
ഇന്ത്യയുടെ ഗ്രാമീണ ജനതയുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഉതകുന്നതായിരുന്നു 2005 സെപ്റ്റംബർ അഞ്ചാം തീയതി പാർലമെന്റിൽ പാസാക്കിയ തൊഴിലുറപ്പ് നിയമം. പിൽക്കാലത്ത് ഈ നിയമം ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലാണ് അറിയപ്പെട്ടത്. 15 കോടിയിലധികം വരുന്ന ഗ്രാമീണ ജനത ഈ പദ്ധതി വഴി ഉപജീവനം തേടി വരികയാണ്. കേരളത്തിൽ 26 ലക്ഷത്തോളം ആളുകൾ പദ്ധതിയെ ആശ്രയിച്ച് ജീവിതം നയിക്കുന്നു. തൊഴിൽ അവകാശം നിയമപരമായി സ്ഥാപിക്കുകയും, ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 100 ദിവസം തൊഴിൽ നൽകുകയും, എടുക്കുന്ന തൊഴിലിന് സമയബന്ധിതമായി വേതനം ലഭ്യമാക്കുകയും ചെയ്യുന്ന ഉറപ്പ് തൊഴിലുറപ്പ് നിയമം 2005 നൽകിയിരുന്നു. 2014ൽ ബിജെപി ഇന്ത്യയുടെ ഭരണത്തിൽ വന്നതുമുതൽ നരേന്ദ്ര മോഡിയും ബിജെപി നേതാക്കളും മഹാത്മാ ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന ഈ പദ്ധതിയോട് ഒരു ആത്മാർത്ഥതയും കാണിച്ചിരുന്നില്ല. പദ്ധതിയെ ഏതുവിധേനയും തകർക്കുക എന്ന ഗൂഢമായ ലക്ഷ്യത്തോടെയാണ് അവർ പ്രവർത്തിച്ചത്. തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ എടുത്തു കളഞ്ഞും ആവശ്യമായ വേതനം നൽകാതെയും ബജറ്റിൽ വേണ്ട തുക വകയിരുത്താതെയും പദ്ധതിയെ ദുർബലപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ഇക്കഴിഞ്ഞ ഡിസംബർ 17ന് പാർലമെന്റിൽ അവതരിപ്പിച്ച വിബി ജി ആര്‍എഎം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് ജീവികാ മിഷൻ — ഗ്രാമീൺ) ബിൽ 2025 എന്നതിലൂടെ രാഷ്ട്രപിതാവിന്റെ പേര് പദ്ധതിയിൽ നിന്ന് എടുത്ത് മാറ്റി. മാത്രമല്ല, തൊഴിലാളികൾക്ക് ലഭ്യമായിരുന്ന തൊഴിലവകാശം ഇല്ലാതായിരിക്കുകയാണ്. 100 ദിവസത്തെ തൊഴിലിന് പകരം ബില്ലിലെ സെക്ഷൻ 5 (1) പ്രകാരം 125 ദിവസത്തെ തൊഴിൽ നൽകുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയാണ്. നിലവിലുണ്ടായിരുന്ന നിയമത്തിൽ ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിനങ്ങൾ എന്നാണ് പറഞ്ഞിട്ടുള്ളത് എന്നാൽ അതിലധികം തൊഴിൽ ദിനങ്ങൾ എത്രവേണമെങ്കിലും നൽകാവുന്ന നിയമമായിരുന്നു എംജിഎന്‍ആര്‍ഇജി ആക്ട്. തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെങ്കിൽ 2023–24ൽ 52.08 ദിവസവും 2024–25ൽ 50.24 ദിവസമാണ് ശരാശരി തൊഴിൽ ദിനങ്ങൾ നൽകിയത്. രാജ്യത്ത് 15 കോടിയിലധികം തൊഴിലാളി പണിയെടുക്കുന്ന ഈ മേഖലയിൽ വമ്പിച്ച പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ് 100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസത്തെ തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ടുള്ളത്.
ഏതൊരു കുടുംബവും തൊഴിലിന് അപേക്ഷ നൽകിയാൽ 14 ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തൊഴിൽ നൽകണം എന്നും അല്ലാത്തപക്ഷം അപേക്ഷ നൽകി ആദ്യ 30 ദിവസം വരെ വേതനത്തിന്റെ 25 ശതമാനവും 30 ദിവസം കഴിഞ്ഞാൽ 50 ശതമാനവും തുക തൊഴിൽരഹിത വേതനമായി നൽകണമെന് ഇന്ത്യൻ ഗ്രാമീണ ജനതയ്ക്ക് ഉറപ്പ് നൽകുന്ന നിയമത്തെയാണ് കശാപ്പ് ചെയ്തത്. പുതിയ നിയമത്തിലെ സെക്ഷൻ 4(5)പ്രകാരം വർഷാവർഷം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് അവർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി അനുവദിക്കുന്ന തുകയ്ക്ക് ഉള്ളിൽ നിന്നുള്ള പ്രവൃത്തികൾ മാത്രമേ ഏറ്റെടുക്കുവാൻ പാടുള്ളൂ. സെക്ഷൻ 4(6) പ്രകാരം അധികമായി ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ പൂർണമായ തുകയും സംസ്ഥാനങ്ങൾ വഹിക്കണം. ഫലത്തിൽ കേന്ദ്രസര്‍ക്കാര്‍ ഓരോ സംസ്ഥാനങ്ങൾക്കും എത്ര തൊഴിൽദിനങ്ങൾ ഒരു സാമ്പത്തിക വർഷം നൽകണമെന്ന് മുൻകൂട്ടി തീരുമാനിക്കുന്ന നിലയിലേക്ക് എത്തിച്ചേരുകയാണ്. മാത്രമല്ല സംസ്ഥാനങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത പ്രദേശങ്ങളിൽ മാത്രമേ പ്രവൃത്തികൾ ഏറ്റെടുക്കുവാനും കഴിയുകയുള്ളൂ.
ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭകൾ വഴി പ്രാദേശികമായി ആവശ്യമുള്ള പദ്ധതികൾ ഏറ്റെടുത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കി ഓരോ പ്രദേശത്തിനും ആവശ്യമായ പ്രവൃത്തികളാണ് നിലവില്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ‘ഗതിശക്തി’ പോർട്ടൽ വഴി അവർ നിശ്ചയിച്ചുനൽകുന്ന പ്രവൃത്തികൾ മാത്രമേ തുടർന്ന് ഏറ്റെടുക്കുവാൻ കഴിയുകയുള്ളൂ. പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് സംസ്ഥാനങ്ങൾക്കോ ജില്ലാ ആസൂത്രണ സമിതിക്കോ ഗ്രാമപഞ്ചായത്തുകൾക്കോ ഗ്രാമസഭകൾക്കോ യാതൊരുവിധ അധികാരവും ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇവയെല്ലാം ചെയ്യുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
പുതിയ ബില്ലിലെ സെക്ഷൻ 6 (2) പ്രകാരം കാർഷിക മേഖലയിലെ വിളവെടുപ്പ് സമയമായ രണ്ട് മാസക്കാലം ഈ പദ്ധതിയിൽ ജോലി നൽകാൻ പാടുള്ളതല്ല. കേരളം ഒഴികെയുള്ള ഭൂനിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങളിൽ വമ്പൻ ഭൂപ്രഭുക്കന്മാർ കൈവശം വച്ച് കൃഷി ചെയ്യുന്ന പതിനായിരക്കണക്കിന് ഏക്കർ ഭൂമിയിൽ വിളവെടുക്കുന്നതിന് ഈ പാവപ്പെട്ട തൊഴിലാളികളെ ഉപയോഗിക്കുന്നതിനുവേണ്ടി മാത്രമാണ് ഇങ്ങനെ ഒരു നിയമം പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുള്ളത്. നിലവിലുണ്ടായിരുന്ന നിയമത്തിൽ വേതനത്തിന്റെ 100% തുകയും കേന്ദ്രത്തിന്റെ വിഹിതമായിരുന്നു. ഉപകരണങ്ങളുടെ ചെലവില്‍ 75% തുക കേന്ദ്രത്തിന്റെയും 25% സംസ്ഥാന സര്‍ക്കാരുകളുടെയും ആയിരുന്നു. ഫലത്തിൽ മൊത്തം തുകയുടെ 90% തുക കേന്ദ്രത്തിന്റെയും 10% സംസ്ഥാന സര്‍ക്കാരുകളുടെയും ആയിരുന്നു.
എന്നാൽ പുതിയ ബില്ലിലെ സെക്ഷൻ 22 (2) പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ മൊത്തം തുകയുടെ 90% കേന്ദ്രവും 10% സംസ്ഥാനങ്ങളും വഹിക്കണം. ബാക്കി സംസ്ഥാനങ്ങളില്‍ 40% തുക സംസ്ഥാനങ്ങളും 60% തുക കേന്ദ്രവും വഹിക്കുമെന്ന് പറയുന്നു. അതിനർത്ഥം ഈ പദ്ധതിയുടെ സാമ്പത്തിക ബാധ്യതയിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ ബോധപൂർവം മാറുന്നു എന്നാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലയെ തകർത്ത്, കേരളം അടക്കമുള്ള ജനക്ഷേമകരമായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കി ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഈ നിയമത്തിന്റെ പിന്നിലുണ്ട്. സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത നൽകുമ്പോൾ കേന്ദ്ര ഫണ്ടിൽനിന്ന് ഒരു രൂപയെങ്കിലും പ്രസ്തുത ആവശ്യത്തിലേക്ക് സംസ്ഥാനങ്ങൾക്ക് അധികമായി നൽകുന്ന ഒരു വ്യവസ്ഥയും നിയമത്തിലില്ല. കേരളം ശരാശരി 4,000 കോടി രൂപ പ്രതിവർഷം ഈ പദ്ധതിയിലൂടെ ചെലവഴിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 4,011 കോടിയാണ് ഗ്രാമീണ കേരളത്തിൽ ഈ പദ്ധതിയിലൂടെ ചെലവഴിക്കപ്പെട്ടത്. വമ്പിച്ച നിലയിലുള്ള സ്വാധീനമാണ് കേരളത്തിന്റെ ഗ്രാമീണ മേഖലയിൽ പ്രസ്തുത തുക ചെലുത്തിയത്. 60:40 എന്ന അനുപാതത്തിൽ സംസ്ഥാനം തുക ചെലവഴിക്കേണ്ടി വന്നാൽ പ്രതിവര്‍ഷം 1,600 കോടി രൂപയിലധികം കേരളം അധികമായി കണ്ടെത്തേണ്ടിവരും. കേരളം മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്ഷേമ വികസന പരിപാടികൾ മാറ്റിവച്ച് തുക കണ്ടെത്തേണ്ടിവരും. ഇത് സംസ്ഥാനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഫലത്തിൽ ഇന്ത്യൻ തൊഴിലാളികൾ നിരന്തരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യപരവും ഭരണഘടനാപരവും ആയിട്ടുള്ള തൊഴിലവകാശം പുതിയ ബില്ലിലൂടെ ഇല്ലാതാവുകയാണ്. 73-ാം ഭരണഘടന ഭേദഗതിയുടെ സ്പിരിറ്റ് ഇല്ലാതാക്കുകയാണ്. ഇന്ത്യയുടെ വളർച്ച ഗ്രാമങ്ങളിലൂടെയാണെന്ന രാഷ്ട്രപിതാവിന്റെ ആശയം ഇവിടെ അസ്തമിക്കുകയാണ്. തൊഴിലാളികളുടെയും ഗ്രാമസഭയുടെയും സംസ്ഥാനങ്ങളുടെയും അധികാരം എടുത്തുമാറ്റുന്നതിലൂടെ രാജ്യത്തെ ഗ്രാമീണ ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ നീതി നിഷേധിക്കപ്പെടുകയാണ്. എല്ലാ അധികാരങ്ങളും അവകാശങ്ങളും കേന്ദ്രസര്‍ക്കാരിന്റെ കൈകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അതിഭയാനകമായ ഭരണഘടനാ നിഷേധമാണിത്. എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷൻ, വിബി ജി ആര്‍എഎം ജി ബില്ലിനെ ശക്തമായി എതിർക്കുന്നു. തൊഴിലാളികളുടെയോ തൊഴിലാളി പ്രസ്ഥാനങ്ങളുടെയോ സംസ്ഥാന സര്‍ക്കാരുകളുടെയോ അനുമതിയോ അഭിപ്രായമോ തേടാതെ മഹത്തായ ഒരു നിയമത്തെ ജനങ്ങളെയും മഹാത്മജിയെയും അവഹേളിച്ചുകൊണ്ട് ഭൂരിപക്ഷ അഹങ്കാരത്തോടെ കശാപ്പു ചെയ്യുന്നതിനെതിരെ തൊഴിലാളികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് അതിശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നതിന് ഫെഡറേഷൻ നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.