15 January 2026, Thursday

ട്രംപിന്റെ ‘മാഗ’ സ്വപ്നം

പ്രൊഫ. കെ അരവിന്ദാക്ഷൻ
July 10, 2025 4:44 am

യുഎസ് പ്രസിഡന്റ് പദവിയിലേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവിലും തന്റെ വിചിത്രമായ നയരൂപീകരണ പ്രക്രിയയില്‍ പറയത്തക്ക മാറ്റമൊന്നും വരുത്തിയിട്ടില്ല. ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ (മാഗ) എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും ട്രംപ് വിരുദ്ധ ബ്യൂറോക്രാറ്റുകള്‍ക്കും അവര്‍ക്ക് താങ്ങും തണലുമായി തുടരുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നതിന്, ഇലോണ്‍ മസ്കിനെ വൈറ്റ് ഹൗസില്‍ എത്തിയ നിമിഷം തന്നെ ട്രംപ് നിയോഗിച്ചപ്പോള്‍ ഒട്ടേറെ പേര്‍ അത്ഭുതപ്പെട്ടു. എന്നാല്‍, ട്രംപ് — മസ്ക് ബന്ധത്തിന് ദിവസങ്ങള്‍ക്കകം അന്ത്യംകുറിച്ചിരിക്കുകയാണ്. മസ്കിന് പകരം ആരാണ് എന്നത് ഇനിയും വെളിപ്പെടേണ്ടിയിരിക്കുന്നു. ട്രംപിന്റെ മറ്റൊരു പ്രഖ്യാപിത ലക്ഷ്യം കുടിയേറ്റക്കാരെ ഏതുവിധേനയും തുരത്തുക എന്നതായിരുന്നല്ലോ. ഇതിലേക്കായി ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്നപേരില്‍ ഒരു നിയമനിര്‍മ്മാണവും ട്രംപ് നടത്തി. ‘മാഗ’ എന്ന ആത്യന്തിക ലക്ഷ്യത്തിലെത്താന്‍ തനിക്ക് മുന്നിലുള്ള ഏതൊരു പ്രതിബന്ധവും എന്തുവില കൊടുത്തും തകര്‍ത്തെറിയുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും വഴങ്ങില്ലെന്ന പ്രഖ്യാപനം അദ്ദേഹം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുമുണ്ട്. ഇതില്‍ നിയമത്തിന്റെയോ ധാര്‍മ്മികതയുടെയോ മാനുഷിക പരിഗണനയുടെയോ പ്രശ്നം ഉദിക്കുന്നതേയില്ല എന്നും വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. ട്രംപിന്റെ പുതിയ നിയമത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ഇരയാവുക ദശലക്ഷക്കണക്കിന് ഇന്ത്യന്‍ വംശജരായിരിക്കും.

ട്രംപിന്റെ ‘മാഗ’ സ്വപ്നത്തിനുള്ള മുഖ്യ പ്രതിബന്ധം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നവരില്‍ ബഹുഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ബിസിനസുകാരും ഉന്നത ബിരുദധാരികളായി തൊഴില്‍ തേടി തൊഴില്‍ വിപണിയിലുള്ള യുവാക്കളും ദീര്‍ഘകാലമായി അമേരിക്കയില്‍ കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരും ഇക്കൂട്ടത്തിലുണ്ട് എന്നതാണ്. ഇവരെയെല്ലാം ട്രംപ് ഭരണകൂടം വിശേഷിപ്പിക്കുന്നത് നമ്മുടെ ജനതയുടെ രക്തത്തെ വിഷലിപ്തമാക്കി നശിപ്പിക്കുന്നവര്‍ എന്നാണ്. ഈ വിഭാഗത്തെ പുകച്ച് പുറത്തുചാടിക്കുക ലക്ഷ്യമാക്കിയാണ് 2017ല്‍ തന്നെ ഒരു നിയമത്തിന് ട്രംപ് രൂപം നല്‍കിയത്. ഈ നിയമത്തിന്റെ യഥാര്‍ത്ഥ പേര് ‘ലെഗസി ടാക്സ് ആന്റ് ജോബ് കട്ട്സ് ആക്ട്’ എന്നായിരുന്നു. ഇന്നിപ്പോള്‍ ഈ നിയമം അറിയപ്പെടുന്നത് ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്നാണ്. നിര്‍ദിഷ്ട നിയമത്തിലെ‍ ഒരു പ്രത്യേക അധ്യായം ശ്രദ്ധേയമായി കാണണം. ഇതിന് നല്‍കിയിരിക്കുന്ന തലവാചകം ‘റിമൂവിങ് ടാക്സ് പെയര്‍ ബെനിഫിറ്റ്സ് ഫോര്‍ ഇല്ലീഗല്‍ ഇമിഗ്രന്റ്സ്’ — നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കുള്ള നികുതി ഇളവുകള്‍ നീക്കം ചെയ്യല്‍ എന്നാണ്. ബില്‍ അനുസരിച്ച് പ്രധാനമായും അമേരിക്കയില്‍ പണിയെടുക്കുന്ന വിദേശികള്‍ സ്വന്തം നാടുകളിലേക്കയയ്ക്കുന്ന പണത്തിന് 3.5% എക്സൈസ് തീരുവകൂടി കൂടുതലായി നല്‍കേണ്ടിവരും. ആദ്യഘട്ടത്തില്‍ ഇത് അഞ്ച് ശതമാനമായിരുന്നു. പാര്‍ലമെന്റ്, നിയമത്തിന് അംഗീകാരം നല്‍കുന്ന ഘട്ടത്തിലാണ് നേരിയ ഇളവ് അനുവദിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരിക 2026 ജനുവരി ഒന്നു മുതലായിരിക്കുമെന്നാണ് ധാരണ. കുടിയേറ്റക്കാരെന്ന നിലയില്‍ അനുമതി രേഖ കൈവശമുള്ള മുഴുവന്‍ വിദേശീയര്‍ക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും. അമേരിക്കന്‍ പൗരന്മാരെയും അംഗീകൃത റെമിറ്റന്‍സ് സൗകര്യങ്ങള്‍ ഒരുക്കുന്നവരെയും ഈ വ്യവസ്ഥ ബാധിക്കുന്നില്ലെന്നത് ഫലത്തില്‍ ദ്രോഹിക്കുക, ദശലക്ഷക്കണക്കിന് നിയമാനുസൃത കുടിയേറ്റക്കാരെയും വിസ കൈവശമുള്ള തൊഴിലന്വേഷികളെയും ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവരെയുമായിരിക്കും. 

ട്രംപിന്റെ ദുരുപദിഷ്ടമായ ഈ നീക്കത്തില്‍ പുതുമയൊന്നുമില്ല. ഇടുങ്ങിയ യുഎസ് അനുകൂല ദേശീയവാദമാണ് ഇതിന് മുമ്പും ഡൊണാള്‍ഡ് ട്രംപിന്റെ മുഖമുദ്രയായിരുന്നത്. യുഎസിലെ വിദേശീയ ജനസംഖ്യ 2023ലെ കണക്കനുസരിച്ച് 47.8 ദശലക്ഷമായിരുന്നു. ഇത് രണ്ട് വര്‍ഷക്കാലത്തിനിടെ വര്‍ധിച്ചിട്ടുമുണ്ടാകും. യുഎസ് കുടിയേറ്റക്കാരില്‍ ഏറ്റവുമധികം മെക്സിക്കോക്കാരാണ്. 2022ല്‍ തന്നെ 10.6 ദശലക്ഷം പേരാണുണ്ടായിരുന്നത്. അതായത് ആകെ കുടിയേറ്റക്കാരുടെ 23%. ആറ് ശതമാനം ഇന്ത്യക്കാരും അഞ്ച് ശതമാനം ചൈനക്കാരും നാല് ശതമാനം ഫിലിപ്പൈന്‍സുകാരും മൂന്ന് ശതമാനം എല്‍സാല്‍വഡോറുകാരുമാണ്. നിലവില്‍ യുഎസിലുള്ള കുടിയേറ്റ ജനതയുടെ 77% നിയമാനുസൃതം അവിടെ അധിവസിക്കുന്നവരാണ്.
2022 വരെയുള്ള കാലയളവില്‍ കുടിയേറ്റക്കാരില്‍ 49ശതമാനവും നിയമാനുസൃതം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരാണ്. 24% പേര്‍ നിയമാനുസൃതം സ്ഥിര താമസക്കാരായവരും നാല് ശതമാനം പേര്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമാനുസൃത താമസക്കാരും 23% പേര്‍ അനധികൃതമായി താമസമാക്കിയവരുമാണ്.
പ്യൂ (പിഇഡബ്ല്യു) ഗവേഷണ സ്ഥാപനത്തിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത് 2022ലെ യുഎസ് തൊഴില്‍ ശക്തിയുടെ 6.3% വര്‍ധനവും വിദേശീയരുടേതാണ് എന്നതാണ്. 2019ലെ പാന്‍ഡെമിക് ബാധിത വര്‍ഷത്തേതിലെ 0.7 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ധന. അതേസമയം തദ്ദേശീയരായ തൊഴിലാളികളുടെ പങ്കാളിത്ത വര്‍ധന ഒരു ശതമാനം എന്ന നിലയില്‍ ഈ കാലയളവിലും തുടര്‍ന്നു. 2023ല്‍ യു എസില്‍ നിന്നും പുറത്തേക്കൊഴുകിയത് 65,600 കോടി ഡോളറാണ്. ഇതില്‍ ഏറ്റവുമധികം ഗുണം കിട്ടിയ രാജ്യം മെക്സിക്കോ ആയിരുന്നു. ജിഡിപിയുടെ നാല് ശതമാനമായ 6,500 കോടി ഡോളറാണ് അവര്‍ നേടിയത്. ‍മെക്സിക്കോയ്ക്ക് മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും കൂടി കിട്ടിയതിലുമധികം വരുമിത്. ട്രംപിന്റെ പുതിയ നയം പ്രാവര്‍ത്തികമാക്കുന്നതോടെ നഷ്ടം സഹിക്കേണ്ടിവരിക മെക്സിക്കോയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. യുഎസിനുണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്ന നേട്ടം 2034 ആകുമ്പോഴേക്ക് 2,200 കോടി ഡോളറായിരിക്കുമെന്നാണ്. 

ഇന്ത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നമുക്ക് കിട്ടുക, വാഷിങ്ടണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എംപിഐ) എന്ന പഠനകേന്ദ്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്നാണ്. ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വിശ്വാസത്തിലെടുക്കാമെങ്കില്‍ യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 52 ലക്ഷമാണ്. ഇവരില്‍ 55% ഇന്ത്യയില്‍ ജനിച്ചവരും 45% പേര്‍ യുഎസില്‍ ജനിച്ചവരോ മറ്റു രാജ്യങ്ങളില്‍ ജനിച്ച് യുഎസില്‍ എത്തിയവരോ ആയിരിക്കും. ഈ കണക്കുകള്‍ ഏറെക്കുറെ കൃത്യതയോടെയുള്ളതായിരിക്കാനാണ് സാധ്യത കാണുന്നത്. 2023ല്‍ ഗ്രീന്‍കാര്‍ഡ് കിട്ടിയ കുടിയേറ്റക്കാരില്‍ മെക്സിക്കോ, ക്യൂബ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യക്കാണ് മൂന്നാം സ്ഥാനം. എംപിഐ തയ്യാറാക്കിയ പഠനവും കണക്കുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2023ല്‍ ഗ്രീന്‍കാര്‍ഡിന് അര്‍ഹമായ 1.2 ദശലക്ഷം കുടിയേറ്റക്കാരില്‍ ഏഴ് ശതമാനം — 78,100 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. അതേസമയം അനധികൃതമെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയിരിക്കുന്ന കുടിയേറ്റക്കാരായ മൂന്നു ശതമാനം — 3,75,000 പേര്‍ ഇന്ത്യന്‍ വംശജരാണ്. മൊത്തം അനധികൃത കുടിയേറ്റക്കാരുടെ എണ്ണമാണെങ്കില്‍ 2022ലേത് 11.3 ദശലക്ഷം വരും. ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന വിവരമനുസരിച്ച് യുഎസില്‍ കുടിയേറ്റ ഇന്ത്യക്കാര്‍ക്ക് പത്താം സ്ഥാനമാണ്. ഇവരാണ് പുതിയ ട്രംപിസ്റ്റ് റെമിറ്റന്‍സ് ടാക്സ് നയത്തില്‍ ഏറ്റവുമധികം ഇരയാവേണ്ടിവരിക. വിദേശ ഇന്ത്യക്കാരുടെ കൂട്ടത്തില്‍ സ്വന്തം രാജ്യത്തേക്ക് ഏറ്റവുമധികം റെമിറ്റന്‍സ് നടത്തുന്നവര്‍ യുഎസ് കുടിയേറ്റക്കാരായ ഇന്ത്യന്‍ പൗരന്മാരുമാണ്. ഇന്ത്യന്‍ കുടിയേറ്റക്കാരായി യുഎസില്‍ പണിയെടുക്കുന്നതില്‍ ഏറെയും ഉയര്‍ന്ന വരുമാനം ലഭ്യമാകുന്ന മേഖലകളെ ആശ്രയിക്കുന്നവരുമാണ്. ആധുനിക മാനേജ്മെന്റ് ബിസിനസ് സംരംഭങ്ങള്‍, ശാസ്ത്ര — സാങ്കേതികവിദ്യാ മേഖലകള്‍, കലാ — സാംസ്കാരിക, ശാസ്ത്ര — ഗവേഷണ മേഖലകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്.

റെമിറ്റൻസിന്റെ കാര്യമെടുത്താല്‍ 2024ല്‍ ഇന്ത്യയുടേത് ഏറ്റവും ഉയര്‍ന്ന നിലവാരമായ 13,770 കോടി‍ ഡോളറിലെത്തിയിരുന്നു. അതായത്, ഇന്ത്യന്‍ ജിഡിപിയുടെ 3.5%. ഇതാണെങ്കില്‍ 2025ലെ മൊത്തം എഫ്‌ഡിഐ നിക്ഷേപത്തിന്റെ 70 ശതമാനത്തോളമായിരിക്കും. സ്വാഭാവികമായും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വരുമാന സ്രോതസായിരിക്കും കറന്റ് അക്കൗണ്ട് കമ്മി (സിഎസി) കൈകാര്യം ചെയ്യുന്നതിന് ഏറ്റവുമധികം സഹായകമായ മാര്‍ഗം. യുഎസില്‍ നിന്നുള്ള റെമിറ്റന്‍‍സ് ആര്‍ബിഐയുടെ കണക്കുകൂട്ടലനുസരിച്ച് 3,800 കോടി‍ ഡോളറാണ്. അതായത് മൊത്തം വിദേശ റെമിറ്റന്‍സിന്റെ 28 ശതമാനത്തോളം. റെമിറ്റന്‍സ് നികുതി പ്രയോഗത്തില്‍ വരുന്നതോടെ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് പണം അയയ്ക്കുന്നതില്‍ ചെലവു വര്‍ധന വരുന്നു എന്നതു കൂടാതെ, മറ്റു നിരവധി പ്രശ്നങ്ങളും ഉടലെടുക്കും. ഇതില്‍ പ്രധാനം അധിക നികുതി ബാധ്യത തന്നെയായിരിക്കും. പഴയ നിരക്കില്‍ വരുമാന നികുതി അടക്കമുള്ള ബാധ്യതകള്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ടെങ്കിലും പുതിയ നികുതി ബാധ്യത കൂടി അവര്‍ക്ക് വഹിക്കേണ്ടിവരും. എന്നാല്‍, പുതിയ നികുതി നിരക്കുകള്‍ക്ക് മുമ്പ് കിട്ടിയതുപോലുള്ള ഇളവ് ഇപ്പോള്‍ ലഭ്യമായിരിക്കുകയില്ല. ഇത്തരം നിരവധി പുതിയ ബാധ്യതകളായിരിക്കും ഒരേസമയം എന്‍ആര്‍ഐകള്‍ക്ക് 2026 ജനുവരി ഒന്നു മുതല്‍ ഏറ്റെടുക്കേണ്ടിവരിക. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.