
അഫ്ഗാൻ വിദ്യാഭ്യാസമന്ത്രി മുതഖിയുടെ നേതൃത്വത്തിലുള്ള താലിബാൻ പ്രതിനിധി സംഘത്തിന് മോഡി സർക്കാർ ചുവന്ന പരവതാനി വിരിച്ച് സ്വീകരണം നൽകി. താലിബാനുമായി ബന്ധം വളർത്തിയെടുക്കേണ്ടത് ഭൂതന്ത്രപരമായ ആവശ്യകതയാണെന്നതിൽ സംശയമില്ല. പക്ഷേ അവരുടെ മനുഷ്യാവകാശ രേഖ, പ്രത്യേകിച്ച് സ്ത്രീവിരുദ്ധമായ പിന്തിരിപ്പൻ നയങ്ങൾ നാമറിയുന്നതാണ്. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ, പ്രത്യേകിച്ച് വിദ്യാഭ്യാസം, സമ്മേളനം എന്നിവ നിഷേധിക്കപ്പെട്ടവർ, വനിതാ മാധ്യമപ്രവർത്തകർക്ക് ആദ്യ വാർത്താ സമ്മേളനത്തിൽ പ്രവേശനം നിഷേധിച്ചതോടെ പൂർണമായും വഞ്ചിക്കപ്പെട്ടതായി കരുതുന്നുണ്ടാകും. കനത്ത വിമർശനം കാരണമാണ് അടുത്ത വാർത്താ സമ്മേളനത്തിൽ വനിതകൾക്ക് അനുമതി ലഭിച്ചത്.
പാകിസ്ഥാനിലെ പ്രശസ്തമായ ലാൽ മസീദ് ഉൾപ്പെടെയുള്ള തീവ്രവാദ മദ്രസകളിലെ പ്രബോധനങ്ങളുടെ ഫലമാണ് താലിബാൻ. ഇപ്പോൾ സ്വയമൊരു ഏജൻസിയാണ് താലിബാൻ എന്നതുമാത്രമല്ല, അവർ ഉയർന്നുവന്ന സാഹചര്യങ്ങളും ഓർമ്മിക്കേണ്ടതുണ്ട്. മൗലാന വഹാബ് മുന്നോട്ടുവച്ച ഇസ്ലാമിന്റെ ഒരു പ്രത്യേക പാഠാന്തരത്തിലാണ് താലിബാനെ അടയാളപ്പെടുത്തിയിട്ടുള്ളത്. റഷ്യൻ സൈന്യം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോൾ, വിയറ്റ്നാമിലെ പരാജയം മൂലം നിരാശരായിരുന്ന അമേരിക്കയ്ക്ക് സ്വന്തം സൈന്യത്തെ അയയ്ക്കാൻ കഴിഞ്ഞില്ല. ആ സമയത്ത്, ഏഷ്യൻ മുസ്ലിം യുവാക്കളെ ഉപയോഗിച്ച് ശത്രുക്കളെ (കമ്മ്യൂണിസ്റ്റുകളെ) നേരിടാൻ ലക്ഷ്യമിട്ടുള്ള കിസിഞ്ചർ സിദ്ധാന്തം അമേരിക്ക നടപ്പിലാക്കി. മദ്രസകളെ പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തു.
പ്രശസ്ത പണ്ഡിതനായ മഹ്മൂദ് മംദാനി തന്റെ ‘ഗുഡ് മുസ്ലിം, ബാഡ് മുസ്ലിം’ എന്ന പുസ്തകത്തിൽ, സിഐഎ രേഖകളുടെ അടിസ്ഥാനത്തിൽ, മുജാഹിദുകളെ എങ്ങനെ ഉദ്ബോധനം നടത്തിയെന്നും ഏറ്റവും പുതിയ സ്ട്രിങ്ങർ മിസൈലുകൾ ഉൾപ്പെടെ 8,000 ദശലക്ഷം ഡോളറും 7000 ടൺ ആയുധങ്ങളും എങ്ങനെ നൽകിയെന്നും പറയുന്നുണ്ട്. പരിശീലനം ലഭിച്ച ഈ ഘടകങ്ങൾ റഷ്യൻ വിരുദ്ധ സേനയിൽ ചേർന്നു. റഷ്യൻ സൈന്യം പരാജയം നേരിട്ടു. അഫ്ഗാനിസ്ഥാനും ഇറാഖിനുമെതിരായ യുദ്ധത്തിലൂടെയാണ് അമേരിക്കയ്ക്ക് സമ്പൂർണ ആധിപത്യം ലഭിച്ചത്.
ഇസ്ലാമിൽ താലിബാൻ സമ്പ്രദായം ഏറ്റവും യാഥാസ്ഥിതിക പതിപ്പാണ്. പലപ്പോഴും ജനങ്ങൾക്കെതിരെ അക്രമം അഴിച്ചുവിടുകയും, ബുർഖ ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. സ്ത്രീകളും സമൂഹത്തിലെ കീഴാള വിഭാഗങ്ങളും ഏറ്റവും നികൃഷ്ടമായ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നു. ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ ദേശീയതയിൽ ഈയളവിൽ പുരുഷാധിപത്യ നിയന്ത്രണവും മനുഷ്യാവകാശ ദുരുപയോഗവും നിലവിൽ കാണുന്നില്ല. എന്നാൽ കർക്കശമായ പുരുഷാധിപത്യത്തിന്റെ വിത്തുകൾ അവിടെ ധാരാളമുണ്ട്. മനുഷ്യാവകാശങ്ങൾ എന്ന ആശയം ക്രമേണ ‘ഉന്നത ജാതിക്കാർക്കും സമ്പന്നർക്കും വേണ്ടിയുള്ള അവകാശങ്ങൾ’, ‘ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കടമകൾ’ എന്ന് മാറ്റി സ്ഥാപിക്കപ്പെടുന്നു.
ഭരണകക്ഷിയായ ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസ് പുരുഷ സംഘടന മാത്രമാണ്. സ്ത്രീകൾക്കായി ഒരു രാഷ്ട്ര സേവിക സമിതി ഇതിനുണ്ട്. ഹിന്ദുമതത്തിന്റെ ബ്രാഹ്മണ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള സംഘമാണ് ആർഎസ്എസ്. ലിബറൽ ഹിന്ദുമത വാദിയായ മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഒരു ഹിന്ദു ദേശീയ പ്രത്യയശാസ്ത്രവാദിയാണ് എന്ന വൈരുധ്യം ഓർക്കണം.
അംബേദ്കർ മനുസ്മൃതി കത്തിച്ചപ്പോൾ, ആർഎസ്എസിന്റെ രണ്ടാമത്തെ അധ്യക്ഷൻ എം എസ് ഗോൾവാൾക്കർ അത്തരം പുസ്തകങ്ങൾക്ക് സ്തുതിഗീതങ്ങൾ എഴുതുകയായിരുന്നു. ഇന്ത്യൻ ഭരണഘടന നടപ്പിലായതിനുപിന്നാലെ ആർഎസ്എസിന്റെ മുഖപത്രം രൂക്ഷമായ വിമർശനവുമായാണ് പുറത്തിറങ്ങിയത്. ‘ഇതിൽ ഇന്ത്യക്കാരുടേതായൊന്നുമില്ല’ എന്നാണ് അവർ പറഞ്ഞത്.
ആർഎസ്എസുകാരുടെ തലതൊട്ടപ്പനായ ഗോൾവാൾക്കർ സ്ത്രീകളെ ആധുനികത വഴിതെറ്റിക്കുന്നുവെന്നാണ് വിശ്വസിച്ചത്. ‘ഒരു സദ്ഗുണസമ്പന്നയായ സ്ത്രീ തന്റെ ശരീരം മൂടുന്നു’ എന്ന ഈരടി ഉദ്ധരിച്ചുകൊണ്ട് ഗോൾവാൾക്കർ, ‘ആധുനിക സ്ത്രീകൾ കരുതുന്നത് തങ്ങളുടെ ശരീരം പൊതുജനങ്ങൾക്ക് മുന്നിൽ കൂടുതൽ കൂടുതൽ തുറന്നുകാട്ടുന്നതിലാണ് ആധുനികത’ എന്ന് വിലപിച്ചതായി കാരവൻ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ ആർഎസ്എസിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ച ലക്ഷ്മിഭായ് കേൽക്കറോട് (1936) ഒരു പോഷകസംഘടനയായി രാഷ്ട്ര സേവിക സമിതി ആരംഭിക്കാനാണ് ആവശ്യപ്പെട്ടത്. അതിന്റെ പേരിൽ തന്നെ ‘സ്വയം’ എന്ന വാക്ക് ചേർത്തിട്ടുമില്ല.
വിജയരാജെ സിന്ധ്യ (ബിജെപി വൈസ് പ്രസിഡന്റ്) സതി (ഭർത്താവിന്റെ ചിതയിൽ ഭാര്യയെ ജീവനോടെ കത്തിക്കുന്നത്)യെ മഹത്വപ്പെടുത്തി.
സ്വാതന്ത്ര്യാനന്തരം ജനാധിപത്യ ഇടം ലഭിച്ചതിനാൽ — കഴിഞ്ഞ ദശകത്തിൽ അത് പതനത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിലും — ഇന്ത്യൻ സ്ത്രീകളുടെ പോരാട്ടങ്ങൾ അവർക്ക് സമൂഹത്തിൽ മികച്ച സ്ഥാനം നേടിക്കൊടുത്തു. എന്നാൽ സമത്വത്തിലേക്കുള്ള മുന്നേറ്റം വളരെ കുറച്ച് ചുവടുകൾ മാത്രമേ ആയിട്ടുള്ളൂ. ഇന്ന്, ആർഎസ്എസിന് രാഷ്ട്ര സേവികാ സമിതി, ദുർഗാ വാഹിനി, ബിജെപി വനിതാ വിഭാഗം എന്നിവയുണ്ട്. അവയുടെ മൂല്യങ്ങൾ ആണധികാര ശ്രേണിയുടെയും ലിംഗ അസമത്വത്തിന്റെയും കാതലായ ആർഎസ്എസ് പ്രത്യയശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇവിടെ, മനുസ്മൃതിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. കാരണം അതാണവരുടെ അടിസ്ഥാന തത്വശാസ്ത്രം. ‘മുസ്ലിം പുരുഷൻ’ കുറ്റവാളിയാണെന്നും പുരുഷാധിപത്യ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടാതെ തുടരുന്നുവെന്നുമുള്ള ധാരണയിൽ വേരൂന്നിയതാണത്.
താലിബാനിലും വർഗീയ/മൗലികവാദ ഇസ്ലാം പാത പിന്തുടരുന്ന മറ്റ് നിരവധി മുസ്ലിം രാജ്യങ്ങളിലും സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണ് എന്നത് വലിയ യാഥാർത്ഥ്യമാണ്. വാസ്തവത്തിൽ, താലിബാൻ ഈ പട്ടികയിൽ ഏറ്റവും താഴെയാണ്. ഇന്ത്യയിൽ, ഹിന്ദു ദേശീയതയുടെ പിടി വർധിക്കുന്നതിനനുസരിച്ച്, പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തെ ആർഎസ്എസിന് വെല്ലുവിളിക്കേണ്ടതില്ല. അതേസമയം ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ നിലവിലുള്ള പുരുഷാധിപത്യത്തെ വെല്ലുവിളിക്കാൻ പരമാവധി ശ്രമിക്കുന്നു. താലിബാൻ പുരുഷാധിപത്യവും ഹിന്ദു ദേശീയതയിലെ ആധിപത്യവുമായി പ്രത്യയശാസ്ത്ര തലത്തിൽ അടിസ്ഥാനത്തിൽ സാമ്യമുണ്ട്. രണ്ടിനുമിടയിലെ സമാനത, പുരുഷാധിപത്യത്തിന്റെ വിത്താണ്. അതേസമയം സാമൂഹിക പ്രകടനത്തിന്റെ അളവ് വൈവിധ്യമുള്ളതാണ്.
പുരുഷാധിപത്യത്തെയും മനുഷ്യാവകാശ സങ്കല്പത്തിന്റെ അംഗീകാരമില്ലായ്മയെയും അപലപിക്കുമ്പോൾ, ഓരോ വിഭാഗീയ ദേശീയതയും മതത്തിന്റെ സ്വത്വത്തെയോ ഒരു വംശത്തിന്റെ ശ്രേഷ്ഠതയെയോ ചുറ്റിപ്പറ്റിയാണെന്ന് നാം അറിഞ്ഞിരിക്കണം. അവർ നിന്ദ്യമായ മാനദണ്ഡങ്ങളിൽ പലതും പരസ്പരം പങ്കിടുന്നുവെന്നും.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.