8 December 2025, Monday

കോർപറേറ്റ് വാഴ്ചയ്ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക

ടി ജെ ആഞ്ചലോസ് 
(എഐടിയുസി സംസ്ഥാന പ്രസിഡന്റ് )
October 31, 2025 4:42 am

”ഇന്ത്യൻ തൊഴിലാളി വർഗം വർഗബോധത്തോടെയുള്ള രാഷ്ട്രീയ ബഹുജന മുന്നേറ്റത്തിന് സജ്ജരായി കഴിഞ്ഞു”. മഹാനായ ലെനിൻ 1908ൽ നടന്ന ബോംബെയിലെ തൊഴിലാളി പണിമുടക്കിനെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. ലോകമാന്യ തിലകനെ അറസ്റ്റ് ചെയ്ത് ആറ് വർഷത്തെ തടവ് വിധിച്ച ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ബോംബെയിലെ തൊഴിലാളികൾ ആറ് ദിവസക്കാലമാണ് പണിമുടക്കിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നിമിഷം മഹാനായ ലെനിൻ നടത്തിയ പ്രഖ്യാപനമാണ് മുകളിൽ സൂചിപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം വിലക്കയറ്റം രൂക്ഷമായി. കൂലി വൻതോതിൽ കുറഞ്ഞു. 1917ലെ റഷ്യൻ വിപ്ലവം ലോകത്താകമാനം ഉണ്ടാക്കിയ പ്രതികരണം വലുതായിരുന്നു. അടിമകളെ പോലെ പണിയെടുത്ത ഇന്ത്യൻ തൊഴിലാളികളിൽ ഈ വിപ്ലവം ഉണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല. 1918ൽ തുണിമിൽ തൊഴിലാളികൾ ബോംബെയിൽ നടത്തിയ പണിമുടക്ക് ശ്രദ്ധേയമായി. 1919ൽ അവർ നടത്തിയ പണിമുടക്കിൽ അണിനിരന്നത് 1,25,000 പേരായിരുന്നു. 1920ൽ 92 പണിമുടക്കുകൾ നടന്നപ്പോൾ 61 എണ്ണവും വിജയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രേഡ് യൂണിയനുകൾ രൂപംകൊണ്ടു. തുടർന്ന് നടന്ന കൂടിയാലോചനകളുടെ ഫലമായിട്ടാണ് 1920 ഒക്ടോബർ 31ന് ബോംബെയിൽ വച്ച് എഐടിയുസി രൂപീകരിക്കുന്നത്.
രൂപീകരണ സമ്മേളനത്തിൽ വെച്ച് ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ലാല ലജ്പത് റോയി പറഞ്ഞു. ”സംഘടിക്കുക, സമരം ചെയ്യുക, ബോധവൽക്കരിക്കുക, ഇതാണ് ഇന്നത്തെ നമ്മുടെ കടമ”. സ്വാതന്ത്ര്യ സമരത്തിൽ ലാലാ ലജ്പത് റായ് തിളങ്ങുന്ന നക്ഷത്രമാണ്. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട ധീരനാണ് അദ്ദേഹം. ഭരണഘടനാ പരിഷ്കാരങ്ങൾ സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ നിയമിച്ച സൈമൺ കമ്മീഷനെതിരെ വൻപ്രക്ഷോഭം നടന്ന നാളുകൾ. ഈ പ്രതിഷേധം നയിച്ച ലാല ലജ്പത് റായ് ക്രൂര മർദനത്തിന് ഇരയായി. 1928 നവംബർ 17ന് അദ്ദേഹം രക്തസാക്ഷിയായി. ഇതിന് പ്രതികാരം ചെയ്യുവാൻ ഭഗത്‌സിങ്ങും കൂട്ടരും തീരുമാനിച്ചു. മർദക വീരനായ ജോൺ സോണ്ടേഴ്സിനെ 1928 ഡിസംബർ 17ന് ലാഹോറിൽ വച്ച് ഭഗത് സിങ്ങും രാജ ഗുരുവും, സുഖദേവും ചേർന്ന് കൊലപ്പെടുത്തി.
1947ൽ ബ്രിട്ടിഷുകാർ ഇന്ത്യ വിടുന്നതിലേക്ക് നയിച്ച സമരങ്ങളിൽ തൊഴിലാളി വർഗത്തെ അണിനിരത്തിയത് എഐടിയുസിയാണ്. സാമ്പത്തിക ആവശ്യങ്ങളേക്കാളുപരി ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അണിനിരക്കുവാൻ അന്നത്തെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിഞ്ഞിരുന്നു.
ജവഹർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, വി വി ഗിരി, എൻ എം ജോഷി, എസ് എ ഡാങ്കെ, ചതുരനൻ മിശ്ര, ഇന്ദ്രജിത് ഗുപ്ത, എ ബി ബർദൻ, എം എസ് കൃഷ്ണ, ജെ ചിത്തരഞ്ജൻ ഗുരുദാസ് ദാസ് ഗുപ്ത തുടങ്ങിയവരാണ് ഏറെനാൾ എഐടിയുസിയെ നയിച്ചവരിൽ ചിലർ. ഈ പേരുകൾ ശ്രദ്ധിച്ചാൽ തന്നെ ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മഹത്വം ബോധ്യപ്പെടും.
സ്വാതന്ത്ര്യ സമര നാളുകളിലും പിന്നീടും രാജ്യത്ത് രൂപംകൊണ്ട ഒട്ടനേകം തൊഴിലാളി പക്ഷ നിയമങ്ങളിൽ എഐടിയുസിയുടെ പങ്ക് വലുതാണ്. തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച സർക്കാരുകൾക്കെതിരെയുള്ള എഐടിയുസി പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു. ഈ ലേഖനത്തിൽ നൂറിലധികം മഹത്തായ ചരിത്രത്തിന്റെ ചെറിയൊരു ഭാഗം പോലും ഉൾപ്പെടുത്തുവാനാകില്ലല്ലോ?

ആഗോളവൽക്കരണത്തിന്റെ ഭവിഷ്യത്തുകൾക്കെതിരെ ഇതര ട്രേഡ് യൂണിയനുകളെ യോജിപ്പിച്ചുകൊണ്ട് എഐടിയുസി നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടം നേടിയതാണ്. വിദേശ സ്വദേശ കോർപറേറ്റുകളും വലതുപക്ഷ തീവ്ര വർഗീയതയും പിന്തുണച്ച ലേബർ കോഡുകൾ ഇന്ത്യൻ തൊഴിലാളി വർഗത്തിന് ഭീഷണിയാണ്. അതിന്റെ ആപത്ത് മനസിലാക്കി യോജിച്ച പോരാട്ടത്തിനിറങ്ങുവാൻ തൊഴിലാളികൾ തയ്യാറാകുകയും ചെയ്തു.
നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കികൊണ്ടാണ് നാല് ലേബർ കോഡുകൾക്ക് രൂപം നൽകിയത്. ഇന്ത്യയിലെ അസംഘടിത വിഭാഗം തൊഴിലാളികളെ പൂർണമായും, സംഘടിത മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളേയും നിയമ സംരക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് ലേബർ കോഡുകൾ. തൊഴിൽപരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കോഡിൽ ജീവനക്കാർ തൊഴിലാളികൾ എന്നീ വാക്കുകൾ പരസ്പരം മാറി ഉപയോഗിക്കുന്നുണ്ട്. ജീവനക്കാർ എന്ന വാക്ക് നിയമത്തിൽ മാറി ഉപയോഗിക്കുന്നതോടെ തൊഴിലുടമകൾക്ക് ഈ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുവാനാകും. ദീർഘനാളുകളായി പണിയെടുക്കുന്ന ട്രെയിനികളേയും അപ്രന്റീസുകളെയും ഈ വാക്കിൽ പിടിച്ചുകൊണ്ട് മാറ്റി നിർത്തുവാനും കഴിയും. തൊഴിലാളി, ജീവനക്കാരൻ എന്നീ നിർവചനങ്ങളിൽ നിന്നും കരാർ തൊഴിലാളിയെ മാറ്റി നിർത്താനുമാകും. പത്തി­ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളെ എസ്റ്റാബ്ലിഷ്മെന്റ്, എന്ന നിർവചനത്തിൽ നിന്നും 20ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളെ ഫാക്ടറി എന്ന നിർവചനത്തിൽ നിന്നും മാറ്റിനിർത്തും. ഉദാഹരണത്തിന് 40 തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറിയിൽ 20 പേർ വൈദ്യുതി ഉപയോഗിച്ചും 20 പേർ അല്ലാതെയും പണിയെടുക്കുന്നുവെങ്കിൽ അത് ഫാക്ടറിയുടെ പരിധിയിൽ വരില്ല. അഞ്ച് ഹെക്ടറിൽ താഴെയുള്ള പ്ലാന്റേഷനുകളിലെ തൊഴിലാളികൾക്കും നിയമ സംരക്ഷണമുണ്ടാകില്ല. 500ൽ താഴെ തൊഴിലാളികളുള്ള ഫാക്ടറികളിലോ, കെട്ടിടങ്ങളിലോ, നിർമ്മാണ മേഖലയിലോ സേഫ്റ്റി ഓഫിസർ, 250ൽ താഴെ പേർ പണിയെടുക്കുന്ന തൊഴിലിടങ്ങളിൽ വെൽഫെയർ ഓഫിസർ, 100ൽ താഴെ തൊഴിലാളികളുള്ള കേന്ദ്രങ്ങളിൽ കാന്റീൻ, 50ൽ താഴെ വനിതകളുള്ള സ്ഥാപനങ്ങളിൽ ക്രെഷെ, 50ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ലഞ്ച് റൂമും റെസ്റ്റ് റൂമും 500ൽ താഴെ തൊഴിലാളികളുള്ള ഇടങ്ങളിൽ ആംബുലൻസും എന്നിവയൊന്നും ഉണ്ടാകില്ല. 

തൊഴിൽ മേഖലയിൽ നിന്നും ലഭിക്കുന്ന പരാതികളിന്മേൽ ഇൻസ്പെക്ടർ പരിശോധന നടത്തുന്ന രീതി ഇല്ലാതാകുകയും പകരം ഇൻസ്പെക്റ്റർ കം ഫെസിലിറ്റേറ്റർ എന്ന പദവിയിലേക്ക് മാറുകയും ചെയ്യുന്നു. ഫലത്തിൽ ഇത്തരം പരിശോധനകൾ സർക്കാരിന്റെ താല്പര്യങ്ങൾക്ക് അനുസ്യൂതമായിരിക്കും. കേവലം ഉപദേശം മാത്രം നൽകുന്ന ഉദ്യോഗസ്ഥരാകും ഇവർ. ഇത് ഐഎൽഒ നിർദേശങ്ങളുടെ ലംഘനമാണ്. കോവിഡ് നാളുകളിൽ പാസാക്കിയ ലേബർ കോഡുകൾ നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ തീവ്ര ശ്രമത്തിലാണ്. ഇതിന് പിന്നാലെയാണ് 2025 ഒക്ടോബർ എട്ടിന് ശ്രം ശക്തി നീതി 2025 പ്രസിദ്ധീകരിച്ചത്. എഐടിയുസി ഈ നിർദേശങ്ങളെ നിരാകരിച്ചിട്ടുണ്ട്. തൊഴിൽ കേവലം ഒരു ഉപജീവന മാർഗമല്ല മറിച്ച് തൊഴിലാളിയുടെ ധർമ്മമാണ് എന്നതാണ് പുതിയ നിർവചനം. മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങൾ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ലേബർ കോഡുകളിലെ വ്യവസ്ഥകളെ ന്യായീകരിക്കുവാനും സ്വദേശ വിദേശ കോർപറേറ്റുകളുടെ താല്പര്യങ്ങൾ നടപ്പിലാക്കുവാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ നൂറ് വർഷങ്ങളായി നടപ്പിലാക്കിയ നിയമങ്ങളെ കേന്ദ്രസർക്കാർ പഴഞ്ചനെന്ന് വിശേഷിപ്പിക്കുകയാണ്. എന്നാൽ ആയിരം വർഷങ്ങൾക്ക് മുമ്പുള്ള നിയമങ്ങൾ കേന്ദ്ര സർക്കാരിന് ആധുനികമാണത്രെ. തൊഴിലാളി (ശൂദ്രൻ) സേവിക്കാൻ ജനിച്ചവനാണ്. കൂലിയോടെയോ, അല്ലാതെയോ ജോലി ചെയ്യാൻ അവനെ നിർബന്ധിക്കാം. സേവനം അവന്റെ ആത്മീയ കടമയാണ്. അവൻ സമ്പത്ത് സമ്പാദിച്ചാൽ അത് ഉയർന്ന ജാതിക്കാർക്ക് കണ്ട് കെട്ടാം. ജോലി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് വേതനം നിഷേധിക്കുന്നതിനും ശാരീരിക ശിക്ഷയും നൽകാം. സേവനം ഒരു താഴ്ന്ന ജനനമാണത്രെ. തൊഴിലാളികൾക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും ആവശ്യമായ വേതനം മാത്രമെ നൽകാവു. അധിക വേതനം പാപമാണ്. ഇങ്ങനെ നീളുന്നു ആയിരം വർഷത്തെ പഴക്കമുള്ള നിയമങ്ങളിലെ പട്ടിക.
വ്യവസായവൽക്കരണത്തിനും മുതലാളിത്ത വ്യവസ്ഥ ശക്തിപ്പെട്ട നാളുകളിലുമായി ഏകദേശം പിന്നിട്ട രണ്ട് നൂറ്റാണ്ടുകളിലായി രൂപം കൊണ്ട നിയമങ്ങൾ കാലഹരണപ്പെട്ടതാണെന്നും അതിന് പകരം ആയിരം വർഷം പഴക്കമുള്ള നിയമങ്ങൾ വേണമെന്നും ശഠിക്കുന്നത് സംഘ്പരിവാറാണ്. തൊഴിൽ എന്നത് തൊഴിലാളിയുടെ ധർമ്മമായി കാണണമത്രെ. 

ശൂദ്രനോട് ബ്രാഹ്മണനെ സേവിക്കണമെന്ന് ആജ്ഞാപിക്കൽ രാജാവിന്റെ കടമയാണെന്ന് മനുസ്മൃതി പറയുമ്പോൾ സംഘ്പരിവാർ നിർദേശങ്ങൾ പാഴ്‌വാക്കായി കാണരുത്. തൊഴിൽ സമയം 14 മണിക്കൂർ ആകണമെന്ന കോർപറേറ്റ് മേധാവി നാരായണ മൂർത്തി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങളും ഈ ഘട്ടത്തിൽ വിസ്മരിക്കരുത്. ചാതുർവർണ്യ വ്യവസ്ഥയിലെ ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനത്തിലേക്ക് നാടിനെ നയിക്കുവാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
പാർലമെന്റിൽ ഇത് സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിലാണ് തൊഴിൽ മേഖല. പക്ഷേ ശ്രം ശക്തി നീതി 2025 സംസ്ഥാനങ്ങളുമായി ആലോചിച്ച് പ്രസിദ്ധീകരിച്ചതല്ല. തൊഴിൽ സുരക്ഷ, തൊഴിൽ സൃഷ്ടി, നിർബന്ധിത മിനിമം വേതനം തുടങ്ങിയ പ്രധാന വിഷയങ്ങളിലും പരാമർശിച്ചിട്ടില്ല. തൊഴിലാളി വർഗത്തിന് നേരെയുള്ള കടന്നാക്രമങ്ങളുടെ ഭാഗം തന്നെയാണ് ശ്രം ശക്തി നീതി 2025. ഇത്തരം നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുവാൻ എഐടിയുസി ജന്മദിനത്തിൽ പ്രതിജ്ഞയെടുക്കാം. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.