30 December 2025, Tuesday

രാജേന്ദ്ര അർലേക്കറും ദത്താത്രേയ ഹൊസബലെയും

ബിനോയ് ജോര്‍ജ് പി
June 29, 2025 4:15 am

കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഭാരതാംബ ചിത്ര’പ്രദർശന’വും പുഷ്പാര്‍ച്ചനയും കേരളത്തിൽ വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ‘സോഷ്യലിസ’വും ‘മതനിരപേക്ഷത’യും എന്ന വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും നീക്കണമെന്ന പ്രഖ്യാപനം നടത്തുന്നത്. ആർഎസ്എസ് നേതാക്കളുടെയും സംഘ്പരിവാർ സംഘങ്ങളുടെയും ഇത്തരം പ്രഖ്യാപനങ്ങളും പ്രദർശനങ്ങളും അവകാശവാദങ്ങളുമൊന്നും അജ്ഞതയിൽ നിന്നോ സ്ഥലകാല ബോധമില്ലാതെയോ രൂപപ്പെടുന്നതല്ല. കൃത്യമായ ബോധ്യങ്ങളോടെ പുറത്തുവരുന്ന ഇത്തരം വാക്കുകൾ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന സ്പർദ്ധയും ഭിന്നിപ്പുമെല്ലാം നന്നായി മനസിലാക്കി തന്നെയാണ് ഈ പ്രകടനങ്ങൾ. വിഷയത്തെ പൊതുസമൂഹത്തിൽ ചർച്ചയാക്കുകയും ഏതെങ്കിലും വിധത്തിൽ മതവികാരം ഉണർത്തി, അപരമത വിദ്വേഷം ഉല്പാദിപ്പിക്കുകയും ഭൂരിപക്ഷ മതത്തിന് ഈ രാജ്യത്ത് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയലാഭം കൊയ്യുകയുമാണ് ലക്ഷ്യം. ഹിന്ദുരാഷ്ട്ര നിർമ്മിതിയാണ് ആത്യന്തിക ലക്ഷ്യമെങ്കിലും അതിനുള്ള മണ്ണിളക്കൽ പ്രക്രിയയാണ് അങ്ങ് ഡൽഹിയിലും ഇവിടെ രാജ്ഭവനിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വർഷങ്ങളായി ആർഎസ്എസിന്റെയും വിവിധ തീവ്ര ഹിന്ദു സംഘങ്ങളുടെയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 

രാജേന്ദ്ര അർലേക്കറുടെ ഭാരതാംബ ‘പ്രദർശനം’ ശ്രദ്ധിച്ചാൽ വ്യക്തമാകുന്ന കാര്യം, സംസ്ഥാന സർക്കാർ രാജ്ഭവനിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ കൂടി ഈ ചിത്രത്തെ ഒളിച്ച് കടത്തി പൂവിട്ട് പ്രതിഷ്ഠിക്കാൻ ശ്രമിച്ചുവെന്നത് മാത്രമല്ല. ഭരണഘടനാപരമായി ജനാധിപത്യ വ്യവസ്ഥയിൽ സ്ഥാനമേറ്റ സംസ്ഥാനത്തെ മന്ത്രിമാരെപ്പോലും തെറ്റിദ്ധരിപ്പിച്ച് അതിലേക്ക് നയിക്കാനുള്ള ശ്രമം കൂടിയാണ് നടന്നത്. ഭാരതാംബ എന്നത് പിറന്ന നാട് എന്നർത്ഥത്തിൽ രാജ്യത്തിന്റെ സ്വത്വത്തെ സൂചിപ്പിക്കുന്ന ഒരു സങ്കല്പമാണ്. എല്ലാവർക്കും ബോധ്യമുള്ളതും മൂർത്തമായ രൂപം ഇല്ലാത്തതുമാണ് അത്. അതിന് പ്രത്യേകിച്ച് ആർഎസ്എസിന്റെ നിറം നൽകാൻ ശ്രമിക്കുമ്പോഴാണ് ഇതല്ലാ, ഞങ്ങളുടെ ഭാരത മാതാവ് എന്നു വിളിച്ചു പറയേണ്ടി വരുന്നത്. സിംഹത്തിന്റെ പുറത്തുചാരി കാവിക്കൊടി പിടിച്ച് സ്വർണ കിരീടമണിഞ്ഞു നിൽക്കുന്ന സ്ത്രീ ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ അമ്മയല്ലെന്നും നിങ്ങളുടെ മതരാഷ്ട്രീയത്തിന് വേഗം കൂട്ടാനുള്ള പ്രതീകമാണെന്നും ചിന്തിക്കുന്നവർക്കെല്ലാം ബോധ്യപ്പെടും. ഇത്തരം മത‑രാഷ്ട്രീയ ചിഹ്നങ്ങൾ ബോധപൂർവം പ്രചരിപ്പിച്ച്, ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ച് കെട്ടുകഥകളും അസത്യവും ചരിത്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് വ്യാപകമായി ഹിന്ദുത്വ സംഘങ്ങൾ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെ എതിർക്കുന്നവരെ രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ശത്രുക്കളായി ചിത്രീകരിക്കുന്നു. ഹിന്ദുവിന് ഇവരെല്ലാം എതിരാണെന്നും നിങ്ങളുടെ ഈശ്വരന്മാരെയും ആചാരങ്ങളെയും എല്ലാം സമ്പൂർണമായി സംരക്ഷിക്കുന്നവരാണ് തങ്ങളെന്നുമുള്ള തെറ്റിദ്ധാരണ സംക്രമിപ്പിച്ച് നിഷ്കളങ്കരും തികഞ്ഞ മതവിശ്വാസികളുമായ സാധാരണക്കാരുടെ വോട്ട് തട്ടിയെടുക്കുകയാണ് കാലങ്ങളായുള്ള സംഘ്പരിവാർ തന്ത്രം.

ആർഎസ്എസുകാരനായ രാജേന്ദ്ര അർലേക്കർക്ക് ഏത് മാതാവിന്റെയും ഗുരുവിന്റെയും ചിത്രം വച്ച് ആരാധിക്കാനും പൂജിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും മതനിരപേക്ഷ രാജ്യമായ ഇന്ത്യയിലുണ്ട്. പക്ഷെ കേരള രാജ്ഭവനിൽ ഗവർണറുടെ കുപ്പായമിട്ട് ഔദ്യോഗിക പരിപാടികളിൽ ആർഎസ്എസിന്റെ ഭാരതാംബയുടെ ബ്രാൻഡ് അംബാസിഡർ ആകാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. തന്റെ ഗുരുവിന്റെ ചിത്രമെന്നു പറഞ്ഞ് എം എസ് ഗോൾവാള്‍ക്കറുടെ ചിത്രം കൂടി ഇത്തരം ചടങ്ങുകളിൽ തിരുകിക്കയറ്റി പുതിയ ‘ചരിത്രം’ സൃഷ്ടിക്കാൻ അർലേക്കർ ശ്രമിക്കില്ലെന്ന് ആർക്കാണ് പറയാൻ സാധിക്കുക. സങ്കല്പത്തിലെ മാതാവിന് മികച്ച രൂപവും കാവിക്കൊടിയും നൽകുന്നതിന് പകരം രാഷ്ട്രം അംഗീകരിക്കുന്ന രാഷ്ട്രപിതാവിന്റെ ചിത്രത്തിൽ രണ്ടിതൾ പൂവിടാൻ എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിന് വിമുഖത ഉണ്ടായത്. വിസ്മൃതിയിലായ പല മിത്തുകളെയും ദുരാചാരങ്ങളെയും വീണ്ടെടുത്ത് ചർച്ചയും വിവാദവുമാക്കി പൊതുസമൂഹത്തെ വിഭജിച്ച് അതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള തന്ത്രമാണിത്. ആരോപണങ്ങളും അവകാശവാദങ്ങളും നിരന്തരം ഉന്നയിക്കുകയും ഒടുവിൽ ഭരണാധികാരത്തിന്റെയും ആയുധ‑ആൾബലത്തിന്റെയും ശക്തിയിൽ ബലപ്രയോഗത്തിലൂടെ അവയെ നിയന്ത്രണത്തിലാക്കുകയുമാണ് ഇവരുടെ രീതി. ഒരു നിയമസാധുതയും ലഭിക്കാത്ത തർക്കങ്ങളാണെന്ന് മനസിലായിട്ടും വലിയ കോടതികളെ പല കെട്ടുകഥകളുമായി സമീപിക്കുകയും വിരുദ്ധ വിധിയാണെങ്കിലും അത് സമ്പാദിച്ച് വീണ്ടും വീണ്ടും ഒരേ നുണകൾ ആവർത്തിക്കുകയുമാണ് ഫാസിസ്റ്റ് രീതി. തീവ്ര മത വൈകാരിക സംഘങ്ങളുടെ കായികശക്തിയും ഭരണാധികാരവും അതിന് പിന്തുണ നൽകുന്നു.
‘സോഷ്യലിസ’വും ‘മതനിരപേക്ഷത’യും ഭരണഘടനയിൽ നിന്നും ഒഴിവാക്കണമെന്നുള്ള ദത്താത്രേയ ഹൊസബലെയുടെ വാക്കുകൾക്ക് വലിയ പുതുമ അവകാശപ്പെടാനില്ല. ആർഎസ്എസ് എന്നും തുല്യതയ്ക്കും സമത്വത്തിനും എതിരായിരുന്നു. ബിജെപിയുടെയും ഹിന്ദുത്വ സംഘങ്ങളുടെയും ഇന്ത്യയിലെ ഭാവി പരിപാടി തന്നെയാണ് ഈ പ്രസംഗത്തിലൂടെ പരസ്യമായി അദ്ദേഹം വെളിവാക്കിയത്. ഈ പദങ്ങൾ ഭരണഘടനയിൽ നിന്നു മാത്രമല്ല മാറ്റേണ്ടത്, ഇവ സൂചിപ്പിക്കുന്ന അർത്ഥ‑ആശയതലങ്ങൾ രാജ്യത്ത് നിന്നുതന്നെ തുടച്ചുനീക്കണമെന്നാണ് ഹൊസബലെ പറഞ്ഞതിന്റെ പൂർണമായ അർത്ഥം. ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രം മതി, ഹിന്ദുരാഷ്ട്രമാണ് ആത്യന്തിക ലക്ഷ്യം എന്ന സ്ഥാപക നേതാവ് ഗോൾവാള്‍ക്കറുടെ ആശയം തന്നെയാണ് ആർഎസ്എസും തീവ്രഹിന്ദുത്വ സംഘങ്ങളും ഇന്നും പിന്തുടരുന്നത്. മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയിൽ നിന്നും മാറ്റണമെന്ന് പറയുന്നതിന്റെ അർത്ഥം മറ്റു മതങ്ങളെയും മതസ്ഥരേയും തുല്യതയോടെ അംഗീകരിക്കാൻ സാധിക്കില്ലെന്നു തന്നെയാണ്. മനുസ്മൃതിയാകണം രാജ്യത്തിന്റെ നിയമ സംഹിതയെന്ന് നേരെ പറയുന്നതിനുപകരം സോഷ്യലിസം മാറ്റണമെന്നും പറയുന്നു. സോഷ്യലിസം തുല്യതയിൽ ഊന്നുമ്പോൾ, അത് ഇവരുദ്ദേശിക്കുന്ന സവർണ മത-സമ്പന്ന‑പുരോഹിത സഖ്യങ്ങൾക്ക് വിരുദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ. 

ചരിത്രത്തിൽ ഒരിക്കലും ഇടംനേടാൻ അർഹമല്ലാത്ത ചിത്രങ്ങളും സംഭവങ്ങളും പേരുകളുമെല്ലാം ആർഎസ്എസും ഹിന്ദുത്വ സംഘങ്ങളും ഭരണാധികാരത്തിന്റെ പഴുതിലൂടെ തിരുകിക്കയറ്റി മഹത്വവല്‍ക്കരിക്കാനുള്ള നീക്കം ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. 2003 ഫെബ്രുവരി 26ന് പാർലമെന്റിലെ സെന്റർഹാളിൽ രാഷ്ട്രപിതാവിന്റെ കൊലപാതകത്തിന് കൂട്ടു നിന്നവരിൽ ഒരാൾ എന്ന് കുപ്രസിദ്ധിയുള്ള വി ഡി സവർക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തപ്പോൾ, അപമാനകരമാണിതെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിക്കുകയുണ്ടായി. ആൻഡമാനിലെ സെല്ലുല്ലാർ ജയിലിൽ വച്ച് ബ്രിട്ടീഷുകാരോട് ജീവനുവേണ്ടി യാചിച്ച് മാപ്പെഴുതി കൊടുത്താണ് സവർക്കർ പുറത്തിറങ്ങിയതെന്ന ചരിത്രം ഇനിയും വിസ്മൃതിയിലായിട്ടില്ല. ആ സവർക്കറുടെ ചിത്രമാണ് ധീരരും മഹത്തുക്കളുമായ സുഭാഷ്ചന്ദ്രബോസിനും ബാലഗംഗാധര തിലകനും സരോജിനി നായിഡുവിനും പട്ടേലിനുമൊപ്പം ‘സ്വാതന്ത്ര്യ സമരസേനാനി‘യെന്ന മുദ്രയോടെ ബിജെപി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് സെന്റർ ഹാളിൽ സ്ഥാപിച്ചത്. മഹാത്മജിയടക്കം രാജ്യത്തെ എക്കാലത്തെയും മഹാരഥന്മാരുടെ 25 ചിത്രങ്ങളിൽ സവർക്കറുടെ ചിത്രവും ഉൾപ്പെടുന്നുണ്ട്. അനർഹമായ ചിത്രവും ചരിത്രവും രാജ്യത്തിന്റെ എത്ര ഉയരത്തിൽ സ്ഥാപിച്ചാലും മാറി മാറി രചിച്ചാലും പതിറ്റാണ്ടുകൾക്ക് ശേഷവും യഥാർത്ഥ ചരിത്ര വിദ്യാർത്ഥികൾ ആ ചിത്രം അസ്ഥാനത്താണെന്ന് കണ്ടെത്തുക തന്നെ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.