
കർണാടകയിൽ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലെ അധികാര പോരാട്ടം അവസാനിക്കുന്നില്ല. നിലവിൽ നേതൃമാറ്റമില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യയുടെ ഏറ്റവും പുതിയ അവകാശവാദം. എന്നാല്‍ യതീന്ദ്രയുടെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കസേരയെക്കുറിച്ച് അഭിപ്രായ വ്യത്യാസമില്ലെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെങ്കിലും ഏത് സംസ്ഥാനത്തും ഏത് നേതൃമാറ്റം തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസ് ഹൈക്കമാൻഡിനാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സമ്മർദം ചെലുത്തുമ്പോൾ, പാർട്ടി ആദ്യം നേതൃത്വത്തെ തീരുമാനിക്കണമെന്ന് ഡി കെ ശിവകുമാർ ആഗ്രഹിക്കുന്നു. ഹൈക്കമാന്‍ഡ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകിയാൽ, സിദ്ധരാമയ്യ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. ഇത് ശിവകുമാറിന് പദവിയിൽ എത്താനുള്ള സാധ്യത കുറയ്ക്കും. അതിനിടെ ഹൈക്കമാൻഡിന്റെ ഉച്ചഭക്ഷണ പരിപാടിയിൽ നിന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സോണിയാ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ നിന്നാണ് സിദ്ധരാമയ്യ വിട്ടുനിന്നത്. അതേസമയം കര്‍ണാടക പിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പങ്കെടുക്കുകയും ചെയ്തു.
2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ വോട്ടർമാരെ ആകർഷിക്കാനുള്ള പുതിയ തന്ത്രവുമായി മുഖ്യമന്ത്രി മമത ബാനർജി. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്താൽ അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ച് പോരാടാനാണ് മമതയുടെ ആഹ്വാനം. കൃഷ്ണനഗറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് “തെരഞ്ഞെടുപ്പ് സമയത്ത് അവർ ഡൽഹിയിൽ നിന്ന് പോലീസിനെ കൊണ്ടുവന്ന് അമ്മമാരെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തും. അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ പേരുകൾ വെട്ടിക്കളഞ്ഞാൽ, നിങ്ങളുടെ കെെവശം ഉപകരണങ്ങൾ ഉണ്ട്, പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ. നിങ്ങൾക്ക് ശക്തിയുണ്ടല്ലോ അല്ലേ? നിങ്ങളുടെ പേരുകൾ വെട്ടിക്കളഞ്ഞാൽ അത് പാസാക്കാൻ അനുവദിക്കരുത്. സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവരുടെ പിന്നിലുണ്ടാകും” മമത ബാനർജി പറഞ്ഞു. എസ്ഐആര്‍ പ്രക്രിയ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഝാർഖണ്ഡ് മുക്തി മോർച്ച മേധാവിയും മുഖ്യമന്ത്രിയുമായ ഹേമന്ത് സൊരേൻ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് ബിജെപിയിലേക്ക് നീങ്ങുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഡൽഹിയിൽ മുതിർന്ന ബിജെപി നേതാവുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം. എന്നാല്‍ ജെഎംഎമ്മിന് അതിന്റെ സഖ്യകക്ഷികളിൽ നിന്ന് മാറി, ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പ്രധാനമായും അതിന്റെ പ്രധാന വോട്ട് അടിത്തറ തന്നെയാണ് കാരണം. സംസ്ഥാനത്തെ വോട്ടർമാരിൽ നിർണായകമായ മുസ്ലിങ്ങളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും പാർട്ടിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. 81 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ഇന്ത്യ സഖ്യത്തിന് 56 അംഗങ്ങളുടെ പിന്തുണയാണുള്ളത്. സൊരേന്റെ ഝാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് 34 സീറ്റുകളുണ്ട്. സഖ്യകക്ഷികളിൽ കോൺഗ്രസിന് 16 ഉം രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ട് എംഎൽഎമാരുമുണ്ട്. എന്നാല്‍ തനിക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളെക്കുറിച്ച് ഹേമന്ത് സൊരേൻ ആശങ്കാകുലനായിരിക്കാമെന്നും, കേന്ദ്രസർക്കാരുമായി മികച്ച ബന്ധം പ്രതീക്ഷിക്കുന്നുണ്ടെന്നും, സ്വന്തം നിലനില്പിന് മുൻഗണന നൽകുന്ന പുതിയ രാഷ്ട്രീയ സഖ്യത്തിനായി അദ്ദേഹം ശ്രമിക്കുകയാണെന്നുമാണ് ഝാർഖണ്ഡിലെ രാഷ്ട്രീയ വൃത്തങ്ങളിലെ അണിയറ സംസാരം.
തെരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതം കാട്ടുന്നതായി ആരോപിച്ച്, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ പ്രതിപക്ഷം, ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം ശക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുടെ കൊളീജിയത്തിന് പകരം, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ചീഫ് ജസ്റ്റിസ്, രണ്ട് പ്രതിപക്ഷ നേതാക്കള്‍ എന്നിവരുൾപ്പെടുന്ന അഞ്ചംഗ സമിതിയായി വികസിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലോക്‌സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു: “രാജ്യസഭയിലെ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന ഈ പാനലിലേക്ക് രണ്ട് അംഗങ്ങളെ കൂടി ചേർക്കണമെന്നാണ് എന്റെ നിർദേശം. അത്തരമൊരു കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനെ (ഇസി) കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും.” കോൺഗ്രസ്, സമാജ്‌വാദി പാർട്ടി (എസ്‌പി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് നേരിട്ടുള്ള പണ ആനുകൂല്യങ്ങൾ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ ഖണ്ഡിച്ചുകൊണ്ട്, ബൂത്ത് പിടിച്ചെടുക്കലിന്റെ കാലത്തേക്ക് മടങ്ങുക എന്നതാണ് അതിനര്‍ത്ഥമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം സാധൂകരിക്കുന്ന കുറഞ്ഞത് രണ്ട് ഡസനോളം സുപ്രീം കോടതി, ഹൈക്കോടതി വിധികൾ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദർ സിങ് രാജ വാറിംഗ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള ഭൂപേഷ് ബാഗേലുമായി ചര്‍ച്ച നടത്തി. പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സസ്പെൻഷനിലായ നവജ്യോത് കൗർ സിദ്ധുവിന്റെ പരാമർശങ്ങളെത്തുടർന്നുണ്ടായ സ്ഥിതിഗതികൾ വിശദീകരിക്കുകയും ചെയ്തു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആഭ്യന്തര തർക്കങ്ങളും വിവാദങ്ങളും പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ബാഗേൽ, എല്ലാ നേതാക്കളും അച്ചടക്കം പാലിക്കണമെന്ന് വാറിംഗിനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.“500 കോടി രൂപയുടെ സ്യൂട്ട്കേസ് നൽകുന്നയാൾ മുഖ്യമന്ത്രിയാകും” എന്ന് ഏതാനും നാള്‍ മുമ്പ് നവജ്യോത് കൗർ പറഞ്ഞിരുന്നു. പിന്നീട് ഈ അഭിപ്രായം വളച്ചൊടിക്കപ്പെട്ടതാണ് എന്ന് അവർ വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി പഞ്ചാബ് കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായും മറ്റ് മുതിർന്ന നേതാക്കളുമായും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു യോഗം വിളിച്ചിരുന്നു.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.