ഇന്ത്യയിൽ അധിവസിക്കുന്ന 140 കോടിയിലേറെ ജനസമൂഹത്തിന്റെ അധ്വാനം മുഴുവൻ കേവലം ഒരുശതമാനം വരുന്ന സമ്പന്നർ കൈക്കലാക്കുകയാണ്. 1991ൽ തുടങ്ങിവച്ച നവ ഉദാരവൽക്കരണ സാമ്പത്തിക നയം, രാജ്യത്തിന്റെ വരുമാനവും സ്വത്തും അതിസമ്പന്നരുടെ അധീനതയിൽ ആക്കിയിരിക്കുന്നു. ശതകോടികളുടെ ലാഭം നേടിക്കൊണ്ടിരുന്നതും, ലക്ഷക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ ലഭിച്ചുകൊണ്ടിരുന്നതുമായ രാജ്യത്തെ നവരത്ന‑മഹാരത്ന വ്യവസായ സ്ഥാപനങ്ങളും, ഇൻഷുറൻസ്-ബാങ്കിങ് മേഖലകളും വൻകിട കോർപറേറ്റുകൾക്ക് തുച്ഛമായ വിലയ്ക്ക് കൈമാറിക്കൊണ്ടിരിക്കുന്നു. വിപണി മൂല്യത്തിൽ ലോകത്തെ ഏറ്റവും ഉയരമുള്ള ഇൻഷുറൻസ് സ്ഥാപനമാണ് എൽഐസി 1956ൽ അഞ്ച് കോടി രൂപ മുതൽമുടക്കി ആരംഭിച്ച എൽഐസിയുടെ ഇന്നത്തെ ആസ്തി 38 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ധനസേവന സ്ഥാപനമാണിത്. 39.51 ലക്ഷം കോടി രൂപ ആസ്തിയുള്ള എസ്ബിഐ ആണ് ഒന്നാമത്. അന്ന് നിലവിലുണ്ടായിരുന്ന സ്വദേശ‑വിദേശ ഇൻഷുറൻസ് സ്ഥാപനങ്ങളും പിഎഫ് സൊസൈറ്റികളും ഉൾപ്പെടെ 245 സ്വകാര്യ കമ്പനികള്‍ സംയോജിപ്പിച്ചുകൊണ്ടാണ് എൽഐസി സ്ഥാപിച്ചത്. പ്രതിവർഷം 2,500 കോടി രൂപ ലാഭവിഹിതവും 10,000 കോടിയിലേറെ രൂപ നികുതിയും കേന്ദ്ര സർക്കാരിന് നൽകുന്നു. 30 കോടി ആളുകൾക്ക് സേവനവും 13 ലക്ഷത്തിലേറെ പേർക്ക് തൊഴിലും നൽകുന്നു. വിവിധ ബാങ്കുകളിലെ നിക്ഷേപം 182 ലക്ഷം കോടി രൂപയായി വർധിച്ചിട്ടുണ്ട്. 38 ലക്ഷം കോടി രൂപ ആസ്തിയുള്ള എൽഐസിയുടെ വില്പനയ്ക്കായി മൂല്യം നിശ്ചയിച്ചിരിക്കുന്നത് 13 ലക്ഷം കോടി രൂപയാണ്.
ആഗോള സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞുകൊണ്ട് പൊതുമേഖലാ ബാങ്കുകളുടെ ഓഹരിയിൽ 51 ശതമാനം മാത്രം നിലനിർത്താനും ബാക്കിയുള്ള 49 ശതമാനം സ്വകാര്യ സ്ഥാപനങ്ങൾക്ക് വിൽക്കണമെന്നുമാണ് സർക്കാർ തീരുമാനം. ശാഖകൾ പൂട്ടിയും ജീവനക്കാരെ കുറച്ചും ചെറുകിട ബിസിനസുകൾ ഇല്ലാതാക്കിയുമാണ് ബാങ്ക് സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്നത്. അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ 12,000ത്തോളം ശാഖകൾ പൂട്ടി. 90 ശതമാനവും ഗ്രാമീണ മേഖലയിലായിരുന്നു. ഇതോടെ നല്ലൊരുവിഭാഗം ജനങ്ങള്‍ ബാങ്കുമായുള്ള ബന്ധം ഉപേക്ഷിച്ചു. വലിയ ആദായമൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഇടപാടുകാർ ഒഴിഞ്ഞെന്നാണ് സ്വകാര്യവൽക്കരണ വക്താക്കൾ ഇതിനെ വിശേഷിപ്പിച്ചത്. ബാങ്ക് ലയനത്തിന് മുമ്പ് 15,000 ജീവനക്കാരെ സ്വയം വിരമിക്കൽ വഴി ഒഴിവാക്കുകയും, ലയനത്തിനുശേഷം 30,000 ക്ലറിക്കൽ തസ്തികയിൽ നിയമനം ഇല്ലാതാക്കുകയും ചെയ്തു.
ചെറുകിട കാർഷിക വായ്പ, ഭവന വായ്പാ വിതരണം സ്വകാര്യ കമ്പനികളെ ഏല്പിച്ചു തുടങ്ങി. ബാങ്കിന്റെ 56 ശതമാനം ഓഹരി മാത്രമാണ് കേന്ദ്രസർക്കാരിൽ അവശേഷിക്കുന്നത്. പ്രവർത്തനങ്ങൾ 22 സബ്സിഡിയറി കമ്പനികൾക്ക് മാറ്റിയെന്നും, എസ്ബിഐക്ക് ഇനി ഹോൾഡിങ് കമ്പനി പദവി മാത്രമേ ഉണ്ടാകുവെന്നുമാണ് റിപ്പോർട്ട്. 2023 മാർച്ച് വരെയുള്ള രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം 2,80,000കോടി രൂപയായിരുന്നു. അതേസമയം കിട്ടാക്കടം ഒന്നര ലക്ഷം കോടി രൂപയും. ഏറ്റവും വലിയ തുകയ്ക്കുള്ള വായ്പകൾ തിരിച്ചടയ്ക്കാതെ വീഴ്ച വരുത്തിയവരിൽ ഏറെപ്പേരും വൻകിട കോർപറേറ്റുകളാണ്. 2018നും 2023നും ഇടയിൽ ആറ് വർഷത്തിനിടെ 11.7 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയതെന്നാണ് ധനമന്ത്രി ലോക്‌സഭയിൽ പറഞ്ഞത്. 2019ൽ 6,800 ബാങ്ക് തട്ടിപ്പുകളാണ് കണ്ടെത്തിയതെങ്കിൽ 2023ൽ 13,500 തട്ടിപ്പുകളാണ് നടന്നിട്ടുള്ളത്. സ്വകാര്യ ബാങ്കുകളുടെ പങ്ക് 34 ശതമാനത്തിൽ നിന്ന് 66 ശതമാനമായി വർധിക്കുകയും ചെയ്തു.
വിമാനത്താവളങ്ങളും, ട്രെയിനുകളും, റെയിൽവേ സ്റ്റേഷനുകളും ലെയിനുകളും തുറമുഖങ്ങളും പാട്ടത്തിന് നൽകുന്നു. സാമ്പത്തിക മേഖലയുടെ വില്പനയ്ക്കും തുടക്കം കുറിച്ചിട്ടേറെ നാളായി. രാജ്യത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായി അഡാനി പോർട്സ് മാറി. മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തിന്റെ പൊതുകടം 155.8 ലക്ഷം കോടി വർധിച്ചു. 2014ൽ 55 ലക്ഷം കോടിയായിരുന്നു പൊതുകടം. 2023 സെപ്റ്റംബര്‍ പാദത്തില്‍ ഇത് 205 ലക്ഷം കോടിയായി. സ്വാതന്ത്യ്രം ലഭിച്ച് 67 വർഷം ഭരണം നടത്തിയ 14 പ്രധാന മന്ത്രിമാരുടെ കാലത്ത് ആകെ കടം 55 ലക്ഷം കോടിയായിരുന്നതാണ് മോഡി സർക്കാർ ഒമ്പത് വർഷം പിന്നിടുമ്പോൾ 155.8 ലക്ഷം കോടിയാണ് വർധിപ്പിച്ചത്. പ്രതിവർഷം 11 ലക്ഷം കോടി രൂപ പലിശ അടയ്ക്കേണ്ട സ്ഥിതിയിലാണ് രാജ്യം. പൊതുകടം ഉയരുന്നതുകൊണ്ട് പ്രയോജനം സാധാരണക്കാർക്കല്ല സമ്പന്നർക്ക് മാത്രമാണ്. ഇന്ത്യൻ സമ്പദ്ഘടനയെ തകർക്കുകയും കൊള്ളയടിക്കുകയുമാണ് വിദേശകുത്തകകളുടെയും കോർപറേറ്റുകളുടെയും ലക്ഷ്യം. ലോകരാജ്യങ്ങളിലാകെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ തകർന്നുകൊണ്ടിരുന്നപ്പോൾ, ഇന്ത്യയിലെ ഭരണാധികാരികൾ ദേശസാല്‍ക്കരണത്തിന്റെ എല്ലാ മൂല്യങ്ങളും കാറ്റിൽപ്പറത്തി സ്വകാര്യമേഖലയ്ക്ക് പരവതാനി വിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ ജനാധിപത്യം ഫലത്തിൽ പണാധിപത്യമായി മാറ്റുകയാണ്. ജനാധിപത്യസൂചികയിൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം 10 സ്ഥാനം പിന്നിലേക്കായി. ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോര്‍ 2019ല്‍ 6.9 ആയിരുന്നു. അത് 6.61 ആയി കുറഞ്ഞു. നിലവിലെ ഭരണത്തിന്‍കീഴില്‍ ജനാധിപത്യത്തിന് അപചയം സംഭവിച്ചുവെന്നാണ് ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പറയുന്നത്. 2014ല്‍ ഇന്ത്യയുടെ സ്കോര്‍ 7.92 ഉം സ്ഥാനം 41 ഉം ആയിരുന്നു. അവിടെ നിന്നാണ് 51-ാം സ്ഥാനത്തേക്ക് എത്തിയത്. മോഡി ഭരണത്തിൽ 25 കോടി ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്യ്രം നേടിയെങ്കിലും പൂർണാർത്ഥത്തിൽ ഇന്ത്യ സ്വതന്ത്ര രാജ്യമായത് 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വന്നതോടെയാണ്. അത് അല്പംപോലും മങ്ങലേൽക്കാതെ തിളക്കമാർന്ന ശോഭയോടെ നിലനിർത്തുന്നതിനുള്ള അവസരമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്. എഴുനൂറോളം ജീവിതങ്ങൾ ബലി നൽകി രാജ്യത്തെ കർഷകർ ഒരു വർഷം നടത്തിയ സഹനസമരത്തിനൊടുവിലാണ് മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത്. കർഷകർക്ക് ഒരു സഹായവും നൽകാതെ കേന്ദ്ര സർക്കാരിന്റെ ചങ്ങാതിമാരായ കുത്തക കമ്പനികൾക്ക് മാത്രം സഹായം നൽകുന്നവയായിരുന്നു ഈ നിയമങ്ങൾ. അത് മനസിലാക്കിക്കൊണ്ടാണ് അഡാനി അംബാനി ഗ്രൂപ്പുകളുടെ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. രണ്ടുവർഷം മുമ്പത്തെ പ്രക്ഷോഭത്തിന്റെ തുടർച്ചയായിട്ടാണ് പഞ്ചാബ് — ഹരിയാന അതിർത്തിയിലെ ശംബു-ഖനൗരി എന്നിവിടങ്ങളിൽ നൂറുകണക്കിന് കർഷകർ ‘ദില്ലി ചലോ’ എന്ന സമരം തുടങ്ങിയത്. കാർഷികോല്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പുവരുത്തണമെന്ന കാലങ്ങളായുള്ള ആവശ്യം മുൻനിർത്തിയാണ് സമരം. 2024 ഫെബ്രുവരി ഒന്നിന് ഇടക്കാല കേന്ദ്ര ബജറ്റിൽ ഏറ്റവും കുറഞ്ഞ തുകയാണ് കാർഷിക മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്, 1.27 ലക്ഷം കോടി. കേന്ദ്ര സർക്കാരിന് കാർഷിക മേഖലയോടുള്ള ശത്രുത വിളിച്ചറിയിക്കുന്ന ഒന്നാണിത്.
രാജ്യത്തിന്റെ നട്ടെല്ലായ കാർഷിക മേഖലയെയും, കർഷകരെയും ഞെരിച്ചുകൊല്ലുന്ന നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്. കർഷകരെയാകെ കുത്തകകളുടെ നുകത്തിന് കീഴിൽ തളച്ചിടുന്നതിനുള്ള പദ്ധതിയാണ് ഈയിടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നോൺബാങ്കിങ് ധനകാര്യ സ്ഥാപനമായ അഡാനി ക്യാപിറ്റൽ പ്രെെവറ്റ് ലിമിറ്റഡും തമ്മിലുണ്ടാക്കിയ കരാർ. ഈ പദ്ധതികളെല്ലാം കേന്ദ്ര സർക്കാർ വരച്ചുകൊടുത്തതനുസരിച്ചാണെന്ന് മനസിലാക്കാൻ അധികസമയം ചെലവഴിക്കേണ്ടതില്ല. കാർഷിക‑വ്യവസായ മേഖലകളുടെ തകർച്ചയും നോട്ടുനിരോധനവും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചതും കേന്ദ്ര സര്‍ക്കാര്‍— പൊതുമേഖലാ ഒഴിവുകൾ നികത്താത്തതുമാണ് തൊഴിലില്ലായ്മയും പട്ടിണിയും ഇത്ര രൂക്ഷമാക്കിയത്.
1956ലാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ഇന്ത്യയുടെ വ്യാവസായിക നയം പ്രഖ്യാപിച്ചത്. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കൃഷിക്കായിരുന്നു മുൻഗണന. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ വ്യവസായത്തിനായിരുന്നു പ്രാധാന്യം. പൊതുമേഖലയും സ്വകാര്യ മേഖലയും ഒപ്പത്തിനൊപ്പം വരുന്ന സമ്മിശ്ര സമ്പദ്ഘടനയാണ് ഇന്ത്യയെന്നും പ്രഖ്യാപനമുണ്ടായി. സോവിയറ്റ് യൂണിയന്റെ ആസൂത്രണ സമ്പദ്‌വ്യവസ്ഥയും പാശ്ചാത്യ നാടുകളിലെ ജനാധിപത്യ വ്യവസ്ഥയുമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് അറിയിച്ചു. ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ കണ്ടെത്തിയ എണ്ണ നിക്ഷേപങ്ങളിൽ മിക്കതും ഇന്ന് റിലയൻസ് ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകളുടെ നിയന്ത്രണത്തിലാണ്. കൃഷ്ണ‑ഗോദാവരി പ്രോജക്ട് ഇന്ത്യയുടെ നാഴികക്കല്ലായിരുന്നു. അത് റിലയൻസിന്റെ കൈപ്പിടിയിലാണ്. ഇന്ത്യന്‍ സമ്പദ്ഘടനയിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് നവരത്ന — മഹാരത്ന പട്ടികയിലുണ്ടായിരുന്നത്. പൊതുമേഖലയ്ക്ക് മുൻതൂക്കവും മേധാവിത്വവും നൽകുമെന്നും നെഹ്രുവിന് ധാരണയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ നയത്തിന് കലവറയില്ലാത്ത പിന്തുണയും നൽകിയിരുന്നു. സാമ്രാജ്യത്വ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവും കരുത്തും ഈ നയം നൽകുമെന്ന വിശ്വാസം തുടർന്നുള്ള പ്രവർത്തനങ്ങളിൽ തെളിയിക്കപ്പെട്ടു. സാമ്പത്തിക- വ്യവസായ‑കാർഷിക മേഖലകളിലെ സ്വദേശ‑വിദേശ കമ്പനികളെ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനങ്ങളായി മാറ്റി. സാമ്പത്തികരംഗവും തൊഴിൽ സാധ്യതാ സാഹചര്യങ്ങളും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ശാഖകളും ഉപശാഖകളുമുള്ള വടവൃക്ഷമായി വളരുകയായിരുന്നു. 1991ൽ അധികാരത്തിലുണ്ടായിരുന്ന പി വി നരസിംഹ റാവു ആണ് ഈ മഹത്തായ സ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്ക് തുടക്കം കുറിച്ചത്. 2014ൽ അധികാരത്തിൽ വന്ന മോഡി സർക്കാർ ഒമ്പത് വർഷംകൊണ്ട് വർധിത വീര്യത്തോടെ നടപ്പിലാക്കിയ വില്പനനയമാണ് രാജ്യത്തെ ഇന്നു കാണുന്ന കടുത്ത ദുരിതത്തിലേക്ക് നയിച്ചത്. മോഡി അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 55 ആയിരുന്നു. ഇന്നത് 166 ആയി വർധിച്ചു. ആഗോള സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ന് ഇന്ത്യ. രാജ്യത്തെ പരമ ദരിദ്രരുടെ എണ്ണം 15 കോടിയിലെത്തിയതായാണ് ഓക്സ്ഫാം റിപ്പോർട്ട്. കേന്ദ്ര സർക്കാർ സർവീസുകളിൽ 4.21 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടന്നിരുന്നത് 10.37 ലക്ഷമായി ഉയർന്നു. തൊഴിലാളികളിൽ 93.32 ശതമാനവും അസംഘടിത മേഖലയിലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് ജാതി, മത ചിന്തകള്‍ക്കതീതമായി ഒരു മനസോടെ ഒറ്റക്കെട്ടായി നിന്ന് നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്യ്രം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.