5 December 2025, Friday

പുരോഗതിയിലെ വിരോധാഭാസം

സാമ്രാജ്യത്വം ഇന്ന് — 2
ഡി രാജ
November 17, 2025 4:15 am

ന്ത്യ ലോകത്തിലെ ഏറ്റവും വൈദഗ്ധ്യമുള്ള പ്രോഗ്രാമര്‍മാരെ സൃഷ്ടിക്കുന്നു, എന്നിട്ടും ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം ഇല്ല. നഗരങ്ങള്‍ മലിനീകരണത്തില്‍ തകരുന്നു. ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന മുദ്രാവാക്യം ഗഹനമായ ഒരു സത്യം മറച്ചുവയ്ക്കുന്നു — ഒരു വിമോചന ശക്തിയാകുന്നതിനു പകരം, നിലവിലുള്ള അസമത്വങ്ങള്‍ ശക്തിപ്പെടുത്താനാണ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ശാക്തീകരണം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകള്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസത്തിന് പകരംവയ്ക്കാന്‍ കഴിയുന്നതിനെക്കാള്‍ വേഗത്തില്‍ തൊഴിലുകള്‍ക്ക് ഭീഷണിയാകുകയാണ് യന്ത്രവല്‍ക്കരണം. ആഗോള സമ്പദ് വ്യവസ്ഥയുമായി , അന്താരാഷ്ട്ര ധനകാര്യ മൂലധനവുമായി , അണിനിരന്ന കോര്‍പറേറ്റ് കുത്തകകളാല്‍ ആധിപത്യം പുലര്‍ത്തുന്ന ഭരണവര്‍ഗം, ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത് എന്ന ചോദ്യത്തെ അടിച്ചമര്‍ത്തുകയും സാങ്കേതിക വിജയങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. മാര്‍ക്‌സ് സൂചിപ്പിച്ചതുപോലെ, ‘ഉല്പാദന ശക്തികളുടെ വികസനം ചുരുക്കം ചിലരുടെ സ്വത്തായി തുടരുന്നിടത്തോളം മനുഷ്യരാശിയുടെ വികസനമല്ല.’ പിന്നാക്കാവസ്ഥയ്ക്കുള്ള പരിഹാരമായി 1991ല്‍ ഇന്ത്യയിലെത്തിയ നവലിബറലിസം, അഭിവൃദ്ധിയല്ല, ധ്രുവീകരണമാണ് സൃഷ്ടിച്ചത്. ഹിന്ദുത്വവുമായുള്ള അതിന്റെ ബാന്ധവം ഒരു സങ്കര ക്രമം സൃഷ്ടിച്ചു . മതപരമായ അജ്ഞതയെയും കോര്‍പറേറ്റ് അത്യാഗ്രഹത്തെയും സംയോജിപ്പിച്ചു. മോഡി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വാചകമടിയില്‍ വിദേശ മൂലധനത്തോടുള്ള അഭൂതപൂര്‍വമായ ആശ്രിതത്വത്തെയും ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയെയും മറയ്ക്കുന്നു. തൊഴില്‍ നിയമങ്ങള്‍, പൊതു ആസ്തികളുടെ സ്വകാര്യവല്‍ക്കരണം, കൃഷിയുടെ കുത്തകവല്‍ക്കരണം എന്നിവയെല്ലാം ഒരേ യുക്തിയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയല്ല, മൂലധനത്തിന് വേണ്ടി രാജ്യത്തെ സംരക്ഷിക്കുക എന്ന യുക്തിയില്‍ നിന്ന്. ഏറെ കൊട്ടിഘോഷിച്ച ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ കാമ്പയിന്‍ പോലും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക്, കുറഞ്ഞ വേതനമുള്ള അധ്വാനത്തെയും ദുര്‍ബലമായ പരിസ്ഥിതി നിയമങ്ങളെയും ചൂഷണം ചെയ്യുന്നതിനുള്ള ക്ഷണമായിരിക്കുന്നു. അതിനാല്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തെ ആഗോള മൂലധനത്തിന്റെ പ്രാദേശിക ഏജന്റായി പ്രവര്‍ത്തിക്കുന്ന ആഭ്യന്തര ബൂര്‍ഷ്വാസിക്കെതിരായ പോരാട്ടത്തില്‍ നിന്ന് വേര്‍തിരിക്കാനാവില്ല.
ബ്രിക്സിലും മറ്റ് ബഹുധ്രുവ കൂട്ടായ്മകളിലും ഇന്ത്യയുടെ പങ്കാളിത്തം തന്ത്രപരമായ സ്വയംഭരണത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കുന്നുണ്ട്. എന്നാല്‍ സോഷ്യലിസമില്ലാത്ത സ്വയംഭരണം ഒരു യജമാനനില്‍ നിന്ന് മറ്റൊന്നിലേക്ക് ആശ്രയത്വം മാറ്റുക മാത്രമാകും. 

തൊഴിലാളിവര്‍ഗവും കര്‍ഷകരും സ്വാതന്ത്ര്യം എന്താണെന്ന് നിര്‍വചിക്കണം. ആഗോള ഉച്ചകോടികളിലെ സ്ഥാനം മാത്രമല്ല, ദേശീയ വിഭവങ്ങള്‍, സാങ്കേതികവിദ്യ, അധ്വാനം എന്നിവയുടെ മേലുള്ള നിയന്ത്രണമായിരിക്കണം അത്. വികസനം എന്ന ആശയത്തെ ഇടതുപക്ഷം വീണ്ടെടുക്കണം. സ്വകാര്യ ലാഭത്താല്‍ നയിക്കപ്പെടുന്നതല്ല, സാമൂഹിക ആവശ്യത്താല്‍ നയിക്കപ്പെടുന്നതായിരിക്കണം ഉല്പാദനം. ആഗോളതലത്തില്‍, ബഹുധ്രുവത്വത്തിന്റെ ഉയര്‍ച്ച, ചൂഷണങ്ങളെ യാന്ത്രികമായി അവസാനിപ്പിക്കില്ല. എന്നാല്‍ ലോകത്തെ പുരോഗമന ശക്തികള്‍ക്ക് ഒരു സോഷ്യലിസ്റ്റ് ബദലിനൊപ്പം ഒന്നിക്കാന്‍ കഴിയുമെങ്കില്‍ അത് അതിരുകളില്ലാത്ത സാഹചര്യം സൃഷ്ടിക്കും. ‘പീഡകരെ സഹായിക്കുന്ന അടിച്ചമര്‍ത്തപ്പെട്ട രാഷ്ട്രങ്ങളിലെ ബൂര്‍ഷ്വാസിയില്ലെങ്കില്‍ സാമ്രാജ്യത്വം നിര്‍ജീവമായിരിക്കും’ എന്ന ലെനിന്റെ മുന്നറിയിപ്പ് പ്രവചനാത്മകമാണ്. ഇന്നത്തെ പോരാട്ടം കിഴക്കും പടിഞ്ഞാറും തമ്മിലല്ല, മറിച്ച് മൂലധനവും തൊഴിലാളിയും തമ്മിലാണ്, സാങ്കേതികവിദ്യയെ കുത്തകയാക്കുന്നവരും അതിനെ നിലനിര്‍ത്തുന്നവരും തമ്മിലാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കടമ ഈ ചരിത്രപരമായ ഒഴുക്കിനെ ബോധപൂര്‍വമായ പോരാട്ടമാക്കി മാറ്റുകയെന്നതാണ്. ഡിജിറ്റല്‍, സാമ്പത്തിക, പാരിസ്ഥിതിക അവസ്ഥകളെ — സാമ്രാജ്യത്വത്തിന്റെ പുതിയ രൂപങ്ങളെ — തുറന്നുകാട്ടുകയും അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള തൊഴിലാളികളുമായി ഐക്യം കെട്ടിപ്പടുക്കുകയും വേണം. നിര്‍ണായക സാങ്കേതികവിദ്യകളുടെ പൊതു ഉടമസ്ഥതയ്ക്കും, ഡാറ്റയുടെ മേലുള്ള ജനാധിപത്യ നിയന്ത്രണത്തിനും, നവീകരണത്തിന്റെ സാമൂഹികവല്‍ക്കരണത്തിനും വേണ്ടി പോരാടണം. മൂലധന ലാഭത്തെക്കാള്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സോഷ്യലിസത്തിനു കീഴില്‍ മാത്രമേ യന്ത്രവല്‍ക്കരണവും കൃത്രിമബുദ്ധിയും എന്ന വാഗ്ദാനം നിറവേറ്റാന്‍ കഴിയൂ. ‘ഓരോന്നിന്റെയും സ്വതന്ത്ര വികാസമാണ് എല്ലാവരുടെയും സ്വതന്ത്ര വികസനത്തിനുള്ള വ്യവസ്ഥ’യെന്ന മാര്‍ക്സിന്റെ പ്രഖ്യാപനം വെറും മുദ്രാവാക്യമായി മാറരുത്, മറിച്ച് ഒരു പരിപാടിയായി മാറണം. യുഎസ് ആധിപത്യത്തിന്റെ സന്ധ്യ, മനുഷ്യരാശിക്ക് ഒരു പുതിയ പ്രഭാതം തുറക്കുന്നു. പക്ഷേ പ്രഭാതം മാത്രമായാല്‍ പകല്‍ വെളിച്ചമാകില്ല. ബഹുധ്രുവ ലോകം ഒന്നുകില്‍ മുതലാളിത്ത മത്സരങ്ങളുടെ ഒരു യുദ്ധക്കളമോ അല്ലെങ്കില്‍ ഒരു പുതിയ അന്താരാഷ്ട്രവാദത്തിന്റെ ജന്മസ്ഥലമോ ആകും. രണ്ടാമത്തേത് ഉറപ്പാക്കണമെങ്കില്‍ തൊഴിലാളിവര്‍ഗം നയിക്കണം. 1848ല്‍ മാര്‍ക്‌സും ഏംഗല്‍സും നിഗമനത്തിലെത്തിയതുപോലെ, നമുക്ക് ജയിക്കാന്‍ ഒരു ലോകമുണ്ട്. ആ ലോകത്ത് സാങ്കേതികവിദ്യ രൂപപ്പെടുത്താനും അതിന്റെ ഫലങ്ങള്‍ തുല്യമായി പങ്കിടാനും സാമ്രാജ്യത്വം അതിന്റെ പഴയതും പുതിയതുമായ എല്ലാ രൂപങ്ങളിലും മനുഷ്യരാശിയുടെ മേല്‍ അടിച്ചേല്പിക്കുന്ന ചൂഷണം അവസാനിപ്പിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നു.
(അവസാനിച്ചു)

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.