5 December 2025, Friday

ഷെയ്ഖ് ഹസീനയുടെ വധശിക്ഷയും ബംഗ്ലാദേശിന്റെ ഭാവിയും

ടി കെ മുസ്തഫ
November 18, 2025 4:15 am

ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതിന്റെ ഖ്യാതി അവകാശപ്പെടുന്ന അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയുടെ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരായി രൂപപ്പെട്ട കലാപങ്ങൾക്കൊടുവിൽ നാടുവിടേണ്ടിവന്ന അവർക്ക് വധശിക്ഷ ലഭിച്ചതായുള്ള വാർത്ത പുറത്തു വന്നിരിക്കുന്നു. 2024ലെ വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചുമത്തപ്പെട്ട കേസിൽ ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ കമാൽ, ഐജി ചൗധരി അബ്ദുല്ല അൽ മാമൂൻ എന്നിവരെയും വിചാരണ ചെയ്യാൻ പ്രത്യേക ട്രിബ്യൂണൽ ഓഗസ്റ്റ് മൂന്നിനാണ് അനുമതി നൽകിയത്. കമാലിന് വധശിക്ഷയും ചൗധരി അബ്ദുല്ല അൽ മാമൂന് അഞ്ച് വർഷത്തെ തടവ് ശിക്ഷയുമാണ് ലഭിച്ചിരിക്കുന്നത്. പ്രക്ഷോഭകാരികൾക്കുമേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഷെയ്ഖ് ഹസീന ഉത്തരവിട്ടെന്നും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ വെടിവയ്പിനെ കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നുവെന്നതുമടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ധാക്ക പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണൽ ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേൽ ആക്രമണം നടത്തിയതായി വിലയിരുത്തിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ഓഗസ്റ്റിൽ അധികാരം ഉപേക്ഷിച്ച് പലായനം ചെയ്ത ഹസീന ഇന്ത്യയിൽ താല്‍ക്കാലിക അഭയം തേടിയതിന് പിന്നാലെയും കലിയടങ്ങാത്ത പ്രക്ഷോഭകാരികൾ അവിടെ വിവിധ വിഭാഗങ്ങൾക്കുനേരെ നിഷ്ഠൂരമായ അക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. 

ഇന്ത്യ വിഭജന കാലത്ത് പാകിസ്ഥാന്റെ ഭാഗമായിരുന്ന കിഴക്കൻ പാകിസ്ഥാനിൽ 1971 ലായിരുന്നു കടുത്ത വിവേചനങ്ങളെയും പീഡനങ്ങളെയും തുടർന്ന് വിമോചനമെന്ന ആവശ്യവുമായി പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്. വിഭജനാനന്തരം നിലവിൽ വന്ന കിഴക്കൻ പാകിസ്താന്റെ സ്വയംഭരണത്തിന് വേണ്ടി അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തെ അന്നത്തെ പാകിസ്ഥാൻ ഭരണകൂടം അത്യന്തം ഹീനമായിട്ടായിരുന്നു അടിച്ചമർത്തിയത്. പാക് സൈന്യവും അർധസൈനിക വിഭാഗവുമെല്ലാം ചേർന്ന് പ്രക്ഷോഭകാരികളായ നിരവധി പേരെ കൊലപ്പെടുത്തി. കിഴക്കൻ പാകിസ്ഥാനോടുള്ള വിവേചനത്തെ ബംഗാളി സ്വത്വത്തിന്റെ ആശയാടിത്തറയിൽ നിന്ന് അന്ന് അവാമി ലീഗുമായി ചേർന്ന് സ്വാതന്ത്ര്യസമരത്തെ നയിച്ചത് ഷെയ്ഖ് മുജീബ് റഹ്‌മാൻ ആയിരുന്നു. ഇന്ത്യയുടെയടക്കം സഹായത്തോടെ വിമോചന പോരാട്ടം ജയിച്ചാണ് മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് പിറവിയെടുക്കുന്നത്. യുദ്ധത്തിൽ പ്രതിസന്ധിയിലായ ബംഗ്ലാദേശിനെ പുനഃസൃഷ്ടിക്കാനുള്ള മുജീബ് റഹ്മാന്റെ ശ്രമങ്ങൾ പക്ഷെ പിന്നീട് വിജയം കണ്ടില്ല. ജനാധിപത്യത്തിന് വേണ്ടി പോരാടിയ മുജീബ് റഹ്‌മാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൗലികാവകാശങ്ങൾ റദ്ദാക്കുകയും കോടതികളുടെ അധികാരങ്ങൾ ഇല്ലാതാക്കുകയും ഭരണസമ്പ്രദായം പ്രസിഡൻഷ്യൽ രീതിയിലാക്കുകയും ചെയ്തു. 1975 ജനുവരിയിൽ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം രാജ്യം ദർശിച്ചത് സര്‍വാധിപത്യത്തിന്റെ തീവ്ര രൂപമായിരുന്നു. ബംഗ്ലാദേശിൽ അരാജകത്വം സൃഷ്ടിക്കാൻ തക്കം പാർത്തിരുന്ന സാമ്രാജ്യത്വവും പാകിസ്ഥാനും ഈയവസരത്തെ സമർത്ഥമായി ഉപയോഗിച്ചു. 1975 ഓഗസ്റ്റ് 15ന് മുജീബ് റഹ്മാന്റെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച് ജൂനിയർ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സായുധസംഘം വീട്ടിലേക്ക് ഇരച്ചുകയറി കൊലപ്പെടുത്തിയതിന് പിന്നിൽ ഈ രണ്ട് കൂട്ടരുടെയും കറുത്ത കരങ്ങൾ തന്നെയായിരുന്നു. 

മുജീബ് റഹ്മാന്റെ പുത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന 1996 ജൂൺ മുതൽ 2001 ജൂലൈ വരെയും 2009 ജനുവരി മുതൽ രാജിവയ്ക്കുന്നതുവരെയുമായി 20 വർഷക്കാലം ബംഗ്ലാദേശിന്റെ ഭരണാധികാരം വഹിച്ചു. ബംഗ്ലാദേശ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയും ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതയുമാണ് ഹസീന.
ഭരണ കാലയളവിൽ മുജീബ് റഹ്മാന്റെ നയങ്ങളെ പിന്തുടർന്നിരുന്ന അവർ പ്രതിപക്ഷ പാർട്ടികൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചും നേതാക്കളെ തുറുങ്കിലടച്ചുമുള്ള ജനാധിപത്യ വിരുദ്ധത മുഖമുദ്രയാക്കിയിരുന്നു. അന്താരാഷ്ട്ര സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച്, ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് കീഴിലെ നിർബന്ധിത പലായനം, നിയമവിരുദ്ധ കൊലപാതകങ്ങൾ എന്നിവയെ വിമർശിച്ചിരുന്നു. 2014 മുതലുള്ള മാധ്യമ സ്വാതന്ത്രത്തിലെ ഇടിവ് എടുത്തുകാണിച്ച് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍ 2021ലാണ് ബംഗ്ലാദേശ് മാധ്യമ നയങ്ങൾക്കെതിരെ പ്രതികരിച്ചത്. 2024ൽ വീണ്ടും അധികാരമുറപ്പിച്ച ഹസീനക്ക് പക്ഷെ മുജീബ് റഹ്മാൻ മുമ്പ് നേരിട്ടതിന് സമാനമായ അട്ടിമറിയിലൂടെ അധികാരത്തിൽ നിന്ന് പുറത്താവുകയും രാജ്യം വിടേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യുകയായിരുന്നു. ഹസീനയുടെ ഏകാധിപത്യ നയങ്ങൾക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും തീവ്രവാദപരമായ നിലപാടുകളുള്ള ഇസ്ലാമിക സംഘടനകളും നിരന്തരം സമരങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. അത്തരം സമരങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തുകയും പ്രക്ഷോഭകരോടും അവർ ഉയർത്തുന്ന ആവശ്യങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിക്കുകയുമായിരുന്നു അവർ. ബംഗ്ലാദേശിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും ഉയർത്തുന്ന പ്രധാനപ്പെട്ട ആക്ഷേപം 2014 മുതൽ നടന്ന തെരഞ്ഞെടുപ്പുകൾ നീതിപൂർവമായിരുന്നില്ല എന്നാണ്. 2024ൽ ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷകക്ഷികൾ പൂർണമായും ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായ ഒരു കാവല്‍ സര്‍ക്കാരിന് കീഴിൽ നടത്തണമെന്ന ആവശ്യം അവാമി ലീഗ് നിരസിക്കുകയും തെരഞ്ഞെടുപ്പ് സംവിധാനം അവരുടെ പൂർണ നിയന്ത്രണത്തിലാക്കുകയും ചെയ്തതിലുള്ള പ്രതിഷേധമാണ് വിട്ടുനിൽക്കാൻ അവരെ പ്രേരിപ്പിച്ചത്. 

1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കെടുത്ത സമരസേനാനികളുടെ കുടുംബങ്ങൾക്ക് 30% സർക്കാർ ജോലി സംവരണം ചെയ്യുന്ന വിവാദനയം പുനഃസ്ഥാപിക്കാൻ ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടതാണ് പ്രക്ഷോഭത്തെ കൂടുതൽ ആളിക്കത്തിച്ചത്. ബംഗ്ലാദേശിൽ ഏതാണ്ട് 1.8 കോടി ചെറുപ്പക്കാർ തൊഴിൽരഹിതരായുണ്ടെന്നാണ് കണക്ക്. ഇതിൽ തന്നെ കൂടുതൽ ബിരുദധാരികളിലാണ്. അവാമി പാർട്ടി പ്രവർത്തകർക്ക് തൊഴിൽ നൽകി ഭരണസംവിധാനത്തിൽ സ്വാധീനമുറപ്പിക്കാനുള്ള ഒളിയജണ്ടയാണ് ക്വാട്ട സമ്പ്രദായമെന്ന വിമർശനം വ്യാപകമായി. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളിൽ ഏറിയ പങ്കും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കാർ ആയിരുന്നു. സ്വാതന്ത്ര്യ സമര കാലയളവിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ സ്വാതന്ത്ര്യ സമര സേനാനികളെ ലക്ഷ്യം വച്ച് പാകിസ്ഥാൻ സായുധ സേന നടത്തിയ അതിക്രമങ്ങളെ പിന്തുണച്ചിരുന്ന ‘റസാക്കർ’മാരുടെ പിന്മുറക്കാരെന്ന് പ്രക്ഷോഭകാരികളെ ഹസീന ആക്ഷേപിച്ചത് രംഗം കൂടുതൽ പ്രക്ഷുബ്ധമാക്കി. ‘പോരാളികളുടെ ചെറുമക്കൾക്കല്ലാതെ പിന്നെ റസാക്കർമാരുടെ ചെറുമക്കൾക്കാണോ ആനുകൂല്യം ലഭിക്കേണ്ടത്? ’ എന്നായിരുന്നു അവർ ചോദിച്ചത്.
സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിനിടയിൽ ഷെയ്ഖ് ഹസീനയുടെ പതനവും തുടർന്നുള്ള വധശിക്ഷ വിധിയും ബംഗ്ലാദേശിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്. ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസിന്റെ നയങ്ങളും അടുത്ത നീക്കങ്ങളും ജനാധിപത്യത്തെ എത്രമാത്രം പുനഃസ്ഥാപിക്കും എന്നതാണ് നിലവിൽ ലോകം ഉറ്റു നോക്കുന്നത്!
മുകളിൽ സൂചിപ്പിച്ചത് പോലെ ബംഗ്ലാദേശി വിമോചന പോരാട്ടകാലത്ത് പാകിസ്ഥാൻ സൈന്യവുമായി ചേർന്ന് കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമിയും അവരുടെ സായുധവിദ്യാർത്ഥി വിഭാഗമായ ഛത്ര ഷിബറുമെല്ലാമായിരുന്നു ഭരണ വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നതെന്ന് ഓർക്കണം. മുഹമ്മദ് യൂനസ് മുമ്പ് രൂപീകരിച്ച ഭരണ സംബന്ധമായുള്ള ഉപദേശക സമിതിയിൽ ജമാഅത്തെ ഇസ്ലാമിയുടെ രണ്ട് അനുഭാവികൾ കയറിക്കൂടിയത് കാണാതിരിക്കാനാവില്ല. രാജ്യങ്ങൾ കീഴടക്കി അവിടെ അധിനിവേശം സ്ഥാപിക്കുന്ന കൊളോണിയലിസത്തിൽ നിന്ന് വിഭിന്നമായി ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് അത് വഴിയുള്ള നിയന്ത്രണാധികാരമെന്ന സാമ്രാജ്യത്വ തന്ത്രവും ബംഗ്ലാദേശ് വിഷയത്തിൽ നാം ഭയക്കേണ്ടതുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.