24 December 2025, Wednesday

വിചാരണയും വാദങ്ങളുമില്ലാത്ത ശിക്ഷാ മുറികള്‍

അബ്ദുൾ ഗഫൂർ
November 25, 2025 4:30 am

മധ്യപ്രദേശിൽ നിന്നുള്ള ഒരു വാർത്തയിൽ നിന്ന് തുടങ്ങണം. വൈകിക്കിട്ടിയ ജാമ്യം, പാർശ്വവൽകൃത വിഭാഗങ്ങളെ പഠിപ്പിച്ചതിന് ഒരു സാമൂഹ്യ പ്രവർത്തകൻ നൽകേണ്ടിവന്ന വില എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ്, തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തോളം ജയിലിൽ അടയ്ക്കപ്പെട്ട സൗരവ് ബാനർജി എന്ന സാമൂഹ്യ പ്രവർത്തകന് ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെയാണ് വാർത്ത വിശദീകരിക്കുന്നത്. മാധ്യമ രംഗത്ത് കേന്ദ്രീകരിച്ചിരിക്കുന്ന സൗരവ് ബാനർജി സന്നദ്ധ പ്രവർത്തകൻ കൂടിയാണ്.
ദേവാസിലെ എച്ച്ഒഡബ്ല്യുഎൽ (ഹൗ ഓട്ട് വി ലിവ്) എന്ന സംഘടനയുണ്ടാക്കി പാർശ്വവൽകൃത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസമുൾപ്പെടെ നൽകുന്ന സംഘടനയുടെ പ്രവർത്തകനാണ് സൗരവ്. സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഈ സംഘടന തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസിന്റെ നോട്ടപ്പുള്ളിയായത്. കഴിഞ്ഞ മേയിൽ ബിജെപി അനുകൂല പ്രാദേശിക മാധ്യമം ഒരു മുഴുപേജ് വാർത്ത പ്രസിദ്ധീകരിച്ചതാണ് സൗരവിന്റെ അറസ്റ്റിലേക്കും ജയിൽവാസത്തിലേക്കും നയിച്ചത്. 

സംഘടന നടത്തുന്ന സ്ഥാപനത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മതപരിവർത്തനം നടക്കുന്നു എന്നായിരുന്നു വാർത്തയുടെ കാതൽ. മതപരിവർത്തനത്തിന് പുറമേ ലഹരി, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതായും വാർത്തയിലുണ്ടായിരുന്നു. ഇതോടെ പ്രദേശത്തെ അരികുവൽക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനായി പ്രവർത്തിച്ച എച്ച്ഒഡബ്ല്യുഎല്ലിനെതിരെ വലതുപക്ഷ സംഘടനകൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. താനൊരു ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ചാണ് എതിരാളികൾ തന്നെ വേട്ടയാടാൻ ശ്രമിക്കുന്നതെന്ന് സൗരവ് അറസ്റ്റിന് മുമ്പ് മാധ്യമങ്ങളോട് തമാശയായി പറഞ്ഞിരുന്നു. 

ആരോപണങ്ങൾക്കും പരാതികൾക്കും നേരിട്ട് മറുപടി നൽകുന്നതിന് ജൂലൈ 24ന് ഇൻഡോറിൽ ഒരു വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു. സമിതിയിലെ ഒമ്പത് അംഗങ്ങളെയും, മതപരിവർത്തനം നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളും തെളിവുകളും അവതരിപ്പിക്കുകയും ചെയ്തു. എങ്കിലും ഒരു ഹിന്ദുത്വ സംഘം പരിപാടി തടസപ്പെടുത്തി ബാനർജിയെയും സമിതി അംഗങ്ങളെയും ആക്രമിച്ചു. എന്നുമാത്രമല്ല സൗരവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും തൊട്ടുപിന്നാലെ ഒരുകാലത്ത് നാടകം, കല, സമൂഹപഠനം എന്നിവയ്ക്ക് ഊർജസ്വലമായ ഒരു ഇടമായിരുന്ന അവരുടെ പാഠശാല പൊളിച്ചുമാറ്റുകയും ചെയ്തു.
മൂന്ന് മാസത്തോളമാണ് വിചാരണ പോലുമില്ലാതെ അദ്ദേഹം ജയിലിൽ കഴിഞ്ഞത്. അതിനിടെ രോഗിയായ അമ്മയെ കാണുന്നതിന് പരോള്‍ പോലും അനുവദിച്ചില്ല. ഒടുവിൽ കഴിഞ്ഞ മാസം അവസാനത്തെ ആഴ്ച അദ്ദേഹത്തിന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചെങ്കിലും അതിനിടെ അമ്മ മരിച്ചിരുന്നു. മരണ സമയത്ത് വീട്ടിലെത്താൻ പോലും സാധിക്കാത്തതിനെയാണ് സൗരവ് നൽകേണ്ടിവന്ന വില എന്ന് വാർത്തയിൽ വിശേഷിപ്പിച്ചത്.
2023ലെ ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷൻ 299 (മതവികാരങ്ങളെ വ്രണപ്പെടുത്തൽ) പ്രകാരം കുറ്റം ചുമത്തി ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് സൗരവ് പുറത്തിറങ്ങിയത്. പിന്നീട്, ബിഎൻഎസിന്റെ സെക്ഷൻ 302 (മനഃപൂർവം മതവികാരങ്ങളെ വ്രണപ്പെടുത്തൽ) എന്നിവയും കുറ്റപത്രത്തിൽ ചേർത്തു. ഫാസിസത്തെക്കുറിച്ചുള്ള 88 പേജുള്ള ഹിന്ദി ലഘുലേഖ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള 70 പേജുള്ള മറ്റൊരു പുസ്തകം തുടങ്ങിയവയാണ് കുറ്റങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകളായി കുറ്റപത്രത്തോടൊപ്പം മധ്യപ്രദേശ് പൊലീസ് സമർപ്പിച്ചത്. 

ഏതൊരാൾക്കും തങ്ങളുടെ ഇംഗിതത്തിനും ആശയത്തിനുമനുസരിച്ച് ആരെയും ജയിലിൽ അടയ്ക്കാൻ കഴിയുന്ന വിധം നമ്മുടെ ക്രമസമാധാന പരിപാലന സംവിധാനം പരുവപ്പെട്ടിട്ട് കുറച്ചുനാളുകളായിരിക്കുന്നു. അത് സൗരവ് ബാനർജിയിൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല എന്നിടത്താണ് നാം ഭയപ്പെടേണ്ടത്. ഭീമ കൊറേഗാവ് കേസിലെ ഒരു ഡസനിലധികം പേരും ഡൽഹി കലാപക്കേസിൽ കുറ്റാരോപിതരായി സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരും ഇപ്പോഴും ജയിലിലാണ്. 2018ൽ ഉണ്ടാക്കിയതാണ് ഭീമ കൊറേഗാവ് കേസെങ്കിൽ 2020ലാണ് ഡൽഹി കലാപക്കേസുണ്ടായത്. 2018ലും 2019ലും 2020ലുമൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടവർ വിചാരണപോലുമില്ലാതെ ജയിലിൽ കഴിയുന്നു എന്നർത്ഥം. 

ഭീമ കൊറേഗാവ് കേസി­ൽ ജയിലിനകത്തുവച്ച് മതിയായ ചികിത്സ കിട്ടാതെ മരിച്ചവരുണ്ടായി. പുറത്തിറങ്ങി രോഗപീഡകളാൽ ബുദ്ധിമുട്ടുന്നവരുമുണ്ട്. ഈ കേസുകളിൽ പലരും പ്രതി ചേർക്കപ്പെട്ടത് ബിജെപിയുടെയും വലതുപക്ഷ തീവ്ര ഹിന്ദുത്വ സംഘടനകളുടെയും ആരോപണങ്ങളുടെയും അവരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന പൊലീസിന്റെ പക്ഷപാതിത്വ സമീപനങ്ങളുടെയും ഫലമായിട്ടായിരുന്നു. ക്രമസമാധാന പരിപാലക സംഘത്തിന്റെ ഏകപക്ഷീയമായ ഇത്തരം കേസുകൾ ഒരുഭാഗത്ത് നിൽക്കുമ്പോഴാണ് രാജ്യത്തുടനീളം അഞ്ചുലക്ഷത്തിലധികം തടവുകാരുണ്ടെന്നും അവരിൽ നാലിൽ മൂന്ന് പേർ വിചാരണത്തടവുകാരാണെന്നുമുള്ള ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) യുടെ 2023ലെ കണക്കുകൾ പുറത്തുവന്നത്. അവരിലാകട്ടെ പകുതിയോളം പേർ 18നും 30നും ഇടയിൽ പ്രായമുള്ളവരുമാണ്. 

2015ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ അണ്ടർ ട്രയൽ റിവ്യൂ കമ്മിറ്റിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചാണെങ്കിൽ വിചാരണത്തടവുകാരുടെ അനുപാതം 2022ൽ 76% ആണ്. അത് 2023ൽ 74% ആയി കുറഞ്ഞുവെന്നാണ് എൻസിആർബി റിപ്പോർട്ടിലുള്ളത്. 2025 ഏപ്രിലിൽ, വിചാരണത്തടവുകാരുടെ എണ്ണം 2.5% കുറഞ്ഞു. പക്ഷേ ഇതുസംഭവിച്ചത് തടവുകാരുടെ മൊത്തത്തിലുള്ള എണ്ണത്തിൽ വന്ന കുറവുകൊണ്ടാണെന്നാണ് വിവര വിശകലന പോർട്ടലായ ഇന്ത്യ സ്പെൻഡ് വിശദീകരിക്കുന്നത്. സ്ത്രീ തടവുകാരിൽ പോലും, ഏകദേശം 74% വിചാരണത്തടവുകാരാണ്.
രണ്ട് ജയിലുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ രാജ്യത്തെ ജയിലുകളുടെ ശേഷി 0.6% വർധിച്ചു. അതുവഴി ജയിൽ അന്തേവാസികളുടെ ബാഹുല്യത്തിന്റെ തീവ്രത 131 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് 121% ആയി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിചാരണത്തടവുകാരുടെ എണ്ണം 2023ലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 3,89,910. അതില്‍ 49% പേരും 18നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഒരു ദശാബ്ദം മുമ്പ് 2013ൽ അവരുടെ അനുപാതം 47% ആയിരുന്നു. 

വിചാരണയില്ലാതെ തടവിലിടുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വരെ ആവർത്തിക്കുമ്പോഴാണ് ഈ വൈരുധ്യം നിലനിൽക്കുന്നത്. അവിടെയാണ് പൊലീസ് ചുമത്തിയ കേസിലെ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാ കാലാവധി കടന്നും തടവുകാരായി കഴിയേണ്ടിവരുന്ന സ്ഥിതിയുണ്ടാകുന്നത്. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും എതിരഭിപ്രായം പറയുന്ന സാമൂഹ്യ പ്രവർത്തകരെയും ഏത് കുറ്റം ചുമത്തിയും അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനും സന്നദ്ധമാകുന്ന സ്വേച്ഛാധിപത്യസർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഈ പ്രവണത വർധിക്കുന്നുവെന്നാണ് ബിജെപി ഭരണ കാലയളവ് തെളിയിക്കുന്നത്.
നാലുവർഷത്തിലധികം ജയിലിൽ കഴിയുകയും ഒടുവിൽ കുറ്റവിമുക്തമാക്കപ്പെടുകയും ചെയ്തവരുടെ അനുഭവകഥകളും നമുക്ക് അന്യമല്ല. ബിജെപിക്കാരും തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകളും നല്‍കുന്ന വ്യാജ പരാതികളുടെയും ഉന്നയിക്കുന്ന ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പലരും ഇതുപോലെ ജയിലില്‍ കഴിയുന്നതും എത്രയോ തവണ വാര്‍ത്തയായിട്ടുണ്ട്. ഫലത്തില്‍ ജയിലുകളെന്നത് നീതിപീഠങ്ങളുടെ വിചാരണകളും വാദപ്രതിവാദങ്ങളുമില്ലാത്ത ശിക്ഷാ മുറികളായി മാറുന്നുവെന്നാണ് ഈ കണക്കുകളും അനുഭവങ്ങളും സാക്ഷ്യം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.