20 December 2025, Saturday

വലത്ത് രാജീവും ഇടത്ത് രാഹുലും പിന്നെ ചാരുംമൂട് ഓട്ടവും

പ്രിയ
June 11, 2025 4:15 am

രിണാമ സിദ്ധാന്തത്തിൽ ഉള്ളതാണ് പരിണാമഘട്ടം. പ്രാകൃത ജീവിവർഗത്തിൽ നിന്ന് ഇന്നത്തെ മനുഷ്യനിലേക്കുള്ള പരിണാമഘട്ടങ്ങൾ ഓരോന്നും ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടതായിരുന്നു. പരിണാമ സിദ്ധാന്തമനുസരിച്ച് ഡ്രയോ പിത്തേക്കസിൽ നിന്ന് തുടങ്ങി നിയാന്തർത്താളിലൂടെ വിവിധ ഘട്ടങ്ങൾ കടന്നാണ് ആധുനിക മനുഷ്യനിലേക്ക് എത്തിച്ചേരുന്നത്. അതിനകത്തുള്ള സംജ്ഞകൾ ദുർഗ്രാഹ്യവും കടുപ്പമേറിയതുമായതിനാൽ പരിണാമ ഘട്ടങ്ങളെ ലളിതമായി നമുക്ക് ഇങ്ങനെ നിർവചിക്കാം: കോശങ്ങളിൽ നിന്ന് ജീവികളിലേക്ക്, അവിടെ നിന്ന് നമ്മുടെ പൂർവികരായ കുരങ്ങിലേക്ക്, പിന്നെ ചിമ്പൻസിയിലേക്ക്, ആൾക്കുരങ്ങ്, പ്രാകൃത മനുഷ്യൻ, മനുഷ്യൻ… എന്നിങ്ങനെ. ഒന്നിന്റെ സ്വഭാവം മറ്റൊന്നിലേക്ക് മാറണമെങ്കിൽ കാലങ്ങളെടുക്കണമെന്ന് സാരം. പരിണാമഘട്ടത്തിന് കുറച്ച് ദിവസങ്ങളെങ്കിലുമെടുക്കുന്നില്ലെങ്കിൽ പോലും വലിയ അപകടമാണെന്ന് തിരിച്ചറിയുകയാണ് നിലമ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപിയും സഹായികളും. സംസ്ഥാന നേതൃത്വം നിർദേശിക്കുന്ന പേര് കേന്ദ്രം അംഗീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കുക എന്നതാണ് ബിജെപിയുടെ സ്ഥാനാർത്ഥി നിർണയ പ്രക്രിയ എന്നാണ് നാം മനസിലാക്കിയിട്ടുള്ളത്. ഒരു പേര് കണ്ടെത്തി പരസ്പരം ചർച്ച ചെയ്ത് തീരുമാനത്തിലെത്തി ദേശീയ നേതൃത്വത്തിന് കൊടുക്കണമെങ്കിൽ കുറഞ്ഞത് രണ്ടുദിവസത്തെ സമയമെടുക്കും. ഡൽഹിയിൽ നിന്ന് അത് അംഗീകരിച്ച് പുറത്തുവരണമെങ്കിലും സമയമെടുക്കും. അങ്ങനെയാണെങ്കിൽ സ്ഥാനാർത്ഥിക്ക് പരിണാമഘട്ടത്തിന് (ഇവിടെ മനം മാറ്റത്തിന്) രണ്ടോ മൂന്നോ ദിവസത്തെ സമയമെങ്കിലും കിട്ടും. എന്നാൽ നിലമ്പൂരിലെ എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് ഈ പരിണാമ ഘട്ടം ഒന്നും കിട്ടിയില്ലെന്നുറപ്പാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിനുശേഷം ആറേഴു മണിക്കൂർ കഴിഞ്ഞാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ആദ്യപ്രതികരണം തന്നെ അതായിരുന്നു: ‘ഇനി എനിക്കൊന്നു ബിജെപിയിൽ ചേരണം.’ നിലവിലുള്ള പാർട്ടിയായ കേരള കോൺഗ്രസ് ജോസഫിൽ നിന്ന് ഇതുവരെ രാജിവച്ചതായോ പുറത്താക്കപ്പെട്ടതായോ അറിവുമില്ല. 

എന്തായാലും പരിണാമഘട്ടം പിന്നിടാത്തതിന്റെ നാണക്കേടുകൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തിൽനിന്ന്. ബിജെപിയുടെ പ്രമുഖ നേതാക്കളൊന്നും കൂടെയില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നാമനിർദേശപത്രിക സമർപ്പിക്കുന്ന വേളയിൽ കൂടെയുണ്ടായിരുന്നത് വലതുഭാഗത്ത് രാജീവും ഇടതുഭാഗത്ത് രാഹുലും എന്നാവർത്തിച്ചു പറഞ്ഞത്, ഒരുതവണയല്ല രണ്ടുതവണയുമല്ല… മൂന്നാമതും പറഞ്ഞുതുടങ്ങിയപ്പോൾ സഹായികളിൽ ഒരാൾ തിരുത്തുകയായിരുന്നു, രാഹുൽ അല്ല തുഷാർ വെള്ളാപ്പള്ളിയാണ് എന്ന്. മൂന്നാമതൊരാളായി പി കെ കൃഷ്ണദാസ് എന്ന ബിജെപി നേതാവും കൂടെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ അറിയാത്തതുകൊണ്ടാവണം ആ പേര് പറഞ്ഞില്ല. വായിൽ ഇപ്പോഴും തത്തിക്കളിച്ചുകൊണ്ടിരിക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളുടെ പേരുകളാണ് എന്നതുകൊണ്ട് തിരുത്തൽ സഹായി എന്ന പേരിൽ ഒരാളെ സ്ഥിരമായി കൂടെ നടത്തിക്കുകയാണ് ബിജെപി എന്നാണ് അറിവ്. ഈ ദുര്യോഗം അവസാനിപ്പിക്കണമെങ്കിൽ പരിണാമഘട്ടം പിന്നിട്ടവരെ മാത്രമേ സ്ഥാനാർത്ഥിയാക്കാൻ അനുവദിക്കൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കണം എന്നാവശ്യപ്പെട്ട് കത്തയയ്ക്കേണ്ടി വരുമെന്ന തമാശ ബിജെപിയുടെ അന്തഃപുരങ്ങളിൽ ഉണ്ട്. നാട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ എത്തിയ ആർഎസ്എസുകാരെ നാട്ടുകാർ അടിച്ചോടിച്ച സംഭവത്തെയാണ് എടപ്പാൾ ഓട്ടം എന്ന പേരിട്ടു വിളിക്കുന്നത്. അതിന്റെ സ്മരണയ്ക്കായി ഇടയ്ക്കിടെ പലയിടങ്ങളിലും ആർഎസ്എസും സഹ സംഘടനകളും സമാനമായ ഓട്ടം ആവർത്തിക്കാറുമുണ്ട്. എന്നാൽ അടി പോയിട്ട് ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി പോലും വേണ്ട ഓടാൻ എന്ന് തെളിയിച്ചിരിക്കുകയാണ് ചാരുംമൂട്ടിലെ ആർഎസ്എസുകാർ. രാജ്ഭവൻ എന്നത് രാഷ്ട്രീയ സ്വയംസേവക ഭവൻ എന്ന് തെറ്റിദ്ധരിച്ച ഒരു ഗവർണർ വന്നതിന്റെ ഫലമായാണ് ചാരുംമൂട്ടിലെ സംഘികൾക്ക് ഈ നാണക്കേട് പേറേണ്ടി വന്നത്. 

ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടി തുന്നിച്ചേർത്താൽ ഭാരതാംബയെ വണങ്ങാൻ, ‘രാജ്യസ്നേഹികൾ’ ഓടിയെത്തുമെന്നായിരുന്നു ഗവർണർ അർലേക്കറെ ആരൊക്കെയോ പറഞ്ഞു പറ്റിച്ചത്. ഭാരതാംബയെ ബഹുമാനിക്കുന്നു, പക്ഷേ ദേശീയ പതാകയ്ക്ക് പകരമുള്ള ആ കളസം മാറ്റിക്കൊള്ളണമെന്ന് തിരിച്ചുപറയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല. തിരിച്ച് പറഞ്ഞെന്ന് മാത്രമല്ല, സർക്കാരിന്റെ പരിപാടി സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണം ഗവർണർ എന്ന ‘ഞാനും ഞാനുമെന്റാളും’ പങ്കെടുത്ത പരിപാടിയായ് ഒതുങ്ങി. ചാരുംമൂട്ടുള്ള സംഘികൾക്ക് ഒന്നും മനസിലായില്ല. അവർ കൃഷി മന്ത്രി പി പ്രസാദിനെ കാവിക്കളസത്തെ ആദരിക്കാൻ പഠിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് കൊടിയും കാവിക്കൊടിയുടുപ്പിച്ച ഭാരതാംബയുടെ ചിത്രവും ഒരു പഴഞ്ചൻ പ്ലാസ്റ്റിക് കസേരയും എടുത്ത് അദ്ദേഹത്തിന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു. വിവരമറിഞ്ഞ് പരിസരത്തെ സിപിഐ പ്രവർത്തകരുമെത്തി. പ്രവർത്തകരെ കണ്ടതോടെ തന്നെ സംഘികളുടെ മുട്ടിടിച്ച് തുടങ്ങിയിരുന്നു. അപ്പോൾ തന്നെ തിരികെയോടുന്നത് നാണക്കേടല്ലേ എന്ന് ഓർത്താകണം അല്പം കൂടി മുന്നോട്ടു വന്ന് സഖാക്കളിൽ ചിലരോട് ഉന്തും തള്ളുമുണ്ടാക്കിയെന്ന് വരുത്തിത്തീര്‍ത്ത് തിരിച്ചോടുകയായിരുന്നു. അങ്ങനെ എടപ്പാൾ ഓട്ടം പിന്നിലായി. പുതിയ പ്രയോഗമുണ്ടായിരിക്കുന്നു, ചാരുംമൂട് ഓട്ടം. ഇത്തരം ഗവർണർമാരും ‘മലയാളം ഭാഷ സംസ്ക… അല്ല സംസ… സംസാരിക്കാനും മലയാലത്തിൽ നല്ല തെറി പറയാനും’ അറിയുന്ന സംസ്ഥാന അധ്യക്ഷന്മാരുമുള്ളപ്പോൾ സംഘികൾക്ക് ഇനിയും ഓട്ടം പലതും ബാക്കി. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.