തൃപ്പൂണിത്തുറ സ്വദേശിയും തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ മിഹിർ അഹമ്മദ് ക്രൂരമായ റാഗിങ് പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം, നിയമം മൂലം നിർമ്മാർജനം ചെയ്തിട്ടും സ്കൂളുകളിലും കോളജുകളിലും അപമാനകരമായി തുടരുന്ന സാമൂഹ്യവിപത്തിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. റാഗിങ് തടയാനുള്ള കർശന നിയമങ്ങൾക്കിടയിലും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ വിദ്യാഭ്യാസ മേഖലയെ മാത്രമല്ല പൊതുസമൂഹത്തെയാകമാനമാണ് അസ്വസ്ഥമാക്കുകയും നടുക്കുകയും ചെയ്യുന്നത്. തന്റെ മകൻ സ്കൂളിൽ വച്ച് ക്രൂരമായ റാഗിങ്ങിനാണ് ഇരയായതെന്ന് മിഹിറിന്റെ അമ്മ പരാതിപ്പെട്ടിട്ടുണ്ട്. മകന്റെ മരണശേഷം സുഹൃത്തുക്കൾ അയച്ച ചില മൊബൈൽ ചാറ്റുകളിൽ നിന്നുമാണ് ഇത്രയും വലിയ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നതായി മനസിലായതെന്നും അവർ പറയുന്നു. വിദ്യാർത്ഥിക്ക് സ്കൂളിൽ നിന്ന് വലിയ രീതിയിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. മിഹിറിനെ സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾ ബസിൽ വച്ച് ക്രൂരമായി മർദിച്ചുവെന്നും വാഷ് റൂമിൽ കൊണ്ടുപോയി ക്ലോസറ്റിൽ മുഖം അമർത്തിവച്ച് ഫ്ലഷ് ചെയ്തുവെന്നതടക്കമുള്ള ആരോപണങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അതിക്രൂരമായ മാനസിക — ശാരീരിക പീഡനം നേരിട്ട മിഹിറിന് നേരെ വർണവിവേചനവും ഉണ്ടായെന്നും നിറം പറഞ്ഞ് സഹപാഠികൾ അടക്കമുള്ളവർ നിരന്തരം കളിയാക്കിയിരുന്നുവെന്നും കുടുംബം വേദനയോടെ ആരോപിക്കുന്നു.
വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ 2024 ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച സിദ്ധാർത്ഥനെന്ന വിദ്യാർത്ഥിയും റാഗിങ്ങിന്റെ മറവിലെ ഉന്മൂലന ഉന്മാദത്തിന്റെ ഇരയായിരുന്നു. നിസഹായനായ ഒരു വിദ്യാർത്ഥിയെ നിർദയം തല്ലിച്ചതച്ചപ്പോൾ അന്ന് കാമ്പസൊന്നടങ്കം കാഴ്ചക്കാരായി മാറിയത് എതിർപ്പിന്റെ സ്വരങ്ങളെ കായികമായി നേരിടുന്ന ഹിംസാത്മകതയോടുള്ള ഭയമായിരുന്നുവെന്നതും നാം മറന്നുപോകരുത്. സീനിയർ വിദ്യാർത്ഥികളുടെ ക്രിമിനൽ വിനോദത്തിന്റെ മറ്റൊരു രക്തസാക്ഷിയായിരുന്നു മണ്ണുത്തി കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥി മഹേഷ്. വർഷങ്ങൾക്ക് മുമ്പ് കോട്ടയം ഗാന്ധിനഗറിലെ എസ്എംഇ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ പ്രമാദമായ റാഗിങ്ങിന്റെ മറവിൽ അരങ്ങേറിയത് മയക്കുമരുന്ന് ചേർത്ത ഭക്ഷണം ബലം പ്രയോഗിച്ച് കഴിപ്പിച്ച ശേഷമുള്ള കൊടിയ ശാരീരിക പീഡനമായിരുന്നുവെന്നത് ഓർക്കുന്നുണ്ടാകും.
റാഗിങ്ങിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റവരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരും അനവധിയാണ്. തിരുവനന്തപുരത്തെ രാജ്യാന്തര നീന്തൽ പരിശീലനകേന്ദ്രത്തിലെ ഹോസ്റ്റലിൽ ഏഴാം ക്ലാസുകാരി റാഗിങ്ങിനെത്തുർന്ന് കുഴഞ്ഞുവീണതും ഷൂസ് ധരിച്ചതിന് ക്രൂരമർദനമേറ്റതിനെ തുടർന്ന് ചാവക്കാട്ടെ ഗവ. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ നട്ടെല്ല് തകർന്നതും ക്ലാസിലെ പെൺകുട്ടികളോട് സംസാരിച്ചതിന് കണ്ണൂരിലെ കോളജിൽ വിദ്യാർത്ഥിയെ ടോയ്‌ലറ്റിലിട്ട് ഇടിച്ചതും കാമ്പസുകളിൽ പെരുകുന്ന ക്രിമിനലുകളുടെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം. 2022ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഓർത്തോപീഡിക് പിജി വിദ്യാർത്ഥിയായ ഡോ. ജിതിൻ ജോയി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മറ്റൊരു കോളജിൽ ചേർന്നത് സീനിയർ വിദ്യാർത്ഥികളുടെ പീഡനം നിമിത്തമായിരുന്നു.
1996 നവംബർ ആറിന് തമിഴ്‌നാട് ചിദംബരത്തെ അണ്ണാമലെെ യൂണിവേഴ്സിറ്റിയിലെ രാജാ മുത്തയ്യ മെഡിക്കൽ കോളജ് വിദ്യാർത്ഥി റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ 2001ലാണ് ഇന്ത്യയിൽ റാഗിങ് നിരോധന നിയമം പാസാക്കിയത്. 2009ൽ ധർമ്മശാലയിലെ മെഡിക്കൽ കോളജ് വിദ്യാർത്ഥി അമൻ കച്റുവിന്റെ മരണത്തെത്തുടർന്ന് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും റാഗിങ് വിരുദ്ധ നിയമം കർശനമായി പാലിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നിയമ പ്രകാരം വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തോ പുറത്തോ റാഗിങ്ങില്‍ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുകയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ രണ്ടുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷയായി ലഭിക്കാം. കൂടാതെ കുറ്റക്കാരനായ വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇപ്രകാരം പുറത്താകുന്നവർക്ക് മൂന്നുവർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകാനും പാടില്ല.
കേരളത്തിലാകട്ടെ 1998ൽ തന്നെ നിയമം പാസാക്കിയിരുന്നു. നിയമത്തിൽ പറയുന്ന ഒമ്പത് വകുപ്പുകളിലും റാഗിങ് നിർമ്മാർജനത്തിനാവശ്യമായ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. 2009ൽ റാഗിങ്ങിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് സംസ്ഥാന ഡിജിപി പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് കമ്മിറ്റി രൂപീകരിക്കണമെന്നും സിവിൽ പൊലീസ് അഡ്മിനിസ്ട്രേഷൻസ്, ലോക്കൽ മീഡിയ, എൻജിഒ എന്നിവയുടെയും സ്ഥാപനത്തിലെ അധ്യാപക പ്രതിനിധികളും രക്ഷിതാക്കളുടെ പ്രതിനിധികളും വിദ്യാർത്ഥി പ്രതിനിധികളും കമ്മിറ്റിയിൽ ഉണ്ടായിരിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്.
കേരളത്തിലടക്കം രാജ്യത്ത് അഞ്ച് വർഷത്തിനിടെ റാഗിങ്ങിനിരയായ 25 വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്ന യുജിസിയുടെ കണക്കുകൾ ആശങ്കയുണർത്തുന്നതാണ്. നിയമങ്ങളുടെ അഭാവമല്ല മറിച്ച്, അവ നടപ്പാക്കുന്നതിലെ ജാഗ്രതക്കുറവ് തന്നെയാണ് ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ ഇടയാക്കുന്നത് എന്നതാണ് സത്യം.
തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ കാലതാമസവും മറ്റു ബാഹ്യ ഇടപെടലുകളും നിമിത്തമായി യഥാർത്ഥ പ്രതികൾ പലരും ശിക്ഷിക്കപ്പെടാതെ പോവുന്നു എന്നതും കാണാതെ പോകരുത്. റാഗിങ്ങിന് ആധാരമായ ഘടകങ്ങളെ ഗൗരവപൂർവം നോക്കിക്കണ്ട് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഭരണകൂടവും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി തയ്യാറാവണം.
സാമൂഹ്യ പ്രതിബദ്ധതയും ആരോഗ്യകരവും അസങ്കുചിതവുമായ ജനാധിപത്യാവബോധവും അന്യംനിന്ന് പോകുന്നയിടങ്ങളിൽ സാമൂഹിക വിരുദ്ധതയ്ക്കും യാഥാസ്ഥിതിക സമൂഹത്തിന്റെ ജീർണതകൾക്കും എളുപ്പം കടന്നുകയറാൻ കഴിയും. ഇവിടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി. ജനാധിപത്യ രാഷ്ട്രീയബോധം വിദ്യാർത്ഥി കാലഘട്ടത്തിൽത്തന്നെ യുവമനസുകളിൽ അങ്കുരിപ്പിക്കലും ജനാധിപത്യവിരുദ്ധ ആശയങ്ങൾക്കെതിരെ ജാഗരൂഗരാകണമെന്നുള്ള ഓർമ്മപ്പെടുത്തലുകളുമാണ് വിദ്യാർത്ഥി സംഘടനകൾ സമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് സമൂഹം മനസിലാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.