17 January 2026, Saturday

രാമവിശ്വാസവും ഭരണഘടനയും

അജിത് കൊളാടി
November 30, 2025 4:30 am

ടാഗോർ പറഞ്ഞു, രാമായണ പദ്യങ്ങളിലൂടെ ഇന്ത്യയുടെ സംസ്കാരത്തിന്റെ ശാശ്വതമായ നാഡീസ്പന്ദനം കേൾക്കുന്നു എന്ന്. രാമായണത്തിൽ യൗവ്വനം സിംഹാസനം വലിച്ചെറിയുന്നു. അതിന്റെ സന്ദേശം അധികാരം വലിച്ചെറിയുക എന്നതാണ്. സിംഹാസനവും കീരീടവും വലിച്ചെറിഞ്ഞ്, കാട്ടിലൂടെ മരവുരി ധരിച്ച് സഞ്ചരിച്ച ചെറുപ്പക്കാരൻ. സമ്പത്തും സ്ഥാനവും വലിച്ചെറിയുന്ന യൗവ്വനത്തിന്റെ വിജയഗാഥയാണത്. രാമന്റെ പേരിൽ ഭരിക്കുന്നവർ രാമായണം വായിച്ചിട്ടില്ല. സ്പർശിച്ചിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. ചിന്തകർ പറയും ഇന്ത്യയുടെ വലിയ കാവൽക്കാരൻ രാമായണമാണ് എന്ന്. രാമന്റെ പേരിൽ ക്ഷേത്രം പണിഞ്ഞവർക്കും പ്രാണപ്രതിഷ്ഠ നടത്തിയവർക്കും ക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തിയവർക്കും അതു മനസിലാകില്ല. അവർക്ക് വേണ്ടത് വാല്മീകിയുടെ രാമനെയല്ല, ആർഎസ്എസിന്റെ രാമനെയാണ്. 

രാമായണത്തെ കുറിച്ച് ഒരു ക്വിസ് നടത്തിയാൽ ഇന്നത്തെ രാമഭക്തി ഘോഷിക്കുന്ന സംഘപരിവാരത്തിന് പത്തിൽ ഒരു മാർക്ക് കിട്ടില്ല. രാമായണത്തിന്റെ പാവനമായ ഹൃദയ സന്ദേശം അവർക്കറിഞ്ഞുകൂടാ. അറിഞ്ഞിരുന്നുവെങ്കിൽ രാമന്റെ പേരിൽ ഒരാരാധനാലയം പൊളിക്കില്ല. അവിടെ പ്രാണപ്രതിഷ്ഠ നടത്തി, ധ്വജ സ്തംഭത്തിൽ കാവിപ്പതാകയും ഉയർത്തി. ഇതെല്ലാം ചെയ്തത് ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട പ്രധാനമന്ത്രിയും.
വാല്മീകി, രാമനെ ലോകരാമന്‍ എന്ന് പറയും. സർവജനങ്ങൾക്കും സന്തോഷം ഉളവാക്കുന്നവൻ. അയാൾ ഒരു മതത്തിന്റെ ആളല്ല. ലോകരാമന് ലോകത്തിന്റെ ആളാകാനേ കഴിയൂ. കാണപ്പെടുന്ന മനുഷ്യരെയും ചരാചരങ്ങളെയും സന്തോഷിപ്പിക്കുന്നവനായിരുന്നു വാല്മീകിയുടെ രാമൻ. ആ വാക്കിന്റെ അർത്ഥമതാണ്. സംഘ്പരിവാർ അതിന്റെ അർത്ഥമൊക്കെ മാറ്റി. അർത്ഥം മാറിമറഞ്ഞതിന്റെ പേരിൽ രാജ്യം കടുത്ത വിഭാഗീയ ചിന്താഗതിയിലേക്ക് നീങ്ങി. അവിശ്വാസവും അസഹിഷ്ണുതയുമുള്ള ഒരു സമൂഹം ആർഎസ്എസ് വളർത്തിയെടുത്തു.

വാല്മീകി ഒരു സംസ്കാരമാണ്. കാട്ടാളനായിരുന്ന അദ്ദേഹം ഋഷിയായി. ആ പേരിൽ വടക്കേ ഇന്ത്യയിൽ ഒരു സമുദായമുണ്ട്. രാമായണമാണ് ഏറ്റവും വലിയ ഹിമാലയം എന്ന് ടാഗോർ പറഞ്ഞു. ടാഗോർ വീണ്ടും പറയും രാമായണത്തിലെ 24,000 അനുഷ്ഠാന ശ്ലോകങ്ങളിലൂടെ സ്വന്തം സംസ്കാരത്തിന്റെ നിത്യസ്പന്ദനം തന്റെ നാഡികളിലൂടെ മിടിക്കുന്നത് നിരന്തരമായി കേൾക്കുന്നു എന്ന്. ഒരു പക്ഷിയെ അമ്പെയ്തു കൊന്നപ്പോൾ അതിന്റെ ഇണയുടെ കണ്ണിൽ നിന്ന് വീണ കണ്ണുനീരിന്റെ ദുഃഖത്തിൽ നിന്ന് രാമായണമുണ്ടായി.
സാഹോദര്യത്തിന്റെ പ്രതിഷ്ഠാപനമാണ് രാമായണം. സഹോദരന്മാരും സീതയും ഊർമ്മിളയും മറ്റുള്ളവരും അനുഷ്ഠിച്ച വലിയ ത്യാഗത്തിന്റെ കഥ. മൃഗങ്ങളും പക്ഷികളും കാട്ടാളന്മാരും മനുഷ്യരും ഒന്നിച്ച്, രാമന്റെ സൈന്യത്തിൽ. രാജാക്കന്മാരും മഹർഷിമാരും, ഗുഹൻ, ശബരി തുടങ്ങി വനത്തിൽ ജീവിക്കുന്നവരും, ഹനുമാൻ, ബാലി, സുഗ്രീവൻ തുടങ്ങിയ കുരങ്ങന്മാരും, വീരശൂര പരാക്രമികളായ രാക്ഷസന്മാരും, ജടായു, സമ്പാദി തുടങ്ങിയ പക്ഷികളും എല്ലാം ചേർന്ന് അന്നത്തെ രാജ്യത്തെ മുഴുവൻ രാമനെക്കൊണ്ട് യോജിപ്പിക്കാൻ വാല്മീകി ശ്രമിച്ചു. ആ കഥ രോമാഞ്ചജനകമായി പാടി. രാമന്റെ പേരു പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സംഘ്പരിവാർ, രാമായണത്തിന്റെ സത്യം കാണാത്തവരാണ്. 

വാല്മീകി രചിച്ച സർവ ജീവി സൗഹാർദമില്ലേ, അതാണ് ഇന്ന് സെക്യുലറിസം എന്ന് വിളിക്കപ്പെടുന്ന സർവമത സമഭാവനയുടെ അടിസ്ഥാനം. രാമായണത്തിന്റെ ചിരന്തര ഗാനമാണിത്. അത് തീരെ ഇടുങ്ങിയ മനസുള്ള ആർഎസ്എസിനു മനസിലാവില്ല. ശ്രീരാമൻ ഒരാഗാധ വിശ്വാസമായി, നാമജപമായി വൈവിധ്യമാർന്ന ആരാധനയായി ഹൃദയസ്പർശിയായ ഭക്തികാവ്യമായി വ്യത്യസ്ത വായനകളായി സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ നിലനിന്നുവരുന്നു. തുളസീദാസ്, കബീർദാസ്, എഴുത്തച്ഛൻ വരെയുള്ള ഭക്തിപ്രസ്ഥാന നായകർ രാമനാമം ഉള്ളിലേറ്റ് കോരിത്തരിച്ചവരാണ്. മഹാത്മാഗാന്ധി സ്വന്തം റിപ്പബ്ലിക്കിനെ രാമരാജ്യം എന്ന് വിളിച്ചു. രാമരാജ്യമെന്നത് ഹിന്ദു രാജ്യമല്ല എന്ന് മഹാത്മാവ് അർത്ഥശങ്കക്കിടയില്ലാത്തവിധം പല തവണ വ്യക്തമാക്കി. തന്നെ സംബന്ധിച്ചിടത്തോളം രാമനും റഹീമും ഒരേ ആരാധനാമൂർത്തികളാണ് എന്ന് മഹാത്മാവ് പറഞ്ഞു. സത്യത്തിന്റെയും നന്മയുടെയും ദൈവത്തിൽ കവിഞ്ഞ് മറ്റൊന്നിനെയും താൻ അംഗീകരിക്കില്ലെന്നും, തന്റെ രാമൻ സ്ഥിതി ചെയ്യുന്നത് ഹൃദയത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഇന്ത്യയിൽ ഉയരുന്നത് രാമനാമ ജപമല്ല, രാമഭക്തിയല്ല, ജയ് ശ്രീറാം എന്ന ആക്രോശവും ആക്രമണവും ആണ്. മഹാത്മാവ് വിളിച്ചതു പോലെ ‘ഹേ റാം’ അല്ല, ജയ് ശ്രീറാം വിളിയുടെ പിന്നിൽ പതിയിരിക്കുന്നത് കോർപറേറ്റ് ജാതി മേൽക്കോയ്മയുടെ പ്രത്യയശാസ്ത്രമാണ്. ന്യൂനപക്ഷ — ദളിത് കുരുതിയിൽ ഇന്ത്യയാകെ നിശബ്ദമാക്കാനുള്ള നിരന്തര ശ്രമമാണ് നടക്കുന്നത്. ആൾക്കൂട്ട ആക്രമണമെന്ന വ്യാജേന നടപ്പിലാക്കപ്പെടുന്നത് ജാതിമേൽക്കോയ്മയുടെ ആദർശമാണ്.

1925ൽ ആർഎസ്എസ് ആവിർഭവിച്ചതോടെയാണ് ശ്രീരാമൻ ഇന്ത്യയിലെ രാഷ്ട്രീയ പ്രതീകമാകുന്നത്. അത് രാമ തത്വത്തെ തന്നെ തകർക്കുമെന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകി. പിന്നെ നാം കണ്ടത്, ആ രാഷ്ട്രീയ രാമൻ നാഥുറാം ഗോഡ്സെയിലൂടെ ഗാന്ധിയെ വധിക്കുന്നതാണ്. ആ രാഷ്ട്രീയ രാമനെ മുൻനിർത്തിയാണ് സംഘ്പരിവാർ ശക്തികൾ ബാബറി പള്ളി പൊളിച്ചതും, പിന്നിട് അവിടെ പ്രാണപ്രതിഷ്ഠ നടത്തിയതും, ഇപ്പോൾ അവിടെ ക്ഷേത്രത്തിനു മുകളിൽ കാവി പതാക ഉയർത്തിയതും. വംശഹത്യകൾ നടത്തുന്നതും തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതും ആ രാഷ്ട്രീയ രാമനെ ഉപയോഗിച്ചാണ്. 

‘ജയ് ശ്രീറാം’ ആക്രോശത്തിൽ കൊഴുക്കുന്ന ആ രാഷ്ട്രീയ രാമന് വാല്മീകിയുടെ രാമനുമായി ഒരു ബന്ധവുമില്ല. വാല്മീകിയുടെ രാമനാമം കോടിക്കണക്കിന് ഇന്ത്യക്കാരുടെ നിർവൃതിയാണ്. എത്രയോ കാലമായി ഇവിടെ ഒരു ഹൃദയസ്പന്ദനം പോലെ നിലകൊണ്ടു. രാമനാമത്തെ വികൃതമാക്കരുതെന്ന് ആർഎസ്എസിനോട് തുടക്കം മുതലേ ഗാന്ധിജി പറഞ്ഞു. സവർക്കറും ഹെഗ്ഡെവാറും മൂഞ്ചെയും ഗോൾവാൾക്കറും വിശ്വസിക്കുന്നത് മതതത്വങ്ങളിലല്ല എന്നും ആയുധങ്ങളിലാണെന്നും ഗാന്ധിജി കണ്ടെത്തുന്നുണ്ട്.
ഗാന്ധിവധ സമയത്ത് ഗോഡ്സെ രാമനാമം ഉച്ചരിച്ചപ്പോൾ ആ രാമജപം വെടിയുണ്ടയുടെ അലർച്ചയെക്കാൾ വലിയൊരാക്രോശമായി വളർന്ന് ഇന്ന് രാജ്യമെമ്പാടുമുള്ള അട്ടഹാസമായി. കനത്ത ജാഗ്രതയോടെ ശക്തമായ പ്രതിരോധം തീർത്ത് സംഘ്പരിവാർ ആശയങ്ങളെ പരാജയപ്പെടുത്തിയേ മതിയാകൂ. വാല്മീകി പറഞ്ഞതുപോലെ “അരുത് കാട്ടാളാ, അരുത്” എന്ന് ജനത ഉച്ചത്തിൽ പറയേണ്ട കാലമാണിത്. 

രാമരാജ്യം സ്ഥാപിക്കുകയാണ് ധർമ്മമെന്ന് ഹിന്ദുത്വവാദികൾ ഉദ്ഘോഷിക്കുന്നു. അയോധ്യ ക്ഷേത്രം ഉദ്ഘാടനം ചെയ്തപ്പോൾ അവർ പറഞ്ഞത് രാമൻ തിരിച്ചുവന്നു എന്നാണ്. ഏതു രാമൻ? പരിവാരത്തിന്റെ രാമൻ. രാമരാജ്യത്തെ കുറിച്ച് നാരദർ ബാലകാണ്ഡത്തിൽ പറയുന്നുണ്ട്:
“ചാതുർവർണ്യം ച ലോകേസ്മിൻ
സ്വേ സ്വേ ധർമേ നിയോക്ഷ്യതി”
(ഈ ലോകത്ത് നാലു വർണങ്ങളിൽ ഓരോന്നിനെയും അതിന്റെ ധർമ്മത്തിൽ നിയോഗിക്കും). രാമൻ ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ജാതിക്കുമുള്ള കർമ്മങ്ങൾ നടപ്പിലാക്കി. ചാതുർവർണ്യം ഏറ്റവും ശക്തമായി നടപ്പിലാക്കിയ രാമൻ ബ്രാഹ്മണമതത്തിന്റെ ആദർശപുരുഷനായതിനാൽ ബ്രാഹ്മണ്യത്തിന്റെയും ഹിന്ദുത്വത്തിന്റെയും അഭിനവ വക്താക്കളും പൗരോഹിത്യവും ചേർന്ന് അവരുടെ പ്രതീകമാക്കി. 

ഡോക്ടർ അംബേദ്കര്‍ക്ക് രാഷ്ട്രീയ ജനാധിപത്യം എന്നത് ഒരു ‘ത്രിത്വം’ ആയിരുന്നു — സാമ്പത്തിക ജനാധിപത്യം, സാമൂഹിക ജനാധിപത്യം, രാഷ്ട്രീയ ജനാധിപത്യം. ഈ മൂന്നും ചേരുന്ന ഒരു സംയുക്ത സ്ഥാനമായല്ലാതെ ജനാധിപത്യത്തിന് അർത്ഥമില്ല എന്നദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം സാഹോദര്യം എന്ന ആശയത്തെ ജനാധിപത്യത്തോട് ചേർത്തുനിർത്തുകയും ചെയ്തു. അതൊരു ധാർമ്മിക പ്രമാണമാണ് എന്നും മറ്റുള്ളവരുടെ നന്മയിലേക്ക് ഉന്മുഖമാകാനുള്ള ഒരു വ്യക്തിയുടെ ആന്തരിക ശേഷിയിലാണ് ഈ ധാർമ്മികത നിലനിൽക്കുന്നത് എന്നും അതാണ് സഹോദര്യം എന്ന ആശയത്തിന്റെ അടിസ്ഥാനമെന്നും അംബേദ്കർ വിശദീകരിച്ചു.
ഭരണഘടനാ ശില്പി വിഭാവനം ചെയ്ത സാഹോദര്യം ഇന്നെവിടെ? ഇന്ത്യൻ ഭരണഘടന സ്വാംശീകരിച്ചിട്ടുള്ള സവിശേഷമായ ഒരു സ്വഭാവം ശ്രേണീകൃതമായ അസമത്വത്തിന്റെ ആകാരമായ വൈദിക ബ്രാഹ്മണ പാരമ്പര്യത്തെ നിരസിക്കുകയും സാഹോദര്യത്തെ അടിസ്ഥാനപരമായ നൈതിക രാഷ്ട്രീയമൂല്യമായി വികസിപ്പിച്ച്, ബൗദ്ധ പാരമ്പര്യത്തെ അതിനുപകരമായി സ്വാംശീകരിക്കുകയും ചെയ്തു എന്നതാണ്. സാഹോദര്യമാണ് ഏറ്റവും പ്രാധാന്യം. രാമായണത്തിലും പ്രാധാന്യം സാഹോദര്യത്തിനാണ്.
ഇന്നാണെങ്കിൽ ഭരണഘടന അട്ടിമറിക്കപ്പെടുന്നു. തുടക്കം മുതലേ ഭരണഘടനയെ അംഗീകരിക്കാത്തവരാണ് സംഘ്പരിവാർ. ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടാണ് അംബേദ്കർ പറഞ്ഞത് ‘പരമ്പരാഗതമായ മത ധാർമ്മികതയിൽ നിന്ന് വിടുതി നേടി, ഭരണഘടനാപരമായ ധാർമ്മികതയിലേക്ക് നീങ്ങാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയണ’മെന്ന്. ഭരണഘടനാ മൂല്യങ്ങളുടെ സാർവത്രിക വ്യാപനമാണ് ഏതൊരു ജനതയെയും ഭരണഘടനാപരമായ ധാർമ്മികതയിലേക്ക് നയിക്കുക എന്നദ്ദേഹം വ്യക്തമാക്കി. 

സംഘ്പരിവാർ, രാമായണത്തിലെ സാഹോദര്യത്തിന്റെ പ്രതിഷ്ഠാപനം കാണാതെ, എല്ലാം മറ്റുള്ളവർക്കു വേണ്ടി ത്യജിക്കുന്ന സ്വഭാവം പകർത്താതെ, ബ്രാഹ്മണ്യവും വർണ ജാതി ബന്ധങ്ങളും ഹിംസാത്മകമായ പടയോട്ടങ്ങളും ചേർന്ന് പടുത്തുയർത്തിയ ഒരു രൗദ്ര പാരമ്പര്യം കൈക്കൊള്ളുന്നു. ശംബുകനെ വധിച്ച രാമന്റെ പാരമ്പര്യമാണ് സംഘ്പരിവാറിന്റേത്. മനുഷ്യനെ ചേർത്തുപിടിക്കാനാണ് ഭരണഘടന പറയുന്നത്. എന്നാൽ ഫാസിസ്റ്റുകൾ ഭരണഘടന തള്ളിപ്പറയുന്നു. അവർക്ക് വാല്മീകിയുടെ രാമനെ വേണ്ട; ബ്രാഹ്മണ്യത്തിന്റെ രാമനെയാണ് വേണ്ടത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് പ്രാകൃതമായ സംഘ്പരിവാർ ആശയങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടം നടത്തിയേ തീരൂ. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.