22 December 2024, Sunday
KSFE Galaxy Chits Banner 2

വെനസ്വേലൻ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം

അബ്ദുൾ ഗഫൂർ
July 14, 2024 4:33 am

അവിശ്വസനീയമായ സംഭവവികാസങ്ങളാണ് വെനസ്വേലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹ്യൂഗോ ഷാവേസിന്റെ മരണത്തിന് ശേഷം രാജ്യത്ത് അധികാരത്തിലെത്തിയ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഈ മാസം 28ന് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ആദ്യഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേലയുടെ (പിഎസ്‌യുവി) യുടെ ഭരണനയങ്ങൾ ഷാവേസിന്റേതിന് സമാനമായിരുന്നതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല (പിസിവി) യുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. ലോകത്താകെയുള്ള കമ്മ്യൂണിസ്റ്റ് — വർക്കേഴ്സ് പാർട്ടികളും വെനസ്വേലയെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ ഭരണത്തിൽ വർഷങ്ങൾ പിന്നിടുന്തോറും നയവ്യതിയാനം സംഭവിച്ചതിനാൽ മഡുറോ സർക്കാരിനെതിരായ സമീപനങ്ങൾ സ്വീകരിക്കുവാൻ പിസിവി നിർബന്ധിതമായി. വലതുപക്ഷ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മഡുറോ സർക്കാരിന്റെ പുതിയ എണ്ണനയം. അമേരിക്കൻ എണ്ണക്കമ്പനിയായ ഷെവ്റോണിന് 15 വർഷത്തേക്ക് കൂടി ഇളവ് പുതുക്കി നൽകുന്നതിനാണ് മഡുറോ ദേശീയ അസംബ്ലിയിൽ നിർദേശിച്ചത്. ദേശീയ പരമാധികാരത്തിന് ഹാനികരമെന്നായിരുന്നു ഇതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിച്ചത്. ഭരണഘടനാ ലംഘനം കൂടിയാണിതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം നെയർലേ ആൻഡ്രേഡ് അഭിപ്രായപ്പെടുന്നു.
നിക്കോളാസ് മഡുറോയുടെ സർക്കാർ ഷെവ്റോണിന്റെയും രാജ്യാന്തര മൂലധന ശക്തികളുടെയും തന്ത്രജ്ഞരായി മാറിയിരിക്കുന്നു. അവരുമായി ചർച്ച നടത്തുകയും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുമ്പോൾ, എണ്ണ വ്യവസായത്തൊഴിലാളികൾ പരിതാപകരമായ അവസ്ഥയിലേക്ക് നിപതിക്കുകയാണെന്നും നെയർലേ ആൻഡ്രേഡ് പറഞ്ഞു.
ആയിരക്കണക്കിന് തൊഴിലാളികൾ തുച്ഛമായ വരുമാനത്തിൽ തുടരുമ്പോൾത്തന്നെ അന്തർദേശീയ മൂലധന ശക്തികൾ വലിയ ലാഭം നേടുന്നു. ചെറുകിട കമ്പനികളിലേക്കും ഈ സാഹചര്യം വ്യാപിക്കുന്നു. യൂണിയൻ നേതാക്കൾക്കെതിരെ തൊഴിലുടമകളുടെ — സ്വകാര്യമേഖലയിൽ മാത്രമല്ല — പീഡനവും വർധിച്ചിരിക്കുന്നുവെന്ന് കോർപ്പോലെക്കിലെ സംഭവം ഉദാഹരിച്ച് ആൻഡ്രേഡ് വിശദീകരിക്കുന്നു. നിയമാനുസൃതമായ യൂണിയനുകളുടെ നേതാക്കളെ ഉപദ്രവിക്കുന്ന സമീപനമാണ് ഉടമകൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ പിഎസ്‌യുവി നേതൃത്വം അക്രമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായും ആരോപണങ്ങൾ വ്യാപകമാണ്. ജനങ്ങളിൽ നിരാശ, ഭയം എന്നിവ സൃഷ്ടിക്കുവാനും പ്രകോപനങ്ങളുണ്ടാക്കുവാനും പിഎസ്‌യുവി നേതൃത്വത്തിന്റെ ഒത്താശയോടെ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നു. ഏകപക്ഷീയമായ അറസ്റ്റുകൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൽ, രാഷ്ട്രീയ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ എന്നിവ വ്യാപകമായി. കൂടാതെ പിഎസ്‌യുവിയുടെ രാഷ്ട്രീയത്തെ എതിർക്കുന്ന എല്ലാവരെയും തെരഞ്ഞെടുപ്പ് രംഗത്ത് അയോഗ്യമാക്കുന്നതിനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഉദാഹരണമായിരുന്നു രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയായ വെനസ്വേലൻ കമ്മ്യൂണിസ്റ്റ് പാർട്ടി (പിസിവി) യുടെ നിയമപരമായ സാധുതയും അതിന്റെ ചിഹ്നങ്ങളും നീക്കം ചെയ്ത നടപടി. സുപ്രീം ട്രിബ്യൂണൽ ഓഫ് ജസ്റ്റിസിന്റെ (ടിഎസ്ജെ) മേലുള്ള നിയന്ത്രണം ഉപയോഗപ്പെടുത്തിയാണ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല (പിഎസ്‌യുവി) യുടെ നേതൃത്വം ഈ നടപടി സ്വീകരിച്ചത്. നിയമാനുസൃതമായ അംഗീകാരം റദ്ദാക്കി, തൊഴിലാളിവർഗത്തെ മത്സരിക്കുന്നതിൽ നിന്ന് തടയുകയാണ് അവർ ചെയ്തിരിക്കുന്നത്. ഇതിനെതിരെ പിസിവി നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിൽ എപ്പോൾ തീരുമാനമുണ്ടാകുമെന്നത് അനിശ്ചിതത്വത്തിൽ തുടരുകയാണ്.

നേരത്തെയും വിവിധ ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മഡുറോയുടെ ഭരണ നയങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. ഹ്യൂഗോ ഷാവേസിന്റെ ഭരണ നയങ്ങൾക്ക് സോഷ്യലിസ്റ്റ് ആഭിമുഖ്യമുണ്ടായിരുന്നുവെങ്കിൽ മഡുറോ ക്രമേണ അത് ഉപേക്ഷിച്ചുവെന്ന കുറ്റപ്പെടുത്തലും നടത്തിയിരുന്നു. “വെനസ്വേലയിൽ സോഷ്യലിസം ഇല്ല, ഈ സർക്കാർ സോഷ്യലിസ്റ്റ് അല്ല. എന്നുമാത്രമല്ല, കൂടുതൽ പ്രതിലോമകരവുമാണ്, ദശലക്ഷക്കണക്കിന് വെനസ്വേലൻ കുടുംബങ്ങളെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്ന നവലിബറൽ നയങ്ങളും അതിന്റെ ഭാഗമായുള്ള നീക്കുപോക്കുകളുമായി വൻകിടക്കാരെ സേവിക്കുന്ന സമീപനവും സ്വീകരിക്കുന്നു” എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ട്രിബൂണയിൽ മുഖപ്രസംഗവും ലേഖനങ്ങളും വരികയുമുണ്ടായി. തൊഴിൽ സാഹചര്യങ്ങൾ മോശമായതിനാൽ തങ്ങളുടെ തൊഴിൽശക്തി വിൽക്കാൻ ആയിരക്കണക്കിന് വെനസ്വേലക്കാർക്ക് രാജ്യം വിടേണ്ടി വന്ന സാഹചര്യവുമുണ്ടായിരിക്കുന്നു. ഇത് വൻ കുടിയൊഴിയലിനും കാരണമായി. ഈ പശ്ചാത്തലത്തിലാണ് ജൂലൈ 28ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വിഷയം ചർച്ച ചെയ്യുന്നതിന് ജൂൺ 22ന് പിസിവിയുടെ ദേശീയ സമ്മേളനം പ്രത്യേകമായി സമ്മേളിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ തലങ്ങളിലായി നടന്ന എട്ടുമാസത്തിലധികം നീണ്ട ചർച്ചകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

സ്വേച്ഛാധിപത്യത്തിലൂടെയും നവഉദാരവൽക്കരണ നടപടികളിലൂടെയും മുന്നോട്ടുപോകുന്ന മഡുറോയുടെ നയങ്ങൾക്കെതിരെ വിശാലമായ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചാണ് ദേശീയ സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത്. സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റി അവതരിപ്പിച്ച റിപ്പോർട്ടിൽ അഴിമതിയിലൂടെയും കൊള്ളയിലൂടെയും രാഷ്ട്രീയ അധികാരത്തെ നയിക്കുന്നവർക്കെതിരായ പോരാട്ടമാണ് ജൂലൈ 28ന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തിയത്. തൊഴിലാളി യൂണിയൻ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങൾ, കൂട്ടായ വിലപേശൽ കരാറുകൾ പൊളിച്ചെഴുതൽ, നിയമപരമായ പണിമുടക്കുകൾ നടത്താനുള്ള സാധ്യത ഇല്ലാതാക്കൽ, തൊഴിലാളി സമരങ്ങള്‍ക്കുനേരെയുള്ള ആവർത്തിച്ചുള്ള അതിക്രമങ്ങൾ എന്നിവ നിലവിലുള്ള സർക്കാരിന്റെ മുഖമുദ്രയായിരിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെനസ്വേലൻ തൊഴിൽസേനയെ അമിതമായി ചൂഷണം ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം ജനങ്ങളും പ്രതിസന്ധിക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പരിഹാരം കാണേണ്ടതെന്ന് റിപ്പോർട്ട് പറയുന്നു. ഭരണവർഗങ്ങളുടെയും അതിന്റെ സർക്കാരിന്റെയും ആക്രമണം കണക്കിലെടുത്ത് മഡുറോയുടെ തൊഴിലാളിവിരുദ്ധ നയങ്ങളെയും ജനവിരുദ്ധ നയങ്ങളെയും പരാജയപ്പെടുത്താൻ വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് സമ്മേളനം നൽകിയിരിക്കുന്നത്. അതോടൊപ്പം ഇടതുപക്ഷത്തിനപ്പുറം ഒരു രാഷ്ട്രീയ‑തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് രൂപീകരിച്ച് നിക്കോളാസ് മഡുറോ സർക്കാരിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധവും പിന്തിരിപ്പൻ മൂലധന താല്പര്യങ്ങൾക്ക് അനുകൂലവുമായ സമീപനങ്ങൾക്കെതിരെ യോജിച്ച് പോരാടാനും തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുവാനുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും സമ്മേളനം തീരുമാനിച്ചു.
ഭരണഘടന പുനഃസ്ഥാപിക്കുന്നതിനും ജനങ്ങളിൽ നിന്ന് അപഹരിക്കപ്പെട്ട സാമൂഹിക അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ ഒരു മുന്നണിയായി മുന്നേറുക എന്ന സന്ദേശമാണ് പിസിവി ദേശീയ സമ്മേളനം ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.
അടുത്തിടെ ഫ്രാൻസിൽ നടന്ന തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തെ തടയുന്നതിന് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ശക്തികളുടെ യോജിച്ച വേദിയാണ് രൂപപ്പെട്ടത്. രണ്ടാം ഘട്ട വോട്ടെടുപ്പിൽ ആവിഷ്കരിച്ച ആ തന്ത്രം വിജയിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഒന്നാമതെത്താനായി. കഴിഞ്ഞ മാസം നടന്ന മെക്സിക്കോയിലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യമായ മൊറേനയെ വീണ്ടും ഭരണമേല്പിക്കുന്ന വിധിയാണുണ്ടായത്. അതേസമയം സോഷ്യലിസ്റ്റ് എന്ന് ലോകം കരുതിയിരുന്ന വെനസ്വേലയിൽ നിലവിലെ ഭരണകൂടം അതിന്റെ വലതുപക്ഷ ചായ്‌വ് കൂടുതൽ പ്രകടമാക്കിയിരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു ഇടതുപക്ഷ സഖ്യത്തിനുള്ള നീക്കമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്നത്. അതുകൊണ്ടുതന്നെ വെനസ്വേലൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.