളത്തിന്റെ പകുതിയോളം ഭൂപ്രദേശത്തെയും അവിടത്തെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനമായിരുന്നു മലബാർ ഡിസ്ട്രിക്ട് ബോർഡ്. 1921 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരിൽ പുത്തൻമഠത്തിൽ കാവുക്കുട്ടിയമ്മയുടെയും കൊയ്ത്തൊടി മനക്കൽ വിരൂപാക്ഷൻ നമ്പൂതിരിയുടെയും മകനായി ജനിച്ച പിടിബിയുടെ വിദ്യാഭ്യാസം അടയ്ക്കാപുത്തൂർ, ചെർപ്പുളശേരി, പാലക്കാട് എന്നിവിടങ്ങളിലും മദ്രാസ് പ്രസിഡൻസി കോളജിലുമായിരുന്നു. മദ്രാസ് സൈദാപ്പേട്ട ടീച്ചേഴ്സ് കോളജിൽ നിന്ന് ബിഎസ്‌സി, ബിടി ബിരുദം നേടിയ ശേഷം നാലുവർഷത്തോളം സ്കൂൾ അധ്യാപകനായി ജോലി നോക്കി. അക്കാലത്ത് കാറൽമണ്ണ ഹയർ എലിമെന്ററി സ്കൂളിലും പെരിഞ്ഞനം, പുറമേരി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലും സേവനമനുഷ്ഠിച്ചു. 1957–58 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട അടയ്ക്കാപുത്തൂർ ഹൈസ്കൂളിൽ പ്രധാനാധ്യാപകൻ ആയും സേവനമനുഷ്ഠിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായി മാറിയ പിടിബി, പാർട്ടി നിരോധിച്ചതിനെ തുടർന്ന് ഒളിവിലും ജയിലിലുമായി മൂന്നുവർഷത്തോളം കഴിഞ്ഞു. നിരോധനം പിൻവലിച്ചതിനെത്തുടർന്ന് വീണ്ടും രണ്ടുവർഷക്കാലം അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തു. 1950 ജനുവരി 26നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച ജാഥയെ മതിലകത്തുവച്ച് പൊലീസ് തടയുന്നതും ജാഥ നയിച്ച സർദാർ ഗോപാലകൃഷ്ണൻ അറസ്റ്റ് ചെയ്യപ്പെടുന്നതും. തുടർന്നുള്ള പൊലീസ് മർദനത്തിൽ സർദാർ കൊല്ലപ്പെട്ടത് കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത ഏടാണ്. ഇൻസ്പെക്ടർ നമ്പ്യാർ, പിടിബിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി മർദിച്ചതിന്റെ തുടർച്ചയായാണ് സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷിയാകുന്ന പ്രകടനവും ലോക്കപ്പ് കൊലപാതകവും സംഭവിക്കുന്നത്. ശാസ്ത്ര സാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിൽ ദീർഘദൃഷ്ടിയോടെ പ്രവർത്തിച്ച മഹാനായ സംഘാടകനും, ആധുനിക കേരളത്തെ നിർമ്മിക്കുന്നതിൽ സൂക്ഷ്മമായതലത്തിൽ പ്രവർത്തിച്ച മറ്റുപല പ്രസ്ഥാനങ്ങളുടെയും തുടക്കക്കാരനുമായിരുന്നു പിടിബി. ജനകീയ അധ്യാപനത്തിലും ശാസ്ത്ര സാഹിത്യ രചനയിലും അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ ശ്രദ്ധേയമായിരുന്നു. ഐക്യകേരളത്തിന്റെ രൂപീകരണത്തിനു മുമ്പേ കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റെ ജാഗരണത്തെപ്പറ്റി ചിന്തിക്കുകയും സാർവത്രിക വിദ്യാഭ്യാസവും പൊതുജനാരോഗ്യവും നാടിന്റെ സമഗ്രവികസനവും ലക്ഷ്യം വച്ച് മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ നാനാതലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്ത സാമൂഹിക രാഷ്ട്രീയ നേതാവുമായിരുന്നു. പിടിബിയുടെ ഭരണകാലത്ത് മലബാറിൽ, പ്രത്യേകിച്ചും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആരംഭിച്ച ഏകാധ്യാപകവിദ്യാലയങ്ങൾ വിദ്യാഭ്യാസരംഗത്തെ സാർവത്രികമായ ഇടപെടൽ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടി.
ജനകീയ ഇച്ഛയും ദീർഘവീക്ഷണവും ഭരണപാടവവും ഉണ്ടെങ്കിൽ വലിയ മാറ്റങ്ങൾ സാധ്യമാണ് എന്ന് തെളിയിക്കുന്നതായിരുന്നു മലബാർ ഡിസ്ട്രിക്ട് ബോർഡിലെ ഇടതുപക്ഷ ഭരണം. ഐക്യകേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് കളമൊരുക്കുകയായിരുന്നു പിടിബിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി. നന്നേ ചെറുപ്പത്തിൽ അധ്യാപകനായി സേവനം ആരംഭിച്ച പിടിബി, അധ്യാപകർക്ക് എക്കാലവും പിന്തുടരാവുന്ന മാതൃകയാണ്. എവിടെയും സഹാനുഭൂതിയുടെയും മനുഷ്യസ്നേഹത്തിന്റെയും കരുതലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മലബാറിൽ ഇന്നുള്ള ഒട്ടേറെ പ്രൈമറി സ്കൂളുകൾ പിടിബി മലബാർ ഡിസ്ട്രിക്ട് ബോർഡ് ചെയർമാൻ ആയിരുന്ന കാലത്ത് ആരംഭിച്ചതാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ അതേവരെ പരിചിതമല്ലാത്ത സാമൂഹിക വികസനത്തിന്റെ സാധ്യതകളാണ് അദ്ദേഹം അവലംബിച്ചത്. പശ്ചാത്തലസൗകര്യം തീരെ ഇല്ലാത്ത മലബാറിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നൂറുകണക്കിന് ഏകാധ്യാപക വിദ്യാലയങ്ങളാണ് ആരംഭിച്ചത്. മലബാറിൽ പിടിബി തുടക്കം കുറിച്ച രാഷ്ട്രീയ മാറ്റങ്ങൾ വിപ്ലവാത്മകമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പിടിബി പെരിഞ്ഞനം ഹൈസ്കൂളിൽ 1945 കാലത്ത് ശാസ്ത്രാധ്യാപകനായി എത്തിയതിനുശേഷം തൊഴിലാളികളുടെയും, കർഷകരുടെയും രാഷ്ട്രീയ നേതാവായി മാറുകയായിരുന്നു. 1969 മുതൽ 1971 വരെ വിശ്വ വിജ്ഞാനകോശം എഡിറ്ററായി പ്രവർത്തിച്ചു. 1971 മുതൽ 74 വരെ ഗ്രന്ഥശാലാ സംഘം അധ്യക്ഷനായിരുന്നു. 1969 മുതൽ 25 വർഷക്കാലം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ച അദ്ദേഹം ബാല വിജ്ഞാനകോശം, ഭാരത വിജ്ഞാനകോശം, ജീവചരിത്രകോശം, ദ്രാവിഡ വിജ്ഞാനകോശം എന്നീ റഫറൻസ് ഗ്രന്ഥങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. വിദ്യാലോകം, ശാസ്ത്രഗതി, ശാസ്ത്രകേരളം, പ്രൈമറി ടീച്ചർ, പുസ്തക സമീക്ഷ എന്നീ മാസികകളുടെയും ചുമതല വഹിച്ചു. നവസാക്ഷരർക്കും കുട്ടികൾക്കും വേണ്ടി അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും ഇപ്പോഴും വായിക്കപ്പെടുന്നു. സൂര്യൻ, ചലനം, ഭൗതികവാദം കുട്ടികൾക്ക്, ഭൂമിശാസ്ത്രം കുട്ടികൾക്ക്, സ്വാതന്ത്ര്യസമര ചരിത്രം കുട്ടികൾക്ക്’ എന്നിവ അവയിൽ ഉൾപ്പെടുന്നു. യഥാർത്ഥ ഭരണാധികാരി ജനങ്ങളാണെന്നും തങ്ങൾ അവരുടെ സേവകരാണ് എന്നുമുള്ള ബോധ്യം ഭരണാധികാരികൾക്ക് ഉണ്ടായിരിക്കണം എന്ന കാര്യത്തിൽ പിടിബി മാതൃക കാണിച്ചു. ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റിനെ കാണാൻ വരുന്ന സാധാരണക്കാർക്ക് അദ്ദേഹത്തോടൊപ്പം ഇരിക്കാൻ ഇരിപ്പിടം ഒരുക്കിയിരുന്നു. അതിന്റെ പ്രാധാന്യം ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ മനസിലാവുകയില്ല. പക്ഷേ രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും മുന്നിൽ ഓച്ചാനിച്ചുനിന്ന് നടുവളഞ്ഞ ഒരു ജനതയെ സംബന്ധിച്ചിടത്തോളം അത് വലിയൊരു മാറ്റമായിരുന്നു. ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്കുള്ള മാറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.