8 February 2026, Sunday

ആര്‍ക്കും വേണ്ടാത്ത പിഎം ഇന്റേൺഷിപ്പ്

പ്രത്യേക ലേഖകന്‍
February 9, 2026 4:40 am

മോഡി സർക്കാര്‍ രണ്ട് വര്‍ഷം മുമ്പ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം (പിഎംഐഎസ്) മോശം നടപ്പാക്കലും കുറഞ്ഞ പങ്കാളിത്തവും മൂലം മുടന്തുന്നു. ഏകദേശം 44% ഇന്റേണുകൾ പഠനം ഉപേക്ഷിച്ചു, 21.3% പേർ മാത്രമാണ് ആദ്യ റൗണ്ട് പൂർത്തിയാക്കിയത്. ബജറ്റ് വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുമുണ്ട്. പദ്ധതിയുടെ നടത്തിപ്പിൽ കാര്യമായ പ്രശ്നങ്ങളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി വിഹിതം, സ്ഥലപരിമിതി തുടങ്ങിയ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതനുസരിച്ച് ഇടപെടൽ വർധിപ്പിക്കുന്നതിനായി പരിഷ്കരിച്ച മൂന്നാം പൈലറ്റ് റൗണ്ട് പദ്ധതികൾ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിലാണ് സർക്കാർ ഇത് വ്യക്തമാക്കുന്നത്.
2024–25 ബജറ്റിലാണ് ‘പ്രധാനമന്ത്രി ഇന്റേൺഷിപ്പ് യോജന’ ആരംഭിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച 500 കമ്പനികളിലായി ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുകയും, പ്രായോഗിക തൊഴിൽ പരിചയത്തിലൂടെ അവരുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുകയുമാണ് ലക്ഷ്യമായി പറഞ്ഞത്.
ഈ വർഷം ജനുവരി വരെ ഏകദേശം 44% ഇന്റേണുകളും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചതായി കോർപറേറ്റ് കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിൽ പറയുന്നു. രണ്ട് പൈലറ്റ് റൗണ്ടുകളിലായി നേരിട്ട് പ്രോഗ്രാമിൽ ചേർന്ന 16,060 ഉദ്യോഗാർത്ഥികളിൽ 7,094 പേർ പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് പുറത്തുപോയി. അതേസമയം ആദ്യ റൗണ്ടിൽ 3,417 പേർ മാത്രമാണ് 12 മാസത്തെ മുഴുവൻ ഇന്റേൺഷിപ്പും പൂർത്തിയാക്കിയത്. വെറും 21.3% മാത്രമാണിത്.
2024 ഒക്ടോബറിൽ ആരംഭിച്ച പിഎംഐഎസ്, അക്കാദമിക് പഠനത്തോടൊപ്പം കോർപറേറ്റ് സമ്പര്‍ക്കം ഉറപ്പാക്കിക്കൊണ്ട് യുവാക്കളുടെ തൊഴിൽക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചത്. പൈലറ്റ് ഘട്ടത്തിൽ, ഇന്റേണുകൾക്ക് 12 മാസത്തേക്ക് നിയമനം നൽകും. 6,000 രൂപ ഒറ്റത്തവണ ഗ്രാന്റും 5,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും. 4,500 രൂപ സർക്കാർ നൽകുമ്പോള്‍, സിഎസ്ആര്‍ ഫണ്ടുകള്‍ വഴി 500 രൂപ തൊഴിലുടമകൾ സംഭാവന ചെയ്യുന്നു. നിലവിൽ 21നും 24നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒരു പ്രത്യേക പോർട്ടൽ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി അപേക്ഷിക്കാം.
ബജറ്റ് വിഹിതത്തിന്റെ ദുർബലമായ നീക്കിയിരിപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ പ്രതിഫലിക്കാൻ തുടങ്ങിയിരിക്കുന്നു. 2026–27ലെ കേന്ദ്ര ബജറ്റില്‍ പിഎംഐഎസ് വിഹിതം 50 ശതമാനത്തിലധികം കുറച്ചുകൊണ്ട് 4,788 കോടി രൂപയാക്കി. 2025–26ലെ ബജറ്റ് എസ്റ്റിമേറ്റിൽ പദ്ധതിക്ക് 10,831 കോടിയാണ് അനുവദിച്ചിരുന്നത്. എന്നാൽ അതേവര്‍ഷം പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 526 കോടിയായി കുത്തനെ കുറച്ചു. ഏകദേശം 95% കുറവ്. ഇതില്‍ 73.72 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്.
കഴിഞ്ഞ ഡിസംബറിൽ, പദ്ധതി പ്രകാരം ഇന്റേൺഷിപ്പ് ഓഫറുകൾ സ്വീകരിച്ച ഉദ്യോഗാർത്ഥികളിൽ ഏകദേശം 30% പേർ മാത്രമേ യഥാർത്ഥത്തിൽ ചേർന്നുള്ളൂവെന്ന് സർക്കാർ വെളിപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും നടത്തിയ രണ്ട് പൈലറ്റ് റൗണ്ടുകളിലായി ഓഫറുകൾ സ്വീകരിച്ച 52,600 ഉദ്യോഗാർത്ഥികളിൽ 16,060 പേർ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പൈലറ്റ് റൗണ്ടുകളിലും പങ്കാളിത്തം നിസംഗമായി തുടർന്നു. ആദ്യ റൗണ്ടിൽ ഏകദേശം 82,000 ഇന്റേൺഷിപ്പ് ഓഫറുകൾ ലഭിച്ചതില്‍ ഏകദേശം 8,760 ഉദ്യോഗാർത്ഥികൾ മാത്രമേ ചേർന്നുള്ളൂ. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നായിരുന്നു കൂടുതൽ അപേക്ഷകർ.
2025 ജനുവരിയിൽ ആരംഭിച്ച രണ്ടാം റൗണ്ടിൽ പതിനായിരക്കണക്കിന് ഓഫറുകളും സ്വീകാര്യതകളും ഉണ്ടായിരുന്നിട്ടും 7,300 ഇന്റേണുകൾ മാത്രമേ ചേർന്നുള്ളൂ. എന്നാല്‍ ഉദ്യോഗാർത്ഥികളുടെ പ്രതികരണം കുറവായിരുന്നപ്പോഴും കോർപറേറ്റ് പങ്കാളിത്തം താരതമ്യേന ശക്തമായിരുന്നു. ആദ്യ റൗണ്ടിൽ ഏകദേശം 82,000 ഇന്റേൺഷിപ്പ് ഓഫറുകൾ ലഭിച്ചു. 28,000ത്തിലധികം ഉദ്യോഗാർത്ഥികൾ അവ സ്വീകരിച്ചു. രണ്ടാം റൗണ്ടിൽ, പങ്കാളിത്ത കമ്പനികൾ ഏകദേശം 71,000 പേര്‍ക്കായി 83,000 ഓഫറുകൾ നൽകി. 24,600 പേരാണ് അന്തിമ ഓഫർ സ്വീകരിച്ചത്.
കോർപറേറ്റ് കാര്യ മന്ത്രാലയം നൽകിയ മറുപടിയിൽ, കുറഞ്ഞ സ്വീകാര്യതയും ഉയർന്ന കൊഴിഞ്ഞുപോക്കുമാണ് പ്രധാന തടസങ്ങളെന്ന് പറയുന്നു. പല ഉദ്യോഗാർത്ഥികളും 5–10 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാൻ തയ്യാറല്ല. 12 മാസത്തെ ഇന്റേൺഷിപ്പ് കാലാവധി മറ്റ് പല നെെപുണി വികസന പദ്ധതികളെക്കാളും നീണ്ടതാണ്.
രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് മുമ്പ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിലുള്ള പൈലറ്റ് ഘട്ടം ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. “പൂർണ തോതിലുള്ള നടപ്പാക്കലിന് മുമ്പ് ആശയങ്ങൾ, തന്ത്രങ്ങൾ, സംവിധാനങ്ങൾ എന്നിവ പരീക്ഷിക്കാൻ വേണ്ടിയുള്ള ഒരു നിർണായക ഘട്ടമാണ് പൈലറ്റ് പ്രോജക്ട്. പൈലറ്റ് പദ്ധതി നടപ്പിലാക്കുമ്പോൾ പങ്കാളികളുടെ കൂടിയാലോചനകളിൽ നിന്നും വിലയിരുത്തലിൽ നിന്നും ലഭിക്കുന്ന ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കിയായിരിക്കും പിഎം ഇന്റേൺഷിപ്പ് പദ്ധതിയുടെ പൂർണ തോതിലുള്ള വിന്യാസം” എന്നാണ് വിശദീകരണം.
2025 നവംബറിൽ ആരംഭിച്ച ആദ്യ റൗണ്ടിലെ ഇന്റേൺഷിപ്പ് സമയപരിധി ഈ മാർച്ചിൽ അവസാനിക്കുമെന്നതിനാൽ കൂടുതൽ ഉദ്യോഗാർത്ഥികൾ പ്രോഗ്രാം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം പറയുന്നുണ്ട്. രണ്ടാം റൗണ്ടിലുള്ളവർ ഏപ്രിലില്‍ അവരുടെ ഇന്റേൺഷിപ്പ് പൂർത്തിയാക്കും. ലോക്‌സഭയിൽ തൃണമൂൽ കോൺഗ്രസ് എംപി സജ്ദ അഹമ്മദും ബിജെപി എംപി ഗോപാൽ ജി താക്കൂറും സമർപ്പിച്ച രണ്ട് വ്യത്യസ്ത ചോദ്യങ്ങളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ ഈ ഡാറ്റ നൽകിയിരിക്കുന്നത്.
പദ്ധതി പൂർണ തോതില്‍ നടപ്പിലാക്കുന്നതിനുമുമ്പ് ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഉയർന്ന സ്റ്റൈപ്പന്റ്, പ്രായ മാനദണ്ഡങ്ങളില്‍ ഇളവ്, കുറഞ്ഞ കാലയളവ് എന്നിവ ഉൾക്കൊള്ളുന്ന മൂന്നാംഘട്ട പരീക്ഷണ പദ്ധതി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ മാസം ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.