7 January 2025, Tuesday
KSFE Galaxy Chits Banner 2

രാഷ്ട്രപതി ഉയർത്തിപ്പിടിക്കേണ്ടത് ഭരണഘടന

എസ് എന്‍ സാഹു
December 24, 2023 4:22 am

ഒരു പ്രതിപക്ഷ നേതാവ് അനുകരിച്ച വിഷയത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻഖറിനെ രാഷ്ട്രപതി ദ്രൗപദി മുർമു ന്യായീകരിച്ചത് തികച്ചും അസാധാരണമാണ്. ഭരണഘടനയുടെ വാഗ്ദാനങ്ങൾക്കും ആദർശങ്ങൾക്കും വിരുദ്ധമായ തരത്തിൽ ധൻഖർ പലതവണ പ്രവർത്തിച്ചപ്പോഴൊക്കെ രാഷ്ട്രപതി നിശബ്ദയായിരുന്നു. ഭരണഘടന സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധയായ രാഷ്ട്രപതി, കേശവാനന്ദ ഭാരതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ധൻഖർ പരസ്യപ്രസ്താവന നടത്തിയപ്പോൾ മിണ്ടിയില്ല. ഭരണഘടനയുടെ അടിസ്ഥാന ഘടന പാർലമെന്റിന് ഭേദഗതി ചെയ്യാൻ കഴിയില്ലെന്ന് വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിൽ കോടതിയല്ല, പാർലമെന്റാണ് പരമോന്നത അധികാരിയെന്നായിരുന്നു ധന്‍ഖര്‍ അവകാശപ്പെട്ടത്.
ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തത്തിന് നേരെ ധൻഖർ ആക്രമണം നടത്തിയപ്പോൾ രാഷ്ട്രപതി ഇടപെടണമായിരുന്നു. അവരുടെ മുൻഗാമികൾ, പ്രത്യേകിച്ച് കെ ആർ നാരായണൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതില്‍ മുൻപന്തിയില്‍ നിന്നു. ‘നമ്മെ പരാജയപ്പെടുത്തിയത് ഭരണഘടനയാണോ അതോ ഭരണഘടനയെ പരാജയപ്പെടുത്തിയത് നമ്മളാണോ എന്ന് നാം പരിഗണിക്കണം’- അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടന പുനഃപരിശോധിക്കാനുള്ള നീക്കം ആരംഭിച്ചപ്പോള്‍ അദ്ദേഹം നടത്തിയ ചരിത്രപരമായ പ്രസ്താവനയാണിത്. പുനഃപരിശോധിക്കാനുള്ള തന്റെ തീരുമാനത്തിൽ വാജ്‌പേയി മാറ്റം വരുത്തുകയും ഭരണഘടനയുടെ ‘പ്രവർത്തനം’ അവലോകനം ചെയ്യാൻ ജസ്റ്റിസ് എം എൻ വെങ്കടചലയ്യയുടെ അധ്യക്ഷതയിൽ ഒരു കമ്മിഷനെ നിയമിക്കുകയുമായിരുന്നു. ഭരണഘടനാ മൂല്യങ്ങളില്‍ ഉറച്ചുനിന്ന്, അതിനെ സംരക്ഷിക്കുന്ന കാര്യത്തിൽ വാജ്പേയിയെ നേരിടാനുള്ള കരുത്ത് നാരായണനുണ്ടായിരുന്നു. എന്തുകൊണ്ടാണ് ധൻഖര്‍ അടിസ്ഥാന ഘടനാ സിദ്ധാന്തത്തെ ആക്രമിക്കുമ്പോൾ, മുര്‍മു നിശബ്ദതയും നിസംഗതയും ആയിരുന്നത്?

 


ഇതുകൂടി വായിക്കു; പൊതുവിതരണത്തിന് ഭക്ഷ്യവസ്തുക്കള്‍ അനുവദിക്കണം


പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ ഭരണപ്രതിസന്ധിയുണ്ടാക്കിയ ഗവർണർമാരുടെ നടപടികളിലും രാഷ്ട്രപതി മൗനം പാലിച്ചു. ഇക്കാര്യത്തില്‍ തമിഴ്‌നാട്, കേരളം, പഞ്ചാബ് സർക്കാരുകൾക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങൾ അട്ടിമറിക്കുന്ന തരത്തില്‍ പ്രവർത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെടാത്ത ഗവർണർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് ശേഷം മാത്രമാണ് ബില്ലുകളിൽ ചില ഗവർണർമാർ തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്ത പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ നിലപാട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനമേറ്റുവാങ്ങി. ഗവർണറുടെ നടപടിയെ തീകൊണ്ട് കളിക്കുന്നു എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി, നിയമസഭാ സമ്മേളനത്തിൽ നിഴല്‍വീഴ്ത്താനുള്ള ഏതൊരു ശ്രമവും ജനാധിപത്യത്തിന് വലിയ ആപത്തുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടു.
താന്‍ നിയമിച്ച ഗവർണർമാരുടെ ഇത്തരം ഭരണഘടനാ ലംഘന നടപടികളെല്ലാം സുപ്രീം കോടതി പരിഗണിച്ചപ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമു മൗനം പാലിച്ചു. സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭരണഘടനയെ നിഷേധിക്കുന്നതെന്തിനെന്ന് അവരോട് രാഷ്ട്രപതി ചോദിക്കേണ്ടതായിരുന്നു. ഭരണഘടനയുമായി ഒരു ബന്ധവുമില്ലാത്ത മിമിക്രി ‘പ്രശ്നത്തിൽ’ പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ ധൻഖറിനൊപ്പം ചേരുന്നതിൽ നിന്ന് രാഷ്ട്രത്തിന്റെ പ്രഥമപൗര എന്ന നിലയിൽ അവർ വിട്ടുനിൽക്കേണ്ടതായിരുന്നു. രാജ്യത്തെ പരമോന്നത പദവിയിലേക്ക് ആദ്യമായി ഒരു ആദിവാസിസ്ത്രീയെ തങ്ങള്‍ തെരഞ്ഞെടുത്തുവെന്ന് സമീപകാല തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവകാശപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ള ബിജെപി നേതൃത്വം ദ്രൗപദി മുർമുവിന്റെ പേര് ഉപയോഗിച്ചു. അതിലൂടെ, തെരഞ്ഞെടുപ്പില്‍ ജനപ്രീതി നേടുന്നതിനായി പരോക്ഷമായി രാഷ്ട്രപതിയുടെ ഓഫിസിനെ വലിച്ചിഴയ്ക്കുകയായിരുന്നു. അത് തികച്ചും ആ ഓഫിസിന്റെ പ്രതിച്ഛായയും അന്തസും കുറയ്ക്കുന്നു. രാഷ്ട്രപതിയുടെ ഓഫിസ് രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ പരിഗണനകൾക്കും അതീതമായിരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തന്റെ പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മുർമു ബിജെപി നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നെങ്കിൽ ഉചിതമായേനെ. ഭരണകക്ഷിയുടെ പക്ഷപാതപരമായ പരിഗണനകളെ അവർ എതിർക്കാത്തത് എന്തുകൊണ്ടാണെന്നതിന് വിശദീകരണമില്ല.


ഇതുകൂടി വായിക്കു;  പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഇന്ന് ദേശീയ പ്രതിഷേധം


 

മണിപ്പൂരിലെ ജനങ്ങളുടെ ജീവനും, ജീവിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടുവെന്ന സുപ്രീം കോടതി നിരീക്ഷണങ്ങൾക്കിടയിലും മുർമു മൗനം പാലിക്കുകയായിരുന്നു. ഭരണസംവിധാനം പൂർണമായും തകർന്നപ്പോള്‍ അവര്‍ വിഷയം ഏറ്റെടുക്കേണ്ടതായിരുന്നു. ഭരണഘടനയുടെ സംരക്ഷകയെന്ന നിലയിൽ, മൗലിക നിയമത്തെ പ്രതിരോധിക്കുന്ന നിലപാടാണ് രാഷ്ട്രപതി സ്വീകരിക്കേണ്ടിയിരുന്നത്. പ്രത്യേകിച്ചും അത് ലംഘിക്കപ്പെടുന്നതില്‍ മോഡി ഭരണകൂടം കനത്ത നിശബ്ദത പാലിക്കുമ്പോള്‍. അക്രമങ്ങൾ മൂലം മണിപ്പൂരില്‍ ഭരണഘടനാപരമായ സംരക്ഷണം ഇല്ലാതാകുമ്പോൾ, സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമായി പ്രവർത്തിക്കാൻ അവര്‍ക്ക് കഴിയുമായിരുന്നു. അത് അവരുടെ ഔന്നത്യം വർധിപ്പിക്കുമായിരുന്നു. പക്ഷേ, ധൻഖറിന്റെ മിമിക്രി വിഷയം ഏറ്റെടുക്കുന്നത് അവര്‍ വഹിക്കുന്ന പദവിയുടെ ഉന്നതിക്ക് ഒരുതരത്തിലും യോജിച്ചതല്ല. പരമോന്നത പദവിയുടെ മഹത്വം ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(അവലംബം: ന്യൂസ് ക്ലിക്ക്)

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.