22 January 2026, Thursday

അധ്യാപകരേ, കുട്ടികളെ കൂടുതൽ സ്നേഹിക്കുക

എൻ ശ്രീകുമാർ
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി
January 25, 2025 4:40 am

പാലക്കാട്ടെ ഒരു ഹയർ സെക്കന്‍ഡറി സ്കൂളിൽ കുട്ടി അധ്യാപകനെതിരെ ആക്രോശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുള്ള ആ വീഡിയോ കണ്ടവർ നടത്തിയ ചർച്ചകളിൽ പൊതുവേ ഉയർന്നുവരുന്ന കാര്യങ്ങൾ ഇതൊക്കെയാണ്. ഒന്ന്: ഇതുപോലെ അധ്യാപകരെ മാനിക്കാത്ത ഒരു തലമുറയാണ് വളർന്നു വരുന്നത്. കാരണം അവരെ നേർവഴിക്കു നയിക്കുന്ന വിദ്യാഭ്യാസമല്ല ഇന്നത്തേത്. രണ്ട്: നമ്മുടെ വിദ്യാഭ്യാസ രീതിയാണ് ഇതുപോലെ ഒരു തലമുറയെ സൃഷ്ടിക്കുന്നത്. വഴക്കു പറയാനോ ശിക്ഷിക്കാനോ കഴിയുന്നില്ല. കുട്ടികൾക്ക് വിദ്യാലയങ്ങളിൽ നല്ല ശിക്ഷ ഉറപ്പുവരുത്തണം; ചൂരൽ തിരികെ കൊണ്ടുവരണം. ഇനിയുമുണ്ട് കുറെ കാര്യങ്ങളെങ്കിലും സമൂഹം വിലയിരുത്തിയിട്ടുള്ള പ്രശ്നങ്ങൾ ഇങ്ങനെ തന്നെയാണ്. വീഡിയോയിൽ നാം കണ്ട ആ കുട്ടിയിപ്പോൾ പൊതുസമൂഹത്തിന് മുന്നിൽ പ്രതിസ്ഥാനത്തു നിൽക്കുകയാണ്. അവന്റെ അധ്യാപകർ തന്നെയാണ് അവനെ സമൂഹത്തിന് മുന്നിലേക്ക് വിട്ടുകൊടുത്തത് എന്നറിയുമ്പോൾ ഉത്തരവാദിത്ത ബോധമുള്ള സമൂഹം അതിൽ വലുതായി വേദനിപ്പിക്കുമെന്നുറപ്പാണ്. പതിനാറോ പതിനേഴോ വയസു മാത്രമുള്ള കുട്ടിയാണവൻ. അവന്റെ വിഹ്വലത എന്തെന്ന് തിരിച്ചറിഞ്ഞ് ഏതെങ്കിലും അധ്യാപകർ/ മുതിർന്നവർ അവനെ സാന്ത്വനിപ്പിച്ചിട്ടുണ്ടാകുമോ? ഞങ്ങൾക്കിങ്ങനെ ഒരു മകനില്ലെന്നാകും, ഒരുപക്ഷേ, മാതാപിതാക്കളുൾപ്പെടെ പറയാനിട. അവനെ ചേർത്തുനിർത്തി നിന്റെ പ്രയാസത്തിന് പരിഹാരമുണ്ടാക്കാം, സമാധാനിക്കൂ എന്ന് പറയാൻ മുതിർന്നവരോ കൂട്ടുകാരോ എത്തിയിട്ടുണ്ടാകാൻ സാധ്യത തീരെ കുറവായിരിക്കും. മറിച്ച് അവൻ നടത്തിയത് കൊലവിളിയാണെന്ന് വ്യാഖ്യാനിച്ച് അവൻ ഉൾപ്പെടുന്ന വിദ്യാർത്ഥി സമൂഹത്തെ പഴിചാരാനുള്ള വ്യഗ്രതയാണ് കാണുന്നത്.

നമ്മുടെ ഹയർ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ കുട്ടികൾ അനുസരണ ശീലമില്ലാത്ത ബഹളക്കാരാണെന്ന വിമർശനം പൊതുവേ ഉണ്ട്. സാമ്പ്രദായികമായി പുലർന്നുകണ്ടിട്ടുള്ള അച്ചടക്കത്തെയൊന്നും ഇന്നത്തെ ക്ലാസ് മുറിയിൽ നടപ്പിലാക്കാനാവുന്നില്ല. കുട്ടികളെ അവരുടെ ഭാവിയുടെയും പരീക്ഷയുടെയും പേരിലുള്ള പേടിപ്പെടുത്തൽ മാത്രം മതിയാവുന്നില്ല അച്ചടക്കപാലനത്തിന്. ഇതിൽ വലിയ പരാജയം ഏറ്റുവാങ്ങുന്ന ഒട്ടേറെ അധ്യാപകരുണ്ട്. പഠിപ്പിസ്റ്റുകളെ ഇഷ്ടപ്പെടുന്ന അധ്യാപകർ പ്ലസ്ടു ക്ലാസുകളിൽ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കൗമാരകാലത്തിന്റെ എല്ലാ വിക്ഷോഭങ്ങളും അലട്ടുന്ന പ്രത്യേക പ്രായ ഘട്ടത്തിലെ കുട്ടികൾക്ക് നല്ല പ്രസരിപ്പും ഉയർന്ന ചിന്തയും പരിഗണയും പ്രോത്സാഹനവും നൽകി ചേർത്തുപിടിക്കാൻ പഠിച്ച മനഃശാസ്ത്ര പാഠങ്ങൾ എന്തേ ഈ അധ്യാപകർ പ്രാവർത്തികമാകാത്തതെന്നാണ് പരാതികൾ കേട്ടിട്ടുള്ളപ്പോഴൊക്കെ തോന്നിയിട്ടുള്ളത്. അതിനു പകരം രക്ഷിതാക്കളെയും ശിക്ഷാവിധികളെയും മുന്നിൽ നിർത്തി അവരെ ചെറുത്തു തോല്പിക്കാൻ തീരുമാനിക്കുന്ന കൗശലമാണ് പലരും പയറ്റുന്നത്. അതിന്റെ ഒരു വലിയ പതിപ്പാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ.
കുട്ടികൾക്ക് എപ്പോഴാണ് ദേഷ്യം വരുന്നത്? കുട്ടികൾ ദേഷ്യപ്പെടുന്നത് വിശന്നിട്ടാണെന്ന് മനസ്സിലാക്കി ഉടൻ ഭക്ഷണം വിളമ്പി കൊടുക്കുന്ന രക്ഷിതാക്കളെ നമ്മൾ കണ്ടിട്ടുണ്ടല്ലോ. ചിലപ്പോൾ അവൻ അവഗണിക്കപ്പെട്ടു എന്ന് മനസു നോവുമ്പോഴാകാം ദേഷ്യം വരിക. കയർത്തും ഉറക്കെ ആക്രോശിച്ചും മാത്രമേ ആവശ്യം പരിഗണിക്കപ്പെടൂ എന്ന് അറിയുമ്പോഴാകാം, പരാജിതരാകുമ്പോഴാകാം. ഏതവസ്ഥയിലും കുട്ടിയെ തിരിച്ചറിയാൻ മാതാപിതാക്കളെപ്പോലെ കഴിയേണ്ടവർ അധ്യാപകരാണ്. ഏത് പ്രതിസന്ധിയിലും അധ്യാപകർ നമ്മോടൊപ്പമുണ്ടെന്ന് ബോധ്യപ്പെട്ടാൽ അവർ അവരോട് ഒട്ടിച്ചേർന്നേ നിൽക്കൂ. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ കുട്ടി അസ്വാഭാവിക പ്രതികരണങ്ങൾ നടത്തിയേക്കും. അത് കണ്ടെത്തി പരിഹരിക്കാൻ അനായാസം ലഭ്യമാക്കാവുന്ന വിദഗ്ധ സൗകര്യങ്ങൾ ഇന്ന് മുന്നിലുണ്ട്. പലപ്പോഴും ഉപയോഗപ്പെടുത്താറില്ലെന്നു മാത്രം.തീരപ്രദേശത്തുള്ള ഒരു ഹയർ സെക്കന്‍ഡറി പ്രിൻസിപ്പൽ കുട്ടികളുടെ അച്ചടക്ക രാഹിത്യവും സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള പ്രയാസവും വേദനയോടെ പറഞ്ഞ സംഭവം ഓർമ്മ വരുന്നു. 

കുട്ടികൾക്ക് കായിക വിനോദത്തിനുള്ള ഒരവസരവും ആ സ്കൂളിൽ ഇല്ലെന്ന് സംസാരിച്ചപ്പോൾ മനസിലായി. ഊർജസ്വലരായ കുട്ടികൾ ക്ലാസ് മുറിക്കുള്ളിൽ തന്നെ എത്ര മണിക്കൂറാണ് തളച്ചിട്ടിരിക്കുക? പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്താൽ കുട്ടികൾക്കായി ഫുട്ബോളും വോളിബോളും ക്രിക്കറ്റ് ബാറ്റുൾപ്പെടെ സാമഗ്രികളും ലഭ്യമായി കഴിഞ്ഞപ്പോൾ സംഭവിച്ച മാറ്റത്തെക്കുറിച്ച് ആ പ്രിൻസിപ്പല്‍ അഭിമാനത്തോടെ സംസാരിച്ചതും ഓർക്കുന്നു. കലാ കായിക പ്രവൃത്ത്യുന്മുഖ വിദ്യാഭ്യാസത്തെ, സർക്കാർ ഈ മേഖലയിലെ അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന പേരിൽ നമ്മുടെ ഹയർ സെക്കന്‍ഡറി വിദ്യാലയങ്ങൾ പലതും പടിക്കുപുറത്ത് നിർത്തിയിരിക്കുന്നു. പണമുള്ള രക്ഷിതാക്കളുടെ മക്കൾ സ്വകാര്യമായി ഇതൊക്കെ പഠിച്ച് കലോത്സവങ്ങളിലേക്കെത്തുന്നു. കുട്ടികളുടെ സർഗാത്മകത വളർത്താൻ സ്വയം രൂപീകരിക്കുന്ന പ്രവർത്തന പദ്ധതി നമ്മുടെ വിദ്യാലയങ്ങൾക്ക് നടപ്പാക്കാനാവുന്നതേ ഉള്ളൂ. പ്രാദേശിക പിന്തുണ ഉറപ്പാക്കാനുള്ള പരിശ്രമം മതി.
കുറച്ചു വർഷം മുമ്പ് കൊല്ലം ജില്ലയിലെ ഒരു സ്കൂൾ പ്രിൻസിപ്പല്‍ ആത്മഹത്യ ചെയ്ത വാർത്ത വന്നിരുന്നു. അറിയാനായത് സ്കൂളിലെ ചില പ്രശ്നങ്ങൾ അതിന് പിന്നിലുണ്ടെന്നാണ്. ചില ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് സ്കൂളിൽ വച്ച് മദ്യപിച്ചത് അവർ കയ്യോടെ പിടികൂടി. എന്നാൽ പ്രദേശത്തെ മദ്യലോബിയും ലഹരി മാഫിയയും ശത്രുക്കളാകുമെന്നും പ്രശ്നം പുറത്തറിയാതെ പരിഹരിക്കണമെന്നുമാണ് പല സഹപ്രവർത്തകരും എടുത്ത നിലപാട്. സംഭവത്തിൽ കൃത്യവും ശക്തവുമായ തീരുമാനം കൈക്കൊള്ളാനാവാത്തതിലുള്ള മാനസിക സംഘർഷമാണ് പ്രഥമാധ്യാപിക ജീവനൊടുക്കുന്ന സാഹചര്യം വരെ എത്തിച്ചത്. നമ്മുടെ പല ഹയർ സെക്കന്‍ഡറി സ്കൂളുകളും കലാലയങ്ങളും സമാന സാഹചര്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. വേഗത്തിൽ കണ്ടെത്താനാവാത്തവിധം പുതിയ തരത്തിലുള്ള ലഹരിയുടെ കുരുക്കിലാണ് നമ്മുടെ വിദ്യാലയങ്ങൾ. അധികാരികളുടെ ഇടപെടലും പ്രാദേശിക ജനതയുടെ ധീരതയും ജാഗ്രതയും കൊണ്ടേ എന്തെങ്കിലും ചെയ്യാനാകൂ. ലഹരിക്ക് വിധേയരാകുന്ന വിദ്യാർത്ഥികളിൽ നിന്ന് അസ്വാഭാവിക പെരുമാറ്റം സംഭവിക്കാം. പാലക്കാട്ടെ സ്കൂൾ വീഡിയോയുടെ പശ്ചാത്തലത്തിൽ അത്തരം അന്വേഷണങ്ങളും ഉണ്ടാകണം. പാവം വിദ്യാർത്ഥികൾ കുറ്റക്കാരല്ല, അവർ അതിന് വിധേയമാക്കപ്പെടുകയാണ്.
തന്റെ പിടിച്ചുവച്ച മൊബൈൽ ഫോൺ വിട്ടുകിട്ടുന്നതിനാണ് വീഡിയോയിൽ കാണുന്ന കുട്ടി ക്ഷുഭിതനാകുന്നതെന്നാണ് മനസിലാക്കുന്നത്. ഇന്ന് എല്ലാ വിദ്യാർത്ഥികളുടെ കൈവശവും മൊബൈൽ ഫോണുണ്ട്. അതൊരു പഠന സാമഗ്രിയായി വിദ്യാഭ്യാസ വകുപ്പു തന്നെ നിർണയിച്ചിട്ടുള്ളുമാണ്. ക്ലാസ് മുറിയിൽ ഉപയോഗിക്കരുതെന്ന് നിർദേശവുമുണ്ട്. പക്ഷേ ലക്ഷ്യബോധത്തോടെയുള്ള ഒരു ബോധന ഉപാധിയായി അതിനെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാക്കുന്നതിൽ നാം പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ ഈ ഉപകരണത്തിലൂടെ കൗമാരമനസുകൾക്ക് ആനന്ദിക്കാൻ ധാരാളം ലഭ്യതയുണ്ടുതാനും. അതൊന്നും ഉപേക്ഷിക്കാൻ പ്രായത്തിന്റെ ആവേശത്തിൽ പലപ്പോഴും സാധിക്കുകയുമില്ല. 

മൊബൈൽ ഫോണിന് ഒരു സ്വകാര്യതയുണ്ട്. മറ്റൊരാൾ അത് പരിശോധിച്ചാൽ വഴക്കോ പരിഹാസമോ ലഭിക്കുമോ എന്ന ആശങ്ക ആ വിദ്യാർത്ഥിയെ ബാധിച്ചിട്ടുണ്ടാകാം. മൊബൈൽ ഫോണിലൂടെ അംഗീകൃതമായോ അല്ലാതെയോ പുതിയ സിനിമകൾ ഉൾപ്പെടെ ആവശ്യക്കാര്‍ക്ക് ലഭ്യമാണ്. അതില്‍ പലതും വിദ്യാർത്ഥി പക്ഷത്തുള്ളവയല്ല. ലഹരിയും സെക്സും വയലൻസും കൊണ്ട് ഉന്മാദിപ്പിക്കുന്നവയാണവ. ത്യാജ്യഗ്രാഹ്യബുദ്ധിയുറച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾ ഇതിൽ അപരാധികളല്ല. കൗമാരമനസുകളെ ഉയർന്ന നിലയിൽ സ്വാധീനിക്കാനാവുന്ന സിനിമകൾ നമുക്കുണ്ടോ എന്ന ചർച്ച എങ്ങും നടക്കുന്നില്ല.
വിദ്യാർത്ഥികൾ നമ്മുടെ വിലപിടിച്ച സമ്മാനങ്ങളാണ്. അവർ ഭാവിയിലേക്കുള്ള പ്രതീക്ഷകളാണ്. നാടിനെയും വീടിനെയും പുലർത്തേണ്ടവർ. അവരിൽ കന്മഷം നിറയ്ക്കുന്ന ചുറ്റുപാടുകൾക്കെതിരെ രക്ഷിതാക്കളും അധ്യാപകരും അധികാരികളും കണ്ണും കാതും മനസും കൊടുത്തേ മതിയാവൂ. പഠന പദ്ധതിയുടെ പോരായ്മയാണ്, ഈ വീഡിയോയിലെ വിദ്യാർത്ഥിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന വിമർശനം ദുഷ്ടലാക്കോടെ പലരും ഇതിനകം പ്രചരിപ്പിച്ചു കഴിഞ്ഞു. എന്നാൽ, പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ ഉപയോഗപ്പെടുത്താനാവാത്തതാണ് യഥാർത്ഥ പ്രശ്നം. സാഹചര്യങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ തിരിച്ചറിയുകയും പരിഹരിക്കാൻ പ്രായോഗിക നിർദേശങ്ങളും വേണം. ഏതായാലും അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന ഓർമ്മപ്പെടുത്തൽ ഈ സംഭവം നൽകുന്നുണ്ട്. ശിക്ഷാവിധികളുടെ ചൂരൽക്കഷായങ്ങളോ, സന്മാർഗ ഉപദേശ പാഠങ്ങളോ പ്രതിവിധിയാക്കരുത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനം തിരിച്ചു കൊണ്ടുവരാൻ സാധിച്ചാൽ അത്രയും നല്ലത്. പക്ഷേ, അത് അധികാരത്തിന്റെയും അസഹിഷ്ണുതയുടെയും പക്ഷത്തേക്ക് ചായരുതെന്ന് മാത്രം. ജനാധിപത്യം അനുഭവിക്കുന്ന, വിദ്യാർത്ഥികൾക്ക് അവരുടെ അഭിപ്രായങ്ങൾ വിലമതിക്കുന്ന സ്കൂൾ അന്തരീക്ഷവും മാനസികനിലയും കൈവരുന്നതിന് സംഘടനാ പ്രവർത്തനം നല്ല ഉപാധിയായിരിക്കും.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.