
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം അധ്വാനിച്ചവരില്‍ പ്രമുഖനാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒന്ന് വരെ ബിഹാറിലെ 110 അസംബ്ലി മണ്ഡലങ്ങളിലൂടെ നടന്നും ബൈക്കുകളിലും കാറിലും മറ്റും യാത്ര ചെയ്ത് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് വോട്ടർമാരെ കണ്ടു. വോട്ട് അധികാർ യാത്ര എന്ന ബാനറിൽ ‘വോട്ട് കള്ളൻ അധികാരം വിടു’ എന്ന മുദ്രാവാക്യവുമായി നടത്തിയ ഈ യാത്രയിൽ മുഴുവൻ ബിഹാറിലെ പ്രതിപക്ഷത്തിന്റെ ‘പ്രതിശ്രുത മുഖ്യമന്ത്രി’ തേജസ്വി യാദവ് അദ്ദേഹത്തെ അനുധാവനം ചെയ്തു. മഹാസഖ്യം എന്ന ബാനറിൽ നടന്ന ഈ വോട്ടുണർത്ത് യാത്ര ഒരു രാഹുൽ ഷോ ആയിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികൾ സജീവമായിരുന്നു. കർണാടകയിലും മറ്റും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ കള്ളക്കളികൾ കണ്ടുപിടിച്ച് അതിന്റെ ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്ത് രണ്ട് ഭീമൻ വാർത്താസമ്മേളനങ്ങൾ നടത്തിയതിന്റെ മാനസികാധ്വാനം വേറെ. അങ്ങനെ മാനസികവും ശാരീരികവുമായി കൊടുംമ്പിരിക്കൊണ്ട യജ്ഞത്തിന്റെ നിർണായക ഘട്ടമായിരുന്നു, ഒരു വർഷം മുമ്പ് നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മോഡി കമ്പനി നടത്തിയ വോട്ട് തട്ടിപ്പ് സോദാഹരണ വാർത്താസമ്മേളനത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. മോഡി കമ്പനിയുടെ വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ഹൈഡ്രജൻ ബോംബ് പൊട്ടിക്കും എന്ന് അദ്ദേഹം മുന്നേ പ്രഖ്യാപിച്ചിരുന്നു. ഈ കാമ്പയിനിലൂടെ രാഹുൽ ലക്ഷ്യമിട്ടത് പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും എതിരായ ഒരു മുന്നേറ്റം അഥവാ പ്രസ്ഥാനമായിരുന്നു.
ഭാരത് ജോഡോ യാത്ര മുതൽ ഗാന്ധി കുടുംബത്തിലെ അനന്തരാവകാശി പുതിയ പ്രൊഫൈലിലാണ്. വ്യാപകമായ ജനസമ്പർക്കത്തിലൂടെ സാമൂഹിക മുന്നേറ്റം സൃഷ്ടിച്ച് ഹിന്ദുത്വശക്തികളെ അധികാരഭ്രഷ്ടരാക്കാനാവുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മാറ്റിയെടുക്കുന്ന ആൾ എന്നതാണ് ആ പ്രൊഫൈൽ. ഗ്രാന്റ് ഓൾഡ് പാർട്ടിയെ രാഹുൽ അധികാരത്തിൽ എത്തിക്കും എന്നാണ് കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ. പക്ഷെ, രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിക്കുകയും ആവേശപ്പെടുത്തകയും ചെയ്യുന്ന രാഹുൽ ഗാന്ധിക്ക് സ്വന്തം പാർട്ടിയെ ആ നിലയിലേക്ക് ഉയർത്താൻ കഴിയുന്നുണ്ടോ? ഒരു വർഷംമുമ്പ് നടന്ന ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുൻനിർത്തി ജനാധിപത്യവാദികൾ ഉയർത്തിയ സംശയം ബിഹാർ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ ഒരു വലിയ ചോദ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങുകയാണ്. രാജ്യമാകെ സാന്നിധ്യമുണ്ടായിരുന്ന പാർട്ടി എന്ന നിലയിൽ പ്രതിപക്ഷ രാഷ്ട്രീയം കോൺഗ്രസിനെ കേന്ദ്രീകരിച്ചാവുന്ന നിലയിൽ ഈ ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്.
പാർട്ടിയിൽ ഒരു ഉത്തരവാദിത്തവും ഇല്ലാത്ത രാഹുൽ ഗാന്ധി ആണ് കോൺഗ്രസിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ആ പാർട്ടിയുടെ ഉടമസ്ഥൻ ആണ് രാഹുൽ ഗാന്ധി എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. പാർട്ടിയിലുള്ള രാഹുലിന്റെ ഉടമസ്ഥതാബോധത്തിന് ദൃഷ്ടാന്തങ്ങൾ നിരവധിയാണ്. അയോഗ്യത കല്പിക്കപ്പെടുന്ന പാർലമെന്റ് അംഗത്തിന് മൂന്ന് മാസത്തെ ഇളവ് കൊടുക്കുന്ന മൻമോഹൻ സിങ് ഗവൺമെന്റിന്റെ ഓർഡിനൻസ് 2013ൽ പരസ്യമായി കീറിയെറിഞ്ഞതും ഹരിയാന തെരഞ്ഞെടുപ്പിന്റെ ഫലം അവലോകനം ചെയ്യാൻ പാർട്ടി പ്രസിഡന്റ് മല്ലികാർജുന്‍ ഖാർഗെയുടെ വീട്ടിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിന്ന് ക്ഷുഭിതനായ ഇറങ്ങിപ്പോന്നതും മറ്റാരെയും ഉൾപ്പെടുത്താതെ വോട്ട് ചോരി വാർത്താസമ്മേളനങ്ങൾ ഒറ്റക്ക് നടത്തുന്നതുമെല്ലാം അതിന് ദൃഷ്ടാന്തങ്ങൾ ആണ്. ഈ ചെയ്തികൾ മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്നായിരുന്നെങ്കിൽ അയാൾ അച്ചടക്ക നടപടിക്ക് വിധേയനായേനെ. ഹരിയാന തെരഞ്ഞെടുപ്പ് വിശകലനയോഗത്തിൽ രാഹുൽ പൂർണമായും പങ്കെടുത്തിരുന്നെങ്കിൽ ഹരിയാന വോട്ട് കൊള്ളയെക്കുറിച്ച് അന്നേ പാർട്ടിക്ക് നടപടിയിലേക്ക് നീങ്ങാമായിരുന്നു. വളരെ നേരിയ മാർജിനാണ് ഹരിയാനയിൽ ബിജെപി വിജയിച്ചത്. ബിജെപിക്ക് 48ഉം കോൺഗ്രസിന് 37ഉം എന്ന കണക്കിൽ 11 സീറ്റുകളുടെ വ്യത്യാസം ഇരു പാർട്ടികളും തമ്മിൽ ഉണ്ടെങ്കിലും ഇവർ തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.85% മാത്രം. ബിജെപിക്ക് 39.94% വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് 39.09% വോട്ട് കിട്ടി. 2019ൽ കിട്ടിയതിനേക്കാൾ 11% വോട്ടാണ് കോൺഗ്രസിന് കൂടുതൽ കിട്ടിയത്. വെറും 0.85% വോട്ടിന്റെ മേൽക്കൈയിലാണ് ബിജെപി മൂന്നാമതും ഹരിയാനയിൽ അധികാരത്തിൽ എത്തിയത്.
രാഹുൽ ഗാന്ധിയുടെ ഏത് നടപടിയും വിമർശനമില്ലാതെ പാർട്ടി അനുസരിക്കും. ഗാന്ധി കുടുംബത്തിന്റെ ഇപ്പോഴത്തെ പിന്തുടർച്ചക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന് പരമ്പരാഗതമായി കൈവന്ന അവകാശത്തിന്റെ ഭാഗമാണ് ലോക്‌സഭയിൽ അദ്ദേഹത്തിന് ലഭിച്ച പ്രതിപക്ഷ നേതാവിന്റെ പദവി പോലും. ഈ പരമ്പരാഗത അവകാശത്തിന്റെ ബാധ്യതകൾ നിറവേറ്റുന്നതിൽ തുടക്കത്തിൽ അവധാനത കാണിച്ചിട്ടുണ്ടെങ്കിലും സമീപകാലത്ത് സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. ഇടതു പാര്‍ട്ടി നേതാക്കളുമായുള്ള സമ്പർക്കം രാഹുലിനെ പപ്പു മാനസികാവസ്ഥയിൽ നിന്ന് മാറ്റി പൊളിറ്റിക്കലാക്കിയിട്ടുണ്ട്. അതിനാൽ, പുതിയ ഇന്ത്യൻ സാഹചര്യങ്ങളിൽ അർത്ഥപൂർണമായ ഇടപെടലുകൾ നടത്തുന്നതിന് സമീപകാലത്ത് വൈകാരികമായി തന്നെ അദ്ദേഹം ഉത്തരവാദിത്തം പ്രകടിപ്പിച്ചിട്ടുമുണ്ട്.
കോൺഗ്രസിന്റെ വായിലേക്കെത്തിയ വിജയമാണ് വോട്ട് മോഷ്ടിച്ചാണെങ്കിലും ഹരിയാനയിൽ ബിജെപി തട്ടിപ്പറിച്ചത്. പത്ത് വർഷമായി സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന ബിജെപി സർക്കാരിനോടുള്ള അധികാരവിരുദ്ധ മനോഭാവം അടിസ്ഥാനപ്പെടുത്തിയാണ് ഹരിയാനയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചത്. അല്ലാതെ ജാഗ്രത്തായതും ആസൂത്രിതവുമായുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൂടെയല്ല. സാഹചര്യം എത്ര അനുകൂലമായാലും അതിനെ വോട്ടാക്കാൻ കഴിയുന്ന സംഘടനാ സംവിധാനം ഇല്ലാതെ പോയാൽ പിന്നെ എന്ത് ഗുണം. പ്രതീക്ഷയുടെ ഒരു ഘടകമായി രാഹുൽ ഗാന്ധി ഉണ്ടായിട്ടും അതിനെ പ്രയോജനപ്പെടുത്താനാവും വിധം സംഘടനയെ ചലിപ്പിക്കാനും എതിരാളിയുടെ കുതന്ത്രങ്ങൾ മനസ്സിലാക്കാനും കോൺഗ്രസ് മാനേജർമാർക്ക് കഴിഞ്ഞില്ല. അവരെ അതിന് സജ്ജമാക്കാൻ രാഹുലിന് കഴിഞ്ഞില്ല എന്നും പറയാം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ഒറ്റപ്പാർട്ടിക്ക് ചുറ്റും കറങ്ങിയിരുന്ന ഇന്ത്യൻ രാഷ്ട്രീയം ബഹുകക്ഷി സംവിധാനത്തിലേക്ക് മാറുകയും ശക്തമായ വിധം കോർപറേറ്റ് താല്പര്യങ്ങൾ അതിൽ അധിനിവേശിക്കുയും ചെയ്ത ഈ കാലത്ത് ഇന്ത്യ എന്ന ചരിത്രപരമായ ആശയം നിലനിൽക്കണമെങ്കിൽ എല്ലാ ദൗർബല്യങ്ങളോടും കൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആശ്രയിക്കുകയേ വഴിയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ രാഹുൽ കേന്ദ്രീകൃത രാഷ്ട്രീയം വിലയിരുത്തപ്പെടേണ്ടത്.
കോൺഗ്രസിന്റെ നിലപാടുകളെ വിലയിരുത്തണമെങ്കിൽ രാഹുൽ ഗാന്ധിയുടെ നിലപാടുകൾ വിലയിരുത്തപ്പെടണം. നരസിംഹ റാവുവിന് മുമ്പും പിമ്പും എന്ന് കോൺഗ്രസിന്റെ രാഷ്ട്രീയത്തെ വിഭജിക്കാവുന്നതാണല്ലോ. പ്രധാനമന്ത്രിയായിരിക്കേ റാവു നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളെ പിന്നാലെ വന്ന മൻമോഹൻ സിങ് വിപുലപ്പെടുത്തി നടപ്പാക്കുകയും വിപണിയും സ്വകാര്യ മൂലധനവുമാണ് രാജ്യത്തിന്റെ അജണ്ട എന്ന നിലപാട് അംഗീകരിക്കുകയും ചെയ്തു. ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും സിദ്ധാന്തവുമായി മാറുകയും സോഷ്യലിസത്തിലും നെഹ്രുവിയൻ സാമ്പത്തിക രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ഊന്നിയ കോൺഗ്രസ് ദർശനം യാന്ത്രികമായി അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ കണ്ടത് രാജ്യത്തിന്റെ സാമ്പത്തിക മേഖല സ്വകാര്യവിദേശ മൂലധനത്തിന് മലർക്കെ തുറന്ന് കൊടുക്കുന്നതും സാമ്പത്തിക സമ്പ്രദായങ്ങൾ അടിമുടി മാറുകയും ചെയ്യുന്നതാണ്. അതോടെ അവസരസമത്വം, സാമൂഹ്യ നീതി മുതലായ ആശയങ്ങൾ സാമൂഹ്യ സംവിധാനത്തിന്റെ മേമ്പൊടി മാത്രമായി.
ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് രാഷ്ട്രീയമായി രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. നെഹ്രുവിയൻ ആദർശവാദവും സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട അംബേദ്കറിന്റെ കാഴ്ചപ്പാടുകളും സോഷ്യലിസ്റ്റ് നിലപാടുകളുമാണ് കുറച്ചായി രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്നത്. കോർപറേറ്റുകളുമായി നേർക്ക് നേർ ഏറ്റുമുട്ടുന്നതിന് ഒരു മടിയും രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയ ജീവി പ്രകടിപ്പിക്കുന്നില്ല. വർത്തമാന കാല കാഴ്ചപ്പാടിന് വിരുദ്ധമായ തരത്തിലാണ് അദ്ദേഹത്തിന്റെ രീതിയും നിലപാടുകളും. കോൺഗ്രസിന്റെ മുഖ്യധാരക്ക് പോലും ഇത് സഹിക്കാനാവുന്നതല്ല. കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമാണ് ഇത് എന്നതാണ് യാഥാർത്ഥ്യം. എങ്ങനെയാണ് ഈ വൈരുധ്യത്തെ കോൺഗ്രസിന്റെ എല്ലാമായ രാഹുൽ ഗാന്ധിയും രാഹുൽ ഗാന്ധിയുടെ അടിത്തറയായ കോൺഗ്രസും കൈകാര്യം ചെയ്യുന്നത് എന്നിടത്താണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞ പ്രശ്നം ഉയർന്ന് വരുന്നത്. കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതിസന്ധിയും രാഹുലിന്റെ രാഷ്ട്രീയ ഭാവിയും ഇന്ത്യ എന്ന ജനാധിപത്യ ആശയത്തിന്റെ തുടർച്ചയും നിലനിൽക്കുന്നത് ഇതിന്റെ മാനേജ്മെന്റിലാണ്.
നിലനിൽക്കുന്ന രാഷ്ട്രീയ സമ്പ്രദായത്തോട് ജനങ്ങൾക്ക് വലിയ അളവിൽ മടുപ്പും വെറുപ്പും ജനിച്ചുകഴിഞ്ഞു. അവരത് പ്രകടിപ്പിക്കുന്നുമുണ്ട്. അതാണല്ലോ ഹരിയാനയിലും കശ്മീരിലും അതിന് മുമ്പ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കണ്ടത്. അതിനെ പ്രതീകവൽക്കരിക്കാൻ രാഹുൽ ഗാന്ധിയിൽ അവർ ഒരു ബിംബത്തെ കാണുന്നുണ്ട് എന്നും പറയാം. അതിനെ ഏകോപിപ്പിച്ച് വ്യക്തവൽക്കരിക്കാൻ ഉള്ള ചൈതന്യം ആ ബിംബത്തിൽ ഇല്ല. അപ്പാടെ ചിതറിക്കിടക്കുകയാണ് ആ സന്നാഹം; ശിഥലവുമാണ്. പാർട്ടിയും നേതാവും തമ്മിലുള്ള വൈരുധ്യമാണ് ഇവിടെ പ്രകടമാവുന്നത്. ഒന്നുകിൽ പാർട്ടി നേതാവിനെ ഉൾക്കൊള്ളുന്നില്ല. അല്ലെങ്കിൽ പാർട്ടിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ നേതാവിന് കഴിഞ്ഞിട്ടില്ല. പാർട്ടിയുടെയും നേതാവിന്റെയും രാഷ്ട്രീയം രണ്ടായതിന്റെ ദുരന്തമാണിത്. കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനം എന്താണെന്ന് കോൺഗ്രസുകാർക്ക് തന്നെ അറിയാത്ത അവസ്ഥ.
ബിജെപി തട്ടിക്കൊണ്ടുപോയ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മാത്രം പരിശോധിക്കുക കോൺഗ്രസിന്റെ പരിപാടികളേക്കാൾ തന്റെ നയത്തിനും പരിപാടികൾക്കുമാണ് അവിടുത്തെ കോൺഗ്രസ് മൂപ്പനായ ഭുപീന്ദർ ഹൗഡ പ്രാധാന്യം കൊടുത്തത്. പാർട്ടിയുടെ താല്പര്യങ്ങൾ തന്നിലൂടെ നടപ്പാക്കിയാൽ മതി എന്ന രീതി. ഇതിനായി ദേശീയ നേതൃത്വത്തെ വളച്ച് തനിക്കൊപ്പം നിർത്തി. വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന അധികാരവിരുദ്ധ മനോഭാവം തങ്ങൾക്ക് അധികാരം തളികയിൽ വച്ച് സമ്മാനിക്കും എന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷിച്ചത്. കശ്മീരിലും കോൺഗ്രസിന്റെ കാര്യങ്ങൾ പ്രാദേശിക സത്രാപ്പുകൾ ആണ് നിശ്ചയിച്ചത്. അവിടെ നാഷണൽ കോൺഫറൻസ് കാര്യങ്ങൾ തീരുമാനിച്ചു. ഇവിടെയെല്ലാം രാഹുൽ ഫാക്ടർ പ്രകടമാണെങ്കിലും അതിനെ ഫലപ്രദമാക്കിയെടുക്കാൻ അദ്ദേഹത്തിന്റെ പാർട്ടിക്ക് കഴിഞ്ഞില്ല. തങ്ങളുടെ താല്പര്യങ്ങൾ നടപ്പാക്കിയെടുക്കാനുള്ള അവസരങ്ങളായാണ് ഈ പ്രാദേശിക സത്രാപ്പുകൾ ഓരോ തെരഞ്ഞെടുപ്പിനെയും കാണുന്നത് എന്ന് വേണം മനസ്സിലാക്കാൻ. രാജ്യത്തിന്റെയോ പാർട്ടിയുടേയോ അജണ്ടയ്ക്ക് രണ്ടാം പരിഗണനയാണ്. ഇത്തരത്തിലുള്ള നിരവധി മൂപ്പന്മാരുടെ ഒരു കൂട്ടമാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി അവർക്ക് ഒരു ഉപകരണം മാത്രമാണ്.
അവസാനിക്കുന്നില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.