21 January 2026, Wednesday

വരുംതലമുറയ്ക്കുവേണ്ടി രക്തപുഷ്പങ്ങളായവർ

ബിനോയ് വിശ്വം
October 27, 2025 4:56 am

വരുംതലമുറയുടെ ഭാവി ശോഭനമാക്കുവാൻ നിറതോക്കുകൾക്ക് മുന്നിൽ രക്തപുഷ്പങ്ങളായവരുടെ ഓർമ്മകൾ ഇപ്പോഴുമുണ്ട് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ ചുവന്ന മണ്ണിൽ. ഐക്യകേരളമെന്ന മലയാളികളുടെ സ്വപ്നത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിയ പുന്നപ്ര‑വയലാർ സമരം 79 വർഷങ്ങൾക്ക് മുമ്പ് മാറ്റിയെഴുതിയത് നാടിന്റെ ചരിത്രം കൂടിയായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ കണ്ണിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നു തിരുവിതാംകൂർ എന്ന നാട്ടുരാജ്യം. ‘ബ്രിട്ടന്റെ വളർത്തു മകൻ’ എന്ന വിളിപ്പേരുള്ള സർ സി പി രാമസ്വാമി അയ്യരെയാണ് ബ്രിട്ടീഷ് ഭരണകൂടത്തിനൊപ്പം തിരുവിതാംകൂറിനെ നിലനിർത്തുവാൻ ഭരണാധികാരികൾ നിയോഗിച്ചത്. ജാതീയത കൊടികുത്തി വാഴുന്ന കാലം. സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ല. ജാതിയിൽ കുറഞ്ഞ പുരുഷന്മാർക്ക് കുപ്പായം ഇടാനും കഴിയില്ല. രാവന്തിയോളം പണിയെടുത്താലും ദിവാന്റെ പിണിയാളുകൾ തരുന്നത് വാങ്ങി പൊയ്ക്കോണം. പാവങ്ങൾക്ക് വഴിനടക്കാൻ അവകാശവുമില്ല. ഭർത്താക്കന്മാരെ മർദിച്ച് അവശനാക്കി തെങ്ങിൽ കെട്ടിയിട്ട ശേഷം സ്ത്രീകളെ മാനഭംഗപ്പെടുത്തുന്ന കാലം. സർ സി പിയുടെ ഭരണം ഇങ്ങനെ നീളവേ തിരുവിതാകൂറിനായി ഒരു ഭരണ പരിഷ്കാരം അവതരിപ്പിച്ചു. സമരശക്തി ക്ഷയിച്ച സ്റ്റേറ്റ് കോൺഗ്രസിനെ കൊണ്ട് അത് അംഗീകരിപ്പിച്ചാൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി തിരുവിതാംകൂറിനെ നിലനിർത്താം എന്നതായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ തിരുവിതാകൂറിലെ സ്വാതന്ത്ര്യ, നവോത്ഥാന പ്രസ്ഥാനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമാകുന്നത് ബ്രിട്ടീഷ് ഭരണകൂടം അറിഞ്ഞിരുന്നില്ല. ഈ നീക്കം ചെന്നെത്തിയത് ആവട്ടെ പുന്നപ്ര‑വയലാർ സമരത്തിലേക്കും. കനൽവഴികൾ താണ്ടിയ കേരള ചരിത്രത്തിലെ രക്തസാക്ഷ്യ പ്രവാഹമായിരുന്നു പുന്നപ്ര–വയലാർ സമരം. 1946ൽ ആയിരുന്നു കേരളത്തിന്റെ ആ ഒക്ടോബർ വിപ്ലവം. 24 മുതൽ 27 വരെ (1122 തുലാം ഏഴ് മുതൽ 10 വരെ) നീണ്ട രക്തച്ചൊരിച്ചിൽ. 24നു പുന്നപ്രയിലും 27നു വയലാറിലും. എത്രപേർ മരിച്ചെന്ന് ഇന്നും കൃത്യമായ കണക്കില്ല. നൂറുകണക്കിന് എന്നു മാത്രം പറയാം. പുന്നപ്ര, കാട്ടൂർ, മാരാരിക്കുളം, മുഹമ്മ, വയലാർ, ഒളതല, മേനാശേരി എന്നിവിടങ്ങളിലായിരുന്നു വെടിവയ്പ്. ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളും കല്ലും വടിയും കൊണ്ടു പട്ടാളത്തിന്റെ തോക്കുകളെ നേരിടാനിറങ്ങിയവർ രക്തം കൊണ്ടു ചരിത്രത്തെ സാക്ഷ്യപ്പെടുത്തി.
പുന്നപ്രയിലും വയലാറിലും മറ്റും തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് കൊടിക്കീഴിൽ സംഘടിച്ച് വിപ്ലവത്തിനൊരുങ്ങിയതിനു പല കാരണങ്ങളുണ്ടായിരുന്നു. തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കി അമേരിക്കൻ മോഡൽ ഭരണഘടന നടപ്പാക്കാനുമുള്ള ദിവാൻ സി പി രാമസ്വാമി അയ്യരുടെ നീക്കത്തോടുള്ള എതിർപ്പായിരുന്നു പ്രധാനം. രണ്ടാം ലോകയുദ്ധം കഴിഞ്ഞ, ക്ഷാമത്തിന്റെ കാലമായിരുന്നു. പട്ടിണിയാണ്. ആഴ്ചയിൽ ഒരു ദിവസം അരിയാഹാരം. മറ്റു ദിവസങ്ങളിൽ കപ്പ മാത്രം. 

‘ദിവാൻ ഭരണം വേണ്ടേ വേ­ണ്ട, അമേരിക്കൻ മോഡൽ അറബിക്കടലിൽ, ഉ­ത്തരവാദിത്ത ഭരണം അ­നുവദിക്കുക’ എ­ന്നീ മുദ്രാവാക്യങ്ങളുമായി, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ മൂലധനശക്തികൾക്കും ജന്മിമാർക്കുമെതിരെ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും കയർ, മത്സ്യ, ചെത്തുതൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര‑വയലാർ എന്ന ജ്വലിക്കുന്ന ചരിത്രമായി മാറിയത്. രണ്ടു സ്ഥലപ്പേരുകൾ മാത്രമായിരുന്ന പുന്നപ്രയും വയലാറും പുന്നപ്ര – വയലാർ എന്ന ഒറ്റ വാക്കായി മാറിയത് ചരിത്രം. 1946 ജനുവരി 15ന് അമേരിക്കൻ മോഡൽ ഭരണപരിഷ്കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി തുറന്ന സമരത്തിലേക്കിറങ്ങുന്നത്. തുടർച്ചയായ പണിമുടക്കുകൾ കയർത്തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭാഗത്തുനിന്നുണ്ടായി.
പുന്നപ്ര — വയലാർ സമരത്തിനു മുന്നോടിയായി അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ക്യാമ്പുകൾ തുടങ്ങിയിരുന്നു. രണ്ടാം ലോകയുദ്ധത്തെ തുടർന്ന് പട്ടാളത്തിൽ നിന്നും പിരിഞ്ഞവർ കേഡർമാർക്ക് പരിശീലനം നൽകി. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന സി കെ കുമാരപ്പണിക്കർ, എംഎൻ, കെ സി ജോർജ്, ടി വി തോമസ്, എം ടി ചന്ദ്രസേനൻ, എ ആർ ശ്രീധരൻ, കെ പി പത്രോസ്, എൻ പി തണ്ടാർ, ആർ സുഗതൻ തുടങ്ങിയവരായിരുന്നു നേതൃത്വം നൽകിയ പ്രധാന നേതാക്കൾ. 

1946 മാർച്ചിൽ ഓൾ ട്രാവൻകൂർ ട്രേഡ് യൂണിയനെ (എടിടിയുസി) അമർച്ച ചെയ്യാനുള്ള ക്രൂരമായ ശ്രമങ്ങൾ തിരുവിതാംകൂർ പൊലീസ് തുടങ്ങി. അതേസമയം മറുവശത്ത് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകൾ കൂടുതൽ കരുത്തു നേടുകയായിരുന്നു. ആ വർഷം ജൂലൈയിൽ മുഹമ്മയിലും ചേർത്തലയിലും മൂന്ന് ദിവസം പണിമുടക്ക് നടന്നു. തൊഴിലാളിമുന്നേറ്റം മണത്തറിഞ്ഞ സിപിയുടെ പട്ടാളം മർദനമുറകൾ ആരംഭിച്ചു. ഒക്ടോബർ അഞ്ചിന് ആലപ്പുഴയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. അതിന്റെ തുടർച്ചയെന്നോണം സൈന്യം അമ്പലപ്പുഴ, ചേർത്തല പ്രദേശം വളഞ്ഞു. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട വയലാറിനെ ഒറ്റപ്പെടുത്താൻ സൈന്യത്തിന് കഴിഞ്ഞു. തിരുവിതാംകൂറിലെ നാവികസേനയും ശക്തമായി രംഗത്തുണ്ടായിരുന്നു. സൈന്യവും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ നടന്ന സംഘർഷങ്ങളിൽ 500ലധികം കമ്മ്യൂണിസ്റ്റുകാർ രക്തസാക്ഷികളായി. ഈ സമരത്തോടെ ദിവാൻ ഭരണം തകർന്നു. ആർഎസ്‌പിക്കാരനായ കെ സി എസ് മണിയുടെ വെട്ടേറ്റ് മൂക്കുമുറിഞ്ഞ ദിവാൻ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ നിന്നും പലായനം ചെയ്തു. പുന്നപ്ര‑വയലാർ സമരം കേരള ചരിത്രത്തിന്റെ ഗതിമാറ്റുന്നതിൽ നിർണായക പ്രാധാന്യമുള്ളതായി. കലാപാനന്തരം, കേരളത്തിലെ സംഘടിത കർഷകത്തൊഴിലാളി വിഭാഗങ്ങൾ പൂർവാധികം ശക്തിയോടെ ഉയർന്നുവരികയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്തു.
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ പണയംവച്ചുകൊണ്ട് ദിവാൻപടയ്ക്കു നേരെ പോരാട്ടം നടത്തിയ ധീര സഖാക്കളുടെ ചരിത്രത്തെ സ്വാതന്ത്ര്യാനന്തരം കേന്ദ്രം ഭരിച്ച സർക്കാരുകൾ നിരാകരിക്കുന്ന സ്ഥിതിയായിരുന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പുന്നപ്ര‑വയലാർ പോരാട്ടത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന വാദമുയർത്തി തമസ്കരിക്കാൻ ശ്രമിച്ചു. സമുന്നത സിപിഐ നേതാവും മികച്ച പാർലമെന്റേറിയനുമായ ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് 1998ൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പുന്നപ്ര‑വയലാറിനെ ഔദ്യോഗികമായി അംഗീകരിച്ചതും സമരസേനാനികൾക്ക് സ്വാതന്ത്ര്യസമര പെൻഷൻ നൽകാൻ തീരുമാനിച്ചതും.
ഇന്ത്യ ഹിന്ദുത്വ ഫാസിസമെന്ന ഭീഷണിയെ അഭിമുഖീകരിക്കുമ്പോൾ പുന്നപ്ര‑വയലാർ സമരത്തെക്കുറിച്ചുള്ള ആവേശ്വോജ്വല സ്മരണകൾ നമുക്ക് കൂടുതൽ കരുത്തു നൽകും. സംഘ്പരിവാർ ഭരണകൂടം ചരിത്രത്തെ, അവരുടെ പ്രത്യയശാസ്ത്ര വൈകൃതങ്ങൾക്കും പ്രതിലോമാശയങ്ങൾക്കുമനുസരിച്ച് തിരുത്തിയെഴുതുന്നു. യഥാർത്ഥ ചരിത്രത്തെ അവർ ഭയപ്പെടുന്നു. തങ്ങളുടെ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന രക്തരൂഷിതമായ കലാപങ്ങളെ വീണ്ടും ക്ഷണിച്ചുവരുത്തുമെന്ന ആശങ്ക അവരിൽ ഭയവും വിഭ്രാന്തിയും സൃഷ്ടിക്കുന്നു.
ഏകാധിപതിയും ജനവിരുദ്ധനുമായ ദിവാൻ സിപിക്കെതിരെ പുന്നപ്ര‑വയലാറിലെ സഖാക്കൾ നടത്തിയ ത്യാഗോജ്വല പോരാട്ടത്തിലെ ഉന്നതമായ രാഷ്ട്രീയമൂല്യങ്ങളും അനീതിക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറായ സമരവീര്യവും, ഫെഡറലിസവും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും തകർക്കുന്ന സംഘ്പരിവാർ ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്താനും വിജയിപ്പിക്കാനും നമുക്ക് ഊർജം പകരും. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.