22 January 2026, Thursday

കുടിലതയുടെ പ്രീണനവും പീഡനവും

Janayugom Webdesk
ടി ടി ജിസ്‌മോന്‍
August 2, 2025 4:30 am

നിഷ്കളങ്കരായ ജർമ്മൻ പെൺകുട്ടികളെ വശീകരിക്കുന്നതിനായി മണിക്കൂറുകളോളം ജൂതയുവാക്കൾ കാത്തുകിടക്കുന്നുവെന്ന ‘മെയിൻ കാംഫി’ലെ പരാമർശങ്ങൾക്കു സമാനമായ രീതിയിൽ ക്രിസ്ത്യൻ യുവതികളെ മുസ്ലിം യുവാക്കൾ പ്രണയക്കുരുക്കിൽപ്പെടുത്തി മത പരിവർത്തനം ചെയ്യിക്കുകയും ഐഎസിലേക്കടക്കം റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന വ്യാജ പ്രചരണത്തിലൂടെ ക്രൈസ്തവർക്കിടയിൽ ഇസ്ലാംഭീതി പരത്തുകയും അതേസമയം തന്നെ സാമൂഹ്യ പ്രവർത്തനത്തിന്റെ മറവിലെ മതംമാറ്റക്കാർ എന്ന ലേബൽ ക്രൈസ്തവർക്കുമേല്‍ പതിച്ചുനൽകി തങ്ങളുടെ വിദ്വേഷ രാഷ്ട്രീയം വർഗീയ പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയോടെ അതിസമർത്ഥമായിത്തന്നെ നടപ്പാക്കുകയും ചെയ്യുന്ന സംഘ്പരിവാർ കുടിലത കാണുമ്പോൾ ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ കാപട്യം വെളിപ്പെടുത്തുന്ന ബൈബിൾ വചനം ഓർമ്മയിൽ വരുന്നു. 

ലൗ ജിഹാദും മീറ്റ് ജിഹാദുമുപയോഗിച്ച് ഇസ്ലാംമത വിശ്വാസികളെ വേട്ടയാടുന്നത് പോലെ മതപരിവർത്തന നിരോധനനിയമങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് ക്രിസ്തീയ സ്ഥാപനങ്ങളെയും വിശ്വാസികളെയും ആക്രമിക്കുകയും ക്രൈസ്തവ മേഖലകളിൽ ഭീകരത സൃഷ്ടിക്കുകയുമാണ് ആർഎസ്എസ് ചെയ്യുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി.
വർഷങ്ങളായി ക്ലിനിക്ക് നടത്തുന്ന കന്യാസ്ത്രീകൾ മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് യുവതികളെ കൊണ്ടുപോയതെന്നിരിക്കെയാണ് മതപരിവർത്തന നിരോധന നിയമത്തിലെ അത്യന്തം ഗുരുതരമായ വകുപ്പുകൾ അടക്കം ചേർത്ത് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരിക്കുന്നത്. ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയെയും ജനാധിപത്യത്തെയും നിരന്തരം കടന്നാക്രമിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. 

1998ൽ അമർത്യാ സെന്നിന് സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചപ്പോൾ അതിനെ രാഷ്ട്രത്തിനെതിരായ ക്രിസ്ത്യൻ ഗൂഢാലോചനയായി വിശേഷിപ്പിക്കുകയും സാക്ഷരത വളർത്താൻ ഉദ്ദേശിച്ചുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾ വിദ്യാഭ്യാസത്തിന്റെ മറവിൽ മതംമാറ്റാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ ഹിഡൻ അജണ്ടയുടെ ഭാഗമാണെന്നുമാരോപിച്ച് രംഗത്തുവന്നത് വിശ്വഹിന്ദു പരിഷത്തിന്റെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന അശോക് സിംഗാൾ ആയിരുന്നു.
1998ൽ തെക്കുകിഴക്കൻ ഗുജറാത്തിലെ ഡാംഗ് ജില്ലയിൽ ഇരുപതോളം ചർച്ചുകൾ അഗ്നിക്കിരയാക്കിയതും 1999ൽ ഒഡിഷയിൽ ഇരു‌നൂറോളം ക്രിസ്ത്യൻ വീടുകൾ തകർത്തു കളഞ്ഞതും 2007ലും 2008ലും ഒഡിഷയിലെ കണ്ഡമാലിൽ നടന്ന കലാപങ്ങളും ഡൽഹി ദിൽഷാദ് ഗാർഡനിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ചും വസന്ത്കുഞ്ചിലെ സെന്റ് അൽഫോൺസാ ചർച്ചും യസോലയിലെ സീറോ മലബാർ കത്തോലിക് ചർച്ചും ഔട്ടർ ഡൽഹിയിലെ ഔവർ ലേഡി ഓഫ് ഗ്രേസസ് ചർച്ചുമടക്കം ചുട്ടുചാമ്പലാക്കിയതും ആർഎസ്എസിന്റെ അക്രമോത്സുകമായ പ്രചാരവേലയുടെ അനന്തര ഫലങ്ങളായിരുന്നു. 

രാജ്യത്തിന്റെ വൈവിധ്യങ്ങളെയും, പൗരന്മാരുടെ ഐക്യത്തെയും ഇല്ലായ്മ ചെയ്ത് ന്യൂനപക്ഷ അപരവല്‍ക്കരണം അനിവാര്യതയാണെന്ന് സമർത്ഥിക്കൽ പ്രത്യയശാസ്ത്ര ബാധ്യതയായ ഹിന്ദുത്വ ദേശീയത, ഒഡിഷയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിച്ച ഗ്രഹം സ്റ്റെയിൻസിനെയും രണ്ട് കുഞ്ഞുങ്ങളെയും 1999 ജനുവരിയിൽ ചുട്ടുകൊന്നത് ഇന്ത്യയുടെ മതേതര യശസിനേറ്റ കനത്ത ആഘാതമായിരുന്നു.
ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് ഈയിടെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. മോഡി ഭരണത്തിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരെ കുറ്റകൃത്യങ്ങൾ വളരെയധികം വർധിച്ചതായി ‘ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ’ പുറത്തുവിട്ട കണക്കുകളും വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രിസ്മസ് ദിനത്തിൽ രാജ്യവ്യാപകമായി ക്രൈസ്തവസമൂഹത്തിനുനേരെ കടുത്ത ആക്രമണങ്ങളാണ് സംഘ് പരിവാർ അഴിച്ചുവിടുന്നത്. ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയ അനുഭവങ്ങളുണ്ടായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത പരിവർത്തനക്കുറ്റം ആരോപിച്ചുകൊണ്ട് ക്രിസ്മസ് കരോളിന് പോലും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഈസ്റ്റർ വിശുദ്ധ വാരത്തിൽ ഡൽഹി സേക്രട്ട് ഹാൾ പള്ളിയിലേക്കുള്ള കുരിശിന്റെ വഴിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഝാർഖണ്ഡിൽ വൻകിട വികസനപദ്ധതികളുടെ ഭാഗമായി ആദിവാസി വിഭാഗങ്ങളെ കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരായുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച് കൊന്ന ഫാദർ സ്റ്റാൻ സ്വാമിയും ഹിന്ദുത്വ വർഗീയ ദേശീയതയെ പ്രയോഗവൽക്കരിക്കുകയെന്ന ആർഎസ്എസ് അജണ്ടയുടെ ക്രൂരമായ ഇരയായിരുന്നു.
ക്രൈസ്തവരുടെ ലക്ഷ്യം ക്രിസ്തീയ രാജ്യമാണെന്ന് പ്രഖ്യാപിക്കുന്ന ഗോൾവാൾക്കർ മതനിരപേക്ഷതയ്ക്കുപകരം ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം വ്യാഖ്യാനിച്ച് തങ്ങളുടെ ഭൂരിപക്ഷവാദത്തെ ‘വിചാരധാര’യിൽ സ്ഥാപിക്കുന്നത് ഇങ്ങനെയാണ്. “നമ്മുടെ ജീവിതത്തിന്റെ സാമൂഹ്യവും മതപരവുമായ ഘടന തകർക്കുവാൻ മാത്രമല്ല വിവിധ കേന്ദ്രങ്ങളിലും കഴിയുമെങ്കിൽ നാട്ടിലാകമാനവും രാഷ്ട്രീയാധിപത്യം സ്ഥാപിക്കുന്നതിനും കൂടി ശ്രമിക്കുകയാണ് നമ്മുടെ നാട്ടിലിന്നു താമസിക്കുന്ന ക്രൈസ്തവ മാന്യന്മാർ ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ ദിവ്യപക്ഷങ്ങൾക്കു കീഴിൽ മനുഷ്യവർഗത്തിന് ശാന്തിയും സാഹോദര്യവും കൈവരുത്തുകയെന്ന ആകർഷകമായ മുഖംമൂടിയോടുകൂടി കാലുകുത്തിയിടത്തെല്ലാം അവർ വഹിച്ചിട്ടുള്ള പങ്ക് ഇതുതന്നെയാണ്”

ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന എല്ലാ മാനുഷിക മൂല്യങ്ങളെയും നിരാകരിക്കുന്ന സംഘ്പരിവാർ രാജ്യത്ത് വർഗീയധ്രുവീകരണം ഉയർത്തിവിട്ട് ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനായുള്ള നിർണായക ചുവടുവയ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഏകശിലാത്മകത ദേശീയ സങ്കല്പത്തിൽ ഇതര ചിന്താധാരകളെ രാജ്യത്തിന്റെ ശത്രുപക്ഷത്ത് നിർത്തി ഉന്മൂലനം ചെയ്യാനാണവര്‍ നിരന്തരം ശ്രമിക്കുന്നത്. കേരളത്തിൽ മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കുമിടയിൽ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചുകൊണ്ട് ഈ വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ സാധ്യതയുള്ള വിഷയങ്ങൾ പ്രചരിപ്പിച്ച് സംഘർഷമുണ്ടാക്കുകയും അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളോടൊപ്പം ക്രിസ്ത്യാനികളെയും ശത്രുപക്ഷത്ത് നിർത്തുകയും ചെയ്യുന്ന രാഷ്ട്രീയകൗശലം ഇനിയെങ്കിലും തിരിച്ചറിയാതെ പോകരുത്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.