23 February 2026, Monday

ശമ്പള പരിഷ്കരണവും ഇടതുസർക്കാരുകളും

ജയ്സണ്‍ ജോസഫ്
February 24, 2026 4:40 am

ടതുസർക്കാരുകൾ എക്കാലവും സകല സാമ്പത്തിക ഞെരുക്കങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കുമിടയില്‍ സിവിൽ സർവീസിനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങളെല്ലാം ഉറപ്പാക്കാൻ ഇടതുപക്ഷ തുടര്‍സർക്കാർ ഊന്നൽ നൽകിയത് ഈ സമീപനത്തിന്റെ ദൃഷ്ടാന്തമാണ്. അഞ്ചുവർഷ തത്വം പാലിച്ചുകൊണ്ട് 2019 ജുലൈ ഒന്നു മുതൽ 11-ാം ശമ്പള പരിഷ്കരണം നടപ്പിലാക്കി. കേന്ദ്ര സർവീസിലടക്കം 10 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ശമ്പള പരിഷ്കരണം. എൽഡിഎഫ് ഭരണത്തിന്റെ 1988, 1997, 2019 എന്നീ വർഷങ്ങളിലെല്ലാം സമരവും പണിമുടക്കുമില്ലാതെ ശമ്പള പരിഷ്കരണം ഉറപ്പാക്കി. സകല ആനുകൂല്യങ്ങളും ഉറപ്പാക്കിയാണ് അവ നടപ്പാക്കിയത്. അഞ്ചുവർഷ തത്വം നഷ്ടപ്പെടാതെ തന്നെ 12-ാം ശമ്പള പരിഷ്കരണവും നടപ്പിലാക്കുക എന്നതാണ് സർക്കാർ നിലപാട്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ഇടതുപക്ഷ സർക്കാരുകളുടെ നിലപാടുകൾ എക്കാലവും വ്യക്തമാണ്. 1965ൽ ഗവർണർ ഭരണ കാലത്ത് ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടർന്നാണ് കെ എം ഉണ്ണിത്താൻ അധ്യക്ഷനായ ശമ്പള കമ്മിഷനെ നിയമിച്ചത്. ഈ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 1966 ജനുവരി ഒന്ന് മുതൽ പ്രാബല്യം നൽകി ശമ്പളം പരിഷ്കരിച്ചു. മുകൾത്തട്ടിലുള്ള ജീവനക്കാർക്ക് മാത്രം നാമമാത്രമായ ആനുകൂല്യങ്ങൾ നൽകുന്ന, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും 10 വർഷത്തിൽ താഴെ സർവീസുള്ളവർക്കും ഒരുവിധത്തിലും പ്രയോജനപ്രദമല്ലാത്തതുമായ പരിഷ്കരണമാണ് അന്ന് നടപ്പാക്കിയത്. അത് പ്രതിഷേധത്തിന് കാരണമായി. 1967ൽ ചുമതലയേറ്റ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സപ്തകക്ഷി മുന്നണി സർക്കാർ പി കെ വേലായുധൻ ചെയർ‍മാനായ ശമ്പള കമ്മിഷനെ നിയമിച്ചു. അതുവഴി 1968 ജുലൈ ഒന്ന് മുതൽ പ്രാബല്യം നൽകി ശമ്പള പരിഷ്കരണം നടപ്പിലാക്കി. 1974ൽ അഞ്ചുവർഷ തത്വം പാലിച്ച് ശമ്പളം പരിഷ്കരിക്കാൻ സി അച്യുതമേനോന്‍ സർക്കാർ സന്നദ്ധമായി. സേവന വേതന വ്യവസ്ഥകളുടെ സമഗ്ര പരിശോധന നടത്തുന്നതും, അഞ്ചുവർഷ തത്വ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് തുടക്കം കുറിക്കുന്നതും 1974 മുതൽക്കാണ്. തുടര്‍ന്ന് 1978 ജൂലൈ ഒന്നിന് മൂന്നാം ശമ്പള കമ്മിഷൻ ചുമതലയേറ്റു. 

1983 ജുലൈ ഒന്ന് മുതൽ ശമ്പളം പരിഷ്കരിക്കുന്നതിന് യുഡിഎഫ് സർക്കാർ കമ്മിഷനെ നിയോഗിച്ചു. എന്നാൽ, ആ റിപ്പോർട്ട് നടപ്പിലാക്കാൻ കൂട്ടാക്കിയില്ല. 1984 ഫെബ്രുവരി 16 മുതൽ ആരംഭിച്ച ഏഴ് ദിവസത്തെ പണിമുടക്കും, 1985 ഓഗസ്റ്റ് ഏഴിന് ആരംഭിച്ച 11 ദിവസത്തെ പണിമുടക്കുമാണ് അന്ന് ശമ്പള പരിഷ്കരണം സാധ്യമാക്കിയത്. നടപ്പിലാക്കിയപ്പോൾ 21 മാസക്കാലത്തെ കുടിശിക അനുവദിച്ചിരുന്നുമില്ല. 1993 ജുലൈ ഒന്ന് മുതൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണം ഒഴിവാക്കാനായി 1992ൽ പേ ഇക്വലൈസേഷൻ നടപ്പാക്കി. ഇതിലൂടെ ജീവനക്കാർക്ക് കേന്ദ്ര പാരിറ്റിയുമില്ല, സംസ്ഥാന പാരിറ്റിയുമില്ല എന്ന സ്ഥിതിയായി. 2002 മാർച്ച് ഒന്നു മുതൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനുമുമ്പ് ജനുവരി 16ന്റെ ഉത്തരവിലൂടെ ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങളിൽ വലിയ കുറവുവരുത്തി. ഒരു ലക്ഷം ജീവനക്കാർ അധികമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അവർ ആരെല്ലാമെന്ന് കണ്ടെത്താൻ പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിനെ ചുമതലപ്പെടുത്തി. അധിക ജീവനക്കാർക്ക് 2002 മാർച്ച് 31നുശേഷം ശമ്പളം നൽകില്ലെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ മരവിപ്പിച്ചു, ലീവ് സറണ്ടർ നിർത്തലാക്കി. ഭവന നിർമ്മാണ വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കി, പ്രൊട്ടക്ടഡ് അധ്യാപകരുടെ ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കാനും, ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാനും തീരുമാനിച്ചു. 2002 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ തീരുമാനിച്ചു. പുതുതായി സർവീസിൽ പ്രവേശിക്കുന്നവർക്ക് രണ്ട് വർഷത്തേക്ക് അടിസ്ഥാന ശമ്പളം മാത്രം നൽകിയാൽ മതിയെന്നും തീരുമാനിച്ചു. പലതരത്തിൽ ഏതാണ്ട് 500 കോടി രൂപയുടെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ചു. 2002ൽ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി സർക്കാർ ‘സർക്കാർ ജീവനക്കാർ മുണ്ട് മുറുക്കിയുടുക്കണം. കേരള സർക്കാരിന്റെ കൈയ്യിൽ പണമില്ല. അതിനാൽ കർഷകർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാനാകുന്നില്ല. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വെട്ടിക്കുറച്ച് കർഷകർക്ക് നൽകണം’ എന്നാവർത്തിച്ചു. യുഡിഎഫ് നേതാക്കളും മന്ത്രിമാരുമായ ഉമ്മൻചാണ്ടിയും, പി കെ കുഞ്ഞാലിക്കുട്ടിയുമെല്ലാം സർക്കാർ നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രിക്കൊപ്പം നിലകൊണ്ടു.
‘സർക്കാർ ആശുപത്രിയിൽ ജനിച്ച്, സർക്കാർ സ്കൂളിൽ പഠിച്ച്, സർക്കാർ ജോലി നേടി, സർക്കാർ പെൻഷൻ വാങ്ങി കഴിയുന്ന കാലം കഴിഞ്ഞു’ – ഉമ്മൻചാണ്ടി പറഞ്ഞു. ‘സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് താൽക്കാലികമായല്ല. ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളുടെ ഭാഗമാണ്’ പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. 

അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന പി സി വിഷ്ണുനാഥ് പങ്കാളിത്ത പെൻഷൻ പദ്ധതിയെ ന്യായീകരിച്ച് മുന്നിട്ടിറങ്ങി. ‘പങ്കാളിത്ത പെൻഷൻ: യഥാർത്ഥ ശത്രു ആര്?’ എന്ന പേരിൽ എഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പി സി വിഷ്ണുനാഥ് യൂത്ത് കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ് — “യൂത്ത് കോൺഗ്രസും യുവജന സംഘടനകളും യുവാക്കളും ഈ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. കാരണം, സർക്കാരിന്റെ സാമ്പത്തിക സ്ഥിതി നമുക്കെല്ലാം അറിയാവുന്നതാണല്ലോ. കഴിഞ്ഞ 2010-11, 2011-12 വർഷങ്ങളിലെ കണക്ക് എല്ലാവർക്കും അറിയാം. 23,536 കോടി രൂപ പെൻഷനും ശമ്പളത്തിനും വേണ്ടി ചെലവാക്കിയപ്പോൾ, 29,197 കോടി രൂപയായിരുന്നു ആകെ റവന്യൂ വരുമാനം. ആ വരുമാനത്തിൽ 3,000 കോടി രൂപ പലിശച്ചെലവുകൂടി കഴിഞ്ഞാൽ വെറും 3,000 കോടി രൂപയാണ് അവശേഷിക്കുന്നത്.
ഇവിടെ ആശുപത്രി നടത്താൻ, റോഡ് പണിയാൻ, വിദ്യാഭ്യാസ ആനുകൂല്യം കൊടുക്കാൻ, പട്ടികജാതിക്കാരെ സംരക്ഷിക്കാൻ, സബ്സിഡി നിരക്കിൽ അരി കൊടുക്കാൻ, മൂന്നേകാൽ കോടി ജനങ്ങൾക്കുവേണ്ടി വെറും 3,000 കോടി രൂപയും, വരുമാനത്തിന്റെ 80% ഒരു വിഭാഗം ജനങ്ങൾക്കു മാത്രം കൊടുക്കുന്നത് ധാർമ്മികബോധമുള്ള സർക്കാർ ജീവനക്കാർക്ക് പോലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.” എന്നാല്‍ ജീവനക്കാരുടെ 32 ദിവസത്തെ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി ആ തീരുമാനങ്ങളിൽ നിന്നെല്ലാം ആ സർക്കാരിന് പിന്നോട്ട് പോകേണ്ടിവന്നു. എന്നാൽ, 2005ൽ ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടർന്ന് നിയമിതമായ ശമ്പള പരിഷ്കരണ കമ്മിഷന്റെ റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ പേരിൽ ആനുകൂല്യങ്ങളിൽ വീണ്ടും കൈവച്ചു. ശമ്പള പരിഷ്കരണത്തിലെ അഞ്ചുവർഷ തത്വം ഇല്ലാതാക്കി. 2004 ജുലൈ ഒന്നു മുതൽ മാത്രം നോഷണലായി അനുവദിച്ചു. സാമ്പത്തിക ആനുകൂല്യം 2005 ഏപ്രിൽ ഒന്നു മുതൽ മാത്രമാക്കി. 37 മാസത്തെ കുടിശിക അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. താഴെത്തട്ടിലെ ജീവനക്കാർക്ക് ശമ്പള വർധനവുണ്ടായില്ല. കമ്മിഷൻ ശുപാർശ ചെയ്ത എല്ലാ സ്കെയിലുകളും വെട്ടിക്കുറച്ചു. 

1968ൽ ഒന്നാം ശമ്പള പരിഷ്കരണം അനുവദിക്കുമ്പോൾ തന്നെ അഞ്ചുവർഷ തത്വത്തിലുള്ള ശമ്പള പരിഷ്കരണം ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 1988ൽ അന്നത്തെ എൽഡിഎഫ് സർക്കാർ ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ കമ്മിഷനെ ശമ്പള പരിഷ്കരണത്തിനായി നിയോഗിച്ചു. 1988 ജുലൈ ഒന്നു മുതൽ പ്രാബല്യത്തിൽ അത് നടപ്പിലാക്കി. ജീവനക്കാരുടെ പ്രക്ഷോഭമില്ലാതെ നടപ്പാക്കിയ ആദ്യ ശമ്പള പരിഷ്കരണമായിരുന്നു അത്. 1997 മാർച്ച് ഒന്നിന് എൽഡിഎഫ് സർക്കാർ അഞ്ചുവർഷ തത്വം പുനഃസ്ഥാപിച്ച് മെച്ചപ്പെട്ട ആനുകൂല്യങ്ങളോടെ ശമ്പള പരിഷ്കരണം നടപ്പാക്കി. 2009 ജുലൈ ഒന്നു മുതൽ പ്രാബല്യത്തിൽ ഒമ്പതാം ശമ്പള പരിഷ്കരണം നടപ്പാക്കിയതും എൽഡിഎഫ് സർക്കാരാണ്. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും 2019 ജുലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ ശമ്പള പരിഷ്കരണ ഉത്തരവിറക്കിയതും എല്‍ഡിഎഫ് സർക്കാരാണ്. തുടർന്നുവന്ന നിലവിലെ സർക്കാർ ആ ഉത്തരവിലെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കി. ശമ്പള പരിഷ്കരണത്തിലെ കുടിശിക പൂർണമായി അനുവദിച്ചു. പെൻഷൻ പരിഷ്കരണ കുടിശിക പണമായി നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.