10 January 2025, Friday
KSFE Galaxy Chits Banner 2

കര്‍ണാടകയിലെ ‘റിയല്‍ കേരള സ്റ്റോറി’

യെസ്‍കെ
May 14, 2023 4:22 am

2014ൽ പ്രധാനമന്ത്രിയായി നരേന്ദ്രമോഡി ചുമതലയേറ്റ ശേഷം ബിജെപിയുടെ ഏറ്റവും വലിയ തിരിച്ചടി കര്‍ണാടകയില്‍ നേരിടുമ്പോള്‍ അതിന്റെ സന്തോഷം പങ്കിടാന്‍ കേരളത്തിനുമുണ്ട് അവകാശം. തെരഞ്ഞെടുപ്പ് അപ്പുറത്താണെങ്കിലും കേരളത്തെ മോശമായി ചിത്രീകരിച്ചാണ് ബിജെപിയുടെ അതികായന്മാരായ നരേന്ദ്രമോഡിയും അമിത് ഷായും പ്രചരണറാലികളെ പലപ്പോഴും അഭിസംബോധനചെയ്തത്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഭരണം പോയിട്ടുണ്ടെങ്കിലും കർണാടക ബിജെപിക്ക് ഒരു അഭിമാന സൂചികയായിരുന്നു. ഈ പരാജയത്തോടെ കൈവിട്ടുപോയത് ദക്ഷിണേന്ത്യയിലെ ആകെയുള്ള പിടിവള്ളിയാണ്. കർണാടകത്തിലെ മേൽക്കൈ ഉപയോഗിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയാണവര്‍ കാത്തുകാത്തിരുന്നത്. തെലങ്കാനയിലും ആന്ധ്രയിലും വേരുറപ്പിക്കാമെന്ന ചിന്തയും ഇതോടെ അസ്തമിച്ചിരിക്കുകയാണ്. കെെവശമുണ്ടായിരുന്ന സീറ്റുകളില്‍ മൂന്നിലാെന്നാണവര്‍ക്ക് നഷ്ടമായത്.

കന്നഡഭൂമി ഉറപ്പിച്ചുനിര്‍ത്താന്‍ കേരളത്തെ അപഹസിക്കാന്‍ മോഡി-ഷാ സഖ്യം സദാ മത്സരിച്ചു. ദ കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം മാത്രം മതി ഇതിന് തെളിവായി. തീവ്രവാദത്തിന്റെ വൃത്തികെട്ട മുഖം തുറന്നുകാട്ടുന്നതാണ് സിനിമ എന്ന് പറഞ്ഞ മോഡി, സിനിമയെ എതിർക്കുന്ന കോൺഗ്രസ് തീവ്രവാദത്തിനൊപ്പമാണെന്ന് കൂടി പറഞ്ഞു. സാധാരണ പ്രാദേശിക നേതാക്കളുടെ പ്രസംഗത്തെക്കാള്‍ താഴ്ന്നനിലവാരമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക്. ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്, കൂടുതലൊന്നും ഞാൻ പറയുന്നില്ലെ‘ന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ബിജെപി തോറ്റാല്‍ കര്‍ണാടക, കേരളം പോലെയാകുമെന്ന വിശദീകരണവും അദ്ദേഹം നല്കി. ആ വാക്കുകള്‍ വിശ്വസിച്ചാണോ എന്തോ കര്‍ണാടകയിലെ വോട്ടര്‍മാര്‍ ബിജെപി മുക്ത സംസ്ഥാനത്തിന് വോട്ടു ചെയ്തത്. 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിട്ട കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പുത്തൂരിൽ നടന്ന പൊതുപരിപാടിയിലാണ് ഷാ പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് അത് പൂർണമായി അടച്ചുപൂട്ടിയെന്നും നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ടെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ റോഡ് ഷോയിലാണ് തീവ്രമായ പ്രചരണ വിഷയങ്ങൾ തീരുമാനിച്ചത്. ബജ്റംഗ് ബലിയും കേരള സ്റ്റോറിയും തെരഞ്ഞെടുപ്പിൽ ഉയർത്തിയത് മോഡിയാണ്.

 


ഇതുകൂടി വായിക്കു; കര്‍ണാടക; കോണ്‍ഗ്രസ് 136, ബിജെപി 65


ബംഗളൂരുവിലും ദക്ഷിണ കന്നഡയിലും സ്ഥാനാർത്ഥികളുടെ ജയപരാജയം നിർണയിക്കുന്നതിൽ പ്രധാനശക്തിയാണ് മലയാളികൾ. കേരളത്തിൽ നിന്നു കുടിയേറിയ മലയാളികൾ കോൺഗ്രസിന് അനുകൂലമായാണ് ഇക്കുറി ചിന്തിച്ചത് എന്നുവേണം വിലയിരുത്താന്‍. കേരളത്തെ അപമാനിക്കുന്ന കേരള സ്റ്റോറി സിനിമയുടെ പ്രചാരണം പ്രധാനമന്ത്രി തന്നെ ഏറ്റെടുത്തത് മലയാളികളെ പ്രകോപിപ്പിച്ചു. കർണാടകയിലും തങ്ങൾ ഒറ്റപ്പെടുമോയെന്ന ചിന്തയാണ് മലയാളികളെ ഭയപ്പെടുത്തിയത്. ബിജെപിക്ക് തുടർഭരണം ലഭിച്ചാൽ കൂടുതൽ ആക്രമങ്ങൾ സംസ്ഥാനത്ത് നടക്കുമോയെന്നും അവര്‍ ഭയപ്പെട്ടിരുന്നു.
രണ്ടര മാസത്തിനിടെ 17 ദിവസമാണ് അമിത് ഷാ കര്‍ണാടകയിലെത്തിയത്. സംസ്ഥാനം മുഴുവൻ പര്യടനം നടത്തുകയും ചെയ്തു. ‘ബഹിരാകാശത്തെ നമ്മുടെ വിജയത്തിലും കർണാടകയിലെ ജനം സന്തോഷിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ എന്തിന് കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ഇവർ ചിന്തിക്കു‘മെന്നാണ് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.


ഇതുകൂടി വായിക്കു; കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: സ്നേഹത്തിന്റെ കട തുറന്നു; രാഹുല്‍ ഗാന്ധി, അഭിനന്ദിച്ച് മോഡിയും


 

നരേന്ദ്ര മോഡിയാകട്ടെ 10 തവണയാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പര്യടനം നടത്തിയത്. മൈസൂരു-ബംഗളൂരു ഹൈവേ ഉൾപ്പെടെ പതിനായിരക്കണക്കിനു കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതൊന്നും ജനങ്ങള്‍ക്കിടയില്‍ ഏശുന്നില്ലെന്ന് കണ്ടപ്പോഴാണ് അവസാനനിമിഷം നഗ്നമായ വർഗീയത പ്രസംഗിച്ചത്. പക്ഷേ അഴിമതിയെയും ഭരണവീഴ്ചയെയും വർഗീയത കൊണ്ട് മറച്ചുപിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് കർണാടകയിലെ ജനങ്ങൾ തിരിച്ചടി നല്കി. ബിജെപിയുടെ പണക്കൊഴുപ്പിന് പുല്ലുവിലയാണവര്‍ നല്കിയത്. ബിജെപി അവകാശപ്പെടുന്നത് 400 പൊതുറാലികളും 130 റോഡ് ഷോകളും നടത്തിയെന്നാണ്. ഈ റോഡ്ഷോകൾക്കായി ഖജനാവില്‍ നിന്ന് വന്‍തോതില്‍ പണവും ചെലവഴിച്ചു. ഏപ്രിൽ 29 മുതൽ 19 പൊതുയോഗങ്ങളും ആറ് റോഡ് ഷോകളും മോഡി നടത്തി. ബംഗളൂരു ഉൾപ്പെടെയുള്ള വൻ നഗരങ്ങളിലെ റോഡ് ഷോകളിൽ, മോഡി ദൈവമാണെന്നും ദൈവത്തിന്റെ അവതാരമാണെന്നും കാമറയ്ക്ക് മുന്നിൽ ബിജെപി അനുഭാവികള്‍ പറയുന്നത് മാധ്യമങ്ങൾ കാണിച്ചു. പക്ഷേ ജനം വിധിയെഴുതിയത് മറ്റൊരുതരത്തിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.