12 December 2025, Friday

ഇന്ന് പവനന്‍ ജന്മശതാബ്ധി; അനുഭവങ്ങളുടെ സംഗീതം നിറഞ്ഞ ജീവിതം

സി പി ശ്രീരേഖ
October 26, 2025 4:40 am

പ്രവൃത്തിയിലും ചിന്താഗതികളിലും കൊടുങ്കാറ്റ് തന്നെയായിരുന്നു കമ്മ്യൂണിസ്റ്റും യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതാവുമെല്ലാമായ പവനന്‍. അദ്ദഹത്തിന്റെ ജന്മശതാബ്ധിയാണ് ഇന്ന്. കാവുകളും യക്ഷികളും ഒടിയനും എല്ലാം നിറഞ്ഞ തലശേരിയുടെ ഒരു ഭാഗമായ വയലളത്തായിരുന്നു ജനനം. മഹാകവി കുട്ടമത്ത് വല്യച്ഛനായിരുന്ന കുട്ടമത്ത് കുന്നിയൂര് തറവാട്ടിലാണ് പവനന്‍ ജനിച്ചുവീണത്. ലളിതാ സഹസ്രനാമത്തിലാരംഭിച്ച് ലക്ഷ്മി കടാക്ഷമാല വരെ നീണ്ടുപോകുന്ന ദിവസങ്ങള്‍. ആധ്യാത്മിക സംവാദവും കവിതാ പാരായണവും സാഹിത്യ ചര്‍ച്ചയും നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷത്തില്‍ നിന്നാണ് പവനന്‍ എന്നൊരാള്‍ യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായത്. മലയാളികളുടെ സാംസ്കാരിക ലോകത്തേയും യുക്തിബോധത്തെയും മാനവികതയെയും സമ്പന്നമാക്കുവാന്‍ മറവിയുടെ പിടിയില്‍ ആകുന്നതുവരെയും പ്രയത്നിച്ച ഒരാളായിരുന്നു പി വി നാരായണന്‍ നായര്‍ എന്ന പവനന്‍. ഈ പേര്‍ കണ്ടെത്തിയത് പി ഭാസ്കരനാണ്. അദ്ദേഹത്തിന്റെ കവിതകളില്‍ പലതിലും പവനന്‍ കയറി വന്നത് ഈ സൗഹൃദത്തിന്റെ മാധുര്യത്തിലായിരിക്കാം. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായിരുന്നു ജീവിതം മുഴുവനും. പക്ഷെ ദുഃഖത്തോടുകൂടി തന്നെ പറയട്ടെ, എന്തിനു വേണ്ടിയാണോ അച്ഛന്‍ പരിശ്രമിച്ചത്. അതിന്റെ നാലിരട്ടിയാണ് സമൂഹത്തില്‍ ഇന്ന് നടക്കുന്നത്. അന്യായങ്ങളുടെ മുമ്പില്‍ തല കുനിക്കാന്‍ അച്ഛന്‍ തയാറായിരുന്നില്ല. കുനിയാന്‍ തയ്യാറല്ലാത്ത, തല ഉയര്‍ത്തിപ്പിടിച്ച് നടന്നതിന് പവനന് ലാഭത്തിനേക്കാളേറെ നഷ്ടങ്ങളായിരുന്നുവെന്ന് പറയാം. പല കാര്യങ്ങളിലും ഒറ്റയ്ക്ക് നിന്നുതന്നെ പൊരുതിയിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പെടുന്തോറും കൂടുതല്‍ ശക്തിയേറുന്നതായിരുന്നു അച്ഛന്റെ പ്രവര്‍ത്തന ശെെലി. എന്തൊരു ഊര്‍ജസ്വലതയായിരുന്നു അദ്ദേഹത്തിന്റെ നടപ്പിലും പെരുമാറ്റത്തിലും. തനിക്ക് മാത്രമല്ല, തന്റെ ചുറ്റിലും ഉള്ളവര്‍ക്കും ആ ഊര്‍ജം പകര്‍ന്നുനല്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അച്ഛന് താല്പര്യമില്ലാത്ത വിഷയങ്ങള്‍ കുറവായിരുന്നു. ഒരു നര്‍മ്മബോധം സദാ അച്ഛനുണ്ടായിരുന്നു. ദേഷ്യം വരുന്നത് വളരെ അപൂര്‍വ അവസരങ്ങളിലാണ്. ചിരിക്കുന്ന അച്ഛന്റെ മുഖമാണ് ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

സമൂഹത്തിലെ കള്ളത്തരങ്ങള്‍ക്കും അന്യായങ്ങള്‍ക്കും എതിരെ പേന പടവാളാക്കി പൊരുതിയിരുന്നു അച്ഛന്‍. അത് ഗുരുവായൂരിലെ കൊടിമരം സ്വര്‍ണം പൂശുന്നതിനായാലും അമൃതാനന്ദമയിയുടെ വെള്ളവേഷം കെട്ടിയ കള്ളത്തരത്തിനായാലും. കൊടിമരം സ്വര്‍ണം പൂശുന്നതിനേക്കാള്‍ നല്ലത് പാവപ്പെട്ട കുട്ടികള്‍ക്ക് പാലുവിതരണമാണ് വേണ്ടതെന്ന ആവശ്യവും മുറുകെപ്പിടിച്ച് ഗുരുവായൂരമ്പലത്തില്‍ പോയി അടി വാങ്ങാന്‍ ഇന്നത്തെ കാലത്ത് എത്ര പേരുണ്ട് കേരളത്തില്‍?

ലെെംഗിക തൊഴിലാളികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സമൂഹത്തില്‍ സമത്വം വേണമെന്ന് പറയാന്‍ അന്ന് ഒരൊറ്റ പവനനേ ഉണ്ടായിരുന്നുള്ളു. ലെെംഗിക തൊഴിലാളികളുടെ ഒരു സംഘടനയുണ്ടാക്കി അവരെ മുന്നോട്ടു നയിക്കുവാന്‍ ചിലപ്പോള്‍, കുളിര്‍ക്കാറ്റ് പോലെയും മറ്റു ചിലപ്പോള്‍ കൊടുങ്കാറ്റായും മാറിയിരുന്ന പവനന്‍ ആയിരുന്നുവെന്ന് അധികം ആരും ഓര്‍ക്കാത്ത ഒരു കാര്യമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അച്ഛന്‍ സിപിഐയില്‍ തന്നെ തുടര്‍ന്നു. മരിക്കുന്നതുവരെ ഈ രാഷ്ട്രീയ നിലപാടില്‍ തന്നെയായിരുന്നു ഉറച്ചുനിന്നത്. അന്ധമായ വിപ്ലവരീതികള്‍ അച്ഛന് സ്വീകാര്യമായിരുന്നില്ല. തെറ്റ്, തെറ്റാണെന്ന് പറയുകയും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പ്രവൃത്തിയില്‍ കൂടിയും പറച്ചിലില്‍ കൂടിയും കാണിച്ചിരുന്ന അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം‍. ഏറ്റെടുക്കുന്നതെന്തും അതിന്റെ പരമോന്നതിയില്‍ എത്തിക്കുവാന്‍ അച്ഛന് കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ ബാലഭവനും, സാഹിത്യ അക്കാദമിയും ഒക്കെ. ജനങ്ങള്‍ അക്കാദമിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അച്ഛന്‍ സെക്രട്ടറി ആയതിനുശേഷമാണ്. പഴയ കെട്ടിടങ്ങള്‍ക്ക് ഹാനി കൂടാതെ, പുതിയവ കൂട്ടിച്ചേര്‍ത്ത് അക്കാദമിയുടെ മുഖച്ഛായ തന്നെ മാറ്റി. ലെെബ്രറി മന്ദിരം, സാഹിത്യകാരന്മാര്‍ക്ക് താമസിക്കുവാനുള്ള ഗസ്റ്റ് റൂമുകള്‍, അപ്പന്‍ തമ്പുരാന്‍ മ്യൂസിയം എന്നിവ ഉണ്ടായത് അക്കാലത്താണ്. 

വിവിധ വിഷയത്തെപ്പറ്റി നൂറുകണക്കിന് ലേഖനങ്ങള്‍ എഴുതിയ അച്ഛന്‍ നാല്പതോളം പുസ്തകങ്ങളെഴുതി. സാമൂഹ്യശാസ്ത്ര നിരൂപണങ്ങളും സാഹിത്യ നിരൂപണങ്ങളും ജീവചരിത്രവും എല്ലാം അതില്‍ ഉള്‍പ്പെടുന്നു. കേരളം എങ്ങനെ ജീവിക്കുന്നു? മഹാകവി കുട്ടമത്ത്, ബ്രഹ്മാനന്ദശിവയോഗി തുടങ്ങിയ കൃതികള്‍. പവനന്റെ ആത്മകഥ, അനുഭവങ്ങളും നാടകീയതയും നര്‍മ്മരസവുംകൊണ്ട് ഒരു നോവല്‍ വായിക്കുന്ന രീതിയില്‍ വായിച്ചുതീര്‍ക്കാന്‍ പറ്റും. അവതാരികയില്‍ എംടി പറയുന്നതുപോലെ ‘വേദന മറച്ചുപിടിച്ച് മന്ദഹസിക്കാനുള്ള സിദ്ധി പോലെ വലുതായി ഒന്നുമില്ല, ആ സിദ്ധിയാണ് ഈ ആത്മകഥയെ മധുരോദാരമാക്കുന്നത്.’ മറവിയുടെ തീരത്ത് അലഞ്ഞിരുന്ന അച്ഛനെ ഓര്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. മറവി രോഗം ബാധിച്ച സമൂഹം പവനനെ മറന്നെങ്കിലും മരണം വരെ കൂടെയുണ്ടായിരുന്ന എനിക്കു അസുഖത്തിലും പ്രസന്ന മുഖം മാത്രമേ സ്മരണയിലേക്ക് വരുന്നുള്ളു. അഞ്ചുകൊല്ലമാണ് അച്ഛന്‍ അല്‍ഷിമേഴ്സ് പിടിയില്‍ അമര്‍ന്നിരുന്നത്. അച്ഛന്റെ മരണത്തില്‍ എനിക്ക് കരയാന്‍ കഴിഞ്ഞില്ല, മറിച്ച് അച്ഛന്റെ ആ രോഗാവസ്ഥയില്‍ നിന്നുള്ള മോചനത്തില്‍ ആശ്വാസമാണ് തോന്നിയത്. അച്ഛന് നൂറുവയസായി എന്നൊന്നും ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. അച്ഛനില്ലാതിരുന്ന ഈ കാലങ്ങളില്‍ കേരളം എന്തെല്ലാം സംഭവങ്ങളില്‍ കൂടി കടന്നുപോയി. അത് ഇപ്പോള്‍ അമ്പലക്കൊള്ള വരെ എത്തിനില്‍ക്കുന്നു. അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച നേരങ്ങള്‍. ജനങ്ങളെ ബാധിക്കുന്ന ഏത് ന്യായമായ പ്രശ്നത്തിലും ഇടപെടാനുള്ള ധെെര്യവും ആത്മാര്‍ത്ഥതയും ഇപ്പോള്‍ എത്ര പേര്‍ക്കുണ്ടാവും. അച്ഛനെ ഓർക്കുമ്പോൾ കേരള സാഹിത്യ അക്കാദമിയെ കുറിച്ച് പറയാതെ ഈ കുറിപ്പ് പൂർണമാവില്ല. പണ്ടത്തെ പഴയ കോടതിയായിരുന്ന അക്കാദമി കെട്ടിടം, ഈ രൂപത്തിലെത്തിച്ചത് അച്ഛന്റെ ആശയമായിരുന്നു. ഇന്ന് അക്കാദമി ഹാൾ എംടി യുടെയും ലൈബ്രറി ലളിതാംബിക അന്തർജനത്തിന്റെയും പേരിലാണ് അറിയപ്പെടുന്നത്. അക്കാദമിയിലെ മെയിൻ ഹാളിലോ അല്ലെങ്കിൽ കാണാൻ പറ്റുന്ന ഏതെങ്കിലും സ്ഥലത്തോ പവനൻ എന്നൊരാളുടെ ഫോട്ടോ വച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. മനുഷ്യസ്നേഹം തന്നെയായിരുന്നു ഏതു പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനം. അനുകമ്പ, ദയ, സ്നേഹം എന്നിവയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ‘പിറന്നുവീണതുകൊണ്ട് മനുഷ്യനാവില്ല, മനുഷ്യന്‍ ജനിച്ചതുകൊണ്ടും മനുഷ്യനാവില്ല. മനുഷ്യത്വം വേണം’ എന്ന് അച്ഛന്‍ എഴുതിയത് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.