19 March 2025, Wednesday
KSFE Galaxy Chits Banner 2

പോഡ്കാസ്റ്റിൽ മായില്ല ഗുജറാത്ത് കലാപത്തിന്റെ പാപക്കറ

അബ്ദുൾ ഗഫൂർ
March 18, 2025 4:30 am

യുഎസ് പോഡ്കാസ്റ്ററും നിർമ്മിത ബുദ്ധി (എഐ) ഗവേഷകനുമായ ലെക്സ് ഫ്രിഡ്‌മാനുമായുള്ള അഭിമുഖത്തിനിടെ, നിരവധി വിഷയങ്ങൾ പ്രതിപാദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി 2002ലെ ഗുജറാത്ത് കലാപത്തെയും പരാമർശിക്കുകയുണ്ടായി. മണിക്കൂറുകൾ നീണ്ട പ്രസ്തുത അഭിമുഖത്തിൽ എല്ലാ വിഷയങ്ങൾക്കും പുതിയ വ്യാഖ്യാനങ്ങൾ ചമച്ച മോഡി, ഗുജറാത്ത് കലാപത്തെ വീണ്ടും ചർച്ചാവേദിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഗുജറാത്തിന്റെയെന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഭീകരതയാർന്നതും നികൃഷ്ടവുമായ വംശഹത്യയായിരുന്നു എന്നതാണ് ഗുജറാത്ത് കലാപത്തിന്റെ പ്രത്യേകത. എന്നാൽ 2002ലെ ഗുജറാത്ത് കലാപത്തെ തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും കോടതികൾ ഒന്നിലധികം തവണ കുറ്റവിമുക്തനാക്കിയിട്ടും എതിരാളികൾ തന്നെ ശിക്ഷിക്കുന്നതിനായി തെറ്റായ കഥ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നുമാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി പറഞ്ഞത്. വിതണ്ഡവാദമായി മാത്രമേ അതിനെ കാണാനാകൂ. അദ്ദേഹം നടത്തിയിരിക്കുന്ന വിശദീകരണം പൂര്‍ണമായും ബിജെപിയെയും അദ്ദേഹത്തേയും വെള്ളപൂശുന്നതിനുള്ള അവാസ്തവങ്ങളായിരുന്നു. 

2002ലെ ഗുജറാത്ത് കലാപം ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതാണെന്ന ധാരണ സൃഷ്ടിക്കാൻ കൂട്ടായ ശ്രമം നടന്നിട്ടുണ്ടെന്നും എന്നാൽ അത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയായിരുന്നുവെന്നും അദ്ദേഹം സമർത്ഥിക്കുവാൻ ശ്രമിക്കുന്നു. ഗുജറാത്തിന് അക്രമത്തിന്റെ ഒരു നീണ്ട പൂർവകാല ചരിത്രമുണ്ടെന്നും എല്ലാ വർഷവും സംസ്ഥാനത്ത് കലാപങ്ങൾ സംഭവിക്കാറുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. 2002ന് മുമ്പുള്ള കണക്കുകൾ പരിശോധിച്ചാൽ എപ്പോഴും എവിടെയെങ്കിലും നിരന്തരം കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ടാവുെമന്ന് കാണാം. പട്ടം പറത്തൽ മത്സരങ്ങളും സൈക്കിൾ കൂട്ടിയിടികളുംപോലുള്ള നിസാരകാര്യങ്ങളുടെ പേരിൽ പോലും വർഗീയ അക്രമം പൊട്ടിപ്പുറപ്പെടാറുണ്ടായിരുന്നു എന്നും അദ്ദേഹം 2002ലെ കലാപത്തെ ന്യായീകരിക്കുന്നു എന്നിടത്ത് അത് അവസാനിക്കുന്നില്ല. 

കാണ്ഡഹാർ വിമാന റാഞ്ചൽ, 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ഇന്ത്യയിലെ പാർലമെന്റ്, കശ്മീർ നിയമസഭാ ആക്രമണങ്ങൾ എന്നിവയോട് താരതമ്യപ്പെടുത്തി ഗുജറാത്ത് കലാപം താരതമ്യേന ചെറുതാണെന്ന് സ്ഥാപിക്കാനും അദ്ദേഹം ശ്രമിക്കുന്നു. ഇവിടെ അദ്ദേഹം തെരഞ്ഞെടുത്ത പ്രധാന സംഭവങ്ങൾ ശ്രദ്ധിക്കണം. അവയെല്ലാം മുസ്ലിം ഭീകരസംഘടനകളാണ് കുറ്റാരോപിതർ എന്നതാണത്. പക്ഷേ ഈ സമീകരണത്തിൽ അദ്ദേഹം ഗുജറാത്ത് കലാപത്തെ മൊത്തത്തിലല്ല 59 പേർ കൊല്ലപ്പെടാനിടയായ ഗോധ്ര തീവണ്ടി ആക്രമണത്തെ മാത്രമേ കാണുള്ളൂ എന്നിടത്താണ് പ്രശ്നം. സങ്കല്പിക്കാനാവാത്തത്ര വലിയ ദുരന്തമായിരുന്നു അതെന്നും ആളുകളെ ജീവനോടെ ചുട്ടെരിച്ചുവെന്നും അദ്ദേഹം വ്യഥിതനാവുകയും ചെയ്യുന്നു. 

ഗോധ്ര തീവണ്ടി കത്തിക്കൽ സംഭവത്തെക്കുറിച്ച് വാചാലനാകുന്ന മോഡി അതിന്റെ പേരിൽ സംസ്ഥാനത്താകെ നടന്ന വംശഹത്യ ലക്ഷ്യംവച്ചുള്ള തുടർകലാപങ്ങളെ ബോധപൂർവം മറച്ചുപിടിക്കുന്നു. ഗോധ്ര തീവണ്ടി കത്തിക്കൽ പിന്നീടുള്ള കലാപങ്ങൾക്ക് വഴിമരുന്നിടലായിരുന്നുവെന്ന യാഥാർത്ഥ്യത്തെയും അദ്ദേഹം മറച്ചുപിടിച്ചിരിക്കുന്നു. എട്ട് മുതൽ 10 മാസങ്ങൾക്കുള്ളിൽ നടന്ന നാല് പ്രധാന സംഭവങ്ങൾ എടുത്തുപറയുന്ന മോഡി, ഗോധ്രയ്ക്കുശേഷം ഒരുവർഷത്തോളം തുടർച്ചയായി ഗുജറാത്തിലാകെ നടന്ന കലാപങ്ങളും അതിൽ ഇന്ത്യയിൽ അതുവരെയുണ്ടാകാതിരുന്നത്രയും ആൾനാശവും ഭീകരതകളും പരാമർശിക്കുന്നേയില്ല. 2002 ഫെ­ബ്രുവരി 27നാണ് ഗോധ്ര സംഭവമുണ്ടായത്. അതേത്തുടർന്ന് മുസ്ലിങ്ങളെ ലക്ഷ്യം വച്ച് സംസ്ഥാന വ്യാപകമായി നൂറുകണക്കിന് കലാപങ്ങളാണ് അരങ്ങേറിയത്. തൊട്ടടുത്ത ദിവസം ഫെബ്രുവരി 28ന് നരോദാ പാട്യയിൽ 97 മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. 20 സ്ത്രീകളടക്കം 33 പേരാണ് സർദാപുരയിൽ ജീവനോടെ ചുട്ടെരിക്കപ്പെട്ടത്. നരോദാഗാമിൽ ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്. ഗുൽബർഗ കൂട്ടക്കൊലയിൽ 35 പേരുടെ ജീവന്‍ നഷ്ടമായി. ഇവിടെ 35 പേരെ കാണാതാവുകയും ചെയ്തു. 2002 മാർച്ച് ഒന്നിന് മധ്യ ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ ഓഡ് ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ഒമ്പത് സ്ത്രീകളടക്കം 23 പേരാണ് മരിച്ചത്. മെഹ്സാന ജില്ലയിൽ ദിപ്ത ദർവാസയിൽ 65 വയസായ സ്ത്രീയുൾപ്പെടെ കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവവുമുണ്ടായി. വഡോദരയിലെ ബെസ്റ്റ് ബേക്കറിയിൽ നടത്തിപ്പുകാരനുൾപ്പെടെ 14 പേരടങ്ങുന്ന കുടുംബത്തെ മുഴുവനായും ചുട്ടെരിച്ചു. പരമോന്നത കോടതിവരെയുള്ള നിയമസിംഹാസനങ്ങൾക്ക് മുന്നിൽ നീതിതേടി യാത്ര ചെയ്ത ബിൽക്കിസ് ബാനു, ഗർഭിണിയായിരിക്കെ കൂട്ട ബലാത്സംഗത്തിനിരയായ അക്രമ സംഭവത്തിൽ അവളുടെ കുഞ്ഞുള്‍പ്പെടെ കുടുംബത്തിലെ 14 പേരെയാണ് കൊന്നൊടുക്കിയത്. 

ഗോധ്ര സംഭവത്തിനുശേഷം ഏകദേശം എട്ടുമാസത്തിലധികം നീണ്ട ഗുജറാത്ത് കലാപത്തിൽ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും 2,500 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 2,000ത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. ഗോധ്രയുടെ പേരിൽ വിദ്വേഷവും കുപ്രചരണങ്ങളും അഴിച്ചുവിട്ട് ബോധപൂർവമായി നടന്നതായിരുന്നു ഗുജറാത്ത് കലാപമെന്ന് പിന്നീട് നിരവധി കണ്ടെത്തലുകൾ ഉണ്ടായി. അതുകൊണ്ടുതന്നെ ഗോധ്ര സംഭവത്തെ മാത്രം അടർത്തിയെടുത്ത് അതിന്റെ പേരിൽ മാത്രം പൊഴിക്കുന്ന കണ്ണീരിനെ മുതലക്കണ്ണീരായി മാത്രമേ കാണാനാകൂ. മാത്രവുമല്ല 2002ൽ താൻ മുഖ്യമന്ത്രിയാകുന്നതിന് മുമ്പും ഗുജറാത്തിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുന്ന നരേന്ദ്ര മോഡി അക്കാലത്തെ ഭരണാധികാരികളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അവർക്കുള്ള ഉത്തരവാദിത്തത്തെയും ഭംഗ്യന്തരേണ പരാമർശിക്കുന്നു. അങ്ങനെയാണെങ്കിൽ ഗോധ്രയ്ക്കുശേഷം സംസ്ഥാനത്തുനടന്ന കലാപങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിയായിരുന്ന മോഡിക്ക് എങ്ങനെയാണ് ഒഴിഞ്ഞുമാറാനാകുക എന്ന ചോദ്യം പ്രസക്തമാണ്. 

ഒരുകാര്യം മോഡി അവകാശപ്പെടുന്നുണ്ട്. 2002ന് ശേഷം ഗുജറാത്തിൽ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നതാണത്. 250ലധികം സംഘർഷങ്ങൾ അതിന് മുമ്പുണ്ടായി എന്നും അദ്ദേഹം പറയുന്നു. പക്ഷേ ഗോധ്ര സംഭവത്തിനുശേഷം എട്ടുമാസത്തിനിടെ മാത്രം സംസ്ഥാനത്തുണ്ടായത് നൂറോളം വൻ ആക്രമണങ്ങളായിരുന്നു. വംശഹത്യ ലക്ഷ്യം വച്ച്, ഗോധ്ര സംഭവത്തിന്റെ മറവിൽ ആരംഭിച്ച ആക്രമണങ്ങൾക്കെതിരെ ഗുജറാത്തിലെ ചിലയിടങ്ങളിൽ ചെറുത്തു നില്പുകളുണ്ടായിരുന്നുവെങ്കിലും മുസ്ലിങ്ങള്‍ മുഴുവൻ ഭീതിയിലായിരുന്നു. സംസ്ഥാനത്തെ ഭരണകൂടമാകെ അക്രമികൾക്ക് കൂട്ടുനിൽക്കുകയും ഇരകൾ പ്രതികളാക്കപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തത് അവരുടെ ഭീതി വർധിപ്പിക്കുകയുമായിരുന്നു. തങ്ങൾ നിഷ്കളങ്കരാക്കപ്പെട്ടുവെന്ന് ഇപ്പോൾ അവകാശപ്പെട്ട മോഡിക്ക് ജസ്റ്റിസ് ലോയയെ മറക്കാനാകുമെന്ന് തോന്നുന്നില്ല. അമിത് ഷായും മറ്റും കുറ്റവിമുക്തരായേക്കില്ലെന്ന് തോന്നിയ നിയമ നിർദേശങ്ങൾ പുറപ്പെടുവിച്ച ലോയയുടെ അകാലമരണത്തിന്റെ ദുരൂഹതകൾ ഇനിയും നീക്കപ്പെട്ടിട്ടില്ല. 

ഭീതിയിലും തീവ്ര ഹിന്ദുത്വ ശക്തികളുടെ കനിവിലും കഴിഞ്ഞുകൂടുന്ന മുസ്ലിങ്ങൾക്ക് നേരെ ഗുജറാത്തിൽ ഇപ്പോഴും അതിക്രമങ്ങൾ പലവിധത്തിൽ നടക്കുന്നുവെങ്കിലും അതിന് വാർത്താ പ്രാധാന്യം കിട്ടാതെ പോകുന്നു എന്നതാണ് വസ്തുത. അതല്ലാതെ മോഡി അവകാശപ്പെടുന്നതുപോലെ ഗുജറാത്ത് സമ്പൂർണ സംഘർഷ രഹിതമായി പ്രഖ്യാപിക്കപ്പെട്ടതല്ല. ഇതെല്ലാം കൊണ്ടുതന്നെ ഒരു പോഡ്കാസ്റ്റി (ദൃശ്യ, ശ്രവ്യ അഭിമുഖം) ലൂടെ മോഡിയുടെ മേലുള്ള പാപക്കറ മായുകയില്ലതന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.