
ഏതു സർക്കാരിന്റെയും രാഷ്ട്രസങ്കല്പത്തെ വെളിപ്പെടുത്തുന്നതാണ് അവർ ജനങ്ങളുടെ മുന്നിൽ വയ്ക്കുന്ന ബജറ്റ്. ഒരുതരത്തിൽ അതൊരു നയരേഖ കൂടിയാണ്. 2026–27 ലേക്കുള്ള കേന്ദ്ര ബജറ്റും ഇത്തരമൊരു നയരേഖയാണ്. സംഘപരിവാര രാഷ്ട്രീയം ഒളിച്ചും തെളിച്ചും കടത്തിയിരിക്കുന്ന ഒരു നയ പ്രഖ്യാപനം. സാമ്പത്തിക നയത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് സംഘ രാഷ്ട്രീയം വളർത്താനും അതിനായുള്ള ധനസമാഹരണം സാധ്യമാക്കാനുമാണ് എന്ന ത്തേയും പോലെ ഇപ്രാവശ്യവും നിർമ്മലാ സീതാരാമൻ ശ്രദ്ധിച്ചിട്ടുള്ളത്. ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിനായി നീക്കിവച്ചിരിക്കുന്ന തുകയും ചെലവിടലിനായുള്ള രൂപരേഖയും വളരെ തന്ത്രപരമായി ആസൂത്രണം ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചാൽ നമുക്കീ കാര്യങ്ങൾ ബോധ്യപ്പെടും. രാജ്യരക്ഷയെന്ന സ്ഥിരം പല്ലവി ഉയർത്തിപ്പിടിച്ച് മറ്റേതൊരു വകുപ്പിന് അനുവദിക്കുന്നതിനെക്കാളും വലിയ തുക പ്രതിരോധ മന്ത്രാലയത്തിനായി ധനമന്ത്രി നീക്കിവച്ചിട്ടുണ്ട്. 7.85 ലക്ഷം കോടി രൂപ. ഇന്ത്യയുടെ ജിഡിപിയുടെ രണ്ടു ശതമാനമാണ് ഈ തുക. മൊത്തം ബജറ്റിന്റെ 14.67%.
ഈ തുകയുടെ 27.95% മൂന്ന് സൈ നിക വിഭാഗങ്ങൾക്കും കൂടി ആയുധങ്ങൾ വാങ്ങാനാണെന്ന് ബജറ്റിൽ കൃത്യമായി പറയുന്നു. ഇവിടെയാണ് ആദ്യത്തെ ചതിക്കുഴി. ലോക ആയുധ വിപണിയിലേക്ക് ഇന്ത്യയിൽ നിന്നും പണമൊഴുകുമെന്നാണ് ഈ പറയുന്നതിന്റെ പൊരുൾ. ആയുധക്കച്ചവടത്തിന്റെ അടിസ്ഥാനം തന്നെ കമ്മിഷനാണെന്ന വാസ്തവം ഇതേ കുറിച്ച് പഠനം നടത്തിയിട്ടുള്ള വിവിധ ഏജൻസികൾ കണക്കുകൾ നിരത്തി സ്ഥാപിച്ചിട്ടുണ്ട്. മുമ്പ് ഇന്ത്യയിൽ നടന്ന ശവപ്പെട്ടി കുംഭകോണം നമ്മൾ മറന്നിട്ടില്ല. അങ്ങനെയാണെങ്കിൽ ഇത്രയും ഭീമമമായ തുകയ്ക്ക് ആയുധങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ അതിന്റെ കമ്മിഷൻ എങ്ങോട്ടാണ് പോകുകയെന്ന് ഊഹിക്കാൻ സാമാന്യബുദ്ധി മതി. ഇതിനകം തന്നെ അംബാനിയുടെ ആയുധക്കമ്പനിയുമായി ഇന്ത്യൻ സർക്കാർ 2.1 ലക്ഷം കോടി രൂപയുടെ കരാർ ഒപ്പിട്ടുണ്ട്. അംബാനി സാമ്രാജ്യം വളർത്താൻ നരേന്ദ്ര മോഡി തന്നെ നേരിട്ട് ചുക്കാൻ പിടിക്കുന്ന കഥ കുപ്രസിദ്ധവുമാണെല്ലോ. ആയുധങ്ങൾ സ്വദേശത്ത് നിർമ്മിക്കാനായി മാറ്റിവച്ചിരിക്കുന്നത് 1.39 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ പ്രധാന ആയുധ നിർമ്മാതാക്കൾ വൻകിട കോർപറേറ്റുകൾ മാത്രമാണ്. ഇത് അടുത്ത ഒരു സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തികാസൂത്രണം ആകയാൽ സർക്കാർ പൊതുമേഖലയിൽ പുതിയ ആയുധനിർമ്മാണ കമ്പനികൾ തുടങ്ങി പ്രവർത്തനം ആരംഭിക്കുമെന്ന് കരുതുകവയ്യ. അപ്പോൾ സ്വദേശത്തെ നിലവിലുള്ള കമ്പനികളിലേക്കാകും ഈ പണം ചെല്ലുന്നത്. നേരത്തെ സൂചിപ്പിച്ച കമ്മിഷൻ സംവിധാനം ഇവിടെയും പ്രവർത്തിക്കുമ്പോൾ ലാഭം കൊയ്യുന്നത് സംഘ്പരിവാർ സംഘടനകൾ മാത്രമായിരിക്കും. അവരുടെ നേതാക്കൾക്കും വിഹിതം ചെല്ലുമെന്നത് ഉറപ്പ്.
സിഎപിഎഫ്, സിആർപിഎഫ്, സിഐഎസ്എഫ് തുടങ്ങിയ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ കെട്ടിട നിർമ്മാണത്തിനായി നീക്കി വച്ചിരിക്കുന്നത് 1,73,802.53 കോടി രൂപയാണ്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കാൻ പോകുന്നത്. സേനകളുടെ നവീകരണത്തിനല്ല. നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അർധ സൈനിക വിഭാഗങ്ങൾക്കായുള്ള പാർപ്പിട സമുച്ചയങ്ങളുടെ നിർമ്മാണത്തിലെ ക്രമക്കേടുകൾ ‘റിപ്പോട്ടേഴ്സ് കളക്ടീവ്’ ഇതിനകം പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന വൻകിട കരാറുകാരാണ് ഇവിടത്തെ പ്രവൃത്തികൾ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ടെണ്ടറുകൾ പോലും സുതാര്യമായിരുന്നില്ല. ചെയ്ത ജോലികളിലെ നിലവാരമില്ലായ്മ കാരണം പാലങ്ങൾ ഉൾപ്പടെ പലതും ഉപയോഗ ശൂന്യമായി. ബിജെപി, സഖ്യകക്ഷി നേതാക്കന്മാരുടെ ബിനാമികളാണ് പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിനെന്ന പേരിൽ 300 കോടി രൂപ വേറെയും മാറ്റി വച്ചിട്ടുണ്ട്. 15,607 കിലോമീറ്ററാണ് രാജ്യത്തിന്റെ കരമാർഗമുള്ള അതിർത്തി. ചെറുതും വലുതുമായ ആയിരക്കണക്കിന് ഗ്രാമങ്ങളുടെ വികസനത്തിന് വെറും 300 കോടി കൊണ്ട് ഒന്നുമാകില്ലെന്ന് അറിയാത്തയാളല്ല ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ നിർമ്മലാ സീതാരാമൻ. ഈ തുകയും ചെന്നു ചേരേണ്ട പോക്കറ്റുകൾ ഏതൊക്കെയാണെന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പേ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നഗ്നമായ അഴിമതിയല്ലാതെ മറ്റൊന്നുമല്ല ഇത്.
വളരെ രസകരമായ മറ്റൊരു തുക മാറ്റിവയ്ക്കൽ ഈ ബജറ്റിൽ ധനമന്ത്രി നടത്തിയിട്ടുണ്ട്. തീവ്ര ഇടത് ആശയത്തെ നശിപ്പിക്കാൻ 3610.8 കോടി രൂപയാണ് ബജറ്റ് വിഹിതം. നക്സൽ വേട്ടയ്ക്കായാണ് ഈ തുക മാറ്റിവച്ചിരിക്കുന്നത് എന്ന് കേൾക്കുന്നവർക്ക് തോന്നും. അതിപ്പോൾ തന്നെ കേന്ദ്രസർക്കാരും അതാത് സംസ്ഥാന സർക്കാരുകളും ചേർന്ന് ചെയ്തുവരുന്നുണ്ട്. അതിനുപയോഗിക്കുന്ന പൊലീസുകാർക്കും സൈ നിക വിഭാഗങ്ങൾക്കുമുള്ള ശമ്പളവും മറ്റ് അലവൻസുകളും ഇപ്പോൾ കേന്ദ്ര‑സംസ്ഥാനങ്ങളുടെ ഖജനാവിൽ നിന്നും പോകുന്നുമുണ്ട്. (സ്വന്തം ജനതയെ കൊന്നൊടുക്കാൻ ചെലവഴിക്കുന്ന പണം). ഒഡിഷയിൽ തുടങ്ങി കർണാടക വനത്തിൽ അവസാനിക്കുന്ന റെഡ് കോറിഡോറിലാണ് ഈ അഭ്യാസം നടന്നുവരുന്നത്. ഈ പ്രദേശം ധാതുസമ്പന്നമാണ്. അഡാനി-അംബാനിമാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളും വേദാന്ത പോലുള്ള മിഡ് ലെവൽ കോർപറേറ്റുകളും ഇവിടെ ഖനനം തുടങ്ങിക്കഴിഞ്ഞു. ഈ ഖനനം ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ പണം കൊണ്ടാവും നടക്കാൻ പോകുന്നത്. മോഡിയുടെ അടുത്ത സുഹൃത്തുക്കളായ അഡാനി-അംബാനിമാർക്ക് വേണ്ടി ബജറ്റിൽ നേരിട്ട് തുക വിലയിരുത്താൻ കഴിയില്ല. ഈ പ്രദേശത്തിന്റെ വികസനത്തിനായെന്ന് പറഞ്ഞാൽ നാളെ നടക്കുന്ന വികസനപ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റിങ്ങിനെ നേരിടേണ്ടതായും വരും. രാജ്യത്തിന് ഈ തീവ്ര ഇടത് നിലപാടുള്ളവർ ആപത്താണെന്ന കഥ അമിത് ഷാ വർഷങ്ങളായി പാടിനടക്കുന്നത് ചുമ്മാതെയായിരുന്നില്ല. അതൊരു നിലമൊരുക്കലായിരുന്നു. കോർപറേറ്റ് കൊള്ളയ്ക്ക് ആവശ്യമായ പണം ഖജനാവിൽ നിന്നും അനുവദിക്കാനുള്ള കൃത്യമായ ആസൂത്രണം സംഘപരിവാര ബുദ്ധിജീവികൾ നേരത്തെ തുടങ്ങിയെന്നർത്ഥം. ഇതിലൂടെ ഉരുത്തിരിയുന്ന ലാഭവിഹിതം ബിജെപി അക്കൗണ്ടിലേക്ക് ഒഴുകുമെന്ന് അവർക്കറിയാം.
കോൺഗ്രസ് ഭരണകാലത്തെ ചെറുകിട അഴിമതിയിൽ നിന്നും സാങ്കേതിക വിദ്യകളും സാമ്പത്തിക വിദ്യകളും ചേർത്ത് സംഘപരിവാരം നടത്തുന്നത് സാധാരണ മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്ത തോതിലുളള കൊള്ളയാണ്. ദേശ സ്നേഹം എന്ന സാധാരണക്കാരന്റെ വികാരത്തെ വിറ്റ് കാശാക്കുന്ന ചാണക്യ തന്ത്രം. ധാതു ഇടനാഴിയെന്നൊക്ക പറഞ്ഞുവരുന്നത് ഒരു തരം പരീക്ഷണമാണ്. ആ പരീക്ഷണത്തിൽ ദക്ഷിണേന്ത്യ കുടുങ്ങുമോ എന്നതാണ് ഉത്തരേന്ത്യൻ സമർത്ഥ രാഷ്ട്രീയം ഇപ്പോൾ ഉറ്റുനോക്കുന്നത്. കേരളത്തിനും തമിഴ്‌നാടിനും കർണാടകയ്ക്കും ബജറ്റിൽ ഒന്നും നൽകാത്തതിൽ അതിശയിക്കാനൊന്നുമില്ല. തിരുവനന്തപുരം കോർപറേഷനിൽ കഷ്ടിച്ചു കടന്നു കൂടിയപ്പോൾ ബിജെപി സംസ്ഥാന നേതൃത്വവും കുറെ കൂലിയെഴുത്തുകാരും രോമാഞ്ചമണിഞ്ഞെങ്കിലും മോഡിക്കും കൂട്ടർക്കും അതൊരു സന്തോഷവും നൽകിയിട്ടില്ല. എൽഡിഎഫും യുഡിഎഫും മാത്രം ഭരണം കയ്യാളുന്ന കേരളത്തിന് ഒരു മതനിരപേക്ഷ ഇടതുപക്ഷ മനസാണുള്ളതെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് അറിയാം. അതിൽ വിള്ളൽ വീഴ്ത്താൻ ശ്രമിച്ച് സമയം കളയാൻ അവർ മിനക്കെടുകയും ഇല്ല. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ മറികടക്കാൻ മനുവാദവും സനാതനധർമ്മവും കൊണ്ട് കാര്യമില്ലെന്ന് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ തെളിയിച്ചിട്ടുമുള്ളതിനാൽ അവർക്കും ഒന്നും നൽകേണ്ടെന്ന് തമിഴകത്തു നിന്നുളള നിർമ്മലാ സീതാരാമന് തോന്നിയതിലും അത്ഭുതപ്പടേണ്ട കാര്യമില്ല. ഈ രണ്ട് രാഷ്ട്രീയ നിലപാടുകളും സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നതിന് പ്രത്യക്ഷത്തിൽ തന്നെ എതിരുമാണ്.
വിദ്യാഭ്യാസ, ആദിവാസി മേഖലകള്‍, പാർശ്വവൽക്കരിക്കപ്പെട്ടവർ മുതലായ ജനവിഭാഗങ്ങളെ ഈ ബജറ്റ് പൂർണമായും ഒഴിവാക്കിയതിന് നിർമ്മലാ സീതാരാമന്റെ മറുപടി ഇതൊരു മധ്യവർഗ ബജറ്റാണെന്നായിരുന്നു. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രപിതാവിനുള്ള പ്രഹരമായിരുന്നു ആ പ്രസ്താവന. വിദ്യാഭ്യാസ മേഖലയിലും ആദിവാസി മേഖലയിലും പണം ചെലവഴിക്കുന്നത് സംഘരാഷ്ട്രീയത്തിന് ഗുണം ചെയ്യില്ലെന്ന് നാഗ്പൂരിന് നല്ലവണ്ണം അറിയാം. മാത്രമല്ല ഇതിനായി തുക വകയിരുത്തിയാൽ അത് പൂർണമായും ചെലവാകുമെന്നും കമ്മിഷൻ തുകയുടെ വലിപ്പം ചെറുതായിരിക്കുമെന്നും ധനമന്ത്രിയെ ഉപദേശിച്ചത് വെങ്കട്ടരാമൻ അനന്ത നാഗേശ്വരൻ എന്ന തമിഴ്‌നാട്ടുകാരൻ തന്നെയായ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരിക്കണം. സ്വിറ്റ്സർലാൻഡിലെ ജൂലിയസ് ബേയർ എന്ന ബാങ്കിന്റെ ആഗോള നിക്ഷേപ സമാഹരണ വകുപ്പിന്റെ തലവനായിരുന്ന അനന്തനാഗേശ്വരൻ ലാഭത്തിന്റെ തുലാസെടുത്ത് തൂക്കിയപ്പോൾ ആദിവാസിയും വിദ്യാഭ്യാസവും നൽകുന്ന ലാഭം തുച്ഛമായി തോന്നിയിരിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.