13 February 2026, Friday

അനാഥനായ സഭാനാഥൻ

എം കെ നാരായണമൂര്‍ത്തി
February 13, 2026 4:40 am

18-ാം ലോക്‌സഭയുടെ സഭാനാഥൻ ഓം ബിർള ഇപ്പോൾ സ്വയം പ്രഖാപിത അവധിയിലാണ്. പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ഒരു തീരുമാനമുണ്ടായിട്ടേ താനിനി സഭയിലേക്കുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ബിജെപി സഖ്യത്തിന് ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ പ്രമേയം പരാജയപ്പെട്ടേക്കാം. പക്ഷേ ആ പ്രമേയത്തിന്മേൽ ചർച്ചകൾ നടന്നേ മതിയാകൂ. ആ ചർച്ചകളെയാണ് ഓം ബിർള ഭയക്കുന്നത്. സാങ്കേതികമായി പ്രമേയം പരാജയപ്പെട്ടാലും ഓം ബിർളയെന്ന സംഘ രാഷ്ട്രീയ വക്താവിന്റെ പാർലമെന്ററി നടപടികളിലെ പക്ഷപാതിത്വവും അന്തസില്ലായ്മയും നടപടിക്രമങ്ങളിലെ അറിവില്ലായ്മകളും സഭയിൽ ചർച്ച ചെയ്യപ്പെടും. ഇതെല്ലാം സഭാനടപടികളിൽ രേഖപ്പെടുത്തുകയും പത്രമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാകുകയും ചെയ്യും. ഇതൊക്കെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ സൃഷ്ടിക്കാൻ പോകുന്ന വല്ലായ്മകളെ ഏറ്റവുമധികം തിരിച്ചറിയുന്നതും ഓം ബിർള തന്നെ. ആർഎസ്എസുകാരനായി ശാഖാ ജീവിതം ആരംഭിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വന്ന് ലോക്‌സഭാ സ്പീക്കർ പദവി വരെയെത്തിയ ബിർളയ്ക്ക് നാളത്തെ രാഷ്ട്രീയ വിദ്യാർത്ഥികൾ ചാർത്തി കൊടുക്കാൻ പോകുന്ന പട്ടം നിറം കെട്ട സഭാനാഥൻ എന്നതായിരിക്കും. അതിന്റെ ആഴമറിയണമെങ്കിൽ ബിർളയ്ക്ക് മുന്നേ ആ കസേരയിലിരുന്ന ചിലരെ നാം അറിയണം. 

1952ൽ ആദ്യ സ്പീക്കർ പദവി നിലവിൽ വരുമ്പോൾ ഉപവിഷ്ടനായത് ഗണേഷ് വാസുദേവ് മൗ ലെങ്കർ എന്ന ജി വി മൗ ലെങ്കറായിരുന്നു. സ്വതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ നിന്ന് രാഷ്ട്രീയത്തിന്റെ അർത്ഥമറിഞ്ഞ ആ മഹാരഥൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുമ്പോൾ മുന്നിൽ മറ്റ് മാതൃകകൾ ഒന്നുമുണ്ടായിരുന്നില്ല. വെസ്റ്റ്മിനിസിസ്റ്റർ പാർലമെന്ററി രീതിയിൽ ലോക്‌സഭയിൽ പുതിയ കീഴ്വഴക്കങ്ങൾ പിന്നാലെ വരുന്നവർക്കായി അദ്ദേഹം സൃഷ്ടിച്ചു. ജവഹർലാൽ എന്ന രാഷ്ട്രശില്പി പ്രധാനമന്ത്രി പദത്തിൽ. പല ഘട്ടങ്ങളിലും നെഹ്രുവിനെ ശാസിക്കാനും തിരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഭരണഘടനയെ എങ്ങനെ വ്യാഖ്യാനിച്ച് രാഷ്ട്രനിർമ്മാണം നടത്തണമെന്ന് മൗ ലെങ്കർ മറ്റ് മന്ത്രിമാർക്കും ഉപദേശങ്ങൾ നൽകി. സഭയിലെ പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ബില്ലുകളിൽ സമവായത്തിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുകയും ചെയ്തു. 1956ൽ അദ്ദേഹത്തിന്റെ മരണശേഷം സ്പീക്കറായ അനന്തശയനം അയ്യങ്കാർ സഭയിൽ ശാസ്ത്രീയ ചർച്ചകൾക്ക് വഴിവച്ചയാളാണ്. ദക്ഷിണേന്ത്യയിൽ നിന്നും ഡൽഹി രാഷ്ട്രീയത്തിലെത്തിയ അയ്യങ്കാർ ഭരണപ്രതിപക്ഷങ്ങൾക്ക് സഭയ്ക്കുള്ളിൽ തുല്യാവസരങ്ങളൊരുക്കി. ജവഹർലാൽ നെഹ്രു സർക്കാർ ഓർഡിനൻസുകൾ ഇറക്കി നിയമനിർമ്മാണം നടത്തിയപ്പോൾ, അതങ്ങനെ പോരാ, സഭയിൽ വിശദമായ ചർച്ചകൾ വേണമെന്ന നിർബന്ധ ബുദ്ധിയും അയ്യങ്കാർക്കുണ്ടായിരുന്നു. ഓർഡിനൻസ് ഇറക്കിയ സാഹചര്യം വിശദീകരിക്കാൻ യാതൊരു മടിയും കൂടാതെ നെഹ്രു അദ്ദേഹത്തിന്റെ മുന്നിലെത്തുകയും ചെയ്തിരുന്നു എന്നത് ചരിത്രം. 

1962ലെ ചൈനയുടെ അധിനിവേശകാലത്ത് സർദാർ ഹുക്കും സിങ്ങായിരുന്നു സഭാനാഥൻ. ഏറ്റവും കലുഷിതമായ അക്കാലത്ത് സഭയെ അതിന്റെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം നടപടികൾ നിയന്ത്രിച്ചു. മാത്രമല്ല ചൈനായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ‘ദി ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട്’ പാസാക്കുന്നത് ഇദ്ദേഹം സ്പീക്കറായിരുന്ന കാലത്താണ്. ലോക്‌സഭാംഗങ്ങളെ വിവേകത്തെക്കാൾ വികാരം നിയന്ത്രിച്ചിരുന്ന കാലം. മന്ത്രിസഭയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുകയും അതിന്മേൽ അർത്ഥവത്തായ ചർച്ചകൾക്ക് കളമൊരുക്കുകയും ചെയ്ത ആളായിരുന്നു ഹുക്കും സിങ്.
വിസ്താര ഭയംകൊണ്ട് ജി എം സി ബാലയോഗി, പി എ സാംഗ്മ, മീരാകുമാർ, സോമനാഥ് ചാറ്റർജി തുടങ്ങിയ മഹദ് വ്യക്തികൾ സഭാചട്ടങ്ങളെയും ഭരണഘടനയേയും ചേർത്തുപിടിച്ചു കൊണ്ട് എങ്ങനെയാണ് ലോക്‌സഭയെ മുന്നോട്ട് നയിച്ചിരുന്നതെന്ന് വിശദീകരിക്കുന്നില്ല. 2019ൽ സ്പീക്കറായി ചുമതലയേറ്റ ഓംബിർള രണ്ടുതവണ തുടർച്ചയായി ലോക്‌സഭാ സ്പീക്കറാകുന്ന ആദ്യത്തെയാളുമാണ്. രാജസ്ഥാൻ രാഷ്ട്രീയത്തിലൂടെ ഡൽഹിയിലെത്തിയ ഈ മാനേജ്മെന്റ് വിദഗ്ധന് എവിടെയാണ് പിഴച്ചത്? അല്ലെങ്കിൽ അദ്ദേഹത്തിന്റെ പിഴവുകൾക്ക് ആരാണ് ഉത്തരവാദി? രണ്ടുത്തരങ്ങള്‍ പരിശോധിക്കേണ്ടി വരും. ആദ്യത്തേത് 2019ൽ ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷവും നരേന്ദ്ര മോഡിയെന്ന കൗശലക്കാരന്റെ വികല രാഷ്ട്രീയ നയങ്ങളും. രണ്ടാമത്തേത് ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം അപ്രമാദിത്വം നേടിയെന്ന മിഥ്യാബോധം. ഇന്ത്യൻ രാഷ്ട്രീയത്തെ ഉത്തരേന്ത്യൻ രാഷ്ട്രീയം മാത്രമായി ചുരുക്കിക്കാണാൻ സംഘപ്രഭൃതികൾ എക്കാലവും ശ്രമിച്ചിരുന്നു. ബ്രാമണിക്കൽ മൂല്യങ്ങളിൽ ഇന്ത്യൻ ജനതയെ തളച്ചിടാനും മുസ്ലിം, ക്രിസ്ത്യൻ, ദളിത്, ആദിവാസി ജനവിഭാഗങ്ങളെ കാൽച്ചുവട്ടിൽ കൊണ്ടുവരണമെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കാനും പാർലമെന്റിൽ ലഭിച്ച ഭൂരിപക്ഷം മാത്രം മതിയെന്ന വിഡ്ഢിത്തരത്തിലാണ് മോഡിയുടെ ബനിയ രാഷ്ട്രീയം വളർന്നു വികസിച്ചത്. ഹിന്ദി ഹൃദയ ഭൂമിയിലെ വോട്ടുകളാണ് തങ്ങളെ അധികാരത്തിലെത്തിച്ചതെന്ന് അറിയാതെയല്ല സംഘപരിവാരം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ തുടങ്ങിയത്. ആർട്ടിക്കിൾ 370 എടുത്ത് കശ്മീരിൽ പ്രയോഗിച്ചപ്പോൾ വേദനിച്ചത് ലക്ഷക്കണക്കിനാളുകളാണ്. വോട്ടിന്റെ ബലത്തിൽ അളക്കാവുന്ന മുറിവല്ല അവിടെ സൃഷ്ടിച്ചത്. 

ഈ ഘട്ടത്തിൽ പാർലമെന്റിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വയ്യാത്ത അവസ്ഥയിലേക്ക് യൂണിയൻ സർക്കാർ നീങ്ങി. പ്രതിപക്ഷത്തെ നിസാരവൽക്കരിക്കാൻ ഇപ്പോൾ മോഡിക്ക് കഴിയില്ല. രാഹുൽ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവ് കണക്കുകളുടേയും വസ്തുതകളുടേയും പിൻബലത്തിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ പ്രധാനമന്ത്രിയുടെ ഉറക്കം കെടുത്തി. ഇവിടെയാണ് സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തടയാനുള്ള കുത്സിത നീക്കം മോഡി തുടങ്ങുന്നത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ സ്പീക്കറുടെ കസേരയിലിരിക്കുന്നത് ആരായാലും അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താൻ ഇല്ലാത്ത സഭാചട്ടങ്ങൾ പറയുകയാണ്. ഇവിടെ നാണംകെടുന്നത് പ്രതിപക്ഷ നേതാവല്ല, ചെയറിലിരിക്കുന്ന അല്പ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ എന്തു പറയണമെന്ന് സ്പീക്കറല്ല തീരുമാനിക്കേണ്ടതെന്ന് മനസിലാക്കാൻ സഭാചട്ടങ്ങൾ വായിച്ചു നോക്കിയാൽ മതി. പ്രതിപക്ഷത്തെ വനിതാ അംഗങ്ങൾ പ്രധാനമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് താനാണ് പ്രധാനമന്ത്രിയെ ധരിപ്പിച്ചതെന്നും അതുകൊണ്ടാണ് അദ്ദേഹം സഭയിൽ വരാത്തതെന്നും പറയാനുള്ള വിവരക്കേട് ഒരു പഞ്ചായത്ത് അംഗം പോലും കാണിക്കുമെന്ന് തോന്നുന്നില്ല. 

2019 മുതൽ ലോക്‌സഭയിൽ ഡെപ്യൂട്ടി സ്പീക്കറില്ല. ആർട്ടിക്കിൾ 93 പ്രകാരം നിർബന്ധമായും സഭയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാകണം. നമ്മൾ പിന്തുടരുന്ന കീഴ്വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനുള്ളതാണ്. പക്ഷേ സംഘപരിവാരത്തിന് ഈ കീഴ്വഴക്കം പിന്തുടരാൻ താല്പര്യമില്ലാത്തതിന്റെ കാരണം അത്തരം ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന ആളിന് എത്തിപ്പിടിക്കാവുന്ന സർക്കാർ രേഖകളാണ്. ചട്ടങ്ങളേയും നിയമങ്ങളേയും ദുരുപയോഗം ചെയ്യുന്നതിനെ ഒരു പരിധി വരെ എതിർക്കാൻ ഡെപ്യൂട്ടി സ്പീക്കർക്ക് കഴിയും. കുറഞ്ഞപക്ഷം തന്റെ വിയോജിപ്പിച്ച് രേഖപ്പെടുത്താനെങ്കിലും. തിരുവായ്ക്ക് എതിർ വാ പാടില്ലെന്ന ബിജെപി രാഷ്ട്രീയത്തിന് ഇത് ഉൾക്കൊള്ളാൻ കഴിയില്ല. ആധുനികമായ ജനാധിപത്യ സംസ്കരണത്തിലൂടെയാണ് വികസിത രാജ്യങ്ങൾ മുന്നേറുന്നത്. ഇന്ത്യയിൽ അത്തരം ചർച്ചകളെ പോലും സർക്കാർ ഭയപ്പെടുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് തീരെ നിലവാരമില്ലാത്തവരെ ഗവർണർമാരായി വച്ച് പിൻവാതിലിലൂടെ സുഗമമായ ഭരണക്രമത്തെ അട്ടിമറിക്കാൻ നോക്കുന്നതും ഈ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. തമിഴ്‌നാട്ടിൽ ഗവർണറായി വച്ചിരിക്കുന്ന ആർ എൻ രവിയൊക്കെ തമിഴ്ജനതയ്ക്ക് ഒരു ഭാരമായി മാറിക്കഴിഞ്ഞു. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാൻ കാട്ടിക്കൂട്ടിയ വിക്രിയകൾ നമ്മൾ കണ്ടതാണെല്ലോ. ഇന്ത്യ പോലൊരു രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനോ തങ്ങളുടെ വരുതിയിലാക്കാനോ ഉള്ള സംഘപരിവാര ശ്രമങ്ങൾ ദയനീയമായി പരാജയപ്പെടും. അതിന്റെ പ്രധാന കാരണം നമ്മുടെ വൈവിധ്യം തന്നെയാണ്. നാനാത്വത്തിൽ ഏകത്വം തേടിയ മറഞ്ഞുപോയ നേതാക്കൾ കാണിച്ച ജനാധിപത്യ മര്യാദകൾ നിലവാരം കുറഞ്ഞ സംഘപരിവാര രാഷ്ട്രീയത്തിൽ നിന്നും നാം പ്രതീക്ഷിക്കേണ്ടതില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.