12 November 2024, Tuesday
KSFE Galaxy Chits Banner 2

പണിമുടക്കവകാശം സംരക്ഷിക്കപ്പെടണം

ജയശ്ചന്ദ്രൻ കല്ലിംഗൽ
January 13, 2023 4:15 am

പണിമുടക്കാനുള്ള തൊഴിലാളിയുടെ അവകാശത്തെ സംബന്ധിച്ച് ചില സന്ദേഹങ്ങൾ ഉയർത്തുന്നതാണ് ഈയാഴ്ച പുറത്തു വന്ന കേരള ഹൈക്കോടതിയുടെ വിധി. പിറ്റേദിവസത്തെ പ്രധാന മലയാള പത്രങ്ങൾ പണിമുടക്ക് നിരോധിച്ചു എന്ന തലവാചകത്തിൽ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. പണിമുടക്ക് പോലുള്ള ഒരു സമരായുധം നിരോധിക്കപ്പെടാൻ തരത്തിൽ നമ്മുടെ ഭരണഘടന ശുഷ്കമാണോ എന്ന സന്ദേഹമാണ് ആദ്യം ഉണ്ടായത്. എന്നാലും കോടതി വിധി വിശദമായി പഠിച്ചപ്പോഴാണ് കോടതി പറഞ്ഞതല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് എന്ന് ബോധ്യമായത്. ബിഎംഎസ് ഒഴിച്ചുള്ള സമസ്ത തൊഴിലാളി സംഘടനകളുടെയും ആഹ്വാനപ്രകാരമാണ് 2022 മാർച്ച് 28,29 തീയതികളിൽ പണിമുടക്ക് സംഘടിപ്പിക്കപ്പെട്ടത്. സമീപകാല ചരിത്രത്തിൽ ലോകത്ത് തന്നെ നടന്ന ഏറ്റവും വലിയ സമരമായിരുന്നു അത്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കർഷകരും തൊഴിലാളികളും അടങ്ങിയ 25 കോടിയിൽപ്പരം അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം സർക്കാർ ജീവനക്കാരും അധ്യാപകരും അണിചേരുകയായിരുന്നു. സിവിൽ സർവീസിന്റെ സംരക്ഷണവും പഴയ പെൻഷൻ പുനഃസ്ഥാപിക്കലും തുടങ്ങിയ സുപ്രധാന മുദ്രാവാക്യങ്ങളാണ് സർക്കാർ ജീവനക്കാർ ഉന്നയിച്ചത്.

പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും പണിമുടക്കം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഹർജി പണിമുടക്കിന്റെ ഒന്നാം ദിവസം തന്നെ വിചാരണയ്ക്കെടുത്തു. പരാതി അംഗീകരിച്ചു കൊണ്ട് സർക്കാരിനോട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഇടക്കാല ഉത്തരവിടുകയും ചെയ്തു. ഉത്തരവിനെതിരെ അപ്പീൽ പോകുന്നതിന് പകരം അത് നടപ്പിലാക്കുന്നതിനാണ് സർക്കാർ തീരുമാനമെടുത്തത്. പണിമുടക്കിയ ജീവനക്കാരുടെ വേതനം തടഞ്ഞു കൊണ്ട് ഡയസ്‍നോൺ പ്രഖ്യാപിച്ചു. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുളള കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. തൊഴിലാളികളും ജീവനക്കാരും ഒന്നാകെ പണിമുടക്കിയ സമരത്തിന്റെ ഒന്നാംദിവസമാണ് ജീവനക്കാരെ ഭയപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടത് എന്നത് യാദൃച്ഛികമല്ല. എന്നാൽ ഹൈക്കോടതിയുടെ വിധിയും സർക്കാരിന്റെ ഉത്തരവും തള്ളിക്കളഞ്ഞുകൊണ്ട് പിറ്റേദിവസവും സർക്കാർ ഓഫിസുകൾ പൂർണമായും അടഞ്ഞു കിടന്നു. ഒന്നാം ദിവസത്തെക്കാളും വലിയ പണിമുടക്ക് റാലികൾക്കാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾ സാക്ഷ്യം വഹിച്ചത്. അച്ചടക്ക നടപടിയെയും ഡയസ്‍നോണിനെയും ഞങ്ങൾ ഭയക്കുന്നില്ല എന്ന ധീര പ്രഖ്യാപനമായി അത് മാറി. പണിമുടക്കാനുള്ള തൊഴിലാളിയുടെ അവകാശം ആർക്കു മുന്നിലും അടിയറവ് വയ്ക്കില്ല എന്ന് ഉറപ്പിക്കുകയായിരുന്നു കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും.

 


ഇതുകൂടി വായിക്കു; വീണ്ടും പ്രകീര്‍ത്തിക്കപ്പെടുന്ന കേരളം


ഭരണഘടനയുടെ 19 (1) (സി) പ്രഖ്യാപിക്കുന്ന മൗലിക അവകാശത്തിന്റെ മറവിൽ പണിമുടക്കത്തിന് അവകാശം ഇല്ലെന്നാണ് അന്തിമ വിധിയിൽ ഇപ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ജീവനക്കാർ സർവീസ് നിയമങ്ങളിൽ ബന്ധിതരാണെന്നത് യാഥാർത്ഥ്യമാണ്. കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960ലെ 77 (ബി) (2), 77 (ബി) (10) അനുസരിച്ച് പണിമുടക്കുന്നതിൽ നിന്നും വിലക്കണമെന്നായിരുന്നു പരാതിക്കാരന്റെ വാദം. സർവീസ് ചട്ടങ്ങൾ പ്രകാരം സംഘടനകൾക്ക് പണിമുടക്കിന് അവകാശമില്ലെന്ന് പ്രഖ്യാപിച്ചിട്ട് ആറു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണ നിർവഹണ മാതൃക പിന്തുടർന്ന അന്നത്തെ ബ്യൂറോക്രാറ്റിക് സംവിധാനം സർക്കാർ ജീവനക്കാരെ അടിമകളാക്കി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് 1960ലെ പെരുമാറ്റച്ചട്ടങ്ങൾ. 1960നു ശേഷം കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ നിരവധി പണിമുടക്കങ്ങൾ നടന്നു കഴിഞ്ഞു. അന്നൊന്നും പണിമുടക്കങ്ങൾക്കെതിരെ കോടതിയോ സർക്കാരോ കടുത്ത നടപടികളിലേക്ക് നീങ്ങിയിട്ടില്ല. പെരുമാറ്റച്ചട്ടത്തിന്റെ വ്യവസ്ഥകൾ പണിമുടക്കുന്ന ജീവനക്കാർക്കുമേൽ പ്രയോഗിച്ചിട്ടുമില്ല. പണിമുടക്ക് ദിവസങ്ങളിലെ വേതനം തടഞ്ഞ് ‘സർവീസ് ബ്രേക്ക്’ ആവുന്ന കടുത്ത ചട്ടങ്ങൾ ഒഴിവാക്കിയത് സി അച്യുതമേനോന്റെ സർക്കാരാണ്. യഥാർത്ഥത്തിൽ ജീവനക്കാരോടുള്ള അദ്ദേഹത്തിന്റെ കരുതലാണ് സർവീസ് ബ്രേക്കെന്ന ഖഡ്ഗം ജീവനക്കാരുടെ ചുമലിൽ നിന്ന് ഒഴിവാക്കുന്നതിന് കാരണമായത്.

പണിമുടക്ക് ദിവസം വേതനം വേണമെന്ന ആവശ്യം പണിമുടക്ക് നടത്തിയ ഒരു സംഘടനയും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ഹർജിക്കാരൻ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പണിമുടക്ക് ദിവസം ശമ്പളം നഷ്ടപ്പെടില്ല എന്ന് പ്രചരണം നടത്തി പണിമുടക്ക് സമ്പൂർണമാക്കുന്നു എന്നാണ് ആരോപിച്ചത്. ഈ ആരോപണം ശരിവച്ചു കൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഇതിന് മുമ്പ് 2019 ൽ നടത്തിയ ദേശീയ പണിമുടക്കിൽ ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ തടസപ്പെട്ടതിനാൽ പണിമുടക്കാനാഗ്രഹമില്ലാത്തവർക്ക് ജോലിക്ക് വരാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ആ സാഹചര്യം പരിഗണിച്ച് യോഗ്യമായ അവധിക്ക് അപേക്ഷിക്കുവാൻ അവകാശം നൽകുവാൻ സർക്കാർ ഉത്തരവായിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ ഒരു വ്യക്തി ഫയൽ ചെയ്ത കേസിൽ കക്ഷിക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. ഈ വിധിക്കെതിരെ സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി പരിഗണനയിലാണ്.
ഭരണഘടനയുടെ മൗലികാവകാശത്തിൽ വ്യക്തമാക്കാത്ത വിഷയങ്ങളിൽ പൗരന് അവന്റേതായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിക്കൂടാ എന്ന് ഭരണഘടന പറയുന്നില്ല. ഭക്ഷണം കഴിക്കാനുള്ള അവകാശം ഭരണഘടനയുടെ മൗലികാവകാശത്തിൽ ഉൾപ്പെട്ടു വരുന്നില്ല. ഇതിന്റെ അർത്ഥം ഭക്ഷണം കഴിക്കാതെ മനുഷ്യർ ജീവിക്കണമെന്നല്ലല്ലോ. പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഭരണഘടനയിൽ ഒരിടത്തും പ്രഖ്യാപിക്കാത്തിടത്തോളം പണിമുടക്കാനുള്ള പൗരന്റെ അവകാശത്തെ നിഷേധിക്കാനുമാകില്ല. ഭരണഘടനയെ വസ്തുനിഷ്ഠമായും ജൈവികമായും അപഗ്രഥിക്കുമ്പോൾ അത്തരത്തിലേ വ്യാഖ്യാനിക്കാനാവൂ. പണിമുടക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന്റെ കൂടി ഭാഗമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. തൊഴിൽദാതാക്കളുടെ ചൂഷണത്തിനും വിവേചനത്തിനുമെതിരെ നിശബ്ദരായിരിക്കുക എന്നത്, പഴയ അടിമസമ്പ്രദായത്തിനെ ഓർമ്മപ്പെടുത്തുന്നതാണ്. സംഘടിതമായി വിലപേശാനുള്ള അവകാശം സർവീസ് ചട്ടങ്ങളുടെ പേരിൽ അട്ടിമറിക്കുന്നത് ശരിയായ കാഴ്ചപ്പാടാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു വ്യാഖ്യാനം സമസ്ത മേഖലയിലും തൊഴിലാളികളുടെ നീതി നിഷേധിക്കുന്നതിന് കാരണമാകും. ജോലി ചെയ്യാതിരിക്കുക എന്ന കേവലമായ അർത്ഥമല്ല പണിമുടക്കിനുള്ളത്. ചൂഷണത്തിന് നേരെയുള്ള ധാർമ്മികമായ ചെറുത്തു നില്പാണ് പണിമുടക്ക്. പണിയെടുത്ത് ജീവിക്കുന്നവരുടെ വലിയ സമരായുധമാണിത്. മനുഷ്യർ ഇന്ന് അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും സമരം ചെയ്തും പണിമുടക്കിയും നേടിയെടുത്തതാണ്.


ഇതുകൂടി വായിക്കു; പിന്നിട്ട കാലങ്ങളെ തേടുമ്പോൾ


പണിമുടക്ക് ഉൾപ്പെടെയുള്ള പ്രതിരോധങ്ങൾക്കെതിരെയുള്ള ഗൂഢാലോചന മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ആരംഭകാലം മുതൽ ശക്തമായിരുന്നു. മുതലാളിത്തം എന്നും അവരുടെ സമ്പത്ത് വർധിപ്പിക്കുന്നതിന് ശ്രമിച്ചു കൊണ്ടേയിരിക്കും. അതിന് കുട പിടിക്കുന്ന സമീപനങ്ങളെ അംഗീകരിക്കാനാകില്ല. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ അനുചിതവും ജനാധിപത്യ വിരുദ്ധവുമായ വ്യവസ്ഥകളാണ് കോടതി വിധിക്ക് ആധാരം. ഈ ഭാഗങ്ങൾ ഒഴിവാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്. 1960 മുതൽ 2022 വരെ ഇവിടെ നടന്ന പണിമുടക്ക് സമരങ്ങളെല്ലാം ഈ ചട്ടങ്ങൾ നിലവിലിരിക്കുമ്പോൾ തന്നെയാണ് സംഘടിപ്പിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യാവകാശങ്ങൾ സംരക്ഷിച്ച് നിലനിർത്തേണ്ട ബാധ്യത മറ്റെല്ലാ ജനവിഭാഗത്തെയും പോലെ സർക്കാർ ജീവനക്കാർക്കുമുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന എല്ലാ മൗലിക അവകാശങ്ങൾക്കും അവര്‍ക്ക് അർഹതയുണ്ട്. സർവീസ് ചട്ടങ്ങളിലെ നിബന്ധനകൾ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് ചേർന്നതല്ല എന്ന് വ്യക്തമായിരിക്കെ അതിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാകണം. സമൂഹം ഇപ്പോൾ അനുഭവിക്കുന്ന എല്ലാ ജനാധിപത്യ അവകാശങ്ങളും ഭരണകൂടങ്ങളോട് കലഹിച്ച് നേടിയെടുത്തതാണ്. മനുഷ്യർ ഉള്ളിടത്തോളം കാലം ഇത്തരം ചെറുത്തു നില്പുകൾ തുടരുക തന്നെ ചെയ്യും. പണിമുടക്കുന്നതിനുള്ള അവകാശ സംരക്ഷണം ഇതിന്റെ ഭാഗമായി വേണം കാണാൻ.

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.