
ഇന്ത്യയിലെ രാഷ്ട്രീയവും മതവും ഏതാണ്ട് ഒരുപോലെ എന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളാണ് വർത്തമാനകാലം കാട്ടിത്തരുന്നത്. മതം രാഷ്ട്രീയത്തെ മയക്കുന്ന കറുപ്പാണ് എന്നത് തെളിയിക്കുന്ന തരത്തിലാണ് ബിജെപി നേതൃത്വത്തിലുളള കേന്ദ്രസർക്കാർ ഭരണം നടത്തുന്നത്. ഏതൊരു രാഷ്ട്രീയ സാഹചര്യം വന്നാലും ആദ്യം അന്വേഷിക്കുന്നത് അതിലെ മതത്തിന്റെ സ്വാധീനത്തെക്കുറിച്ചായിരിക്കും. വർത്തമാനകാലത്ത് പിന്നിട്ട വർഷങ്ങൾ ഓർത്തെടുക്കുമ്പോൾ ഏതൊരു രാജ്യസ്നേഹിയും ചോദിച്ചു പോകും “ഇന്ത്യയിലെ രാഷ്ട്രീയം മതം മൂലം മലിനമായോ?” എന്ന്. ഈ ചോദ്യത്തെ വികാരപരമായി മാത്രം സമീപിക്കാതെ, ചരിത്രപരവും ഭരണഘടനാപരവും സാമൂഹികവുമായ പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മതത്തിന്റെ സാന്നിധ്യം പുതിയ കാര്യമല്ല. സ്വാതന്ത്ര്യസമര കാലം മുതൽ തന്നെ മതപരമായ തിരിച്ചറിവുകൾ രാഷ്ട്രീയത്തെ സ്വാധീനിച്ചിരുന്നു. വിഭജനത്തിന്റെ പശ്ചാത്തലവും മതപരമായ വികാരങ്ങളുമായി ചേർന്നിരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യ മതേതര രാഷ്ട്രം എന്ന നിലയിലാണ് രൂപം കൊണ്ടത്. എന്നാൽ ഇന്ത്യയിലെ മതേതരത്വം പാശ്ചാത്യ മാതൃക പോലെയല്ല. മതവിരുദ്ധതയല്ല, മറിച്ച് എല്ലാ മതങ്ങളോടും തുല്യബഹുമാനം എന്ന ആശയമാണ് അന്നത്തെ ഭരണഘടനാശില്പികള്‍ മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ മതസാന്നിധ്യമുണ്ടാകുന്നത് ഭരണഘടനാപരമായി നിഷേധിക്കപ്പെട്ടിട്ടില്ല. വികസനം, സാമ്പത്തിക നയങ്ങൾ, സാമൂഹ്യക്ഷേമം, ഭരണപരിഷ്കാരം എന്നിവയായിരുന്നു ഒരു കാലഘട്ടം വരെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദു. അന്നൊക്കെ മതം രാഷ്ട്രീയത്തിൽ ഒരു പശ്ചാത്തല ഘടകമായി നിലനിന്നിരുന്നു. എന്നാൽ സമീപകാലത്ത് മതചിഹ്നങ്ങൾ, വിശ്വാസപരമായ മുദ്രാവാക്യങ്ങൾ, സാംസ്കാരിക–മത വികാരങ്ങൾ തുടങ്ങിവയെല്ലാം രാഷ്ട്രീയ പ്രചാരണങ്ങളുടെ പ്രധാന ആയുധങ്ങളായി മാറുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ മാറ്റമാണ് രാഷ്ട്രീയ “മലിനീകരണം” എന്ന വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല മതം രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത്. അമേരിക്കയിലെ ക്രൈസ്തവ വിശ്വാസ രാഷ്ട്രീയം, മധ്യപൂർവദേശങ്ങളിലെ മതാധിഷ്ഠിത ഭരണരീതികൾ, യൂറോപ്പിൽ ക്രിസ്തീയ ഇടപെടലുകളുടെ രാഷ്ട്രീയ ചർച്ചകൾ എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇന്ത്യയിൽ മത വൈവിധ്യം കൂടുതലായതിനാൽ അതിന്റെ രാഷ്ട്രീയ സ്വാധീനം കൂടുതൽ സങ്കീർണമാണ്.
മതം ഉപയോഗിച്ച് വോട്ടർമാരെ വിഭജിക്കൽ, ഭരണനയങ്ങൾക്കുപകരം വികാരങ്ങൾ രാഷ്ട്രീയത്തെ നിയന്ത്രിക്കൽ, ന്യൂനപക്ഷങ്ങളിൽ അരക്ഷിതബോധം വർധിപ്പിക്കൽ, സാമൂഹിക ഐക്യം ദുർബലമാക്കൽ, വികസന ചർച്ചകളെ പിന്നിലാക്കിയുളള പ്രവർത്തനങ്ങൾ എന്നിവയെല്ലാം ‘മതം രാഷ്ട്രീയം മലിനമാക്കുന്നു’ എന്ന വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. മതം വ്യക്തിപരമായ വിശ്വാസമായി നിലനിൽക്കണമെന്നും രാഷ്ട്രീയ ഭരണനിർണയങ്ങളിൽ കടന്നുവരരുതെന്നും നിഷ്പക്ഷ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ, സമ്പൂർണ സാക്ഷരതയുടെ പേരിൽ അഹന്ത നടിക്കുന്ന കേരളത്തിലും മതം രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നു. ഇത് വലതുപക്ഷ രാഷ്ട്രീയം വിപുലമായിത്തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തവണത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജയം നേടിയ വലതുപക്ഷത്തിന്റെ വിജയമന്ത്രങ്ങളിലൊന്ന് മതാധിഷ്ഠിത പ്രചരണപ്രവർത്തനങ്ങളാണെന്ന് പറയാതെ വയ്യ.
അതേസമയം, മതം മനുഷ്യന്റെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന വിമർശനങ്ങളുമുണ്ട്. ജനങ്ങളുടെ വിശ്വാസങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയം സ്വാഭാവികമാണ്. മതചിഹ്നങ്ങൾ രാഷ്ട്രീയബോധത്തിന്റെ ഭാഗമാണ്. ഈ നിലപാടനുസരിച്ച്, മതത്തിന്റെ സാന്നിധ്യം ജനാധിപത്യ അവകാശത്തിന്റെ പ്രകടനമാണെന്നും ഇക്കൂട്ടർ വാദിക്കുന്നു.
പ്രശ്നം മതമല്ലെന്നും മതത്തെ രാഷ്ട്രീയ അധികാരത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നതുമാണ് യഥാര്‍ത്ഥ പ്രശ്നം. മതത്തെ ഉപയോഗിച്ച് സമൂഹങ്ങളെ വിഭജിക്കുമ്പോഴും വിമർശനങ്ങളെ അടിച്ചമർത്തുമ്പോഴും ഉത്തരവാദിത്തങ്ങളിൽ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുമ്പോഴുമാണ് രാഷ്ട്രീയം ദുർബലമാകുന്നത്. മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ സ്വാധീനം ഭരണനയങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്നു. ഇത് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കും. മാധ്യമങ്ങളെയും പൊതുസംവാദത്തെയും ധ്രുവീകരിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യയിൽ ഇപ്പോഴും ഭരണഘടന, നീതിന്യായ വ്യവസ്ഥ, ഫെഡറൽ ഘടന, സജീവ പൗരസമൂഹം എന്നിവ ശക്തമായ പ്രതിരോധമായി നിലകൊള്ളുന്നുവെന്നതും യാഥാർത്ഥ്യമാണ്.
ഡിജിറ്റൽ കാലഘട്ടത്തിൽ മതരാഷ്ട്രീയം കൂടുതൽ കൃത്യമായ പ്രചാരണങ്ങളായി മാറുന്നുണ്ട്. സമൂഹമാധ്യമം വഴി വികാരങ്ങൾ വേഗത്തിൽ പടരുന്നു.
അതേസമയം, ഭരണനടപടികള്‍ കൂടുതൽ ഡാറ്റാ അധിഷ്ഠിതവുമാകുന്നു. അത് രാഷ്ട്രീയ ഉത്തരവാദിത്തം വർധിപ്പിക്കുന്ന ഘടകവുമാണ്. രാഷ്ട്രീയം മതം മൂലം മലിനമായോ എന്ന ചോദ്യത്തിന് കറുപ്പും വെളുപ്പുമെന്ന പോലെ ലളിതമായി ഉത്തരം പറയാനാവില്ല. മതം ഭരണത്തിന്റെ പകരക്കാരനാകുമ്പോഴാണ് അപകടം.
ഇന്ത്യ നേരിടുന്ന യഥാർത്ഥ വെല്ലുവിളി മതത്തെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കുക എന്നതല്ല, രാഷ്ട്രീയം മതത്തെ ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രമിക്കുക എന്നതാണ്. ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്നത് വിശ്വാസമല്ലെന്നും ഉത്തരവാദിത്തമുള്ള ഭരണവും ശക്തമായ സ്ഥാപനങ്ങളുമാണെന്നുള്ള തിരിച്ചറിവ് പൊതുസമൂഹത്തിന് ഉണ്ടാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.