7 December 2025, Sunday

Related news

December 5, 2025
December 4, 2025
December 2, 2025
November 25, 2025
November 24, 2025
November 17, 2025
November 17, 2025
November 16, 2025
November 16, 2025
November 13, 2025

മറയുന്ന രക്ത നക്ഷത്രം

ബിനോയ് വിശ്വം
August 24, 2025 4:31 am

ഖാവ് സുധാകർ റെഡ്ഡി ഓർമ്മയായി. മരണം അദ്ദേഹത്തെ കീഴടക്കിയത് അപ്രതീക്ഷിതമോ ആകസ്മികമോ ആയിരുന്നില്ല. പക്ഷേ അതുകൊണ്ടു മാത്രം ഉജ്വലമായ ആ ജീവിതം അവശേഷിപ്പിക്കുന്ന ശൂന്യത ഒട്ടും ചെറുതാവുന്നില്ല.
‍ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ത്യാഗഭരിതരായ ഒട്ടേറെ വിപ്ലവകാരികൾക്ക് ജന്മം കൊടുത്തിട്ടുണ്ട്. സ്വന്തം താല്പര്യങ്ങളെ മാറ്റിവച്ചുകൊണ്ട് രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കണമെന്ന് ചിന്തിച്ചവരാണവർ. അവരിൽ പലരും തങ്ങളുടെ മൂല്യബോധങ്ങൾ സ്വാംശീകരിച്ചത് സാമ്രാജ്യത്വവിരുദ്ധത ആത്മാവായി കണ്ട ദേശീയ പ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിൽ നിന്നാണ്. 1925ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിറവി കൊള്ളും മുമ്പേ തന്നെ മാർക്സിസ്റ്റ് ലോകവീക്ഷണത്തിന്റെ കാതലും കരുതലും അവർ സ്വായത്തമാക്കിയിരുന്നു.

പാർട്ടിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി എസ് വി ഘാട്ടെയും തുടർന്നുവന്ന അധികാരിയും പി സി ജോഷിയും ബി ടി രണദിവെയും അജയഘോഷും സി രാജേശ്വര റാവുവും ഇ എം എസ് നമ്പൂതിരിപ്പാടും ഇന്ദ്രജിത് ഗുപ്തയും എ ബി ബർധനും വരെയുള്ളവർ സ്വാതന്ത്ര്യ സമരാനുഭവങ്ങൾ നേരിട്ട് ഏറ്റുവാങ്ങിയവരാണ്. അവരെല്ലാം നടന്ന പാതയിൽ പിന്നാലെ വന്ന തലമുറയിലെ നേതാക്കന്മാർക്ക് സ്വജീവിതത്തിൽ സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ അനന്യവൈവിധ്യം നിറഞ്ഞ പോരാട്ടങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞില്ല. എന്നാൽ ചരിത്രം തിരുത്തിക്കുറിച്ച ഇന്ത്യയുടെ ദേശീയ വിമോചനത്തിനുശേഷം രാജ്യം കടന്നുപോന്ന കാലഘട്ടങ്ങളിലെ രാഷ്ട്രീയജീവിതം ഒട്ടും ലളിതമോ അനായാസമോ ആയിരുന്നില്ല. 1947ന് മുമ്പുള്ള കാലഘട്ടത്തിൽ വൈദേശിക ഭരണകൂടത്തെ തൂത്തെറിയുകയും സ്വരാജ് സ്ഥാപിക്കുകയും ദേശീയ പ്രസ്ഥാനത്തിന്റെ പൊതുലക്ഷ്യമായിരുന്നു — സ്വാതന്ത്ര്യാനന്തര ഇന്ത്യയെപ്പറ്റിയുള്ള അവരുടെ സ്വപ്നങ്ങൾ വ്യത്യസ്തമായിരുന്നു. സ്വാതന്ത്ര്യലബ്ദിക്കുശേഷം ദേശീയ പ്രസ്ഥാനം പലവഴികളായി പിരിഞ്ഞു. വൈദേശിക ഭരണാധികാരികളിൽ നിന്നുള്ള അധികാര കൈമാറ്റം കൊണ്ടുമാത്രം ജനകോടികളുടെ സ്വാതന്ത്യാഭിലാഷം സഫലീകരിക്കപ്പെടുകയില്ലെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ വിശ്വസിച്ചു. സ്വതന്ത്ര ഭാരതത്തിലെ ഭരണകൂടത്തോട് എന്ത് നിലപാട് സ്വീകരിക്കണം എന്നതിനെ സംബന്ധിച്ചും സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പാത എപ്രകാരമായിരിക്കണമെന്നതിനെ സംബന്ധിച്ചും പാർട്ടിയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അത് പിന്നീട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർഭാഗ്യകരമായ പിളർപ്പിലേക്ക് വഴി തുറന്നു. സംഘർഷഭരിതമായ ഈ കാലഘട്ടത്തിലാണ് സഖാവ് സുധാകർ ഓങ്കോളിൽ ഒരു വിദ്യാർത്ഥിയായി ചെങ്കൊടി പ്രസ്ഥാനത്തിൽ അണിചേരുന്നത്.

തെലങ്കാന സമരപോരാളി സുരവരം വെങ്കിട രാമറെഡ്ഡിയുടെ മകനായി ഇപ്പോൾ തെലങ്കാന സംസ്ഥാനത്ത് ഉൾപ്പെടുന്ന മെഹബൂബ് നഗർ ആലമ്പൂർ കുഞ്ച്പോട്ട് ഗ്രാമത്തിൽ 1942 മാർച്ച് 25 നാണ് സുധാകർ റെഡ്ഡി ജനിക്കുന്നത്. അമ്മവഴിക്ക് ജന്മി കുടുംബത്തിലാണ് ജനനമെങ്കിലും പിതാവിന്റെ പാത പിൻതുടർന്ന് ജന്മിത്വ വിരുദ്ധ സമരങ്ങളിലും അതിനോട് തോൾ ചേർന്ന് ബഹുജന പ്രസ്ഥാനങ്ങളിലുമാണ് അദ്ദേഹം തന്റെ രാഷ്ട്രീയ വിദ്യാഭ്യാസം ആരംഭിച്ചത്. വെങ്കിടേശ്വര സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദമെടുത്തശേഷം അദ്ദേഹം ഉസ്മാനിയ സർവകലാശാലയിൽ നിന്ന് നിയമ പഠനവും പൂർത്തിയാക്കി. എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 1968 മുതൽ സിപിഐയുടെ ദേശീയ കൗൺസിൽ അംഗമായി. പാർട്ടിയുടെ ആന്ധ്രപ്രദേശ് സെക്രട്ടറിയായി. 1998 മുതൽ 1999 വരെയും 2004 മുതൽ 2009 വരെയും 12-ാമതും 14-ാമതും ലോക് സഭകളിൽ നല്‍ഗൊണ്ടയെ പ്രതിനിധീകരിച്ച് അംഗമായി. സഖാവ് എ ബി ബർധന്റെ പിൻഗാമിയായി 2012 മാർച്ച് 31 മുതൽ 2019 ജൂലൈ 21 വരെ പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. പാർട്ടിയുടെയും എഐടിയുസി യുടെയും സജീവ പ്രവർത്തകയാണ് അദ്ദേഹത്തിന്റെ ജീവിത സഖി ബി വി വിജയ ലക്ഷ്മി. നിഖിലും കപിലുമാണ് മക്കൾ.
എഐഎസ്എഫ് യൂണിറ്റ് പ്രവർത്തകനായിരുന്ന കാലത്ത് കോട്ടയത്ത് വിളിച്ചുചേർത്ത വിദ്യാർത്ഥി പ്രവർത്തക യോഗത്തിലാണ് ആദ്യമായി സുധാകർ റെഡ്ഡിയെ നേരിൽ കാണുന്നത്. ആ വിനയവും സൗമ്യ സൗഹൃദഭാവവും ആകാരസൗവിഷ്ടവവുമാണ് എന്നെ ആകർഷിച്ചത്. രാജേശ്വർ റാവുവിന്റെയും ഇന്ദ്രജിത് ഗുപ്തയുടെയും എ ബി ബർധന്റെയും ഒക്കെ ഗുണങ്ങൾ സ്വാംശീകരിച്ച നേതാവായിരുന്നു സുധാകർ റെഡ്ഡി. അദ്ദേഹം പാർട്ടിയെ നയിച്ച കാലം മുഴുവൻ ഈ കമ്യൂണിസ്റ്റ് നന്മ കളുടെ എല്ലാം സത്ത പാർട്ടിയിലേക്ക് എത്തിക്കാൻ അദ്ദേഹം പരിശ്രമിച്ചു. ബഹുജനപ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും പറ്റി വ്യക്തമായ കമ്യൂണിസ്റ്റ് ധാരണ സുധാകറിനുണ്ടായിരുന്നു. വർഗ്ഗ — ബഹുജന സംഘടനകൾ പാർട്ടിയുടെ വാലായി ചുരുങ്ങിപ്പോകരുതെന്ന ശരിയായ ധാരണയായിരുന്നു ആ ജനറൽ സെക്രട്ടറി പുലർത്തിയത്. ബഹുജന പ്രസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകർ പ്രകടിപ്പിക്കുന്ന ലക്ഷ്യബോധവും അർപ്പണബുദ്ധിയും കണ്ടുവേണം ബഹുജനമുന്നണികളിലെ സാധാരണ ജനങ്ങൾ പാർട്ടിയിലേയ്ക്ക് ആകൃഷ്ടരാകാൻ എന്ന് അദ്ദേഹം കരുതി.
പാർട്ടിയെയും പ്രവർത്തകരെയും അദ്ദേഹം അളവറ്റ് സ്നേഹിച്ചിരുന്നു. പാർട്ടിയിലും അല്ലാതെയുമുള്ള ജീവിതത്തിൽ അദ്ദേഹത്തിന് ഏറെ സുഹൃത് ബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും സി കെ ചന്ദ്രപ്പനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അഗാധമായിരുന്നു. പാർട്ടി പ്രർത്തനത്തിന്റെ ഓരോ നാൾവഴിയിലും ഇരുവരും തമ്മിൽ പരസ്പരം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തിരുന്നു. അവർ പരസ്പരം പുലർത്തിയ സ്നേഹാദരങ്ങൾ നോക്കി നിൽക്കാൻ പോലും നമുക്ക് കൗതുകം തോന്നും. പാർലമെന്റിലെ ശ്രദ്ധേയമായ ഒരംഗമായിരുന്നു സുധാകർ. പികെവിയുടെ മരണത്തിനുശേഷം ലേബർ സ്റ്റാന്റിങ് കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു. ആ കമ്മിറ്റിയെ തൊഴിലാളി താല്പര്യങ്ങളോട് അനുഭാവമുള്ള ഒന്നാക്കി പ്രവർത്തിപ്പിക്കുവാൻ അദ്ദേഹം നന്നായി പരിശ്രമിച്ചു. വർഷങ്ങൾക്കു ശേഷം ലേബർ സ്റ്റാന്റിങ് കമ്മിറ്റിയിൽ അംഗമായി ഞാൻ എത്തിയപ്പോൾ ആ കമ്മിറ്റിയിലെ പഴ യ ഉദ്യോഗസ്ഥന്മാർ സുധാകറിന്റെ പ്രത്യക്ഷമായ തൊഴിലാളി പക്ഷപാതിത്വത്തെപറ്റി ഏറെ ആദരവോടെ സംസാരിച്ചത് ഓർക്കുന്നു. അദ്ദേഹത്തിന്റെ കീഴിൽ ദേശീയ എക്സിക്യൂട്ടീവ് അംഗമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകരോട് ആ നേതാവ് കാണിക്കുന്ന സ്നേഹം ഞാനും അനുഭവിച്ചിട്ടുണ്ട്. അവരെക്കൊണ്ട് എഴുതിപ്പിക്കാനും വായിപ്പിക്കാനും അദ്ദേഹം നൽകുന്ന പ്രചോദനം വിലപ്പെട്ട അനുഭവമാണ്. പാർട്ടിയുടെ മുല്യങ്ങളും അച്ചടക്കവും താഴെയുള്ളവരോട് ഉദ്ബോധിപ്പിക്കാനുള്ളതല്ല, താനടക്കം എല്ലാവർക്കും പാലിക്കാനുള്ളതാണെന്ന് സുധാകറിന് അറിയാമായിരുന്നു. ആശയ രാഷ്ട്രീയ വിദ്യാഭ്യാസം കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ അവശ്യ ഉപാധിയാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന സുധാകറിന്റെ ഉപദേശങ്ങൾക്ക് ഇന്നുള്ള പ്രാധാന്യം ഞാൻ സ്നേഹത്തോടെ തിരിച്ചറിയുന്നു.

അത്തരം ഒരുപാട് മൂല്യങ്ങളുടെ ഒരു പാഠപുസ്തകമായിരുന്നു സഖാവ് സുധാകർ റെഡ്ഡി. സ്വന്തം തീരുമാനപ്രകാരം ആ ഭൗതീക ശരീരം ഗാന്ധി മെഡിക്കൽ കോളജിനും ത്യാഗവും പേരാട്ടവും ജീവിതവും ഏറെ കണ്ട ആ കണ്ണുകൾ എൽ ബി പ്രസാദ് നേത്രാശുപത്രിയ്ക്കും സംഭാവന ചെയ്തു. ആ സാർത്ഥകമായ ജീവിതം ബാക്കിവച്ച പാഠങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനവും രാജ്യത്തെ ജനാധിപ്തയ വിശ്വാസികളാകെയും ഏറ്റുവാങ്ങുന്നു. ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വൈദേശിക ഭരണത്തിനുമെതിരെ നടത്തിയ പോരാട്ടങ്ങളുടെ അനന്തരാവകാശികൾക്ക് ജനാധിപത്യത്തിനും ഭരണഘടനയ്ക്കുവേണ്ടിയും ഫാസിസത്തിനെതിരെയും ഉള്ള വർത്തമാന പോരാട്ടങ്ങളിൽ ആ സ്മരണകൾ തീർച്ചയായും കരുത്ത് പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.