
2003 മുതൽ ഇതുവരെയുള്ള 22 വർഷത്തിനിടെ ഒരുവർഷവും 97 ദിവസവും കോൺഗ്രസ് ഭരിച്ചതൊഴിച്ചാൽ മധ്യപ്രദേശിലെ മുഖ്യമന്ത്രിപദം കയ്യാളിയത് ബിജെപിയാണ്. 2014ൽ ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി സർക്കാർ ഡൽഹിയിൽ അധികാരമേറ്റ കാലയളവിലാണ് ഒരുവർഷവും 97 ദിവസവും കോൺഗ്രസ് ഭരിച്ചതെന്നത് മാറ്റിനിർത്തിയാൽ 10 വർഷത്തോളം അവിടെ ഇരട്ട എൻജിൻ സർക്കാരാണ് ഉള്ളതെന്നർത്ഥം. ആ ഇരട്ട എൻജിൻ സർക്കാരിന്റെ കീഴിൽ നടക്കുന്നത് അഴിമതികളും കെടുകാര്യസ്ഥതയും വ്യാജ വാഗ്ദാനങ്ങളുമാണെന്നാണ് മധ്യപ്രദേശും തെളിയിക്കുന്നത്. ഏറ്റവും പ്രധാനമായത് ഭോപ്പാൽ വാതക ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങളെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ഉപയോഗിച്ചെന്ന കണ്ടെത്തലാണ്.
1984ൽ നടന്ന ഭോപ്പാൽ ദുരന്ത പുനരധിവാസത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി അനുവദിച്ച തുകയിലെ വലിയ ഭാഗം തട്ടിക്കുകയോ പാഴാക്കുകയോ ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 272.75 കോടി രൂപയാണ് ഇങ്ങനെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്. നീണ്ടകാല രോഗ ചികിത്സാ സഹായം, ആശുപത്രികളുടെ നവീകരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിര്‍മ്മിക്കൽ, മലിനീകരണ നിയന്ത്രണം എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനും ജീവനോപാധി നൽകലിനുമൊക്കെയായി നിശ്ചയിച്ച തുകയാണ് വിനിയോഗിക്കാതിരിക്കുകയോ കാണാതാവുകയോ ചെയ്തിരിക്കുന്നത്.
ഭോപ്പാൽ ദുരന്ത പുനരധിവാസ കുംഭകോണമെന്നാണ് ബിജെപി അനുകൂല മാധ്യമമെന്ന് വിശേഷിപ്പിക്കാവുന്ന എൻഡിടിവി വാർത്തയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഞെട്ടിക്കുന്ന വസ്തുതകളാണ് ഈ വാർത്തയിലൂടെ എൻഡിടിവി വെളിപ്പെടുത്തുന്നത്. കോടികൾ ചെലവഴിച്ച് പല ആശുപത്രികളും നവീകരിച്ചെങ്കിലും ഇപ്പോഴും പ്രവർത്തനരഹിതമാണ്. ഓപ്പറേഷൻ തിയേറ്ററുകൾ നിർമ്മിച്ചെങ്കിലും ഉപയോഗിക്കാൻ സാധിച്ചില്ല. ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഡോക്ടർമാരോ സൗകര്യങ്ങളോ ഒരുക്കിയില്ല. ഓക്സിജൻ പൈപ്പുകൾ സ്ഥാപിച്ചതാകട്ടെ തീവ്ര പരിചരണ വിഭാഗമില്ലാത്ത ആശുപത്രികളിൽ.
സുപ്രീം കോടതി മേൽനോട്ടത്തിലുള്ള സമിതിയും ദുരന്ത ഇരകളുടെ സംഘടനകളും പറയുന്നത്, 90% സ്പെഷ്യലിസ്റ്റ് തസ്തികകളും 40 — 50% ഡോക്ടർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നാണ്. 2011–12ൽ ഇരകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് എന്ന പേരിൽ ഏഴ് യോഗ സെന്ററുകൾ സ്ഥാപിച്ചതായി രേഖകളുണ്ടാക്കിയെങ്കിലും ഒരു യോഗാ ക്ലാസ് പോലും നടത്തിയിട്ടില്ല. യോഗാ തെറാപ്പിസ്റ്റിനെയും നിയമിച്ചില്ല. ഈ കേന്ദ്രങ്ങൾ പലതും ഇപ്പോൾ വിവാഹ ഹാളുകളായി പ്രവർത്തിക്കുകയാണ്. അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മലിനജല നിർഗമനത്തിനായി അഞ്ചുകോടി രൂപ അനുവദിച്ചെങ്കിലും പ്രവർത്തനക്ഷമമായ അഴുക്കുചാലുകൾ നിർമ്മിച്ചില്ലെന്നും കണ്ടെത്തിയിരിക്കുന്നു. വിധവാ പെൻഷനായി 30 കോടി രൂപ അനുവദിച്ചെങ്കിലും ആയിരക്കണക്കിന് വിധവകൾക്കുള്ള പെൻഷനുകൾ അഞ്ച് വർഷത്തിന് ശേഷം നിർത്തിവച്ചു; നൂറുകണക്കിന് ആളുകൾക്ക് കുടിശിക ലഭിച്ചിട്ടില്ല.
12,155 അതിജീവിച്ചവരെ പരിശീലിപ്പിക്കുന്നതിനായി 2011നും 13നും ഇടയിൽ, 22 ഏജൻസികൾക്ക് 18.13 കോടി രൂപ നൽകി. എന്നാൽ 25% പേരുകളും വ്യാജമാണെന്നും പരിശീലനാർത്ഥികളിൽ ആറ് ശതമാനം പേർക്ക് മാത്രമേ സ്റ്റൈപ്പന്റ് ലഭിച്ചുള്ളൂവെന്നുമാണ് വിവരാവകാശ മറുപടിയിൽ ലഭ്യമായത്. ദുരന്ത നിവാരണത്തിനുള്ള പണം പോലും അഴിമതിക്കുള്ള വഴിയാക്കിയെന്നാണ് ഭോപ്പാൽ ദുരന്ത പുനരധിവാസ പദ്ധതിയിലൂടെ തെളിയുന്നത്.
1984ലാണ് ദുരന്തം നടന്നതെങ്കിലും 1990നുശേഷമാണ് പുനരധിവാസ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചത്. അതിനുശേഷമുള്ള 35 വർഷത്തിനിടെ സംസ്ഥാനത്ത് കൂടുതൽ കാലം ഭരിച്ചത് ബിജെപി ആയിരുന്നു. 11വർഷമാണ് കോൺഗ്രസ് അധികാരത്തിലിരുന്നത്. ബാക്കി വർഷങ്ങൾ സുന്ദർലാൽ പട്‌വ മുതൽ ഉമാഭാരതി, ശിവരാജ് സിങ് ചൗഹാൻ കഴിഞ്ഞ് ഇപ്പോഴത്തെ മുഖ്യമന്ത്രി മോഹൻ യാദവ് വരെയുള്ളവരുടെ ഭരണകാലയളവ് 24 വർഷമാണ്. അതുകൊണ്ടുതന്നെ ഈ അഴിമതിയുടെ മുഖ്യ ഉത്തരവാദിത്തം ബിജെപിക്കുതന്നെയാണ്. നിരവധി അഴിമതികളാണ് അടുത്തിടെ മധ്യപ്രദേശിൽ വിവിധ റിപ്പോർട്ടുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ പ്രധാന ഇൻഫർമേഷൻ ടെക്നോളജി (ഐടി) പാർക്കുകളിൽ ഐടി കമ്പനികൾക്കായി മാത്രം നീക്കിവച്ചിരിക്കുന്ന ഭൂമി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) ആണ്. സിഎജി റിപ്പോർട്ട് അനുസരിച്ച് ദുരുപയോഗം വ്യാപകമാണ്.
ജബൽപൂർ ഐടി പാർക്കിൽ, ഒരു കോൾ സെന്ററാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും നഴ്സിങ് കോളജാണ് പ്രവർത്തിക്കുന്നത്. എൽഇഡി ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് അനുവദിച്ച സ്ഥലത്ത് ഇവ സംഭരിച്ച് വില്പന നടക്കുന്ന കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. സോഫ്റ്റ്‌വേർ സേവനങ്ങൾക്കായി ഉദ്ദേശിച്ച മറ്റൊരിടത്ത് മരുന്ന് സംഭരണ കേന്ദ്രവും. ഇവയൊന്നും “ഇൻഫർമേഷൻ ടെക്നോളജി“യിൽ പെടുന്നില്ലെങ്കിലും യാതൊരു എതിർപ്പുകളുമില്ലാതെ അനുമതി നൽകിയതായി സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം 72 പ്ലോട്ടുകളാണ് വിതരണത്തിനായി നീക്കിവച്ചത്. 32 അപേക്ഷകർ മാത്രമാണ് വിതരണ നറുക്കെടുപ്പിൽ പങ്കെടുത്തത്. അതിൽ 11 എണ്ണം മാത്രമേ യഥാർത്ഥ ഉദ്ദേശ്യത്തിലുള്ളതായിരുന്നുള്ളൂ എന്നും ശരിയായ ആസൂത്രണം, മേൽനോട്ടം എന്നിവ ഈ പ്രക്രിയയിൽ ഇല്ലായിരുന്നുവെന്നും സിഎജി പറയുന്നു. ധൂർത്താണ് മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ മറ്റൊരു മുഖമുദ്രയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാദ്ഗാനം നൽകി സ്ഥാപിതമായ ചില ബോർഡുകൾ പ്രവർത്തനക്ഷമമായിട്ടില്ലെങ്കിലും കോടികൾ ചെലവഴിച്ചുവെന്നാണ് നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവിധ സമുദായങ്ങളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് രൂപീകരിച്ച ക്ഷേമനിധി ബോർഡുകളാണ് വെള്ളാനകളായത്.
നൈപുണ്യ വികസന, തൊഴിൽ സഹമന്ത്രി ഗൗതം ടെത്വാൾ നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടി പ്രകാരം 2023 ഒക്ടോബറിൽ ഒമ്പത് ബോർഡുകളാണ് രൂപീകരിച്ചത്. മഹാറാണ പ്രതാപ്, വിശ്വകർമ്മ, വീർ തേജാജി, ജയ് മീനേഷ്, രാജക്, തെൽഘാനി എന്നിങ്ങനെ പേരുകളിലായിരുന്നു അവ. 8.34 കോടി രൂപയും അനുവദിച്ചു. വിവിധ സമുദായ നേതാക്കളെ ചെയർമാന്മാരാക്കുകയും സർക്കാർ വാഹനങ്ങൾ, അലവൻസ്, മന്ത്രി പദവി എന്നിവ നൽകുകയും ചെയ്തു. പക്ഷേ ഈ ബോർഡുകൾക്കു കീഴിൽ ജീവനക്കാരെ നിയമിക്കുകയോ ഏതെങ്കിലും വ്യക്തികൾക്ക് ആനുകൂല്യങ്ങൾ നൽകുകയോ ചെയ്തില്ല. ഒരു ഗുണഭോക്താവിനെയും തിരിച്ചറിയുകയോ തെരഞ്ഞെടുക്കുകയോ ഏതെങ്കിലും പദ്ധതി പ്രകാരം സഹായം നൽകുകയോ ചെയ്തില്ല.
ബോർഡുകൾ നല്‍കിയ ആനുകൂല്യങ്ങൾ, മാനദണ്ഡങ്ങൾ, ഗുണഭോക്താക്കളുടെ വിവരങ്ങൾ എന്നിവയെ കുറിച്ചുള്ള ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. രണ്ട് വർഷത്തിനുള്ളിൽ ബോർഡുകൾക്ക് കീഴിൽ ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണിത്. ഭരണപരമായ പ്രവർത്തനത്തിന്റെ കാര്യത്തിൽ, ഒരു ബോർഡും അതിന്റെ ഭരണകാലത്ത് ഒരു ജില്ലാതല യോഗം പോലും നടത്തിയിട്ടില്ലെന്ന് മറുപടിയിലുണ്ട്. രൂപീകരിച്ച് 18 മാസങ്ങൾക്ക് ശേഷം പുറംകരാർ രീതിയിൽ ചില ജീവനക്കാരെ നിയമിക്കുകയും ഏതാനും മാസങ്ങൾക്കുള്ളിൽ പിരിച്ചുവിടുകയും ചെയ്തു. വിഷയം വൻവിവാദമായതോടെ രൂപീകരിച്ച് രണ്ട് വർഷത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബർ 17 ന് സർക്കാർ എല്ലാ ബോർഡുകളും പിരിച്ചുവിട്ടു. അതിനിടയിൽ 10 കോടിയിലധികം രൂപ ഖജനാവിൽ നിന്ന് ഒഴുകിപ്പോയി.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ സമുദായങ്ങളുടെ വോട്ട് ഉറപ്പിക്കുന്നതിനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് ഇത്രയും തുക ഖജനാവിൽ നിന്ന് ചെലവഴിക്കപ്പെട്ടത്. ഒരർത്ഥത്തിൽ വോട്ടുവാങ്ങുന്നതിനുള്ള സർക്കാർ പണത്തിന്റെ ദുരുപയോഗം കൂടിയാണിത്. ധൂർത്തിന്റെ മറ്റരുദാഹരണം സംസ്ഥാന മന്ത്രിമാരുടെ വിമാനയാത്രയ്ക്കായി വിനിയോഗിക്കുന്ന തുകയാണ്. മുഖ്യമന്ത്രി മോഹൻ യാദവിന്റെ കാലത്ത് വാടക വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമായി പ്രതിദിനം ഏകദേശം 21 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് നിയമസഭയിൽ നൽകിയ പുതിയ വിവരങ്ങൾ കാണിക്കുന്നത്. എംഎൽഎമാരായ പ്രതാപ് ഗ്രേവാളും പങ്കജ് ഉപാധ്യായയും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി നിയമസഭാ സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തൽ വന്നത്.
2021 ജനുവരി മുതൽ 2025 നവംബർ വരെ വിമാന വാടകയ്ക്കായി 290 കോടിയാണ് ചെലവഴിച്ചത്. ഈ വർഷം ഇതുവരെ 90.7 കോടി സ്വകാര്യ ഓപ്പറേറ്റർമാർക്ക് നൽകി. ഇത് വാടക വിമാനങ്ങൾക്കായി ഇതുവരെയുള്ള ഏറ്റവും ഉയർന്ന വാർഷിക ചെലവാണ്. 2019ൽ സംസ്ഥാനത്തിന്റെ വിമാന വാടക ചെലവ് പ്രതിവർഷം 1.63 കോടി രൂപയായിരുന്നുവെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് സമ്മതിക്കുന്നുണ്ട്. എന്നാൽ 2025ൽ അത് 90.7 കോടിയായി ഉയർന്നു. 2024 ജനുവരി മുതൽ 2025 നവംബർ വരെ ഏകദേശം 23 മാസത്തിനുള്ളിൽ വിമാനങ്ങൾക്കും ഹെലികോപ്റ്റർ വാടകയ്ക്കുമായി സർക്കാർ 143 കോടി ചെലവഴിച്ചു. അതായത് പ്രതിമാസം ഏകദേശം 6.2 കോടി അഥവാ പ്രതിദിനം 20–21 ലക്ഷം രൂപ. ഇതിന് മുമ്പുള്ള മൂന്ന് വർഷങ്ങളിൽ, (2021 ജനുവരി മുതൽ 23 ഡിസംബർ വരെ) 147 കോടിയാണ് വിനിയോഗിച്ചത്. ഇത് പ്രതിമാസം ഏകദേശം 4.1 കോടി (പ്രതിദിനം 13–14 ലക്ഷം) വരും. 2023ലാണ് ഗണ്യമായ നിരക്ക് വർധനവിന് അംഗീകാരം നൽകിയത്. തൽഫലമായി വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും വാടക നിരക്ക് 20 — 30% വർധിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് സമ്മതിക്കുമ്പോൾ തന്നെയാണ് യാത്രയ്ക്കായി ധൂർത്ത് നടത്തുന്നത്. 20 വർഷത്തിനിടെ സംസ്ഥാനത്തിന്റെ കടം 16 മടങ്ങ് വർധിച്ച് 20,000 കോടിയിൽ നിന്ന് 4.64 ലക്ഷം കോടിയായി ഉയർന്നിരിക്കുകയാണ്. സംസ്ഥാനം പ്രതിവർഷം 27,000 കോടി രൂപ പലിശയിനത്തിൽ മാത്രം നൽകുന്നുണ്ട്. മധ്യപ്രദേശിലെ ഇരട്ട എൻജിൻ ബിജെപി സർക്കാർ ധൂർത്തിന്റെയും അഴിമതിയുടെയും പര്യായമാണെന്നാണ് ഈ കണക്കുകൾ സംസാരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.