കേള്‍ക്കാനാഗ്രഹിക്കാത്ത വാര്‍ത്തകളാണ് ചലച്ചിത്രമേഖലയില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട വാര്‍ത്തകളായാലും ഇത് നമ്മെ നൊമ്പരപ്പെടുത്തുന്നുണ്ട്. സിനിമയുള്‍പ്പെടെ ഏത് മേഖലയിലും സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും സംഘര്‍ഷങ്ങളും ഒന്നിനൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന് കേരള സമൂഹം ഒന്നടങ്കം പിന്തുണ നല്‍കേണ്ട വേളയാണിത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ രാജ്യംതന്നെ അത്ഭുതത്തോടെയാണ് കാണുന്നത്. സാക്ഷര കേരളത്തില്‍ നടന്ന തോന്ന്യാസങ്ങള്‍ മൂടിവയ്ക്കപ്പെട്ടതിന്റെ ദുഃഖം മറച്ചുവയ്ക്കുന്നില്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മറച്ചുവയ്ക്കണം എന്ന ജസ്റ്റിസ് ഹേമയുടെ പരാമര്‍ശത്തെ ബഹുമാനിക്കുന്നു. നമ്മുടെ വെള്ളിത്തിരയുടെ മാനം വീണ്ടെടുക്കേണ്ട അവസരം കൂടിയാണ് ഇപ്പോള്‍ സിനിമ എന്ന തൊഴില്‍ മേഖലയില്‍. ലൈംഗിക അതിക്രമങ്ങള്‍ക്കോ വിവേചനങ്ങള്‍ക്കോ ഇടയില്ലാത്തവിധം എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന സാമൂഹ്യക്രമമാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെങ്കിലും അതല്ല നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. മറ്റേത് തൊഴില്‍ മേഖലയിലുള്ളതിലും കടുത്ത ലൈംഗിക ചൂഷണമാണ് മലയാള സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പീഡനം ഭയന്ന് മാതാപിതാക്കളെ ഒപ്പം കൂട്ടണം. അത്രക്ക് അരക്ഷിതാവസ്ഥയുണ്ടെന്നതാണ് സ്ഥിതി.
61 പേജുകളും ഒട്ടേറെ ഖണ്ഡികകളും വെട്ടിമാറ്റിയിട്ടും ബാക്കിയായ ആരോപണങ്ങളുടെ സ്ഫോടനശേഷി ഞെട്ടിപ്പിക്കുന്നതാണ്. സിനിമാ മേഖലയിലെ സ്ത്രീകള്‍ എന്തിനും തയ്യാറാകണമെന്ന തോന്നല്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ പുലര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുമ്പോള്‍ അത് കേരളത്തെ നാണം കെടുത്തുന്നു. അഭിനയിക്കുന്നതിനായി പെണ്‍കുട്ടികളുടെ ശരീരവും ആത്മാഭിമാനവും അടിയറവയ്ക്കാനായി പ്രേരിപ്പിക്കുന്ന അവസ്ഥ റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. ആണധികാര കേന്ദ്രീകൃതമാണ് സിനിമയെന്നു ചൂണ്ടിക്കാണിക്കുകയാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് ഹേമയും അംഗങ്ങളും നടത്തിയ വിശദമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഒരുപാട് സ്ത്രീകള്‍ അഭിനയത്തിനു പുറമേ സാങ്കേതിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനായി നിയമമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ പല തൊഴില്‍ മേഖലയിലും വലിയതോതില്‍ ചൂഷണം അനുഭവിക്കുന്നു പുരുഷാധിപത്യ സമൂഹം സ്ത്രീയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍എറെ ദുഃഖം നല്‍കുന്ന കാര്യങ്ങളാണ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ളത്. സാംസ്കാരിക കേരളം എന്ന് അഭിമാനത്തോടെ പറയുന്ന ജനതയാണ് നമ്മള്‍. ലോക സിനിമയ്ക്ക് മഹത്തായ സംഭാവന നല്‍കിയ മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ സ്ത്രീസമൂഹത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ഭൂഷണമല്ല. ഭരണഘടനാപരമായി അവര്‍ക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യം, തൊഴിലിടങ്ങളുടെ അനുകൂല സാഹചര്യം, പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഇടം, ഭക്ഷണം, വിശ്രമം, മെച്ചപ്പെട്ട യാത്രാസൗകര്യം തുടങ്ങിയ അവകാശങ്ങള്‍ എല്ലാം ഒരുക്കി കൊടുക്കേണ്ട ഉത്തരവാദിത്തം സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കുണ്ട്. അത്തരം കാര്യങ്ങളില്‍ കടുത്ത വിവേചനമാണെന്ന് പറഞ്ഞിരിക്കുന്നു. സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ ഇപ്പോഴും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഹേമ കമ്മിറ്റി ശുപാര്‍ശകളെ സര്‍ക്കാര്‍ കാണാമറയത്ത് വച്ചിട്ടില്ല. ഉടന്‍ പരിഹാരം കാണുകതന്നെ ചെയ്യും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളോടുള്ള അനീതിയും സ്ത്രീവിരുദ്ധ നടപടികളും ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പോലെയുള്ള ചര്‍ച്ചാവേദികളല്ല, കര്‍ശന നടപടികളാണ് അടിയന്തര പ്രശ്നപരിഹാരം.
അതേസമയം കുറച്ചുപേര്‍ നടത്തുന്ന ചൂഷണത്തിന്റെയും പീഡനത്തിന്റെയും കളങ്കം നമ്മുടെ സിനിമാ വ്യവസായത്തിനുമേല്‍ കരിനിഴല്‍വീഴ്ത്താനും പാടില്ല. സമൂഹത്തെ മാറ്റിമറിക്കുന്നതില്‍ നാടകങ്ങള്‍ക്കും സിനിമയ്ക്കും വലിയ പങ്കുണ്ടെന്ന് നമുക്കറിയാം. മികച്ച സിനിമകള്‍ നിര്‍മ്മിക്കുന്ന ധാരാളം പേര്‍ ഈ മേഖലയില്‍ കടന്നുവരുന്നുണ്ട്. സ്ത്രീപക്ഷ ആശയം മുന്നോട്ടുവയ്ക്കുന്ന ഒട്ടേറെ സിനിമകളും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് സിനിമാ മേഖലയാകെ കുഴപ്പം പിടിച്ചതാണെന്നു പറയാന്‍ പാടില്ല. സമഭാവനയോടെ സഹപ്രവര്‍ത്തകരെ കാണുകയും തുല്യതയ്ക്ക് വേണ്ടി നിലപാടെടുക്കുകയും ചെയ്യുന്ന പുരുഷന്മാരും മഹാനടന്‍മാരും ധാരാളമുണ്ട്. സിനിമാരംഗത്തെ ബഹുഭൂരിപക്ഷവും മാന്യവും നിയമപരവുമായി പ്രവര്‍ത്തിക്കുന്നവരാണെന്ന കാര്യം ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പക്ഷപാതപരമല്ലാത്തതും സമത്വത്തില്‍ ഊന്നുന്നതുമായ സുരക്ഷിത പ്രവര്‍ത്തനത്തിനുതകുന്ന അന്തരീക്ഷം തീര്‍ച്ചയായും നമ്മുടെ സിനിമയ്ക്ക് ഉണ്ടാവേണ്ടതുണ്ട്. വിവേചനങ്ങള്‍ക്കിടയില്ലാത്തവിധം എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്നതാണ് ഡബ്ല്യുസിസിയെപ്പോലെ തന്നെ പൊതുസമൂഹവും ആഗ്രഹിക്കുന്ന സാമൂഹ്യക്രമം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും പാരസ്പര്യത്തിന്റെ കരുത്തും നല്‍കുവാന്‍ സര്‍ക്കാരും സമൂഹവും ഒപ്പമുണ്ടായിരിക്കും. അതിന് വഴിയൊരുക്കുവാന്‍ ശ്രമിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി ശുപാര്‍ശയില്‍ ഉചിതമായ നടപടി കൈക്കൊള്ളും എന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീസുരക്ഷാ കമ്മിറ്റി വേണമെന്നുള്ള നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. ഹേമ കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്ന കാര്യങ്ങള്‍ ഗൗരവത്തോടെ കാണാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സുരക്ഷിതമായി സ്ത്രീകള്‍ക്ക് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം സൃഷ്ടിക്കുവാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.