22 January 2026, Thursday

എസ്ഐആർ: സർവാധികാരം സ്ഥാപിക്കാനുള്ള ഒളിയജണ്ട

ടി കെ മുസ്തഫ
November 8, 2025 4:40 am

രണഘടനാനുസൃതമായി നിലനിൽക്കുന്ന പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അടിവേരറുത്ത് രാജ്യവ്യാപകമായി നടപ്പാക്കുന്ന തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) പ്രക്രിയയിലൂടെ കേന്ദ്രത്തിന്റെ സർവാധികാരം സ്ഥാപിക്കാനുള്ള ഒളിയജണ്ടയാണ് പുറത്തുവരുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കേണ്ടതെന്നിരിക്കെ 2002–2004 ഘട്ടത്തിലെ പട്ടിക അടിസ്ഥാനമാക്കിയുള്ള തീവ്ര പരിഷ്കരണത്തിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെത്തന്നെ പാടെ അട്ടിമറിക്കുന്ന സമീപനം സ്വീകരിക്കുകയാണ് കേന്ദ്രം. ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാൻ നിക്കോബാർ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലും എസ്ഐആർ നടപ്പാക്കുന്നത്. ഇതുപ്രകാരം 1987ന് മുമ്പ് ജനിച്ച് 2002ലെ എസ്ഐആറിൽ പേരില്ലാത്ത വ്യക്തികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച 12 രേഖകളിൽ ഏതെങ്കിലുമൊന്ന് സമർപ്പിക്കേണ്ടതായി വരും.

1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ച പട്ടികയിൽ പേരുൾപ്പെട്ടിട്ടില്ലാത്തവർ രേഖകൾക്കുപുറമെ രക്ഷിതാക്കളിൽ ഒരാളുടെ സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ടെന്നും വ്യവസ്ഥ ചെയ്യുന്നു. 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവരാണെങ്കിൽ ഇതേ സർട്ടിഫിക്കറ്റുകൾക്ക് പുറമെ മാതാപിതാക്കളിൽ രണ്ടുപേരുടെയും സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേണ്ടിവരും. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധൃതിപിടിച്ച് തീവ്ര വോട്ടർപട്ടിക പരിശോധനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാവുകയും അനന്തരം ദശലക്ഷക്കണക്കിന് ആളുകൾ വോട്ടർപട്ടികയിൽനിന്ന് പുറത്താവുകയും ചെയ്തത് ഇത്തരത്തിൽ ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമായ അപ്രായോഗിക പരിഷ്കാരങ്ങളുടെ അനന്തര ഫലമായിരുന്നു. 2025 ജൂൺ 24ന് ബിഹാറിലെ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കുകയും പ്രത്യേക തീവ്ര പുനരവലോകനത്തിന് (എസ്ഐആർ) നോട്ടീസ് നൽകുകയും ചെയ്തു. 7.9 കോടി പേരായിരുന്നു ബിഹാർ വോട്ടർപട്ടികയിൽ മുമ്പുണ്ടായിരുന്നതെങ്കിൽ എസ്ഐആർ കഴിഞ്ഞപ്പോൾ 7.24 കോടിയായി കുറയുകയായിരുന്നുവെന്ന് കാണാൻ കഴിയും. ആധാറും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ തിരിച്ചറിയൽ കാർഡു പോലും രേഖകളായി സ്വീകരിക്കില്ലെന്ന വിചിത്ര നിലപാടിനെ തുടർന്നാണ് ജനാധിപത്യത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്പിക്കുന്ന വിധത്തിൽ നിരവധി പേർക്ക് സമ്മതിദാനാവകാശം നഷ്ടമായത്. പൗരത്വ നിയമം നടപ്പാക്കുന്നതിന്റെ മുന്നോടിയായി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്നപേരിലാണ് അസമിൽ 2015–2019 കാലയളവിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻആര്‍സി) തയ്യാറാക്കിയത്. 

ഇതിന്റെ ഭാഗമായി 1971 മാർച്ച് 24ന് മുമ്പ് താനോ തന്റെ പൂർവികരോ അസമിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ ഓരോ വ്യക്തിയും നിർബന്ധിതരാവുകയുണ്ടായി. 1971നു മുമ്പുള്ള രേഖകൾ സംഘടിപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണെന്നതിനാൽ ലക്ഷക്കണക്കിനാളുകൾക്കാണ് തൽഫലമായി പൗരത്വം നഷ്ടപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ യഥാർത്ഥ പൗരന്മാരെ വിദേശികളും അനധികൃത കുടിയേറ്റക്കാരുമായി അവതരിപ്പിച്ച് അവരെ അപരവല്‍ക്കരിക്കാൻ നടത്തിയ ശ്രമത്തിന്റെ പുതിയ പതിപ്പാണ് ജനാധിപത്യ അട്ടിമറിയിലൂടെ വോട്ടവകാശം നിഷേധിച്ച് അവരെ പുറന്തള്ളുന്നതിലൂടെ കാണാൻ കഴിയുന്നത്. പ്രകൃതിക്ഷോഭം, നിർബന്ധിത കുടിയിറക്കൽ മുതലായവ നിമിത്തം അനേകമാളുകൾ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറിപ്പോകാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ അവരുടെ പ്രധാന രേഖകൾ പലതും നഷ്ടപ്പെട്ടതിന്റെ ഫലമായി അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയ വേളയിൽ ഹാജരാക്കാൻ കഴിയാതെ വന്നത് പോലെയുള്ള സാഹചര്യം കടന്ന് വരികയും തൽഫലമായി വോട്ടർപട്ടികയിൽ നിന്ന് പുറന്തള്ളപ്പെടുക മാത്രമല്ല അനധികൃത കുടിയേറ്റക്കാരും പൗരന്മാരല്ലാത്തവരുമായി രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നുവെന്ന അപകടത്തെ കാണാതെ പോകരുത്. മാത്രമല്ല വോട്ട് രേഖപ്പെടുത്താൻ ഒരു പൗരന് തന്റെ പൗരത്വം തെളിയിക്കേണ്ടി വരികയെന്ന് പറയുമ്പോൾ തെരഞ്ഞെടുപ്പുകളുടെ ആധികാരികതയെയാണ് സംശയനിഴലിൽ നിർത്തുന്നത്. ബിഹാറിൽ തീവ്ര വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുടെ തുടക്കത്തിൽ ചീഫ് ഇലക്ടറൽ ഓഫിസർ നിർബന്ധിത രേഖകൾ ഇല്ലാത്ത വോട്ടർമാരോട് അനുഭാവ പൂർവമായ സമീപനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)മാർക്ക് എൻറോൾമെന്റ് ഫോമുകൾ സമർപ്പിക്കാമെന്നും രേഖകൾ പിന്നീട് നൽകിയാൽ മതിയെന്നും, അല്ലെങ്കിൽ നിർബന്ധിത രേഖകളില്ലാതെതന്നെ പ്രാദേശിക തലത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ നടത്തുന്ന പരിശോധനകളിലൂടെ വോട്ടുറപ്പിക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് രേഖകൾ സമർപ്പിക്കുന്നത് 2025 ജൂലൈ 25നകം പൂർത്തിയാക്കണമെന്നുള്ള മുൻ ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും, അല്ലാത്തവർക്ക് 2025 ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാൻ സമയം നൽകുമെന്നുമാണ് അറിയിച്ചത്.

ഇനി കേരളത്തിലേക്ക് വന്നാൽ 2023ലെ കണക്കനുസരിച്ച് 22.5 ലക്ഷത്തിലധികം കേരളീയരായ പ്രവാസികളാണുള്ളത്. എന്നാൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം ഇതിൽ 90,051 പേർ മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. ശേഷിക്കുന്ന 21 ലക്ഷത്തിലധികം പേർ ഇപ്പോഴും വോട്ടർ പട്ടികയിൽ ഇടം നേടാതെ പുറത്താണ്. നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് ഓൺലൈനായി രേഖകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും ബിഎൽഒ അവരുടെ വീട്ടിൽ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം നൽകാനാകൂ എന്നതാണ് വ്യവസ്ഥ. ഇനി വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികളെ സംബന്ധിച്ച് ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ അംഗീകൃത രേഖകൾ പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാക്കേണ്ടതുമുണ്ട്. 

സംസ്ഥാനത്ത് എസ്ഐആർ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച മൂന്ന് മാസത്തെ സമയപരിധിക്കുള്ളിൽ രേഖകൾ നൽകി വോട്ടവകാശം ഉറപ്പാക്കാൻ ഭൂരിഭാഗം പ്രവാസികൾക്കും കഴിയില്ലെന്നിരിക്കെ അവരെല്ലാം പട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണ് ഉടലെടുക്കുക. ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ വൈവിധ്യ സ്വഭാവത്തെ ഇല്ലാതാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പഴുതുകൾ മുതലെടുത്തു കൊണ്ടാണ് ഏകാധിപതികൾ എക്കാലവും അധികാരം പിടിച്ചെടുത്തിട്ടുള്ളത് എന്ന് കാണാൻ കഴിയും. 2020 ഡിസംബർ 20ന് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെ‘ന്ന ബിജെപി മുദ്രാവാക്യത്തിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച 25 വെബിനാറുകളിലൊന്നിൽ പങ്കെടുത്ത് കൊണ്ട് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള യുക്തമായ ഒരു മാർഗമാണെന്നും എന്നാൽ ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പുകൾ കാണിക്കുന്നത് ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെ തെരഞ്ഞെടുപ്പായി മാറിയിരിക്കുന്നുവെന്നതിനാൽ ഭരണമെന്നത് പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് പ്രസ്താവിച്ചത് യാദൃച്ഛികമല്ല. ഭരണഘടനയുടെ 324–ാം അനുഛേദം അനുസരിച്ച് രൂപീകരിക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷനെ അധികാരത്തിൽ വന്നതിനുശേഷം പാർലമെന്ററി ജനാധിപത്യ സംവിധാനത്തിലെ പഴുതുകൾ ചൂഷണം ചെയ്ത് കൊണ്ട് തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന സംവിധാനമാക്കി പരിവർത്തിപ്പിക്കുകയാണ് മോഡി സർക്കാർ. നേരത്തെ, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന ഒരു സെലക്ഷൻ പാനലായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതിനുള്ള ശുപാർശ നൽകേണ്ടതെന്നിരിക്കെ 2023ലെ ഒരു നിയമനിർമ്മാണത്തിലൂടെ നിലവിൽ ചീഫ് ഇലക്ഷൻ കമ്മിഷണറെയും മറ്റ് കമ്മിഷണർമാരെയും പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയുമടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നിയമിക്കുന്നത്. അതായത് മൂന്നംഗ സമിതിയിൽ പ്രതിപക്ഷ നേതാവിനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കേന്ദ്രമന്ത്രിയും ചേർന്നാൽ ഭൂരിപക്ഷമാകുമെന്നതിനാൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കാം. 

2012ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും നിയമമന്ത്രിയും ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷനേതാക്കളും ഉൾപ്പെടെ അഞ്ചംഗ സമിതിയായിരിക്കണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷൻ അംഗങ്ങളെയും നിശ്ചയിക്കേണ്ടത് എന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത് എന്ന് നമുക്കറിയാം. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഭരണകൂടം ഉദ്യോഗസ്ഥരുമായി ചേർന്ന് വോട്ടർപട്ടികയിൽനിന്ന് ഇതര പാർട്ടി പ്രവർത്തകരെ അന്യായമായി പുറം തള്ളിയതിന്നെതിരായുള്ള വ്യാപക പരാതികളോട് പലപ്പോഴും മുഖംതിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും വിശ്വാസ്യതയെയും നിരാകരിക്കുകയും നഗ്നമായ ജനാധിപത്യ ധ്വംസനത്തിന് കളമൊരുക്കുന്നതുമായ എസ്ഐആറിന്നെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.