11 February 2026, Wednesday

രാജ്യത്തിന്റെ നിലനില്പിനുള്ള പോരാട്ടം

Janayugom Webdesk
February 11, 2026 4:45 am

നുവരി ഒമ്പതിന് ചേർന്ന 10 കേന്ദ്ര തൊഴിലാളി സംഘടനകളുടെ കൺവെൻഷൻ ആഹ്വാനം ചെയ്ത ദേശീയ പൊതു പണിമുടക്ക് നാളെ നടക്കുകയാണ്. ചരിത്രമായിത്തീരുന്ന ഈ പണിമുടക്കിൽ സംഘടിത‑അസംഘടിത മേഖല, സർക്കാർ, പൊതു മേഖല, വ്യവസായ രംഗം, നഗര — ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരെല്ലാം അണിനിരക്കും. സംയുക്ത കിസാൻ മോർച്ചയും സിപിഐ, സിപിഐ(എം) ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതി നിലനിർത്തണമെന്ന പ്രത്യേക ആവശ്യമുന്നയിച്ച് കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഇതിനകംതന്നെ പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളും പ്രചരണ പ്രവർത്തനങ്ങളും നടന്നുകഴിഞ്ഞു. സർക്കാർ, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ, എന്നിവിടങ്ങളിൽ തൊഴിലാളികൾ, ജീവനക്കാർ, ഗ്രാമീണ മേഖലയിലെ കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർക്കിടയിലും വ്യാപകമായി പണിമുടക്കിന്റെ സന്ദേശം എത്തി. പല മേഖലകളിലും യുവാക്കളും വിദ്യാർത്ഥികളും കാമ്പയിനിൽ പങ്കെടുത്തു. പണിമുടക്കിൽ ഉന്നയിക്കുന്ന ആവശ്യങ്ങളോട് സാധാരണജനങ്ങളും പൂർണ പിന്തുണ വാഗ്ദാനം നൽകിയിട്ടുണ്ട്. വ്യവസായ മേഖലകളിൽ പണിമുടക്ക് നോട്ടീസ് നൽകി. ഒരുക്കങ്ങളെല്ലാം പൂർണാർത്ഥത്തിലാണ് നടന്നത്.

തൊഴിലാളി സംഘടനകളെ ദുർബലപ്പെടുത്തുന്നതിനും തൊഴിലവകാശങ്ങൾ ഹനിക്കുന്നതിനും കേന്ദ്രസർക്കാരിൽ നിന്ന് വിവിധ നടപടികൾ ഉണ്ടായ സങ്കീർണ സാഹചര്യത്തിലാണ് പൊതുപണിമുടക്ക് പ്രഖ്യാപിക്കേണ്ടി വന്നത്. ഇന്ത്യൻ തൊഴിലാളിവർഗത്തെ നിരായുധമാക്കുന്ന നടപടികളുടെ മൂർത്ത രൂപമായിരുന്നു നാല് ലേബർ കോഡുകളും തുടർന്നുള്ള ചട്ടങ്ങളും. നിയമനിർമ്മാണത്തിന്റെ അനിവാര്യമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയായിരുന്നു ലേബർ കോഡുകൾ പാസാക്കിയത്. ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുകയോ ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) വിളിച്ച് ചർച്ച ചെയ്യുകയോ ഉണ്ടായില്ല. ഐഎൽസി വിളിക്കാതിരിക്കുന്നത്, അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ (ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഇതിൽ ഒപ്പുവച്ചിട്ടുള്ളതാണ്) ലംഘിക്കുന്ന സമീപനമാണ്. പാർലമെന്റിൽ ഏകപക്ഷീയമായും ധാർഷ്ട്യത്തോടെയുമായിരുന്നു നിയമം പാസാക്കിയെടുത്തത്. കോവിഡ് 19 കാലഘട്ടത്തിൽ ദുരന്ത നിവാരണ നിയമം നിലവിലുള്ളതിനാൽ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. ഇപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്ന ലേബർ കോഡുകളുടെയും കരട് ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പണിമുടക്കിനുള്ള അവകാശമുൾപ്പെടെ കൂട്ടായ വിലപേശൽ പൂർണമായും ഇല്ലാതാകുകയാണ്. 70% ഫാക്ടറികളും തൊഴിൽ നിയമ പരിധിക്ക് പുറത്താകും. തൊഴിലാളികളെയപ്പാടെ ഉടമകളുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുക, ബഹുഭൂരിപക്ഷം തൊഴിലാളികളെയും തൊഴിൽ സംരക്ഷണത്തിൽ നിന്നും സാമൂഹിക സുരക്ഷയിൽ നിന്നും പുറത്താക്കുക, നിലവിലുള്ള അവകാശങ്ങളെയും വേതന സംരക്ഷണങ്ങളെയും അനുരഞ്ജന/വിധിനിർണയ നടപടിക്രമങ്ങളിലൂടെ ഇല്ലാതാക്കുക, ട്രേഡ് യൂണിയൻ നിയമം റദ്ദാക്കുക, യൂണിയൻവൽക്കരണം നിയന്ത്രിക്കുന്നതിന് രജിസ്ട്രേഷനും അംഗീകാരവും ബുദ്ധിമുട്ടുകളും സങ്കീർണതകളുമുള്ളതാക്കുക, കൂട്ടായ തൊഴിലാളി പ്രവർത്തനങ്ങൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുക എന്നിവയിലൂടെ തൊഴിലുടമകൾക്ക് അവരുടെ ഇഷ്ടാനുസരണം നിയമപരമായി നിലവിലുണ്ടായിരുന്ന ഉത്തരവാദിത്തങ്ങൾ ലംഘിക്കുന്നതിനുള്ള അനുവാദം നൽകുന്ന കോഡുകളാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. വേതന നിർവചനത്തിൽ തന്നെ മാറ്റം നിർദേശിക്കുകയും ചെയ്തിരിക്കുന്നു.

മൊത്തത്തിൽ തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും മേൽ അടിമത്തം അടിച്ചേല്പിക്കുന്നതും തൊഴിലാളി- കർഷക വിഭാഗങ്ങളെ കൊള്ളയടിക്കുന്നതിന് തങ്ങളുടെ കോർപറേറ്റ് യജമാനന്മാരെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്തതുമാണ് ലേബർ കോഡുകളെന്നതിൽ സംശയമില്ല. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തിൽ ബിസിനസ് എളുപ്പമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ച് പരാമർശിച്ചതും ഇതിന്റെ തുടർച്ചയായി കാണാവുന്നതാണ്. ക്ഷേമരാഷ്ട്രമായി ഇന്ത്യ തുടരണമെന്ന് നിലവിലുള്ള സർക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്നാണ് ഭരണകൂടത്തിന്റെ ഓരോ നടപടികളിലൂടെയും ബോധ്യമാകുന്നത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബി ജി ആർഎഎം ജി കൊണ്ടുവന്നത് അതിന്റെ വ്യക്തമായ സൂചനയാണ്. സ്ത്രീകളെ തൊഴിൽ സേനയുടെ ഭാഗമാക്കുകയോ അവർക്ക് മാന്യമായ ജോലികൾ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നതിന് പകരം വിവിധ മാർഗങ്ങളിലൂടെ വോട്ട് നേടാനുള്ള വസ്തുക്കളായാണ് കണക്കാക്കുന്നത്. യുവാക്കൾക്ക് ജോലി നിഷേധിക്കപ്പെടുന്നു, ഈ ബജറ്റിലും തൊഴിൽ സൃഷ്ടിക്കലല്ല, തൊഴിൽ സാധ്യതയെക്കുറിച്ചാണ് സംസാരിച്ചിരിക്കുന്നത്. സാമ്പത്തികത്തകർച്ച, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ജനാധിപത്യ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണം, ന്യൂനപക്ഷങ്ങൾക്കെതിരായ ഒറ്റപ്പെടുത്തലിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്ത പ്രചാരണങ്ങൾ, എല്ലാ ജനാധിപത്യ സ്ഥാപനങ്ങൾക്കുമെതിരായ കടന്നാക്രമണം, സംഘടനാ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വിയോജിപ്പ് പ്രകടിപ്പിക്കലും ഇല്ലാതാക്കുക എന്നിവയുടെ ആശങ്കാജനകമായ സാഹചര്യത്തിലാണ് പണിമുടക്ക്. അതുകൊണ്ടുതന്നെ തൊഴിലവകാശങ്ങൾ മാത്രമല്ല, രാജ്യം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും പണിമുടക്കിന്റെ ഭാഗമായി ഉന്നയിക്കുന്നു.

റെയിൽവേ, തുറമുഖം, കൽക്കരി ഖനികൾ, എണ്ണ, ഉരുക്ക്, പ്രതിരോധം, റോഡുകൾ, വിമാനത്താവളങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ്, ടെലികോം, തപാൽ, ആണവോർജം, വൈദ്യുതി ഉല്പാദനം — വിതരണം തുടങ്ങിയ എല്ലാ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൊതുസേവനങ്ങളുടെയും സ്വകാര്യവൽക്കരണവും വില്പനയും സർക്കാർ തുടരുന്നു. ഇത് തദ്ദേശീയ വ്യാവസായിക വളർച്ചയെയും സ്വാശ്രയ സമ്പദ്‌വ്യവസ്ഥയെയും അപകടത്തിലാക്കുന്ന സമീപനമാണ്. അടുത്ത വർഷത്തേക്കുള്ള ബജറ്റും ഈ ദിശയിൽത്തന്നെ തുടരുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ബാങ്ക് പരിഷ്കരണത്തിനുള്ള ഉന്നതതല സമിതി എന്ന പ്രഖ്യാപനം പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനുള്ള വ്യക്തമായ ആഹ്വാനമാണ്. തൊഴിലില്ലായ്മ ആശങ്കാജനകമായി വർധിക്കുകയാണ്. സർക്കാർ മേഖലയിൽ ഒഴിവുള്ള 65 ലക്ഷം തസ്തികകൾ നികത്തുന്നില്ല. പകരം വിരമിച്ചവരെ കരാർത്തൊഴിലാളികളായി നിയമിക്കുന്നു. കൃഷിയെ കോർപറേറ്റ്‌വൽക്കരിക്കാനും തെരഞ്ഞെടുത്ത ചുരുക്കം ചില കോർപറേറ്റ് സ്ഥാപനങ്ങൾക്കുവേണ്ടി ഭൂമി പിടിച്ചെടുക്കാനും കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് പിൻവലിക്കാൻ നിർബന്ധിതമായെങ്കിലും കർഷകർക്കെതിരായ നയങ്ങൾ തുടരുകയാണ്. ഇപ്പോൾ സർക്കാർ വിത്ത് ബിൽ പുറത്തിറക്കിയിരിക്കുന്നു. സാമ്പത്തിക സർവേ പ്രകാരം 2024–25, 2025–26 വർഷങ്ങളിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ നിർണായക മേഖലകൾക്കായി അനുവദിച്ച ഫണ്ടുകൾ ഒട്ടും ഉപയോഗിച്ചിട്ടില്ല.

ഇത് പരിഗണിച്ചാൽ 2026–27ലെ ബജറ്റ് വിഹിതം അർത്ഥശൂന്യമാകുമെന്നാണ് കരുതേണ്ടത്. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും വാണിജ്യവൽക്കരണം കാരണം ചെലവ് താങ്ങാൻ കഴിയാത്തത് സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം എന്നിവയ്ക്കുള്ള ബജറ്റ് വിഹിതം ആകെ 6% മാത്രമാണ്. അതേസമയം പ്രതിരോധത്തിനും ഗതാഗതത്തിനും 22% ലഭിക്കും. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് മറുപടി നൽകുന്നതിനു പകരം, തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാർക്ക് നേട്ടമുണ്ടാക്കുന്ന നയങ്ങൾ ആവർത്തിക്കുന്നു. ചെറുകിട ബിസിനസുകളുടെയും വ്യാപാരത്തിന്റെയും വലിയൊരു പങ്ക് നിർവഹിക്കാൻ കഴിയുന്ന, അതുവഴി വൻതോതിൽ തൊഴിൽ സൃഷ്ടിക്കാൻ സാധിക്കുന്ന എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വിദേശ കമ്പനികൾക്ക് ഇളവുകളും ആനുകൂല്യങ്ങളും നൽകുന്ന തിരക്കിലാണ് സർക്കാർ. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 18% താരിഫും അമേരിക്കൻ ഉല്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് പൂജ്യം താരിഫും ഏർപ്പെടുത്തി, യുഎസ്എയുമായുണ്ടാക്കിയിരിക്കുന്ന കരാർ നമ്മുടെ കർഷകർക്കും, മൃഗസംരക്ഷണ മേഖലയ്ക്കും, എംഎസ്എംഇകൾക്കും മറ്റൊരു പ്രഹരമാണ്. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകൾ പരസ്പര വിരുദ്ധമാണ്, അതേസമയം യുഎസ്എയിലെ ഉല്പന്നങ്ങൾക്ക് ഇന്ത്യയിൽ ശക്തമായ വിപണന അടിത്തറ ലഭിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമായി പറയുന്നു. ഇത്തരം വിഷയങ്ങളെല്ലാം പണിമുടക്കിനാധാരമായി ഉന്നയിക്കുന്നു. അതുകൊണ്ട് ഇത് തൊഴിലാളികളുടെയോ കർഷകരുടെയോ മാത്രം പണിമുടക്കായല്ല രാജ്യത്തിന്റെ നിലനില്പിനായുള്ള പോരാട്ടമായാണ് കാണേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.