18 October 2024, Friday
KSFE Galaxy Chits Banner 2

പട്ടിണി: കേന്ദ്രത്തിന്റെ പൊളിയുന്ന നുണകൾ

അജിത് കുമാര്‍ കെ
October 18, 2024 4:45 am

കുടിയേറ്റത്തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ നാലിന് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകിയ സുപ്രീം കോടതിയുടെ പരാമർശങ്ങളിലൊന്നായിരുന്നു വിശക്കുന്നവർക്ക് കാത്തിരിക്കാനാവില്ല എന്നത്. എട്ടു കോടിയോളം വരുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകുന്ന കാര്യത്തിൽ 2024 നവംബർ 19-നകം തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് 2020 മാർച്ചിൽ പ്രധാനമന്ത്രി പൊടുന്നനെ പ്രഖ്യാപിച്ച അടച്ചുപൂട്ടലിനെ തുടർന്ന് വിവിധ മേഖലകളിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങളും ദുരിതങ്ങളും വാർത്തകളായപ്പോൾ ആ വർഷം മേയ് 26ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തെരുവോരങ്ങളിലും താമസസ്ഥലങ്ങളിലും കുടുങ്ങി ഭക്ഷണവും ആശ്രയവുമില്ലാതായിപ്പോയ കോടിക്കണക്കിന് പേർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ കേസ്. ഇതിന്റെ അടിസ്ഥാനത്തിൽ ദുരിതബാധിതരായ കുടിയേറ്റത്തൊഴിലാളികൾക്ക് മതിയായ ക്രമീകരണങ്ങളും ഭക്ഷണവും പാർപ്പിടവും സൗജന്യമായി നൽകാൻ മൂന്നംഗ ബെഞ്ച് നിർദേശിക്കുകയും എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് നൽകുകയും ചെയ്തു. 

ഈ കേസിൽ 2021 ജൂൺ 29നാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം ആർ ഷാ എന്നിവരുടെ ഡിവിഷൻ ബെഞ്ച്, ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം അടിവരയിടുകയും ഓരോ മനുഷ്യനും അന്തസുള്ള ജീവിതം നയിക്കുക, ദരിദ്രരായ ആളുകൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നിവ എല്ലാ സർക്കാരുകളുടെയും ബാധ്യതയാണെന്നും വിധിക്കുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിയേറ്റത്തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകണമെന്ന് നിർദേശിച്ചത്. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ വലിയ പുരോഗതിയുണ്ടായില്ലെന്നതിനാൽ വീണ്ടും കേസ് പരിഗണിച്ച പരമോന്നത കോടതി കഴിഞ്ഞ ഒക്ടോബർ നാലിന് വീണ്ടും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് വിശക്കുന്നവർക്ക് കാത്തിരിക്കാനാവില്ല എന്ന പരാമർശമുണ്ടായത്. രാജ്യം ലോകത്തെ വൻ സാമ്പത്തിക ശക്തിയായി മാറുന്നുവെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എട്ടുകോടി വരുന്ന ജനവിഭാഗങ്ങളുടെ പട്ടിണിയെയും ദുരിതങ്ങളെയും കുറിച്ച് സുപ്രീം കോടതി ഉൽക്കണ്ഠപ്പെടുന്നതെന്ന വൈരുദ്ധ്യമുണ്ട്. ഇതേസമയത്താണ് രാജ്യത്ത് മൊത്ത — ചില്ലറ പണപ്പെരുപ്പം വർധിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടും സാർവദേശീയ പട്ടണി സൂചികയും പുറത്തുവന്നിരിക്കുന്നത് എന്നത് യാദൃച്ഛികമാണ്. സെപ്റ്റംബർ മാസത്തിൽ മൊത്തവില പണപ്പെരുപ്പത്തിന്റെ തോത് 1.84 ശതമാനവും ചില്ലറവില പണപ്പെരുപ്പം 5.49 ശതമാനമായും വർധിച്ചെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റിൽ 3.65 ശതമാനമായിരുന്ന ചില്ലറ വില പണപ്പെരുപ്പമാണ് 5.49 ശതമാനത്തിലേയ്ക്ക് ഉയർന്നത്. ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2023 ഡിസംബറിൽ 5.69 ശതമാനമായിരുന്നതാണ് ഇതിന് മുമ്പത്തെ ഉയർന്ന നിരക്ക്. ഇതിനർത്ഥം ഭക്ഷ്യവിലയിൽ വൻ വർധനയുണ്ടായെന്നുതന്നെയാണ്. അതാകട്ടെ രാജ്യത്തെ സാധാരണക്കാരെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. 

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഓഗസ്റ്റിൽ 3.26 ശതമാനമായിരുന്നത് സെപ്റ്റംബറിൽ 9.5 ശതമാനമായാണ് വർധിച്ചത്. പച്ചക്കറി വില ഓഗസ്റ്റിൽ 38.7 ശതമാനമായിരുന്നത് സെപ്റ്റംബറിൽ 48.7 ആയി. ധാന്യവില പണപ്പെരുപ്പം കഴിഞ്ഞ വർഷം ഇതേകാലയളവിൽ 8.1 ആയിരുന്നത് ഇപ്പോൾ 8.4 ശതമാനമായി. തക്കാളി, ഉരുളക്കിഴങ്ങ്, സവാള എന്നിവയുടെ വിലയും വൻതോതിൽ വർധിച്ചു. ഉള്ളിക്ക് 78.82, ഉരുളക്കിഴങ്ങിന് 78.13 ശതമാനം വീതമാണ് വിലക്കയറ്റം രേഖപ്പെടുത്തിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിലുള്ളത്. വെജിറ്റേറിയൻ ഉച്ചഭക്ഷണത്തിന് കഴിഞ്ഞ മാസം 11ശതമാനം വില കൂടിയെന്ന് വിവിധ സാമ്പത്തിക ഏജൻസികളും വെളിപ്പെടുത്തുന്നുണ്ട്. ഭക്ഷ്യവിലപ്പെരുപ്പം അളക്കുന്ന ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്‌പി‌ഐ) സെപ്റ്റംബറിൽ 9.24 ശതമാനമാണ്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പണപ്പെരുപ്പ നിരക്ക് യഥാക്രമം 9.08,9.56 ശതമാനമാണ്. എല്ലാമേഖലയിലും പണപ്പെരുപ്പ തോത് ഉയർന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഭവന പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 2.66ൽ നിന്ന് 2.78 ശതമാനമായി. ഇലക്ട്രിസിറ്റി സൂചിക 162.5 ഉം പണപ്പെരുപ്പ നിരക്ക് 5.45 ശതമാനവുമാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഭക്ഷ്യവിലപ്പെരുപ്പം ഓഗസ്റ്റിലെ വെറും 3.11 ശതമാനത്തിൽ നിന്ന് 11.53 ശതമാനമായാണ് ഉയർന്നിരിക്കുന്നത്.
ജനജീവിതം ദുരിതമയമാക്കുന്ന വിലക്കയറ്റം യാഥാർത്ഥ്യമാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം തന്നെയാണ് കേന്ദ്രം ഒരിക്കലും അംഗീകരിക്കുവാൻ തയാറായിട്ടില്ലാത്ത ആഗോള പട്ടിണി സൂചികയും പുറത്തുവന്നത്. ആഗോള തലത്തിലും ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന സർവേകളിലെ കണ്ടെത്തലുകളാണ് വിവിധ സൂചികകൾ തയാറാക്കുന്നതിന് ആധാരമാക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്താറുള്ളത്. ഇത്തവണ ഇന്ത്യ 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. എന്നുമാത്രമല്ല വിവിധ വിഭാഗങ്ങളെ തരംതിരിച്ചതിൽ ‘ഗുരുതര’ വിഭാഗത്തിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്കൊപ്പം 41 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയും ഇതേ വിഭാഗത്തിലാണ്. മറ്റ് അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ട ‘മിതമായ’ വിഭാഗത്തിലാണുള്ളത്. 2023ൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111-ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. 

2021ൽ 116 രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക അനുസരിച്ച് ഇന്ത്യയ്ക്ക് 101-ാം സ്ഥാനമായിരുന്നു. അതിന് മുൻവർഷം 94ൽ ആയിരുന്നതാണ് 101ലേയ്ക്ക് താഴ്ന്നത്. അന്ന് പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലായിരുന്നു. ഐറിഷ് സഹായ ഏജൻസിയായ കൺസേൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫെയും ചേർന്ന് തയ്യാറാക്കിയതാണ് 2021ലെ റിപ്പോർട്ട്. അടുത്തവർഷത്തെ റിപ്പോർട്ട് പ്രകാരം ഇന്ത്യ ബംഗ്ലാദേശ്, പാകിസ്ഥാൻ, സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക എന്നിവരെക്കാൾ പിന്നിൽ 107-ാം സ്ഥാനത്താണ് കണക്കാക്കപ്പെട്ടത്.
എന്നാൽ തങ്ങൾക്ക് അനുഗുണമല്ലെങ്കിൽ അതിന്റെ വിശ്വാസ്യതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താനാണ് ബിജെപി സർക്കാർ ശ്രമിക്കാറുള്ളത്. 2021ലും 2022ലുമൊക്കെ അങ്ങനെ തന്നെയാണ് ചെയ്തത്. അയൽരാജ്യങ്ങളെക്കാൾ മോശം റാങ്ക് ലഭിച്ചതിന് പിന്നാലെയാണ് ആഗോള പട്ടിണി സൂചിക തള്ളുന്ന സമീപനം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. തെറ്റായ വിവരങ്ങളാണ് സൂചികയുടെ മുഖമുദ്രയെന്ന് വിമർശിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിനെയും അവർ അംഗീകരിക്കണമെന്നില്ല.
എന്നുമാത്രമല്ല ഇത്തരം സാർവദേശീയ റിപ്പോർട്ടുകളെ മറികടക്കുന്നതിന് സ്വന്തമായി സർവേ നടത്തുന്നതിന് തീരുമാനിച്ച വിവരവും പുറത്തുവന്നിരുന്നു. ഇത്തരം ഏജൻസികളെ സംബന്ധിച്ച് ചില ദേശീയ മാധ്യമങ്ങൾ അന്വേഷിച്ചപ്പോൾ പട്നയിലും ലഖ്നൗവിലും ബിജെപിക്കാരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളെയാണ് ഇതിനായി ചമതലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. മാത്രവുമല്ല ഈ സ്ഥാപനങ്ങൾക്കാകട്ടെ ഇതുസംബന്ധിച്ച് യാതൊരു മുൻപരിചയവുമില്ലെന്നും വെളിപ്പെടുകയുണ്ടായി.
രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും പട്ടിണി അഭിമുഖീകരിക്കുന്നുവെന്നാണ് എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത്. രൂക്ഷമായ വിലക്കയറ്റവും രാജ്യത്ത് യാഥാർത്ഥ്യമാണെന്ന് ചില്ലറ‑മൊത്തവില പണപ്പെരുപ്പക്കണക്കുകളും തെളിയിക്കുന്നു. സാധിക്കുന്നവർക്ക് പോലും ഭക്ഷ്യവസ്തുക്കൾ അപ്രാപ്യമാക്കുകയോ മതിയായ അളവിൽ ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ടാക്കുകയോ ചെയ്യുന്നു. ഇവിടെയാണ് കുടിയേറ്റത്തൊഴിലാളികളെ പൗരന്മാരായി പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശവും പ്രസക്തമാകുന്നത്. അതോടൊപ്പം വിശക്കുന്നവർക്ക് കാത്തിരിക്കാനാവില്ലെന്ന പൊള്ളുന്ന യാഥാർത്ഥ്യം പരമോന്നത കോടതിക്കുപോലും വിളിച്ചുപറയേണ്ടി വരുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ‌ക്കുറിച്ചുള്ള അവകാശവാദങ്ങൾ പൊള്ളയാണെന്ന് അടിവരയിടുകയും ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.