30 January 2026, Friday

വര്‍ധിക്കുന്ന തൊഴിലില്ലായ്മ; വിശദീകരിക്കേണ്ടത് ഭരണകൂടം

ഡോ. ഗ്യാന്‍ പഥക്
November 24, 2025 4:45 am

സെപ്റ്റംബർ — ഒക്ടോബർ മാസങ്ങളിലെ ഉത്സവകാലവും സെപ്റ്റംബറിൽ ആരംഭിച്ച സാമ്പത്തിക ഇടപാടുകളുടെ പെരുക്കവും തൊഴിലവസരങ്ങൾക്ക് കളമൊരുക്കിയില്ല എന്ന യാഥാർത്ഥ്യം യൂണിയൻ സർക്കാരിന് പാഠമാകേണ്ടതാണ്. രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിലും തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഭരണകൂടം പരാജയപ്പെട്ടു. ഒക്ടോബറിലെ തൊഴിലില്ലായ്മാ നിരക്ക് 5.2% ആണ്. തൊഴിൽശക്തി പങ്കാളിത്ത നിരക്ക് (എൽഎഫ്‌പിആർ) സെപ്റ്റംബറിൽ 55.3% ആയിരുന്നത് ഒക്ടോബറിൽ 55.4% ആയി. തൊഴിലാളി ജനസംഖ്യാ അനുപാതം (ഡബ്ല്യുപിആർ) സെപ്റ്റംബറിൽ 52.4 ശതമാനത്തിൽ നിന്ന് 52.5 ശതമാനവുമായി. രാജ്യത്തിനകത്തും രാജ്യാന്തര വേദികളിലും ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടുവരികയാണെന്നും തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കുറയുകയാണെന്നുമുള്ള കേന്ദ്ര തൊഴിൽമന്ത്രിയുടെ അവകാശങ്ങളുടെ പൊള്ളത്തരമാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ഒക്ടോബർ മാസത്തെ ആനുകാലിക ലേബർ ഫോഴ്സ് സർവേയുടെ (പിഎൽഎഫ്എസ്) പ്രതിമാസ ബുള്ളറ്റിനും അനുബന്ധമായ പുതിയ കണക്കുകളും ഈ പൊള്ളത്തരങ്ങളെയും പുറംപൂച്ചിനെയും കൂടുതലായി വെളിപ്പെടുത്തുന്നു. തൊഴിൽ വിപണിയിലെ പ്രധാന സൂചകങ്ങളായ തൊഴിലില്ലായ്മാനിരക്ക്, തൊഴില്‍ പങ്കാളിത്ത നിരക്ക് എന്നിവയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തുന്ന പഠനമാണ് ആനുകാലിക ലേബർ ഫോഴ്സ് സർവേ. എന്നാൽ രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം ഉൾപ്പെടെ തൊഴിലുമായി ബന്ധപ്പെട്ട നിരവധി വസ്തുതകൾ വിവരശേഖരണത്തിൽ നിന്ന് പോലും മറച്ചുവയ്ക്കുന്നു. ഏഴ് ദിവസത്തിലൊരിക്കൽ ഒരു മണിക്കൂറെങ്കിലും ജോലി ചെയ്തവരെയും ജോലിയില്ലാതെ കുടുംബ സംരംഭങ്ങളെ സഹായിക്കുന്ന കുടുംബാംഗങ്ങളെയും തൊഴിലാളികളായി
സർക്കാർ എണ്ണമെടുക്കുന്നു. യഥാർത്ഥ തൊഴിലില്ലായ്മ മറയ്ക്കാൻ തൊഴിൽ വിവരങ്ങൾ മൂടിവച്ച് കണക്കെടുക്കുകയാണ്. 

നിലവിലെ പ്രതിവാര അവസ്ഥ (സിഡബ്ല്യുഎസ്) അനുസരിച്ച് രാജ്യത്ത് 15 വയസും അതിൽ കൂടുതലുമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറിൽ 5.2% ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ നിരക്കായ 4.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഏഴ് ശതമാനമാണ്. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മാനിരക്ക് കുറയാനുള്ള കാരണങ്ങളിൽ ഖാരിഫ്, റാബി സീസണുകളിലെ കാർഷിക പ്രവർത്തനങ്ങളാണ്. 15 വയസിന് മുകളിലുള്ള ഗ്രാമീണ പുരുഷന്മാരിലെ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറിൽ 4.5 ശതമാനമായിരുന്നു. ഇത് ഗ്രാമീണ സ്ത്രീകളുടെ നാല് ശതമാനമെന്ന നിരക്കിനെക്കാൾ മോശമാണ്. കാർഷിക മേഖലയിലെ വിവിധ പ്രവർത്തനങ്ങളിൽ ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം പുരുഷന്മാരെക്കാൾ കൂടുതലാണ്. കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ താഴ്ന്ന വരുമാനവുമായി ബന്ധപ്പെട്ടൊരു കാരണവുമുണ്ട്. മെച്ചപ്പെട്ട വേതനത്തിനായി പുരുഷന്മാർ നഗരപ്രദേശങ്ങളിലോ മറ്റെവിടെയെങ്കിലുമോ ജോലി തേടുന്നതും കാരണമായി. 

നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് ഏഴ് ശതമാനമായി നിലനിൽക്കെ തൊഴിൽ ഉറപ്പാക്കുക കഠിനവുമാണ്. ഒക്ടോബറിൽ നഗരപ്രദേശങ്ങളിലെ പുരുഷ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമായിരുന്നു. അതേസമയം സ്ത്രീകളുടെ നിരക്ക് അവിടെ 9.7 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിൽ തൊഴിൽ വിപണി വഷളായി എന്ന് ഇവിടെ വ്യക്തമാകുന്നു. ഓഗസ്റ്റിൽ ഇത് 6.7 ശതമാനമായിരുന്നു. പുരുഷന്മാരിൽ 5.9%, സ്ത്രീകൾ 8.9 % എന്ന കണക്കിലാണിത്. 

നഗരപ്രദേശങ്ങളിൽ പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക് സ്ത്രീകളിലേതിനെക്കാൾ വഷളായ അവസ്ഥയിലാണ്. 15 — 29 വയസ് പ്രായമുള്ള യുവജനങ്ങളിലെ
തൊഴിലില്ലായ്മ രാജ്യത്ത് 14.9% വരെയാണ്. പുരുഷന്മാരിൽ 14 ശതമാനവും സ്ത്രീകളിൽ 17.1 ശതമാനവും. രാജ്യത്തെ നിലവിലെ തൊഴിൽ വിപണി യുവതികളെയാണ് യുവാക്കളെക്കാൾ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. ഓഗസ്റ്റില്‍ യുവതികളിലെ തൊഴിലില്ലായ്മ 14.6 ശതമാനമായിരുന്നു. 15 വയസിന് മുകളിലുള്ളവരുടെ തൊഴിലാളി ജനസംഖ്യാ അനുപാതം (ഡബ്ല്യുപിആർ) ഒക്ടോബറിൽ 52.5 ശതമാനമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ 55.2, നഗരപ്രദേശങ്ങളിൽ 47 % എന്ന ക്രമത്തിൽ. ഗ്രാമപ്രദേശങ്ങളിൽ 54.8, നഗരപ്രദേശങ്ങളിൽ 47.4 എന്ന ക്രമത്തിൽ, സെപ്റ്റംബറിൽ ഇത് 52.4 ശതമാനമായിരുന്നു.

ഗ്രാമീണ മേഖലയിലെ തൊഴിലാളി ജനസംഖ്യാ അനുപാതം നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കാർഷിക പ്രവർത്തനങ്ങൾ വർധിച്ചതാണ് ഇതിനും കാരണം. ഗ്രാമീണ പുരുഷന്മാരുടെ അനുപാതം 74.8 ശതമാനമായിരുന്നു. ഗ്രാമീണ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് 36.9% മാത്രവും. ഗ്രാമീണ പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് 4.6 ശതമാനവും സ്ത്രീ തൊഴിൽ നിരക്ക് നാല് ശതമാനവും എന്ന കണക്ക് എങ്ങനെയെന്ന് ഭരണകൂടം വിശദീകരിക്കേണ്ടതുണ്ട്.

നഗരപ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഒക്ടോബറിൽ സ്ത്രീകൾക്കിടയിലെ ഡബ്ല്യുപിആർ 22.9 ശതമാനമായിരുന്നു; പുരുഷന്മാരുടേത് 70.8 ശതമാനവും. തൊഴിലില്ലായ്മാ നിരക്ക് യഥാക്രമം 9.7 ശതമാനവും 6.1 ശതമാനവുമായിരുന്നു. ഒക്ടോബറിലെ യുവാക്കളുടെ ഡബ്ല്യുപിആർ 35.4 % — പുരുഷന്മാരിൽ 52.5 ശതമാനവും സ്ത്രീകളിൽ 18.4 ശതമാനവും. ഓഗസ്റ്റിൽ സ്ത്രീകളുടെ ഡബ്ല്യുപിആർ അതേ നിലയിലായിരുന്നു. പുരുഷന്മാരിൽ 17.6 %.
15 വയസിന് മുകളിലുള്ളവരുടെ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് (എൽഎഫ്‌പിആർ) ഒക്ടോബറിൽ 55.4 ശതമാനമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ 57.8 ശതമാനവും നഗരപ്രദേശങ്ങളിൽ 50.5 ശതമാനവും എന്ന ക്രമത്തിലാണിത്. ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരിൽ എൽഎഫ്‌പിആർ 78.4 ശതമാനവും സ്ത്രീകളിൽ 38.4 ശതമാനവുമായിരുന്നു. പുരുഷന്മാരിൽ 77.1 ശതമാനവും സ്ത്രീകളിൽ 34.1 ശതമാനവും എന്ന ക്രമത്തിൽ അഖിലേന്ത്യാ തലത്തിൽ സെപ്റ്റംബറിൽ ഇത് 53.3 ശതമാനമായിരുന്നു. 

നഗരപ്രദേശങ്ങളിൽ, ഒക്ടോബറിൽ 15 വയസിന് മുകളിലുള്ള സ്ത്രീകളിൽ എൽഎഫ്‌പിആർ 25.4 ശതമാനമായിരുന്നു. അതേ പ്രായത്തിലുള്ള പുരുഷന്മാരിൽ ഇത് 75.3%. 15നും 29നും ഇടയിൽ പ്രായമുള്ള യുവജനതയുടെ എൽഎഫ്‌പിആർ ഒക്ടോബറിൽ 41.6 ശതമാനമായിരുന്നു. പുരുഷന്മാരിൽ 61, സ്ത്രീകളിൽ 22.2% വീതം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.