19 January 2026, Monday

ഡിജിറ്റൽ കേരളത്തിന്റെ പുതു വൈബ്

എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി 
August 21, 2025 4:15 am

വകേരളമെന്നത് വെറുമൊരു മുദ്രാവാക്യമല്ല. ഭംഗിവാക്കുമല്ല. എൽഡിഎഫ് സർക്കാർ എല്ലാ അർത്ഥത്തിലും കേരളത്തെ നവീകരിക്കുകയാണ്. മനുഷ്യ വികസനത്തിന്റെ നിരവധി നാഴികക്കല്ലുകൾ പിന്നിട്ട കേരളം മറ്റൊരു പുതുചരിത്രം കൂടി രചിക്കുകയാണ്. മൂന്നര പതിറ്റാണ്ടു മുമ്പ് 1991ൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി മാറിയ കേരളം ഇപ്പോൾ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമാവുകയാണ്. ഈ ചരിത്രനേട്ടത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കും. 

തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ, സേവനങ്ങൾ, സഹായങ്ങൾ എന്നിവ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പം നേടിയെടുക്കാൻ സാധാരണക്കാരെ ശാക്തീകരിക്കുകയെന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതിയാണ് ഡിജി കേരളം. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കി വിവര സാങ്കേതികവിദ്യയെ സാധാരണ ജനങ്ങളുടെ നിത്യജീവിതം കൂടുതൽ അനായാസമാക്കാൻ സഹായിക്കുന്നതാണ് പദ്ധതി.
ഡിജിറ്റൽ സാങ്കേതികവിദ്യ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായിരിക്കുകയും മറ്റൊരു വിഭാഗം പരിധിക്ക് പുറത്തായിരിക്കുകയും ചെയ്യുന്ന അസമത്വം ഇല്ലാതാക്കി തുല്യത കൈവരിക്കുകയെന്ന സാമൂഹ്യലക്ഷ്യം നേടാനാണ് കേരളം ശ്രമിക്കുന്നത്. സാമൂഹികനീതിയും തുല്യതയും മറ്റെല്ലാ മേഖലകളിലും കൈവരിക്കുന്നതിലുണ്ടായ നേട്ടമാണല്ലോ കേരള വികസന മാതൃകയെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. ആ കേരള വികസന മാതൃക ഇപ്പോൾ ഒരു ചുവട് കൂടി മുന്നോട്ടുവയ്ക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾച്ചേർക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന നവകേരളത്തിലേക്ക് ഒരു വലിയ ചുവട്. മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവും ഉപയോഗിച്ച് വിവിധ സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ നേടിയെടുക്കാനും ഡിജിറ്റൽ വ്യവഹാരങ്ങൾ എളുപ്പമാക്കാനും മുഴുവൻ ജനങ്ങളെയും പരിശീലിപ്പിക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുകയും അത് കൈവരിക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങളെല്ലാം ഓൺലൈൻ മുഖേനയാക്കിയ ഏക ഇന്ത്യൻ സംസ്ഥാനമായി കേരളം ഇതിനകം മാറി. 2024 ൽ നഗരസഭകളിലും കോർപറേഷനുകളിലും ഏർപ്പെടുത്തിയ കെ-സ്മാർട്ട് എന്ന ഓൺലൈൻ സേവന സംവിധാനം ഗ്രാമ പഞ്ചായത്തുകൾ അടക്കമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2025 ഏപ്രിലോടെ വ്യാപിപ്പിച്ചു. അതിനാൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനും സേവനങ്ങൾ സ്വീകരിക്കാനും എല്ലാ ജനങ്ങളെയും പരിശീലിപ്പിക്കുകയെന്നത് അനിവാര്യമായി. കെ-സ്മാർട്ടിനൊപ്പം തന്നെ ദീർഘവീക്ഷണത്തോടെ ഡിജിറ്റൽ സാക്ഷരതാ യത്നവും സർക്കാർ ആരംഭിച്ചു. 

ഡിജി പുല്ലംപാറയിൽ നിന്ന് ഡിജി കേരളത്തിലേക്ക്

കോവിഡ് കാലത്ത് 2021ൽ തിരുവനന്തപുരം പുല്ലമ്പാറയിൽ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2022 സെപ്റ്റംബർ 21ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറ മാറി. 15 വാർഡുകളിലായി 3,300 പേർക്ക് പരിശീലനം നൽകി എല്ലാവരെയും ഡിജിറ്റൽ സാക്ഷരരാക്കി. ഡിജി പുല്ലമ്പാറയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡിജി കേരളം പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ 11 ജില്ലകളിലായി 27 തദ്ദേശ സ്ഥാപനങ്ങൾ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടാനുള്ള പ്രവർത്തനങ്ങൾ നടത്തി. ഇങ്ങനെ 1,20,826 പൗരന്മാർക്ക് (പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെ) ഡിജിറ്റൽ സാക്ഷരത നൽകിയാണ് ഈ നേട്ടം കൈവരിച്ചത്. 2023 ഏപ്രിൽ 10ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഇതിന് തുടർച്ചയായി ഡിജി കേരളം പദ്ധതിക്ക് തുടക്കംകുറിച്ചു.

പുല്ലമ്പാറയിൽ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി പരിഷ്കരണങ്ങളോടെയാണ് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചത്. ദേശീയ തലത്തിൽ നാഷണൽ ഡിജിറ്റൽ ലിറ്ററസി മിഷന്റെ ഭാഗമായുള്ള കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി പരിമിതവും 14 മുതൽ 60 വയസുവരെയുള്ളവർക്കുള്ളതുമാണ്. ഒരു കുടുംബത്തിലെ ഒരാൾക്ക് സാക്ഷരത ലഭിച്ചാൽ കുടുംബത്തെയാകെ കമ്പ്യൂട്ടർ സാക്ഷരരായി പ്രഖ്യാപിക്കുന്ന നിലയിലാണ് വ്യവസ്ഥ ചെയ്തത്. എന്നാൽ അന്തർദേശീയ തലത്തിൽ യുനെസ്കോ ഉൾപ്പെടെ ഏജൻസികൾ നിർവചിച്ച ഡിജിറ്റൽ പഠന മാനദണ്ഡങ്ങളോട് ചേർന്നുനിൽക്കുന്നതാണ് കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതാ മൊഡ്യൂൾ. 14 വയസിന് മുകളിലേക്കുള്ള എല്ലാവർക്കും, കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഡിജിറ്റൽ സാക്ഷരതാ പരിശീലനം ഉറപ്പാക്കി. 14 മുതൽ 65 വയസുവരെയുള്ളവർക്ക് മൂല്യനിർണയം നടത്തിയാൽ മതിയെന്നായിരുന്നു ഡിജി കേരളം പദ്ധതിയിലെ ഔദ്യോഗിക തീരുമാനമെങ്കിലും മുഴുവൻ പഠിതാക്കളും മൂല്യനിർണയം പൂർത്തിയാക്കി വിജയിച്ചവരായി. സാങ്കേതിക സർവകലാശാലയുടെയും കിലയുടെയും നേതൃത്വത്തിൽ പുല്ലമ്പാറയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ രൂപകൽപ്പന ചെയ്ത മൂന്ന് മൊഡ്യൂളുകളിലായി 15 പ്രവർത്തനങ്ങളാണ് പരിശീലിപ്പിച്ചത്. സ്മാർട്ട് ഫോൺ ഓണാക്കാനും ഓഫാക്കാനും തുടങ്ങി, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് എന്നിവ ഉപയോഗിക്കാനും യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്യാനും ചിത്രങ്ങളും വീഡിയോകളും കാണാനും പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനും വൈദ്യുതി ബിൽ അടയ്ക്കാനുമെല്ലാം പരിശീലനം നൽകി. ഡിജിറ്റൽ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുന്ന പ്രവർത്തനമായിരുന്നു പതിനഞ്ചാമത്തേത്. ഈ രീതിയിൽ വിദഗ്ധർ രൂപകൽപ്പന ചെയ്ത മൊഡ്യൂളാണ് പരിശീലിപ്പിച്ചത്. 15ൽ 6 പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയാലാണ് സാക്ഷരത നേടി എന്ന നിർണയത്തിലേക്ക് എത്തുന്നത്.
83 ലക്ഷത്തിൽപ്പരം (83,45,879) കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ് 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തിയത്. ഇവരിൽ 21,87,966 (99.98%) പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. അവരിൽ 21,87,667 (99.98%) പഠിതാക്കൾ മൂല്യനിർണ്ണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കളിൽ 90 വയസിന് മുകളിൽ പ്രായമുള്ള 15,223 പേരും, 76നും 90നും ഇടയിൽ പ്രായമുള്ള 1,35,668 പേരും ഉൾപ്പെടുന്നു. പഠിതാക്കളിൽ 8.05 ലക്ഷം പേർ പുരുഷന്മാരും, 13.81 ലക്ഷം പേർ സ്ത്രീകളുമാണ്. 1644 ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ളവരും ഡിജിറ്റൽ സാക്ഷരതാ പരിശീലനം പൂർത്തിയാക്കി. 

2,57,048 വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേയും പരിശീലനവും നടത്തിയത്. കോളജ്, പ്ലസ് ടു വിദ്യാർഥികൾ, എന്‍എസ്എസ്, എന്‍സിസി, എന്‍വൈകെ, സന്നദ്ധ സേന വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്‌സി — എസ്‌ടി പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധസംഘടനകൾ, യുവതീ-യുവാക്കൾ, തദ്ദേശ സ്വയം ഭരണ വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർ തുടങ്ങി വിവിധ ഏജൻസികളിലെ ജീവനക്കാർ എന്നിവരാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തിയത്. ഇവർക്ക് വിപുലമായ പരിശീലനവും നൽകിയിരുന്നു. പഠന പ്രവർത്തനവും മൂല്യനിർണയവുമെല്ലാം മൊബൈൽ ആപ്പിന്റെ സഹായത്തോടെ പൂർണമായും ഡിജിറ്റലായാണ് പൂർത്തിയാക്കിയത്. തൊഴിലുറപ്പ് പ്രവൃത്തിസ്ഥലങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ കൂട്ടമായും, വീടുകളിലെത്തി ഓരോരുത്തർക്കും വളണ്ടിയർമാർ പരിശീലനം നൽകി. വീടുകളിലെത്തി കുട്ടികളെയും കൗമാരക്കാരെയും വോളണ്ടിയർമാർ ചുമതലപ്പെടുത്തുകയും മുതിർന്ന അംഗങ്ങളെ മക്കളും കൊച്ചുമക്കളും ഇങ്ങനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

പരിശീലനം പൂർത്തിയാക്കിയവരെ മൂല്യനിർണയ പ്രക്രിയയ്ക്ക് വിധേയരാക്കി. മൂല്യനിർണയത്തിൽ പരാജയപ്പെട്ടവർക്ക് വീണ്ടും പരിശീലനം നൽകി തുടർ മൂല്യനിർണയവും ഉറപ്പാക്കി. ഓരോ ഘട്ടത്തിലും വ്യത്യസ്തരായ വളണ്ടിയർമാരെ ചുമതലപ്പെടുത്തിയാണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്. സ്മാർട്ട് ഫോൺ സ്വന്തമായി ഇല്ലാത്തവർക്കും ഡിജിറ്റൽ സാക്ഷരത നൽകിയിട്ടുണ്ട്. വളണ്ടിയർമാരുടെ ഫോണിൽ നിന്നാണ് ഇവർക്ക് പരിശീലനം നൽകിയത്.
ഓരോ ഘട്ടത്തിലും ‘ഡിജി കേരളം’ പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാ തലത്തിൽ 5% പഠിതാക്കളെ സൂപ്പർചെക്ക് നടത്തുന്ന പ്രക്രിയ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. സംസ്ഥാനതലത്തിൽ 1% പഠിതാക്കളെ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് സൂപ്പർചെക്ക് നടത്തി. ‘ഡിജി കേരളം’ പദ്ധതിയുടെ തേർഡ് പാർട്ടി മൂല്യനിർണ്ണയം ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖേനയാണ് നടത്തിയത്. 2% പഠിതാക്കളെയാണ് സൂപ്പർചെക്കിന് വിധേയമാക്കിയത്. ഇതിനായി ഒരു വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു. ജില്ലാ കലക്ടർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാണ് പ്രക്രിയ പൂർത്തിയാക്കിയത്. പൂർണമായും ഓൺലൈനിലുള്ള മൂല്യനിർണയവും തുടർന്ന് നാല് ഘട്ടത്തിലുള്ള സൂപ്പർചെക്ക് പ്രക്രിയയും പൂർത്തിയാക്കിയാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തുന്നത്. 

കേരളം ഇന്ന് ചെയ്യുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന് പറയുന്നത് അതിശയോക്തിയല്ല. ഡിജിറ്റൽ ഇന്ത്യ എന്നത് ഇപ്പോഴും മുദ്രാവാക്യത്തിലും പരസ്യവാചകങ്ങളിലുമൊതുങ്ങുമ്പോൾ കേരളം അത് യാഥാർഥ്യമാക്കിയിരിക്കയാണ്. ഇന്ത്യക്ക് പകർത്താവുന്ന മറ്റൊരു മഹത്തായ മാതൃക കൂടി എൽഡിഎഫ് സർക്കാരിന് കീഴിൽ കേരളം സൃഷ്ടിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.