
2002 മേയ് മാസത്തിൽ, 78-ാം വയസിൽ വി എസ് മതികെട്ടാന്‍ മല കയറി. ഭരണകൂട പിൻബലത്തോടെ സംഘടിത കയ്യേറ്റങ്ങള്‍ വ്യാപകമായിരുന്നു അക്കാലത്ത്. കേരളത്തിന്റെ കണ്ണായ ഭൂപ്രദേശങ്ങളാണ് ഏലമലക്കാടുകളും മൂന്നാറും പെരിയാറിന്റെ വൃഷ്ടിപ്രദേശവും. ഏലമല റിസർവിലെ മതികെട്ടാൻ മേഖലയിൽ സംഘടിതമായി കയ്യേറ്റം നടക്കുന്നതിനെതിരെ ശക്തമായി ശബ്ദിച്ച വിഎസ് മലകളിലെ അവസ്ഥ നേരിട്ടു കണ്ടു. വിജയകരമായ ഇടപെടലായി ഇത്. മതികെട്ടാനിലെ 12.82 ചതുരശ്ര കിലോമീറ്റർ വനം ദേശീയ ഉദ്യാനമായി സംരക്ഷിക്കാൻ 2003ൽ സർക്കാർ തീരുമാനമുണ്ടായി. പൂയംകുട്ടി മേഖലയിലെ കയ്യേറ്റങ്ങളും വിഎസ് നേരില്‍ കണ്ടു. കമ്പക്കല്ല് മലകളിലെ കഞ്ചാവ് കൃഷിയും. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് ഇരിക്കപ്പൊറുതിയില്ലാതാക്കി. സമാന യാത്രകള്‍ പേരിനെങ്കിലും നടത്താൻ നിർബന്ധിതനാക്കി. കമ്പക്കല്ലിന്റെ നിയന്ത്രണം ഇപ്പോള്‍ കുറിഞ്ഞിമല സാങ്ച്വറിക്കാണ്.
ഒരു വിഷയത്തിൽ ഇടപെടുമ്പോൾ അതിന്റെ എല്ലാവശങ്ങളും കൃത്യമായി പഠിച്ച് കുറിപ്പ് തയ്യാറാക്കി മാത്രമേ വി എസ് വാര്‍ത്താസമ്മേളനങ്ങൾ വിളിച്ചിരുന്നുള്ളു. മണ്ണാർക്കാട്ടെ കാക്കിവാണി വനത്തിന്റേയും മന്ദൻപൊട്ടിയുടെയും കോഴിക്കോട്ടെ കാവിലുംപാറയിലേയുമൊക്കെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് കന്റോൺമെന്റ് ഹൗസിൽ വിളിച്ച ഒരു വാര്‍ത്താസമ്മേളനത്തിലൂടെ വസ്തുതകള്‍ അദ്ദേഹം ജനങ്ങളിലേക്കെത്തിച്ചു. വി എസ് സർക്കാരിന്റെ കയ്യൊപ്പ് പതിഞ്ഞ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കാരണമാണ് കേരളത്തിലെ നെൽവയലുകളുടെ കുത്തനെയുള്ള ശോഷണം ഒരു പരിധി വരെയെങ്കിലും പിടിച്ചു നിർത്താൻ പറ്റിയത്.
കാസർകോട്ടെ എൻഡോസൾഫാൻ സമരത്തിൽ ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രിയായിരിക്കേ, 2011 ഏപ്രിൽ 25ന്, രാജ്യവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കാൻ തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിൽ നിരാഹാര സമരം നയിച്ചു. ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷനായിരിക്കെ, 2017 ജനുവരിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരം, എൻഡോസൾഫാൻ ബാധിതർക്ക് 10 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകി. സൈലന്റ്‌വാലി നാഷണൽ പാർക്കിന് നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽനിന്നും മണ്ണാർക്കാട് വനം ഡിവിഷനിൽനിന്നും 148 ചതുരശ്ര കിലോമീറ്റർ വനഭൂമി ഉൾപ്പെടുത്തി കരുതൽ വലയം രൂപീകരണം സാധ്യമാക്കി. നിർദിഷ്ട പാത്രക്കടവ് ജലവൈദ്യുത പദ്ധതിയുടെ പേരിൽ ഇത് ഫയലുകളിൽ കുരുങ്ങിയപ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയിൽ നേരിട്ടിടപെടുകയായിരുന്നു.
കണ്ണൻ ദേവൻ മലയിൽ 1971ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ ഭാഗമായി, 1980ലെ ലാൻഡ്ബോർഡ് അവാർഡ് പ്രകാരം വനം വകുപ്പിന് കൈമാറേണ്ടിയിരുന്ന ഭൂമിയിൽ 1066 ഏക്കർ ചോലക്കാടുകളും പുൽമേടുകളും വനം വകുപ്പിന്റെ സംരക്ഷണയിൽ കൊണ്ടുവരാനുള്ള തീരുമാനമെടുത്തതും വിഎസ് സർക്കാരാണ്. ഐതിഹാസിക പരിസ്ഥിതി ജനകീയ സമരമായിരുന്ന പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമരത്തിനൊപ്പവും ചേര്‍ന്നു. മുല്ലപ്പെരിയാർ മുതൽ മതികെട്ടാൻ വരെയും, എൻഡോസൾഫാൻ മുതൽ പ്ലാച്ചിമട വരെയും, സ്ത്രീ സുരക്ഷ മുതൽ സ്വതന്ത്ര സോഫ്റ്റ്‌വേർ വരെയും പോരാട്ടം നയിച്ച ജനങ്ങളുടെ പ്രതീക്ഷയും കാവലാളുമായി വിഎസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.