22 January 2026, Thursday

സിനിമാ മേഖലയിലെ സംഘ്പരിവാർ താലിബാനിസം

ബെൻസി മോഹൻ
July 1, 2025 4:04 am

ബോളിവുഡ് സൂപ്പർതാരം അമീർ ഖാന്റെ പുതിയ സിനിമയാണ് “സിതാരെ സമീൻ പർ”. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന ബാസ്കറ്റ്ബോൾ കോച്ചായി അമീർ ഖാൻ അഭിനയിക്കുന്ന ഈ സിനിമ സ്പോർട്സ് കോമഡി ഫീൽഗുഡ് വിഭാഗത്തിൽ വരുന്നതാണ്. എന്നാൽ സെൻസർ ചെയ്യാൻ സമർപ്പിക്കപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് നിർമ്മാതാക്കൾക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ് സി) നിന്നും ഉണ്ടായത്. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഒരു നിബന്ധന പാലിക്കണമെന്ന് സെൻസർ ബോർഡ് നിർബന്ധം പിടിച്ചു. തുടക്കത്തിൽ, നരേന്ദ്ര മോഡിയുടെ ചില പ്രസ്താവനകൾ എഴുതി കാണിക്കണമെന്നായിരുന്നു അത്! ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത പുതിയ പ്രതിഭാസം ആയിരുന്നു അത്. “സിതാരെ സമീൻ പർ” എന്ന സിനിമയുടെ കഥയ്ക്ക് രാഷ്ട്രീയമോ, മതപരമോ ആയ യാതൊരു ബന്ധവും ഇല്ല. എന്തെങ്കിലും വിവാദമോ, നിയമവിരുദ്ധമായതോ ഒന്നും സിനിമയിൽ ഇല്ല. എന്നിട്ടും ഇന്ത്യയിൽ റിലീസ് ചെയ്യണമെങ്കിൽ നരേന്ദ്ര മോഡിയുടെ പിആർ വർക്കിന്റെ ഭാഗമാക്കണമെന്ന നിബന്ധന അടിച്ചേല്പിക്കപ്പെടുകയായിരുന്നു. എങ്ങനെയും സിനിമ റിലീസ് ചെയ്യണമെന്ന അവസ്ഥയിൽ ആയിരുന്ന നിർമ്മാതാക്കൾ നിബന്ധന അംഗീകരിച്ചു. ജൂൺ 20ന് തിയേറ്ററുകളിൽ എത്തിയ സിനിമ വൻ ജനപ്രീതി നേടി വിജയകരമായി പ്രദർശനം തുടരുന്നുണ്ട്. ഇന്ത്യൻ സിനിമാ മേഖല സംഘ്പരിവാർ താലിബാനിസത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് സിതാരെ സമീൻ പർ നേരിട്ടത്. എന്നാൽ ഇത് അതിൽ അവസാനിക്കുന്നില്ല.
രണ്ട് മലയാള സിനിമകൾ കൂടി സെൻസർ ബോർഡിന്റെ സംഘ്പരിവാർ താലിബാനിസത്തിന്റെ ഇരകളായി. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി നായകനായ “ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള”, എം ബി പദ്മകുമാറിന്റെ “ടോക്കൺ നമ്പർ” എന്നിവ ആയിരുന്നു അവ. രണ്ട് സിനിമകളും നേരിട്ടത് ഒരേ വിഷയമായിരുന്നു. 

നായികയുടെ പേര് ‘ജാനകി’ എന്നതായിരുന്നു സംഘ്പരിവാർ സെൻസർ ബോർഡിനെ ചൊടിപ്പിച്ചത്. ആ പേര് സീതയുടെ പര്യായം ആണെന്നും, നായികയ്ക്ക് ഇട്ടാൽ ഹിന്ദുമതവികാരം വ്രണപ്പെടുമെന്നും, ജാനകി എന്ന പേര് മാറ്റിയാലേ സർട്ടിഫിക്കറ്റ് നൽകൂ എന്നുമായിരുന്നു സംഘ്പരിവാർ താലിബാനിസ്റ്റുകളുടെ നിർബന്ധം. എന്തായാലും പദ്മകുമാർ നായികയുടെ പേര് ജാനകി എന്നത് മാറ്റി ജയന്തി എന്നാക്കി സെൻസർ സർട്ടിഫിക്കറ്റ് നേടിയെടുത്തു.
“ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള” നിർമ്മാതാക്കൾ, സെൻസർ ബോർഡ് “വിധി“ക്കെതിരെ ഹൈക്കോടതിയിൽ കേസിന് പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി സെൻസർ ബോർഡിന്റെ വക്കീലിനോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. “പണ്ട് ‘സീത ഓർ ഗീത’ എന്ന സിനിമ വന്നിട്ടുണ്ട്. സീത തന്നെയാണല്ലോ ജാനകി. അന്ന് ഒരു മതവികാരവും വ്രണപ്പെട്ടില്ലല്ലോ. നാട്ടിൽ അതിന്റെ പേരിൽ ഒരു വർഗീയ സംഘർഷവും ഉണ്ടായില്ലല്ലോ. ‘രാം ലഖൻ’ എന്ന പേരിലും സിനിമ വന്നിട്ടുണ്ട്. ആരും ഒരു പരാതിയും ഉയർത്തിയില്ല. ഇപ്പോൾ മാത്രം എന്താണ് ‘ജാനകി’ എന്ന പേരിനോട് നിങ്ങൾക്ക് പരാതി? ” ഈ നിയമപോരാട്ടം എന്താകും എന്ന് കാത്തിരുന്ന് കാണാം. 2014നുശേഷം ഇന്ത്യ സംഘ്പരിവാർ താലിബാനിസ്റ്റ് മതരാജ്യമായി മാറാനുള്ള യാത്രയിലാണ് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. സമൂഹത്തെ വളരെയധികം സ്വാധീനിക്കാൻ കഴിവുള്ള സിനിമ എന്ന മാധ്യമത്തെ സ്വന്തം ചൊൽപ്പടിക്ക് നിർത്താനും, തങ്ങളുടെ അജണ്ട അടിച്ചേല്പിക്കാനും സംഘ്പരിവാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. 

ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം വർഗീയ വിഷം തുളുമ്പുന്ന പ്രചരണ (പ്രൊപ്പഗാൻഡ) സിനിമകളുടെ അതിപ്രസരം രാജ്യം കണ്ടു. കശ്മീർ ഫയലും, കേരള സ്റ്റോറിയും, ആർട്ടിക്കിൾ 370, ബസ്റ്റർ ദി നക്സൽ സ്റ്റോറി, ജഹന്ഗീർ നാഷണൽ യൂണിവേഴ്സിറ്റി, റസാക്കർ, വാക്സിൻ വാർ, സബർമതി റിപ്പോർട്ട്, ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ, പി എം നരേന്ദ്ര മോഡി, സ്വതന്ത്രവീർ സവർക്കർ, ഛാവ തുടങ്ങി കെട്ടുകണക്കിന് സംഘി പ്രചരണ സിനിമകൾ പത്തു വർഷത്തിനുള്ളിൽ റിലീസ് ചെയ്യപ്പെട്ടു. ഇത്തരം സിനിമകളുടെ പ്രചരണത്തിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിമാരും അടക്കമുള്ള ഭരണാധികാരികൾ തന്നെ മുന്നിട്ടിറങ്ങുന്നതും രാജ്യം കണ്ടു. സംഘ്പരിവാർ അനുകൂല സിനിമാ പ്രവർത്തകരെ അവാർഡുകൾ സഹിതം നൽകി പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ അജണ്ടയ്ക്ക് വഴങ്ങാത്തവരെ അടിച്ചമർത്തുകയും ചെയ്യുന്നത് ഇന്ത്യൻ സിനിമാ മേഖലയിൽ സ്ഥിരം കാഴ്ചയായി.
ഷാരൂഖ് ഖാനും അമീർ ഖാനും ദീപിക പദുകോണും അടക്കം മുൻനിര താരങ്ങളുടെ സിനിമകൾ വരെ സ്ഥിരമായി സംഘി ഐടി സെല്ലുകളുടെ സൈബർ ആക്രമണത്തിനും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും വിധേയമായി. മലയാളത്തിന്റെ ‘എമ്പുരാൻ’ എന്ന മോഹൻലാൽ സിനിമ നേരിട്ട സംഘ്പരിവാർ ആക്രമണവും ഇത്തരത്തിൽ ആയിരുന്നു. 

2023 ജനുവരിയിൽ ഇന്ത്യയിൽ സിനിമകളുടെ ഉള്ളടക്കത്തിലെ “മതവിരുദ്ധമായ” കാര്യങ്ങൾ പരിശോധിക്കാൻ, പത്തംഗ “ധർമ്മ സെൻസർ ബോർഡ്” രൂപീകരിച്ചതായി, സംഘ്പരിവാറിന്റെ ഭാഗമായ അവിമുക്തേശ്വരാനന്ദ സരസ്വതി ശങ്കരാചാര്യർ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് ഫിലിം ഡെവലപ്മെന്റ് കൗൺസിൽ വൈസ് പ്രസിഡന്റ് തരുൺ രതിയും പത്തംഗ ധർമ്മ സെൻസർ ബോർഡിലുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോൾ, ഇത് വെറുമൊരു കടലാസ് സമിതി അല്ല, ബിജെപി സർക്കാർ പിന്തുണ കൂടിയുള്ള ഏർപ്പാട് ആണെന്ന് മനസിലാക്കാം. സംഘ്പരിവാർ താലിബാനിസ്റ്റുകളുടെ സിനിമാ സെൻസറിങ് കൂടുതൽ കർശനമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സന്ധ്യ സൂരി സംവിധാനം ചെയ്ത, അന്താരാഷ്ട്രതലത്തിൽ ഏറെ അവാർഡുകൾ നേടുകയും, കാൻ ഫെസ്റ്റിവലിൽ വരെ പ്രദർശിപ്പിക്കുകയും ചെയ്ത “സന്തോഷ്” എന്ന സിനിമയ്ക്ക് 2025 മാർച്ചിൽ ഇന്ത്യയിൽ സർട്ടിഫിക്കേഷൻ നിഷേധിച്ചു. ജാതിവ്യവസ്ഥയെയും, ഇസ്ലാമോഫോബിയയെയും, മതവർഗീയതയെയും, പൊലീസ് അതിക്രമത്തെയും ചോദ്യം ചെയ്യുന്ന സിനിമ റിലീസ് ചെയ്യണമെങ്കിൽ അത്തരം സീനുകൾ മുഴുവൻ നീക്കം ചെയ്യണമെന്നായിരുന്നു ബോർഡിന്റെ നിർബന്ധം. അങ്ങനെ ചെയ്യുന്നത് സിനിമയെ നശിപ്പിക്കുന്നതിന് തുല്യമാണ് എന്നറിയാവുന്ന നിർമ്മാതാക്കൾ വഴങ്ങിയില്ല. അങ്ങനെ ആ സിനിമ ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. ബിബിസിയുടെ ഇന്ത്യ — ദ മോഡി ക്വസ്റ്റ്യൻ, ഇന്ത്യാസ് ഡോട്ടർ എന്നീ ഡോക്യുമെന്ററികളും, അൺഫ്രീഡം, നീലം, ദ മാസ്റ്റർമൈൻഡ് ജിണ്ട സുഖാ, അബീർ ഗുലാൽ മുതലായ സിനിമകളും നിരോധിക്കപ്പെട്ടത് സംഘ്പരിവാർ രാഷ്ട്രീയ അജണ്ട കാരണമാണ്. പ്രമുഖ ബിസിനസുകാരനും, ബോളിവുഡ് സിനിമാ തിരക്കഥാകൃത്തും പാട്ടെഴുത്തുകാരനുമായ പ്രസൂൺ ജോഷി ചെയർമാനായ പത്തംഗ സമിതിയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ നിയന്ത്രിക്കുന്നത്. സമിതിയിൽ “കശ്മീർ ഫയൽസ്” സംവിധായകൻ വിവേക് അഗ്നിഹോത്രി മുതലായ തീവ്ര സംഘി സിനിമാ പ്രവർത്തകർ അംഗമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രചരണത്തിന് ചുക്കാൻ പിടിച്ച ‘McCann world­group” എന്ന പരസ്യ ഏജൻസിയുടെ ഉടമയാണ് പ്രസൂൺ ജോഷി എന്ന് കൂടി അറിയുക. സംഘ്പരിവാറിന്റെ ഏറ്റവും വിശ്വസ്തനായ സേവകന് കിട്ടിയ പാരിതോഷികമാണ് സിബിഎസ്‌സി ചെയർമാൻ പദവിയെന്ന് ചുരുക്കം. 

“ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള” എന്ന സിനിമയ്ക്ക് തിരുവനന്തപുരത്തെ പ്രാദേശിക സെൻസർ ബോർഡ് U/A സർട്ടിഫിക്കേഷൻ നൽകിയിരുന്നുവെന്നും, എന്നാൽ സെൻട്രൽ ബോർഡിൽ അയച്ചപ്പോൾ ചെയർമാന്റെ നിർദേശപ്രകാരമാണ് “ജാനകി” എന്ന പേര് മാറ്റണമെന്ന് നിർബന്ധം മുന്നോട്ട് വച്ചതെന്നും നിർമ്മാതാക്കൾ വെളിപ്പെടുത്തിയത് ഓർക്കുക. അതും രേഖാമൂലം ആവശ്യപ്പെട്ടില്ല. വാക്കാൽ മാത്രം. ഒടുവിൽ കോടതി പറഞ്ഞപ്പോഴാണ്, പേര് മാറ്റണമെന്ന് രേഖാമൂലം സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി ആവശ്യപ്പെട്ടത്. ഒരു സിനിമ നിർമ്മിക്കുന്നതിന് കോടികളുടെ ചെലവുണ്ട്. പലപ്പോഴും പലിശയ്ക്ക് കടം വാങ്ങി വരെയാണ് നിർമ്മാതാക്കൾ സിനിമ പിടിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ദിവസം റിലീസ് വൈകിയാൽ, പലിശയിനത്തിൽ ലക്ഷങ്ങളുടെ നഷ്ടം നിർമ്മാതാക്കൾക്ക് ഉണ്ടാകും. അതിനാൽ തന്നെയാണ് സെൻസർ ബോർഡ് പറയുന്നതെന്തും ചെയ്ത് സിനിമ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ പലപ്പോഴും നിർബന്ധിതരാകുന്നത്. ബിജെപി മന്ത്രി അഭിനയിച്ച സിനിമയ്ക്ക് പോലും ഇളവ് നൽകി തങ്ങളുടെ അജണ്ട ദുർബലപ്പെടുത്താൻ സംഘ്പരിവാർ ആഗ്രഹിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതിൽ സംഘ്പരിവാർ പോരാളിയായ സുരേഷ് ഗോപിക്ക് പരാതിയും ഇല്ല.
ഇതിൽ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുക കോടതിക്ക് മാത്രമാണ്. വർത്തമാനകാല ഇന്ത്യയിൽ, ചോദ്യം ഒന്നേ അവശേഷിക്കുന്നുള്ളൂ. സംഘ്പരിവാർ താലിബാനിസ്റ്റ് മതരാജ്യമായി ഇന്ത്യ മാറുന്നതിനെ നിങ്ങൾ അനുകൂലിക്കുന്നോ ഇല്ലയോ? ഇല്ലെങ്കിൽ സിനിമാ മേഖലയിലെ ഈ ഭരണഘടനാ വിരുദ്ധമായ നടപടികളെ എതിർത്തേ മതിയാകൂ. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.