22 January 2026, Thursday

കാലഘട്ടം ആവശ്യപ്പെടുന്നത് വൻ പ്രതിരോധങ്ങൾ

Janayugom Webdesk
January 22, 2026 4:07 am

ഇടതുപക്ഷ പാർട്ടികളുടെ
ഐക്യമാണ് ബദൽ: ഡി രാജ

ചങ്ങാത്ത മുതലാളിത്തവും സർക്കാരുകളുടെ നവലിബറൽ നയങ്ങളും കാരണം അസമത്വങ്ങൾ അഭൂതപൂർവമായ രീതിയിൽ വർധിച്ചു. തൊഴിൽശക്തിയെയും ജനവിഭാഗങ്ങളെയും ഭിന്നിപ്പിച്ചുകൊണ്ട് സർക്കാർ ചൂഷണം എളുപ്പത്തിലാക്കിയിരിക്കുന്നു. ഇത് ഒരു വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നത് ഇതിന്റെ ഭാഗമാണ്. വികസിത് ഭാരത് എന്ന മുദ്രാവാക്യവുമായി മോഡി പിന്തുടരുന്ന തെറ്റായ നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിന് കൊണ്ടുവന്ന പുതിയ നിയമം ഗ്രാമീണ മേഖയിൽ ഉറപ്പായിരുന്ന തൊഴിൽ പൂർണമായും ഇല്ലാതാക്കി.
ജാതിയെ അടിസ്ഥാനമാക്കിയുള്ള വിഭജനവും രാഷ്ട്രീയവും രാജ്യത്തുടനീളം ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ജാതി, മത, സാമൂഹിക അസമത്വങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ. അംബേദ്കറെപ്പോലുള്ളവർ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയപ്പോൾ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെപ്പോലുള്ളവർ പറയുന്നത് ജാതി ഇന്ത്യൻ നാഗരികതയിൽ അന്തർലീനമാണെന്നും എല്ലാവരുടെയും മനസിൽ പതിഞ്ഞിട്ടുണ്ടെന്നും അത് ജാതിബോധം കൂടുതൽ വർധിപ്പിക്കുന്നുവെന്നുമാണ്. ഒരു സാഹചര്യത്തിലും ജാതി വിവേചനം അനുവദിക്കരുത്.
1925 ൽ സിപിഐ രൂപീകരിക്കുമ്പോൾ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണമായിരുന്നു. 100 വർഷങ്ങൾക്ക് ശേഷം ബിജെപി ഭരണമാണ്. ബ്രിട്ടീഷ് കോളനി മേധാവികളോട് വിധേയത്വം പുലർത്തിയവരായിരുന്നു 1925ൽ രൂപീകൃതമായ ആർഎസ്എസ്. തുടക്കം മുതൽ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് ഒരു പങ്കുമുണ്ടായിരുന്നില്ല. മാത്രമല്ല, കൊളോണിയലിസ്റ്റുകളുമായി വിട്ടുവീഴ്ച ചെയ്യുകയും അവരുടെ കരുക്കളായി മാറുകയും ചെയ്തു. സ്വാതന്ത്ര്യസമരകാലത്ത് കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് നിഷേധിക്കാനാകാത്തതാണ്. ആർഎസ്എസിന്റെ ആശീർവാദത്തോടെ ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി ആ ചരിത്രം വളച്ചൊടിക്കാനും വലതുപക്ഷ, ഫാസിസ്റ്റ് നയങ്ങൾ ഉപയോഗിച്ച് ഭരണഘടന തിരുത്തിയെഴുതാനും ശ്രമിക്കുകയാണ്. ഈ വെല്ലുവിളികൾ നേരിടുന്നതിന് സംഘടിത, അസംഘടിത തൊഴിലാളികളുടെ അണിനിരത്തലിലൂടെയും മതേതര ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മ കെട്ടിപ്പടുത്തും സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.

പാർലമെന്റ് അസ്ഥികൂടമായി
മാറി: എം എ ബേബി

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പാർലമെന്റിനെ ഒരു അസ്ഥികൂടമാക്കി മാറ്റിയിരിക്കുന്നു. പാർലമെന്റിന് പുറത്ത് തീരുമാനങ്ങൾ എടുക്കുകയാണ്. ഭരണഘടനാ മൂല്യങ്ങൾ ചവിട്ടിമെതിക്കുകയും ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആർഎസ്എസിന്റെ കൈകളിലെ പാവയായി മാറി. 2026ന് ശേഷം മണ്ഡല അതിർത്തി നിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറച്ച്, വടക്കേ ഇന്ത്യയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിലൂടെ ഇന്ത്യൻ ഭരണഘടനയെ സമൂലമായി മാറ്റാമെന്നാണ് ബിജെപി സ്വപ്നം കാണുന്നത്. ഇത് വലിയ ഗൂഢാലോചനയാണ്. ഇതിന്റെ ഭാഗമായാണ് ബിജെപി വിരുദ്ധ ഗ്രൂപ്പുകളും സമൂഹങ്ങളും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത്. ബിഹാർ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് വോട്ടുകൾ ഒഴിവാക്കി. എസ്ഐആർ എന്ന പേരിൽ ബിജെപി വോട്ട് വെട്ടൽ പ്രക്രിയയാണ് നടത്തുന്നത്.
മാവോയിസ്റ്റ് പാർട്ടിയും ഇടതുപക്ഷ പാർട്ടികളും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണെങ്കിലും, ഏറ്റുമുട്ടലുകളുടെ പേരിൽ വെടിവയ്ക്കുന്നതും കൊല്ലുന്നതും പരിഷ്കൃത സമൂഹം അംഗീകരിക്കില്ല. മാവോയിസ്റ്റുകൾ തീവ്രവാദികളല്ലെന്നും ഇതൊരു സാമൂഹിക പ്രശ്നമാണെന്നും ഓർമ്മിക്കണം. ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കണം.
ഇടതുപക്ഷം മതത്തിന് എതിരല്ല, വിഭാഗീയതയ്ക്ക് എതിരാണ്. ഫാസിസ്റ്റ് ശക്തികളുടെ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയണം. ഇടതുപക്ഷമില്ലാത്ത ഇന്ത്യയെ സങ്കല്പിക്കാൻ കഴിയില്ല. ഇടതുപക്ഷമാണ് രാജ്യത്തിന്റെ ഭാവി. വെല്ലുവിളികളെ നേരിട്ടുകൊണ്ട് പുതിയൊരു സമൂഹത്തിലേക്ക് ചുവടുവയ്ക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം
അസാധ്യമല്ല: ദീപാങ്കർ ഭട്ടാചാര്യ

രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളും ആർഎസ്എസ്-ബിജെപി ഫാസിസ്റ്റ് ശക്തികൾ ഏറ്റെടുക്കുന്നതിന് മുമ്പ് അവരെ തടയേണ്ടത് അനിവാര്യമാണ്. ബിജെപി ഭരണത്തിൻകീഴിൽ എല്ലാ ജനാധിപത്യ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയാണ്. പാർലമെന്റിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രധാന വിഷയങ്ങൾക്കുപകരം, പ്രധാനമായും അഡാനി ഉൾപ്പെടെ കോർപറേറ്റ് ശക്തികൾക്ക് പ്രയോജനകരമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. പാർലമെന്റിലെ ഏറ്റവും പുതിയ ചർച്ച ആണവോർജത്തെക്കുറിച്ചാണ്. അത് സഹായിക്കുക അഡാനിയെ മാത്രമാണ്. ഇതിനെല്ലാമെതിരായ യോജിച്ച പോരാട്ടം വളർത്തിക്കൊണ്ടുവരുന്നതിൽ നിർണായ പങ്ക് വഹിക്കാനുള്ള ശേഷി ഇന്ത്യൻ ഇടതുപക്ഷത്തിന് ഇപ്പോഴുമുണ്ട്. രാജ്യത്തെ എല്ലാ കമ്മ്യൂണിസ്റ്റുകളും ഒന്നിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ലയനം അസാധ്യമാണെന്ന് കരുതേണ്ടതില്ല. ഐക്യ പോരാട്ടങ്ങളിലൂടെ രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാൻ കഴിയും.
കമ്മ്യൂണിസ്റ്റുകാരുടെ മുന്നിലുള്ള രണ്ട് വെല്ലുവിളികളിൽ ആദ്യത്തേത് വർഗീയ ഫാസിസ്റ്റ് നയങ്ങൾ ഇല്ലാതാക്കുക എന്നതും രണ്ടാമത്തേത് സാമ്രാജ്യത്വ ട്രംപ് നയങ്ങൾ തടയുക എന്നതുമാണ്. ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മോഡിക്ക് ട്രംപിനെതിരെ ഒരു വാക്കുപോലും പറയാൻ കഴിയാത്തത് ദുഃഖകരമാണ്. ട്രംപ് അന്താരാഷ്ട്ര ജനാധിപത്യ മൂല്യങ്ങൾ പൂർണമായും തകർക്കുന്ന വിധമാണ് പെരുമാറുന്നത്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ ട്രംപിന്റെ നയങ്ങൾക്കെതിരെ പോരാടുന്നത്.

കമ്മ്യൂണിസത്തിന് നേട്ടങ്ങൾ കൈവരിക്കാനാകും:
ജി ദേവരാജൻ

മാറുന്ന കാലത്തിനനുസരിച്ച് പ്രവർത്തിച്ചാൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സാധിക്കും. വർധിച്ചുവരുന്ന വിവരവിനിമയ ശാസ്ത്ര സങ്കേതങ്ങൾ, പ്രത്യേകിച്ച് സമൂഹമാധ്യങ്ങൾ ജനങ്ങളെ ഉണർത്താൻ ഇടതുപക്ഷ പാർട്ടികൾ നന്നായി ഉപയോഗിക്കണം. എല്ലാ ഇടതുപക്ഷ പാർട്ടികളും ഒരൊറ്റ അജണ്ടയോടെ പ്രവർത്തിക്കുമ്പോൾ നല്ല ഫലങ്ങൾ ലഭിക്കും. മതേതര ശക്തികളുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴും ഇടതുപക്ഷം തനതായ ഐക്യം പ്രകടിപ്പിക്കണം.
പാടങ്ങളിലും പണിശാലകളിലും ഇതര മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമൊപ്പം നിലകൊണ്ട ചരിത്രമാണ് ഇടതുപാർട്ടികൾക്കുള്ളത്. ഫാസിസം, സാമ്പത്തിക ചൂഷണം തുടങ്ങിയ അപകടകരമായ പ്രവണതകളെ ശരിയായ രീതിയിൽ നേരിടാൻ പൊതുസമരങ്ങളിലെ ഐക്യവും തെരഞ്ഞെടുപ്പ് മുന്നണികളും കൊണ്ട് സാധിക്കും. ഈ രാജ്യത്തിന്റെ ഭാവി വർഗീയ ശക്തികൾക്കും സമ്പന്ന വർഗങ്ങൾക്കും കൈമാറുന്നതിന് അനുവദിക്കരുത്. ഇടതുപക്ഷ പാർട്ടികൾ ആഗ്രഹിക്കുന്ന വർഗരഹിത സമൂഹം കെട്ടിപ്പടുക്കണം. അതാണ് ഇന്ത്യയുടെ ഭാവി.

ഫാസിസ്റ്റുകൾക്കും മുതലാളിമാർക്കുമെതിരെ
ഐക്യപോരാട്ടങ്ങൾ അനിവാര്യം:
എം വിക്രമാർക്ക ഭട്ടി

കോർപറേറ്റ് ശക്തികളെയും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ഘടന തകർക്കുന്ന ശക്തികളെയും ഐക്യപോരാട്ടങ്ങളിലൂടെ തടയാനും ഒരുമിച്ച് മുന്നോട്ട് പോകാനും സാധിക്കണം. വർഗ സമരത്തിലൂടെ മാത്രമേ സോഷ്യലിസം സാധ്യമാകൂ എന്ന് കാൾ മാർക്സ് പറഞ്ഞു. എന്നാൽ ഇന്ത്യ മാർക്സിന്റെ പ്രതീക്ഷകൾക്ക് അപവാദമായി തുടരുകയാണ്. ഇന്ത്യൻ സമൂഹം വർഗങ്ങളിലല്ല, ജാതികളിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ജർമ്മൻ തത്വചിന്തകനായ മാക്സ് വെബർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വർഗ സമരം ഇല്ലാതാക്കപ്പെടുകയും പാർലമെന്ററി സംവിധാനം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് വളരെ പ്രധാനമാണ്.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിൽ സിപിഐ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1947ൽ മുഴുവൻ ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ച ശേഷം തെലങ്കാന പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി, സ്വേച്ഛാധിപതിയായ നൈസാമിനെതിരെ കമ്മ്യൂണിസ്റ്റുകാർ നടത്തിയ സായുധ പോരാട്ടം ലോകത്തിന് ഒരു പുതിയ സന്ദേശം നൽകി.
വോട്ടവകാശം ഇല്ലാതാക്കുകയും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരായ പോരാട്ടത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.