
കേരള മുഖ്യമന്ത്രി പിണറായി വിജയൻ 28ന് തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കുകയാണ്. ലോക നിലവാരത്തിലുള്ള ഒരു സുവോളജിക്കൽ പാർക്കാണ് തൃശൂർ പട്ടണത്തോട് ചേർന്ന് ഒല്ലൂർ മണ്ഡലത്തിൽപ്പെട്ട പുത്തൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് സമർപ്പണഘട്ടത്തിൽ എത്തുന്നത്. പതിറ്റാണ്ടുകളായുള്ള നീണ്ട കാത്തിരിപ്പിന്റെ ചരിത്രം കൂടിയാണ് അത്. മൃഗങ്ങൾക്കും, പക്ഷികൾക്കും അവരുടെ തനത് ആവാസ വ്യവസ്ഥയിൽ ഒരു ആധുനിക മൃഗശാല, അതേസമയം ടൂറിസ്റ്റുകൾക്ക് ഒരു ലോകോത്തര ടൂറിസം കേന്ദ്രം ഇതാണ് യാഥാർത്ഥ്യമായിരിക്കുന്നത്. സ്ഥല പരിമിതി മൂലം വീർപ്പുമുട്ടിയ തൃശൂർ മൃഗശാല വിശാലമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ തൃശൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഉയർന്നു വന്ന ആവശ്യമാണ് പുത്തൂർ സവോളജിക്കൽ പാർക്ക് എന്ന ആശയത്തിലേക്ക് എത്തിയത്. 1991ൽ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ വന്ന ഭേദഗതിയോടെയാണ് കേന്ദ്ര മൃഗശാല അതോറിട്ടി രൂപീകൃതമായത്. തുടർന്ന് 1992ൽ രാജ്യത്തിലെ എല്ലാ മൃഗശാലകൾക്കും ബാധകമായ ചട്ടങ്ങൾ നിലവിൽ വന്നു. തൃശൂർ മൃഗശാലയുടെ സ്ഥലപരിമിതി 1966ൽ നേരിൽ കണ്ട് കേന്ദ്ര മൃഗശാലാ അതോറിട്ടി സെക്രട്ടറി എസ് സി ശർമ്മ തൃശൂർ മൃഗശാല മാറ്റി സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത എടുത്തുപറഞ്ഞുകൊണ്ട് മൂന്ന് വർഷത്തേക്ക് മാത്രം ടി മൃഗശാല തുടർന്ന് നടത്തുന്നതിനുള്ള അനുമതി നൽകി ഉത്തരവായിരുന്നു. ചില സാംസ്കാരിക പ്രവർത്തകരും മൃഗശാല മാറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുണ്ടായി. പീച്ചിയിലെ വനഭൂമിയിലേക്ക് മാറ്റാൻ നിർദേശിക്കപ്പെട്ടു എങ്കിലും ജലാശയത്തിന്റെ മലിനീകരണ സാധ്യതയുടെ വെളിച്ചത്തിൽ ഉപേക്ഷിക്കപ്പെട്ടു. 1995ൽ തൃശൂർ പട്ടണത്തിലെ മൃഗശാലയിൽ നിന്ന് 12 കി മീ മാത്രം ദൂരെ പുത്തൂർ പഞ്ചായത്തിൽ എന്‍എച്ചിൽ നിന്ന് മൂന്നര കിലോമീറ്റര്‍ മാത്രം അകലെ വനഭൂമിയിൽ മൃഗശാല മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമർപ്പിച്ചുകൊണ്ട് പുത്തൂർ പഞ്ചായത്ത് രംഗത്ത് വന്നു. മൃഗശാലാ വകുപ്പിന് ഭൂമി മാറാനുള്ള നിർദേശം ഉണ്ടായി എങ്കിലും വനഭൂമിക്ക് പകരം വനേതര ഭൂമി എന്ന ബാലികേറാ മലയിൽ തട്ടി എല്ലാ തീരുമാനങ്ങളും നിരവധി വർഷങ്ങള്‍ നീണ്ടുപോയി. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 2007ലെ ഒരു മാർഗരേഖ പുറത്തുവന്നത് പിടിവള്ളിയായി. വനമേഖലയിൽ സ്ഥാപിതമായിട്ടുള്ള മൃഗശാല, സുവോളജിക്കൽ പാർക്ക്, ബയോളജിക്കൽ പാർക്ക് എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര മൃഗശാലാ അതോറിട്ടിയുടെ അംഗീകാരത്തോടെ നടന്ന പ്രവൃത്തികൾക്ക് കേന്ദ്ര വന സംരക്ഷണ നിയമം ബാധകമല്ല എന്ന ഈ മാർഗരേഖയാണ് വീണ്ടും പുത്തൂർ സുവോളജിക്കൽ പാർക്കിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരാൻ ഇടയാക്കിയത്.
2006ലെ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്നശേഷം മൃഗശാലാ വിഷയം വീണ്ടും സജീവമായി. അന്നത്തെ ഒല്ലൂർ എംഎൽഎ രാജാജി മാത്യു തോമസ് വനം മന്ത്രി ബിനോയ് വിശ്വത്തിന് പുത്തൂർ പഞ്ചായത്തിന്റെ നിവേദനം കൈമാറിയതോടെ ആയിരുന്നു നടപടികളുടെ തുടക്കമായത്. ഇതേത്തുടർന്ന് പുത്തൂരിലേക്ക് മൃഗശാല മാറ്റുന്നതിനായി 2006ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. ചരിത്രത്തിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ചില അന്തർ വകുപ്പ് തർക്കങ്ങളും മത്സരങ്ങളും പിന്നെയും കാലം വൈകിപ്പിച്ചു. 2010ലെ പരിസ്ഥിതി ദിനത്തിൽ ജൂൺ അഞ്ചിന് തൃശൂർ മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ചുറ്റുമതിലിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നിർവഹിച്ചു. തുടർന്ന് വന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ വനംമന്ത്രി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മാസ്റ്റർ പ്ലാനിന് പ്രാഥമിക അംഗീകാരം നൽകി. അന്തർദേശീയ തലത്തിൽ മൃഗശാലകൾ രൂപകല്പന ചെയ്യുന്നതിൽ വിദഗ്ധനായ “ജോൺ കോ” യുടെ സേവനം ലഭ്യമാക്കി. അദ്ദേഹമാണ് പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രൂപകല്പന തയ്യാറാക്കിയത്. 136.8 ഹെക്ടറാണ് പുത്തൂർ സുവോളജിക്കൽ പാർക്കിനുവേണ്ടി കണ്ടെത്തിയ വനഭൂമിയുടെ വിസ്തീർണം. 211 സസ്തനികൾ, 73 ഉരഗങ്ങൾ, 30 ഇനങ്ങളിലായി 250 പക്ഷികൾ എന്നിവയെ പാർപ്പിക്കാനുള്ള സുവോളജിക്കൽ പാര്‍ക്കാണ് രൂപകല്പന ചെയ്തത്. അതായത് 80 ഇനങ്ങളിലായി 534 ജീവികൾ. വിദേശജീവികളും ഇതിൽ ഉൾപ്പെട്ടുവരും. കാഴ്ചക്കാരെയും ജീവികളെയും വേർതിരിക്കുന്നത് ഭൂതലത്തിന് അടിയിലേക്ക് സൃഷ്ടിച്ചിരിക്കുന്ന അഗാഥഗർത്തങ്ങളാണ്. മൃഗങ്ങൾക്ക് പരമാവധി സ്വകാര്യത ഉറപ്പു വരുത്തുന്നതിലേക്ക് ആവാസയിടങ്ങളുടെ 30% വരുന്ന ഭാഗത്ത് മാത്രമേ സന്ദര്‍ശക പാതയുള്ളു. ബാക്കി എല്ലാ ഭാഗത്തും മരങ്ങളും, മുളകളും, ചെടികളും കൊണ്ട് മറച്ചിരിക്കുകയാണ്. ജോൺ കോയുടെ പദ്ധതിക്ക് കേന്ദ്ര മൃഗശാലാ അതോറിട്ടിയുടെ അനുമതി ലഭിച്ചു എങ്കിലും നിർമ്മാണം മന്ദഗതിയിലാണ് അന്ന് മുന്നോട്ട് പോയത്. 2016 മേയ് 15ന് കേരളത്തിൽ എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതിയ സർക്കാർ അധികാരത്തിൽ എത്തി. മുഖ്യമന്ത്രിയായി പിണറായി വിജയനും വനം മന്ത്രിയായി ലേഖകനും ഒല്ലൂർ എംഎൽഎ ആയി അഡ്വ. കെ രാജനും എത്തി. പിന്നീടുണ്ടായത് ചടുലനീക്കമായിരുന്നു.
പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ പണം എങ്ങനെ എന്ന് കൂട്ടായി ചർച്ച ചെയ്ത്, ധനമന്ത്രി തോമസ് ഐസക്കിന് മുമ്പാകെ കിഫ്ബിയിൽ പദ്ധതി സമർപ്പിച്ചു. വനം വകുപ്പിന്റെ സുപ്രധാന പദ്ധതിക്കായി 150 കോടി രൂപ കിഫ്ബിയിൽ നിന്നും ആദ്യപടിയായി അനുവദിച്ചു. തൃശൂർ സുവോളജിക്കൽ പാർക്കിന്റെ തലവര മാറ്റിയ ചരിത്ര സംഭവമായിരുന്നു അത്. 2016ൽ തന്നെ വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ പ്രോജക്ട് കോ — ഓർഡിനേഷൻ കമ്മിറ്റി രൂപം കൊണ്ടു. ഒല്ലൂർ എംഎൽഎയും അംഗമായിരുന്നു. വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ അംഗമായിരുന്നു. വനം വകുപ്പ് മന്ത്രി തന്നെയായിരുന്നു മൃഗശാല വകുപ്പും കൈകാര്യം ചെയ്തത് എന്നത് വകുപ്പുകളുടെ തർക്കങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ കഴിഞ്ഞു. മൂന്ന് ഘട്ടമായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ തന്നെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ കെ ജെ വർഗീസിനെ സ്പെഷ്യൽ ഓഫിസറായി നിയമിച്ചു. പദ്ധതി നിർവഹണത്തിന്റെ എസ്‌പിവിയായി വനം വികസന ഏജൻസിയെയാണ് നിശ്ചയിച്ചത്. 2019 മാർച്ച് മാസം രണ്ടാം തീയതി രണ്ടാംഘട്ട നിർമ്മാണം ഉദ്ഘാടനം നടന്നു. ആശുപത്രിയുടെയും, ഓഫിസിന്റെയും ചുറ്റുമതിലിന്റെയും, പാർക്കിങ് ഏരിയയുടെയും ആവാസകേന്ദ്രങ്ങളുടെയും പാർക്കിനകത്തെ കേന്ദ്രങ്ങളുടെയും, 6.5 കിലോമീറ്റർ വരുന്ന റോഡുകളുടെയും മറ്റും പണിക്ക് സമാന്തരമായി തന്നെ ജലസംഭരണം ഉറപ്പുവരുത്തുന്നതിന് മണലിപ്പുഴയിൽ നിന്ന് പാർക്കിലേക്ക് പൈപ്പുകൾ സ്ഥാപിച്ച് വെള്ളം എത്തിക്കുന്നതിനും പ്രത്യേകമായ വൈദ്യുതി സബ്സ്റ്റേഷനുവേണ്ടിയുള്ള പ്രവർത്തികളും ആരംഭിച്ച് കൃത്യതയോടെ പൂർത്തിയാക്കാൻ കഴിഞ്ഞത് പ്രത്യേകം എടുത്തുപറയേണ്ട സംഗതിയാണ്. അന്നത്തെ വനം വകുപ്പ് മന്ത്രിയായ ഞാൻ നേരിട്ട് പുത്തൂരിൽ എത്തി അവലോകനയോഗങ്ങൾ ചേർന്നു. തിരുവനന്തപുരത്ത് മന്ത്രി ഓഫിസിൽ വച്ചും ഉന്നതാധികാര സമിതി കൂടി. മൃഗശാലയുടെ ജീവനക്കാരായി ഇപ്പോൾ തൃശൂർ മൃഗശാലയിലെ ജീവനക്കാരെ ഉൾപ്പെടുത്തി അവരുടെ സേവനത്തിനും, വേദനത്തിനും പ്രശ്നമില്ലാത്തതരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞത് ഈ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സഹായകമായി. കോവിഡ് കാലത്ത് പണി കുറച്ചു തടസമുണ്ടായത് ഒഴിച്ചാൽ രാത്രിയും പകലും 100 കണക്കിന് തൊഴിലാളികളുടെ സ്ഥിരമായ അധ്വാനം ലഭിച്ചിരുന്നു. നാട്ടുകാരുടെയും സ്ഥലം എംഎൽഎയുടെയും പുത്തൂർ പഞ്ചായത്ത് സമിതിയുടെയും എല്ലാവിധമായ സഹകരണവും ലഭ്യമായത് ഈ സമയത്ത് എടുത്തു പറയേണ്ടതാണ്. സിപിഡബ്ല്യുഡി ആണ് പ്രധാന വർക്കുകൾ കരാർ ഏറ്റെടുത്തു പൂർത്തിയാക്കിയത്. ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച് 2021 സെപ്റ്റംബറിൽ വനം മന്ത്രി കെ രാജു ഉദ്ഘാടനം നിർവഹിച്ചു.
2020ൽ തന്നെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. 15 അനിമൽ കീപ്പർമാരെ ട്രെയിനിമാരായി നിയമിച്ച് പരിശീലനം നൽകി. തുടർന്ന് പല ഘട്ടങ്ങളിലായി തൃശൂർ മൃഗശാലയിൽ നിന്ന് പക്ഷികളെയും മൃഗങ്ങളെയും പുത്തൂരിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ഈ പദ്ധതി പ്രദേശത്തിന്റെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പുത്തൂർ ഒരു വലിയ ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞു. പട്ടണമായി മാറിയ ഈ പ്രദേശത്തേക്ക് എത്തിച്ചേരുന്ന വേണ്ടി എന്‍എച്ചിലെ കുട്ടനെല്ലൂരിൽ നിന്ന് ആരംഭിച്ച് പാർക്കിൽ എത്തുന്ന റോഡ് ഇരട്ട ലൈൻ റോഡ് ആക്കുന്നതിനും നവീകരിക്കു ന്നതിനുമായി 3.7 കിലോമീറ്റർ റോഡിന്റെ നിർമ്മാണത്തിനായി 40 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിരുന്നു. പണി നടന്നുവരികയാണ്. പാർക്കിനുള്ളിൽ നാല് ലക്ഷത്തിലധികം ചെടികളും, മരങ്ങളും വച്ചുപിടിപ്പിച്ച് സ്വാഭാവിക വന ആവരണം നിലനിർത്തുന്നതിനും ശ്രമിച്ചിട്ടുള്ളത് പദ്ധതി പ്രദേശത്ത് പ്രകൃതി സംരക്ഷണത്തിന് സഹായകരമായിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന മുളങ്കാടിന് പകരം ഇതുമൂലം ജൈവവൈവിധ്യമുള്ള ഒരു സസ്യസമ്പത്ത് വളർന്നു വരുന്നതിന് സഹായിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ നേരിൽ കാണാൻ കഴിയുന്ന സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിനുള്ളിൽ നടന്ന് മുഴുവൻ പക്ഷി-മൃഗങ്ങളെയും കാണുക പ്രയാസമാണ്. ആയതിനാൽ പാർക്കിനുള്ളിൽ വാഹനത്തിൽ സഞ്ചരിച്ച് എല്ലായിടവും എത്തിച്ചേരാൻ കഴിയുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. തൃശൂർ പട്ടണത്തിൽ നിന്നുതന്നെ നേരിട്ട് പാർക്കിൽ എത്താൻ കെഎസ്ആര്‍ടിസി സൗകര്യം ഒരുക്കുന്നതായി അറിയുന്നു. ഓമന മൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് പെറ്റിങ് സൂ. അതിന്റെ നിർമ്മാണത്തിനായി പ്രത്യേകമായ സംവിധാനത്തിന് തറക്കല്ലിട്ടുണ്ട്. കിഫ്ബി എന്ന ധനകാര്യസ്ഥാപനം 331 കോടി രൂപ അനുവദിച്ചില്ലായിരുന്നു എങ്കിൽ ഈ സ്വപ്നം വീണ്ടും നിന്ന് പോകുമായിരുന്നു. ഇത്തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, ഡോ. തോമസ് ഐസക്കിനും ഈ പദ്ധതിക്ക് വേണ്ടി എല്ലാ നേതൃത്വപരമായ ജോലികളും നിർവഹിച്ച അന്നത്തെ വനം-മൃഗസംരക്ഷണ‑മൃഗശാല മന്ത്രി എന്ന നിലയിൽ എല്ലാ നന്ദിയും അർപ്പിക്കുന്നു. ഈ പദ്ധതിയുടെ പുരോഗതി ഓരോ ദിവസവും പരിശോധിച്ചു കൂടെതന്നെ നിന്ന ഇപ്പോഴത്തെ റവന്യു മന്ത്രി കെ രാജനും പ്രത്യേക നന്ദി ഈ ഘട്ടത്തിൽ അറിയിക്കുന്നു. നാല് പതിറ്റാണ്ട് നീണ്ട സ്വപ്നസാക്ഷാത്കാരത്തിന് ഏറെ പരിശ്രമിക്കാനും, പൂർത്തീകരണത്തിലേക്ക് അതിവേഗം എത്താനും കഴിഞ്ഞതിൽ അതീവ കൃതാർത്ഥനാണ്. ഇച്ഛാശക്തിയുള്ള സർക്കാരും, പരിണിത പ്രജ്ഞരായ ഉദ്യോഗസ്ഥരും, പ്രാദേശിക ഭരണകൂടം ഉൾപ്പെടെയുള്ള ജനങ്ങളും കൈകോർത്താൽ ഏത് സ്വപ്ന പദ്ധതിയും നടപ്പിലാകുക തന്നെ ചെയ്യും. താമസിയാതെ തന്നെ ലോക ടൂറിസ്റ്റ് ഭൂപടത്തിൽ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഇടം നേടും എന്ന കാര്യത്തിൽ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.