
ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള സുജ്‌വാൻ സെറ്റിൽമെന്റിൽ താമസിക്കുന്ന റോഹിങ്ക്യൻ അഭയാർത്ഥികളിലൊരാളായ ആസിഫ് ഹുസൈൻ, തന്റെ സഹോദരന്റെ മൃതദേഹവുമായി കാട്ടിലൂടെയുള്ള ദീര്‍ഘമായ നടത്തം ഭീതിയോടെ ഓർക്കുന്നു. 2018ൽ വൃക്കരോഗം ബാധിച്ച് മരിച്ച സലാം ഹുസൈനെ സംസ്കരിക്കാൻ ജമ്മുവിൽ സ്ഥലമില്ലായിരുന്നു. ദിവസക്കൂലിക്കാരനായ ആസിഫിന്, ഏകദേശം 50 കിലോമീറ്റർ അകലെയുള്ള കഠ്വയിലെ വനപ്രദേശത്തേക്ക് സഹോദരന്റെ മൃതദേഹം കൊണ്ടുപോകേണ്ടിവന്നു.
“യാത്രയ്ക്കും സംസ്കാരച്ചെലവുകൾക്കുമായി 5,000 രൂപ സംഘടിപ്പിക്കേണ്ടി വന്നു,” ആസിഫ് ഓർമ്മിച്ചു. “ഞങ്ങൾ ഒരു ചരക്ക് വാഹനം വാടകയ്‌ക്കെടുത്തു. വനാതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂർ കാൽനടയായാണ് സംസ്കരിക്കാനുള്ള സ്ഥലത്തെത്തിയത്. ആ അനുഭവം ഇപ്പോഴും എന്നെ വേട്ടയാടുന്നു. വന്യമൃഗങ്ങൾ മൃതദേഹത്തെ അലങ്കോലപ്പെടുത്തിയിരിക്കാമെന്ന ഭയത്താൽ ഇപ്പോൾ ശവകുടീരം സന്ദർശിക്കാൻ പോലും ഞങ്ങൾക്ക് ധൈര്യമില്ല.”
മുസ്ലിം കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, സംസ്കാരത്തിന് മുമ്പുള്ള ജനാസ പ്രാർത്ഥന ഒരു സാമൂഹികാചാരമാണ്. കഴിയുന്നത്ര ആളുകൾ പങ്കെടുക്കേണ്ടതുമാണ്. എന്നാൽ ആസിഫിനെപ്പോലുള്ളവരുടെ കുടുംബങ്ങൾക്ക്, ദൂരവും ഭയവും ഇതെല്ലാം അസാധ്യമാക്കുന്നു. “ശ്മശാനങ്ങൾ വളരെ അകലെയായതിനാൽ, കൂടുതല്‍ ആളുകൾക്ക് പങ്കുചേരാൻ കഴിയില്ല. സമൂഹ പ്രാർത്ഥന ഏകാന്തമായ ഒരു പ്രവൃത്തിയായി മാറുന്നു,” അദ്ദേഹം പറഞ്ഞു. “ഇത്തരം സമയങ്ങളിൽ, നമുക്ക് ചുറ്റും സ്വന്തം ആളുകൾ ആവശ്യമാണ്. പക്ഷേ ഞങ്ങൾ ഒറ്റയ്ക്ക് വിലപിക്കേണ്ടി വരുന്നു.”
ജമ്മുവിലുടനീളം, 13,000ത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് മരണാനന്തര അന്തസ് പോലും നിഷേധിക്കപ്പെടുകയാണ്. ചന്നി രാമ, കിരിയാനി തലാബ്, നർവാൾ, ഭട്ടിണ്ടി, സുജ്‌വാൻ എന്നിവിടങ്ങളിലെ താൽക്കാലിക കേന്ദ്രങ്ങളില്‍ താമസിക്കുന്ന അവർക്ക് പരമ്പരാഗത ശ്മശാനങ്ങളില്‍ പ്രവേശനമില്ല. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്നുള്ള മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യകൾ 1990കളിലാരംഭിച്ച വലിയ തോതിലുള്ള പീഡനങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷ തേടിയാണ് പലായനം ചെയ്തത്. ഏകദേശം 40,000 പേർ ഇന്ത്യയില്‍ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. കൂടുതലും ജമ്മു, ഡൽഹി, ഹൈദരാബാദ്, ഹരിയാന എന്നിവിടങ്ങളിലാണ്.
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മിഷണറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ത്യ അഭയാർത്ഥികളായി ഔദ്യോഗികമായി അംഗീകരിക്കാത്തത് അവരെ നിയമപരമായി അനിശ്ചിതത്വത്തിലാക്കുന്നു. പൗരത്വ അവകാശങ്ങളോ പാർപ്പിടം, വിദ്യാഭ്യാസം, ശ്മശാനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനമോ ലഭിക്കുന്നില്ല. സുരക്ഷിതവും മാന്യവുമായ ശ്മശാനങ്ങളുടെ അഭാവം വേദനാജനകമായ ഒരു ചോദ്യം ഉയർത്തുന്നു. കുടിയിറക്കപ്പെട്ട ആളുകൾക്ക് മരിച്ചവരെ സംസ്കരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോൾ, ജീവിതത്തിൽ എന്ത് സംരക്ഷണമാണ് അവശേഷിക്കുന്നത്?
2008ൽ കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയ അമീർ അലി (75), താമസിക്കാനും വിശ്രമിക്കാനും ഒരു സ്ഥലം കണ്ടെത്താൻ വളരെക്കാലമായി പാടുപെടുകയാണ്. “ആരെങ്കിലും മരിക്കുമ്പോള്‍, അവരെ സംസ്കരിക്കാൻ ഞങ്ങൾ തദ്ദേശവാസികളെ ആശ്രയിക്കുന്നു. ചിലർ ഭട്ടിണ്ടിയിലേതു പോലെ അവരുടെ ശ്മശാനങ്ങൾ ഉപയോഗിക്കാൻ ഞങ്ങളെ അനുവദിക്കാറുണ്ട്. പക്ഷേ അതും അനിശ്ചിതത്വത്തിലാണ്. അടുത്തിടെ, സ്ഥലപരിമിതി പറഞ്ഞ്, പ്രത്യേക ശ്മശാനം കണ്ടെത്താൻ നാട്ടുകാർ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് ശരിയായ അന്ത്യവിശ്രമ സ്ഥലം ഉറപ്പാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
പ്രത്യേക ശ്മശാനമില്ലാത്തതിനാല്‍ ശവക്കല്ലറകൾ കാടുകളിലും മറ്റ് പ്രാദേശിക ശ്മശാനങ്ങളിലുമായി ചിതറിക്കിടക്കുന്നത് മരണത്തിലും കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു. തന്റെ മാതാപിതാക്കളെ പ്രത്യേക ശ്മശാനങ്ങളിൽ അടക്കം ചെയ്യേണ്ടിവന്ന അമ്പത്തഞ്ചുകാരനായ റഹ്മാൻ അലി പറയുന്നു: “ഇത് മരണത്തിൽ പോലും കുടുംബാംഗങ്ങളെ വെവ്വേറെയാക്കുന്നു, സ്വന്തമാണെന്ന തോന്നൽ നിലനിർത്താന്‍ പ്രയാസകരമാകുന്നു. മരിച്ചവരെ ഒരുമിച്ച് സ്മരിക്കാനോ ബഹുമാനിക്കാനോ സ്ഥലമില്ല. അവർ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു, അവശേഷിക്കുന്നത് ദുഃഖം മാത്രമാണ്. ”
“എന്റെ മാതാപിതാക്കളുടെ കല്ലറകള്‍ സന്ദർശിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ അത് വളരെ അകലെയാണ്. ഞങ്ങളുടെ സെറ്റിൽമെന്റിന് സമീപം ഒരു ശ്മശാനമുണ്ടെങ്കില്‍ മരണത്തിൽ പോലും ചിതറിപ്പോയെന്ന വികാരത്തിന് പകരം, അവരുടെ ഓർമ്മയിൽ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയുമെന്നാണ് കരുതുന്നത്. കുടുംബങ്ങൾക്ക് മരിച്ചവരെ ഒരുമിച്ച് സംസ്കരിക്കാൻ കഴിയാത്തത് ദുഃഖം നല്‍കുക മാത്രമല്ല, സമൂഹത്തിന്റെ ഐക്യത്തെയും തകർക്കുന്നു.” കിരിയാനി തലാബിനടുത്തുള്ള തന്റെ സെറ്റിൽമെന്റിൽ കുട്ടികളെ പഠിപ്പിക്കുന്ന റഹിമുള്ള, നഷ്ടം കുടുംബങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് പറഞ്ഞു.
പ്രത്യേക ശ്മശാനം എന്തുകൊണ്ട് പ്രധാനമാണെന്ന് 25കാരനായ റഹ്മത്തുള്ള പറയുന്നു: “അത് നമ്മുടെ വ്യക്തിത്വം സംരക്ഷിക്കും. എന്നെങ്കിലും നമ്മുടെ രാജ്യത്തേക്ക് മടങ്ങിയാലും, നമുക്ക് പൂർവികരെ സന്ദർശിക്കാനും ഞങ്ങളുടെ കുടുംബങ്ങൾ സഹിച്ച പോരാട്ടങ്ങൾ ഓർമ്മിക്കാനും കഴിയും.”
“ഇന്ത്യയിലെ റോഹിങ്ക്യൻ മുസ്ലിങ്ങൾ നിയമപരമായ അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മിഷണർ അംഗീകരിച്ചിട്ടും അവരെ ‘നിയമവിരുദ്ധ കുടിയേറ്റക്കാരായി’ കണക്കാക്കുന്നു,” ‑മനുഷ്യാവകാശ പ്രവർത്തക നൈല ഹാഷ്മി പറഞ്ഞു. “ഈ അവ്യക്തത അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു, മാന്യമായ ഒരു അന്ത്യകര്‍മ്മങ്ങള്‍ ഉൾപ്പെടെ. അത്തരം അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കേണ്ടത് അവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ”
“അന്തർദേശീയ മനുഷ്യാവകാശ മാനദണ്ഡങ്ങൾ അന്തസ്, ജീവിതത്തിലും മരണത്തിലും വ്യാപിക്കുന്നതാണെന്ന് ഊന്നിപ്പറയുന്നു,” അവർ കൂട്ടിച്ചേർത്തു. “അഭയാർത്ഥികൾക്കായുള്ള എല്ലാ ഉടമ്പടികളും ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും, കുടിയിറക്കപ്പെട്ട സമൂഹങ്ങളെ മാനുഷിക കാരണങ്ങളാൽ സംരക്ഷിക്കേണ്ട ബാധ്യത അതിനുണ്ട്.” റോഹിങ്ക്യകളെ ഔദ്യോഗികമായി അഭയാർത്ഥികളായി അംഗീകരിച്ചിട്ടില്ലെങ്കിലും, വിദേശി നിയമപ്രകാരം സാങ്കേതികമായി നാടുകടത്താൻ കഴിയുമെങ്കിലും, ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം അവർ സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ അവകാശം ഇന്ത്യൻ മണ്ണിലെ ഓരോ വ്യക്തിക്കും ബാധകമാണെന്നും ഹാഷ്മി പറഞ്ഞു. “ശരിയായതും മാന്യവുമായ ശവസംസ്കാരം പോലുള്ള അടിസ്ഥാന മനുഷ്യാന്തസിനുള്ള അവകാശവും അതിൽ ഉൾപ്പെടുന്നു.”
വിദേശി നിയമം പൗരന്മാരല്ലാത്തവരുടെ പദവിയെ നിയന്ത്രിക്കുന്നു. പാർപ്പിടം, തൊഴിൽ, ശ്മശാനങ്ങൾ പോലുള്ള അവകാശങ്ങൾ നൽകുന്നില്ല. വിദേശികൾക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെങ്കിലും, അവരുടെ താമസത്തിനിടയിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, റോഹിങ്ക്യകൾക്ക് ശ്മശാനങ്ങളിലേക്കുള്ള പ്രവേശനം വിദേശികളുടെ നിയമത്തിലൂടെയല്ല, മറിച്ച് അനുച്ഛേദം 21 ന്റെ ഭരണഘടനാ ഉറപ്പിലൂടെയാണ് സംരക്ഷിക്കപ്പെടേണ്ടത്.
ഇന്ത്യയിലെ മിക്ക റോഹിങ്ക്യകളും യുഎൻഎച്ച്സിആറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് അവരുടെ സാന്നിധ്യം രേഖപ്പെടുത്താൻ സഹായിക്കുകയും അവരുടെ മാനുഷിക ആവശ്യങ്ങൾക്ക് പരിമിതമായ അംഗീകാരമെങ്കിലും ഉറപ്പാക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം, ഏകദേശം 16,500 റോഹിങ്ക്യകൾ ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ജമ്മുവിലെ 5,700 പേരും ഉൾപ്പെടുന്നു (2024–25 കണക്കുകൾ).
“ഞങ്ങൾക്ക് താമസിക്കാൻ സ്ഥലം നൽകിയതിന് ഞങ്ങൾ ഇന്ത്യയോട് നന്ദിയുള്ളവരാണ്,” നർവാൾ സെറ്റിൽമെന്റിലെ കമ്മ്യൂണിറ്റി നേതാവായ അമീർ ഹുസൈൻ പറഞ്ഞു. “എന്നാൽ മരിച്ചവരെ സംസ്കരിക്കുന്ന കാര്യത്തിൽ, കാടുകളും അപൂര്‍വം നാട്ടുകാരിൽ നിന്നുള്ള സഹായവും പര്യാപ്തമല്ല. പ്രത്യേക ശ്മശാനം നൽകേണ്ടത്, മാനസിക സമാധാനം, സാംസ്കാരിക സംരക്ഷണം, കുട്ടികൾക്ക് അവരുടെ പൈതൃകവുമായി ഒരു ബന്ധം എന്നിവയ്ക്കുവേണ്ടിയാണ്. ഇല്ലെങ്കിൽ, ജീവിച്ചിരിക്കുന്നവരുടെ ദുഃഖം പരിഹരിക്കപ്പെടാതെ തുടരുകയും മരിച്ചവരുടെ ഓർമ്മകൾ മങ്ങുകയും ചെയ്യും” അദ്ദേഹം കൂട്ടിച്ചേർത്തു.
(ന്യൂസ് ക്ലിക്ക്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.