23 December 2025, Tuesday

ട്രംപിന്റെ പരാക്രമം പേടി കൂടിയിട്ടാണ്

എ കെ രമേശ്
September 5, 2025 4:45 am

ഹാഗുണ്ടകളായറിയപ്പെടുന്ന പോക്കിരിവീരന്മാരിൽ ചിലരെങ്കിലും അങ്ങനെയായിത്തീരുന്നത് പേടി കൂടിയിട്ടാണ് എന്ന കാര്യം നന്നെ ചുരുക്കം പേർക്കേ മനസിലാവൂ. അതിഭുജ വിക്രമധികൃത ശക്തപരാക്രമിയായി വാഴുന്ന ട്രംപിന്റെ യഥാർത്ഥ ചങ്കിടിപ്പ് പക്ഷേ അത്രയും പേർക്കും അറിഞ്ഞു കൊള്ളണമെന്നില്ല. പുരങ്ങളാകെ എരിയിച്ചു കളഞ്ഞതും ചോരച്ചാലുകൾ ഒഴുക്കി ആർത്തുവിളിച്ചതും നേര്. പിഴച്ചുങ്കം കൂട്ടിയിട്ട് ഒക്കച്ചങ്ങായിക്ക് പോലും എടങ്ങേറ് വരുത്തി വച്ചതും നേര്. പക്ഷേ മൂപ്പരുടെ ഉള്ള് കലങ്ങുന്നത് എത്ര പേരറിയും, കാണും, വിശ്വസിക്കും? 

ഈരേഴ് പതിനാല് ലോകത്തും കേളികേട്ടൊരു നാണയത്തിനുടമ — നേരാണ്. നാടായ നാടുമായൊക്കെ കച്ചവടബന്ധവുമുണ്ട് — അതും നേരാണ്. പക്ഷേ വന്ന് വന്ന് വ്യാപാരക്കമ്മി കുതിച്ചു കയറി കണക്കൊക്കെ തെറ്റിക്കുകയാണ്. 91,840 കോടി ഡോളറാണ് വ്യാപാരക്കമ്മി. എന്നുവച്ചാൽ ഇറക്കുമതി ബില്ല് കൊടുത്തു തീർക്കാൻ കയറ്റുമതിവരവും കഴിച്ച് പിന്നേം വേണം 80,69,980 കോടി രൂപ. (91840x87.87) ഇത്രയും ഗതികെട്ട ഒരു കച്ചവടസാഹചര്യത്തിൽ ആർക്കാണ് വട്ട് പിടിക്കാതിരിക്കുക? ഇക്കാര്യം പറഞ്ഞ് നാട്ടാരാകെ ഇളകി വരാതിരിക്കണമെങ്കിൽ, സ്വല്പം തീവ്ര സങ്കുചിത ദേശീയതയെ പ്രാപിക്കുകയല്ലാതെന്തു ചെയ്യാനാവും പാവം ട്രംപിന്? അതിനിടയ്ക്കാണ് പഴയൊരു പോർണോ താരവുമായുള്ള ബന്ധം നാട്ടിൽ പാട്ടായതും അതൊതുക്കിത്തീർക്കാൻ കാശ് കൊടുത്തിട്ടും, ആൾ രാഹുൽ മാങ്കൂട്ടത്തിന്റെ ഗണത്തിൽപെ‌ട്ട് വശനാവുന്നതും. 

പിന്നെയും പൊന്തുകയാണ് പഴയൊരു എപ്സ്റ്റീൻഫയൽ. പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ വളച്ച് വലച്ച് നാടുകടത്തി കാശ് കീശയിലാക്കിയതിന്റെ പേരിൽ ആള് ജയിലിലായ കേസാണ് എപ്സ്റ്റീന്റേത്. ആള് ജയിലിൽ തൂങ്ങിച്ചത്തെന്നും അതല്ല തച്ചു കൊന്ന് കെട്ടിത്തൂക്കിയതാണെന്നും രണ്ടുണ്ട് കേൾവി. ഏതായാലും എവിടെടാ എപ്സ്റ്റീൻ ഫയൽ എന്ന് നാട്ടാരാകെ ചോദിക്കാൻ തുടങ്ങുമ്പം
കമ്മ്യൂണിസ്റ്റിമ്പാച്ചിയും ഇസ്ലാമോഫോബിയയും ചേരുംപടി ചേർത്ത് പൂഴിക്കടകനടിക്കുക തന്നെ! അതിനാണ് നാടുകടത്തലും തടവിലിടലും നാട്ടുനടപ്പാക്കുന്നത്. അതിനാണ് കണ്ടവരെയൊക്കെ പിരിച്ചുവിടുന്നതും ഭരണഘടന ലംഘിക്കാനുള്ളതല്ലെങ്കിൽ പിന്നെന്തിനാണ് എന്ന് തെളിയിച്ചു കാട്ടുന്നതും. ഇതിന്റെ പേരാണ് ജനാധിപത്യം എന്ന് എന്നിട്ടും മാധ്യമങ്ങൾ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നത്, അല്ലെങ്കിൽ ഇതാണ് ബൂർഷ്വാ ജനാധിപത്യം എന്ന കമ്മ്യൂണിസ്റ്റ് പ്രചാരണം നാട്ടാർ വിശ്വസിച്ചു പോവും എന്നത് കൊണ്ടാണ്. മുതലാളിത്തമാകെ കുഴപ്പത്തിലാണ് എന്ന കാര്യം നാട്ടാരാകെ വിശ്വസിച്ചാൽ പിന്നെ തങ്ങൾക്കെന്ത് ഗതി എന്ന് മാധ്യമ ഉടമകൾ തിരിച്ചറിയുന്നത് കൊണ്ടാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.