17 January 2026, Saturday

ആര്‍ബിഐ പണനയം: സാധ്യതകളും പ്രത്യാഘാതങ്ങളും

പ്രൊഫ. കെ അരവിന്ദാക്ഷൻ
June 25, 2025 4:55 am

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പണനയസമിതി (എംപിസി) ഏറെ നാളുകള്‍‍ക്കുശേഷം ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒറ്റയടിക്ക് 50 ബേസിക് പോയിന്റ് പലിശയിളവാണ് ജൂണ്‍ ആറിന് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാരിസമൂഹം ദീപാവലി ആഘോഷം നാലുമാസം മുമ്പുതന്നെ തുടങ്ങിയിട്ടുണ്ടാകണം. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി മൂന്നാം വട്ടമാണ് ഇളവ് പ്രഖ്യാപിക്കുന്നത്. തുടര്‍ന്നും ഇത്തരം ഇളവുകള്‍ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍, ഇത്രയും വലിയൊരു ഇളവ് പ്രതീക്ഷിച്ചിരുന്നതല്ല. ഇതിന് മുമ്പുള്ള മൂന്ന് ഇളവുകളിലൂടെ നാലു മാസക്കാലയളവില്‍ കുറച്ചത് 6.5ല്‍ നിന്ന് 5.5 ശതമാനത്തിലേക്കായിരുന്നു. ഈ അഭ്യാസം 2025 ഫെബ്രുവരിക്കുശേഷമുള്ള കാലയളവിലുമായിരുന്നു. ഇതില്‍ അസാധാരണത്വം അനുഭവപ്പെട്ടിരുന്നുമില്ല. എന്നാല്‍, ആര്‍ബിഐ ഇവിടംകൊണ്ട് നിരക്ക് ഇളവ് പ്രക്രിയയ്ക്ക് വിരാമമിട്ടില്ല. പണവും കരുതല്‍ശേഖരവും തമ്മിലുള്ള അനുപാതം — ക്യാഷ് റിസര്‍വ് റേഷ്യോ — നേരിയ തോതില്‍ കുറയ്ക്കുകയുണ്ടായി. നിക്ഷേപകര്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്‍കാന്‍ വ്യവസ്ഥയുള്ള സമ്പാദ്യനിക്ഷേപ (ഡിമാന്‍ഡ് ഡെപ്പോസിറ്റ്) വും നിശ്ചിതകാലയളവിലേക്കുള്ള കരുതല്‍ നിക്ഷേപവും തമ്മിലുള്ള അനുപാതമാണിതെന്ന് പറയാവുന്നതാണ്. സിആര്‍ആറില്‍ വരുത്തുന്ന ഇളവ് 2025–26 സെപ്റ്റംബര്‍ ‍— നവംബര്‍ കാലയളവിലേക്കാണെന്നതിനാല്‍ ഇതിനിടെ, സമ്പദ്‌വ്യവസ്ഥയിലേക്ക് അധികമായി ഒഴുകിയെത്തുക 2.5 ലക്ഷം കോടി രൂപയോളമായിരിക്കും. 

2025 ജനുവരി മുതലാണെങ്കില്‍ 9.5 ലക്ഷം കോടി വരുന്ന ലിക്വിഡിറ്റിയും സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുക്കിയിട്ടുണ്ട്. ഇതുമാത്രമല്ല, ലാഭവിഹിതമായി ആര്‍ബിഐ കേന്ദ്ര ഖജനാവിലേക്ക് കൈമാറിയിരിക്കുന്ന 2.69 ലക്ഷം കോടി രൂപ വേറെയുമുണ്ട്. ഇതിലേറെ എത്ര ലിക്വിഡ് ക്യാഷ് ആണ് ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായിട്ടുള്ളത്? ഇത്ര ആഴമേറിയൊരു നിരക്കിളവും തത്തുല്യമായതോ അതിലേറെയോ വ്യാപ്തിയുള്ള സിആര്‍ആര്‍ ഇളവും ഒരുമിച്ച് അപൂര്‍വമായി മാത്രമേ ഇതിനു മുമ്പ് ലഭ്യമാക്കപ്പെട്ടിട്ടുമുള്ളു. ഒരുപക്ഷെ രണ്ടുവട്ടം തീര്‍ത്തും അപ്രതീക്ഷിതമായ ആഗോള സാഹചര്യങ്ങളുടെ സമ്മര്‍ദത്തെതുടര്‍ന്നായിരുന്നു ഈ അനുഭവമുണ്ടായിട്ടുള്ളത്. ഒന്ന്, 2008ല്‍ ആഗോള നിക്ഷേപ പ്രതിസന്ധിയെതുടര്‍ന്ന് ലേമാന്‍ ബ്രദേഴ്സ് ഹോള്‍ഡിങ്സ് എന്ന വമ്പന്‍ നിക്ഷേപ സ്ഥാപനത്തിനുണ്ടായ തകര്‍ച്ചയും രണ്ട്, 2020ല്‍ കോവിഡ്-19നെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിട്ട പ്രതിസന്ധിയും ആയിരുന്നു ഇവ. ഈ രണ്ട് അവസരങ്ങളും അസാധാരണമായ സ്ഥിതിവിശേഷങ്ങളുടേതായിരുന്നു.

അതേയവസരത്തില്‍ ആര്‍ബിഐയുടെ മറ്റ് രണ്ടു നടപടികളില്‍ അസാധാരണത്വം പ്രകടമാണ്. ഒന്ന്, നയംമാറ്റത്തിനായി തെര‍ഞ്ഞെടുക്കപ്പെട്ട സമയവും സാഹചര്യവും. ഇതില്‍ ആദ്യ നടപടിയുടെ ഒന്നാംഘട്ടം തന്നെ ഫലപ്രാപ്തിയിലാകണമെങ്കില്‍ പണനയ പ്രഖ്യാപനത്തിന് ശേഷമുള്ള ഒരു മാസക്കാലയളവിനു ശേഷം മാത്രമേ സാധ്യമാകൂ. എന്നാല്‍ രണ്ടാമത്തേതോ അതിവേഗതയോടെ ഫലം കണ്ടെത്തുന്നതുമാണ്. ഉള്‍ക്കൊള്ളുന്ന (അക്കൊമൊഡേറ്റീവ്) തില്‍ നിന്നും നിഷ്പക്ഷ (ന്യൂട്രല്‍) സ്വഭാവത്തോടുകൂടിയുള്ളതുമാണ്. ഇതാണെങ്കില്‍ ആര്‍ബിഐയുടെ പണനയക്കമ്മിറ്റി 2025 ഏപ്രില്‍ മാസത്തില്‍ സ്വീകരിച്ചിരുന്ന നയസമീപനത്തിന് കടകവിരുദ്ധമായതുമാണ്. അതായത് “ന്യൂട്രലി“ല്‍നിന്നും “അക്കൊമൊഡേറ്റീവി“ലേക്ക്. ഈ നയംമാറ്റത്തിനുള്ള മറ്റാെരുസവിശേഷത, ഇത് പ്രയോഗത്തില്‍ വരുന്ന സ്വഭാവത്തോടുകൂടിയുള്ളതല്ല, ആശയവിനിമയത്തിലൂടെ മാത്രമുള്ള ഒന്നാണെന്നതാണ്. സിആര്‍ആര്‍ ഇളവ് ആര്‍ബിഐ ഗവര്‍ണറുടെ നയംമാറ്റത്തിന്റെ ഭാഗമായി രേഖപ്പെടുത്തപ്പെടുകയുമില്ല. മറിച്ച് അത് സംബന്ധമായ വിവരം “ലിക്വിഡിറ്റിയും ധനകാര്യ വിപണി വ്യവസ്ഥകളും” എന്ന പേരിലുള്ള രേഖയുടെ ഭാഗം മാത്രമായിരിക്കും. കാരണമെന്തെന്നാല്‍ പണ — കരുതല്‍ശേഖര അനുപാതം എന്നത് ലിക്വിഡിറ്റിയുടെ സൂചകമായൊരു ഉപകരണം മാത്രമേ ആയിരിക്കുകയുള്ളൂ. ഇത് എംപിസിയുടെ സ്വാധീനത്തില്‍ വരുന്നതും മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ കഴിയുന്നതുമായ ഒന്നായിരിക്കുകയില്ല; നാമമാത്രമായ പ്രസക്തിമാത്രമുള്ളൊരു സംവിധാനം മാത്രം.
ആര്‍ബിഐയുടെ പുതിയ നയസമീപനം ഉയര്‍ത്തുന്നത് പ്രസക്തമായൊരു സംശയമാണ്. വെറും രണ്ട് മാസങ്ങള്‍ക്കിടയില്‍ എംപിസിയുടെ റോള്‍ എന്തുകൊണ്ടാണ് ഇത്രയും വലിയൊരു മാറ്റത്തിന് വിധേയമാക്കപ്പെട്ടത്? ആര്‍ബിഐയുടെ ചുമതലയേറ്റെടുത്ത പുതിയ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇതിനോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമായിരിക്കയാണെന്നും ആദ്യപടിയെന്ന നിലയില്‍ ശ്രദ്ധ വേണ്ടത് വികസനമേഖലയിലാണെന്നും വികസനം ത്വരിതപ്പെടുത്തുന്നതിന് ഒരേസമയം ഉപഭോഗവും നിക്ഷേപവര്‍ധനവിന് അനുകൂലമായ അന്തരീക്ഷവും ഒരുക്കേണ്ടതാണെന്നുമാണ്. ആഭ്യന്തര സ്വകാര്യ ഉപഭോഗവും നിക്ഷേപവും സുഗമമായ നിലയില്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ പുതിയ പണപ്പെരുപ്പ വളര്‍ച്ചാസമവാക്യവും ആവശ്യപ്പെടുന്നത് വായ്പാനിരക്കില്‍ ഇളവുകളും ലിക്വിഡിറ്റി വര്‍ധനവുമാണ്. ഊര്‍ജസ്വലമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് മറ്റ് കുറുക്കുവഴികളില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ വാദിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ്, പണനയത്തില്‍ മൗലികമായ മാറ്റമില്ലാതെ സമ്പദ്‌വ്യവസ്ഥയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച അസാധ്യമാകുന്നത്. 10 വര്‍ഷം കാലാവധിയുള്ള കടപ്പത്ര നിരക്കിലും വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ വര്‍ധന 15ശതമാനത്തോളമാണ്. ഇത് അനുഭവപ്പെട്ടിരിക്കുന്നത് ഒട്ടേറെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട കടപ്പത്രനിരക്കുകള്‍ നിലവിലിരിക്കുമ്പോളാണെന്നോര്‍ക്കുക. രൂപയുടെ വിനിമയ മൂല്യത്തിലും നേരിയ വര്‍ധനവുണ്ടായി. ഇക്വിറ്റി മൂലധന വിപണികളും ഇതിനോട് പ്രതികരിക്കുകയാണ് ചെയ്തത്. ബാങ്ക് ഓഹരി മൂല്യത്തിലും വര്‍ധനവുണ്ടായി. അതേയവസരത്തില്‍ ബാങ്കുകളുടെ അറ്റ ലാഭനിരക്കില്‍ നേരിയ ഇടിവുണ്ടാകും. എന്തെന്നാല്‍ പുതിയ പണനയത്തെത്തുടര്‍ന്ന് നിക്ഷേപനിരക്കില്‍ മാത്രമല്ല, വായ്പാനിരക്കിലും ഇടിവുണ്ടാകുമല്ലോ. 

നിക്ഷേപനിരക്കിലെ ഇടിവ് നിക്ഷേപകര്‍ക്ക് ദോഷകരമാകുമ്പോള്‍ വായ്പ എടുക്കുന്നവര്‍ക്ക് സഹായകമാവും. ബാങ്കുകളെ സംബന്ധിച്ചിടത്തോളം അവയുടെ ബിസിനസ് മൊത്തത്തില്‍ കൂടുതല്‍ ഊര്‍ജസ്വലമാകുമെന്നതില്‍ സംശയമില്ല. സമ്പദ്‌വ്യവസ്ഥയിലെ ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഫലമായി അനുഭവപ്പെടുന്നൊരു മാറ്റമാണിത്. വായ്പ വാങ്ങുന്നതിനായി എത്തുന്നവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കുകയും ചെയ്യും. നടപ്പുവര്‍ഷാവസാനത്തോടെ ശതകോടിക്കണക്കിന് രൂപ മൂല്യമുള്ള വിദേശവിനിമയ ശേഖരം കാലാവധി തീരുന്നമുറയ്ക്ക് സമ്പദ്‌വ്യവസ്ഥയില്‍ പ്രചാരത്തിലിരിക്കുന്ന പണത്തിന്റെ ഭാഗമാകുന്നതോടെ ലിക്വിഡിറ്റിയിലും ആനുപാതികമായ വര്‍ധനവുണ്ടാക്കും. നിലവിലെ സാഹചര്യം നോക്കിയാല്‍ ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയിലെ നിക്ഷേപത്തിന്റെ 45ശതമാനത്തോളം വിദേശപണത്തിന്റെ രൂപത്തിലുള്ളതാണ്. ഇത്രയും പണം കൂടി വായ്പാ ആവശ്യങ്ങള്‍ക്കായി ലഭ്യമാകുമ്പോള്‍ ആ തുകയും പുതുക്കിയ റിപ്പോ നിരക്കിന് വിധേയമാക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥമായിരിക്കും. അവര്‍ക്ക് ഇതനുസരിച്ച് വായ്പാ ഇടപാടുകളിലും വര്‍ധന വരുത്താന്‍ കഴിയും. ഇതിനാനുപാതികമായ വായ്പാ പലിശ വരുമാനവും ബാങ്കുകള്‍ക്ക് നേടാനാകുമല്ലോ. ഇതിനെല്ലാം പുറമെ, നിക്ഷേപ പ്രോത്സാഹനം കണക്കിലെടുത്ത് സ്ഥിര നിക്ഷേപത്തിന്റെയും സമ്പാദ്യ ബാങ്ക് നിക്ഷേപത്തിന്റെയും പലിശ നിരക്കുകളിലും ഇളവുവരുത്താന്‍ സാധ്യതയുണ്ട്. പുതിയ നയത്തിന്റെ പൊതുലക്ഷ്യം വായ്പാ ഫണ്ടിന്റെ ചെലവ് കുറയ്ക്കുക എന്നതുതന്നെയല്ലേ.
ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം ലക്ഷ്യം ഇതിനകം തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രാഥമികമായി ഉപഭോക്തൃ സൂചികകള്‍ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 2025–26ല്‍ കഴിഞ്ഞ ഏപ്രിലിലെ നാല് ശതമാനത്തില്‍ നിന്നും 3.7ശതമാനത്തിലെത്തിക്കുകയാണ്. ജിഡിപി വളര്‍ച്ചാനിരക്ക് മുന്‍കാല ലക്ഷ്യമായ 65ശതമാനത്തില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത് പണ നയത്തിന്റെ മുഖ്യലക്ഷ്യം ഏതുവിധേനയും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് നേടിയെടുക്കുക എന്നതാണ്. ഈവിധത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത ലക്ഷ്യപ്രഖ്യാപനം സാധാരണഗതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെയോ ധനമന്ത്രിയുടെയോ ഭാഗത്തുനിന്നാണ് ഉണ്ടാവുക. എന്നാല്‍, ഇക്കുറി ഈ പ്രഖ്യാപനം ആര്‍ബിഐ ഗവര്‍ണര്‍ തന്നെ ആവര്‍ത്തിച്ചിരിക്കുന്നു എന്ന സവിശേഷത കൂടി കാണാന്‍ കഴിയുന്നു. ഈ പ്രതീക്ഷ അസ്ഥാനത്താവാതിരിക്കട്ടെ എന്നും പ്രതീക്ഷിക്കാം. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.