
1917ലെ ഒക്ടോബർ വിപ്ലവത്തിന്റെ ഉജ്വല തന്ത്രജ്ഞൻ മാത്രമായിരുന്നില്ല വ്ലാദ്‌മിർ ഇലിച്ച് ലെനിൻ, 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികരിൽ ഒരാളായിരുന്നു. വിപ്ലവത്തിന്റെ വിപുലീകരണത്തിനും ആശയങ്ങളുടെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതായിരുന്നു. മുതലാളിത്ത വിമർശനത്തിന്റെ അടിത്തറ പാകുകയാണ് മാർക്സും എംഗൽസും ചെയ്തതെങ്കിൽ ധന മൂലധന കാലഘട്ടത്തിൽ മുതലാളിത്തത്തിന്റെ പരിവർത്തനങ്ങളെ മനസിലാക്കിയതും പഠിപ്പിച്ചതും ലെനിനായിരുന്നു. 1916ൽ പ്രസിദ്ധീകരിച്ച സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം എന്ന സുപ്രധാനമായ കൃതിയിൽ ഇതു സംബന്ധിച്ച് ലെനിൻ കൃത്യവും അതേസമയം ഭൗതികവാദപരവുമായ വിശകലനമാണ് നടത്തിയത്. വിപണികൾ പിടിച്ചെടുക്കാനുള്ള മത്സരം, മൂലധന കയറ്റുമതി, ലോകത്തെ വിഭജിക്കുവാനും പുനർ വിഭജിക്കുവാനുള്ള നീക്കങ്ങൾ എന്നിവയിൽ ശ്രദ്ധയൂന്നിയിരിക്കുന്ന മുതലാളിത്തം എങ്ങനെയാണ് സാമ്രാജ്യത്വമായി രൂപാന്തരപ്പെട്ടത് എന്നതിനെക്കുറിച്ച് ലെനിൻ ഈ പുസ്തകത്തിൽ വിവരിക്കുന്നു. കുത്തകകളുടെയും ധന മൂലധനത്തിന്റെയും ആധിപത്യം സ്ഥാപിക്കപ്പെടുന്ന ഘട്ടത്തിൽ മുതലാളിത്തം സാമ്രാജ്യത്വമാകുന്നു, അതിൽ മൂലധന കയറ്റുമതിക്കും വ്യാപനത്തിനും പ്രാമുഖ്യം ലഭിക്കുന്നു എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ച 21-ാം നൂറ്റാണ്ടിലെ ആക്രമണോത്സുക വ്യാപാര യുദ്ധങ്ങൾ ഉൾപ്പെടെ ആധുനിക സാമ്രാജ്യത്വ സംഘർഷങ്ങളെ മനസിലാക്കുന്നതിനുള്ള കാഴ്ചപ്പാട് നൽകുന്നതാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവച്ചിരിക്കുന്ന വ്യാപാരയുദ്ധം, സാമ്രാജ്യത്വ യുക്തി ഏറ്റവും അപരിഷ്കൃതവും വംശീയവുമായ രൂപത്തിൽ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രത്യക്ഷവും വ്യക്തവുമായ ഉദാഹരണമാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്ന ബാനറിൽ ട്രംപ് മുന്നോട്ടുവയ്ക്കുന്ന അതിദേശീയ സാമ്പത്തിക നയങ്ങൾ മുതലാളിത്ത വ്യവസ്ഥയിൽ നിന്നുള്ള വേർപിരിയലിനെയല്ല മറിച്ച് അതിന്റെ തീവ്രതയെയാണ് പ്രതിനിധീകരിക്കുന്നത്. താരിഫുകൾ, ഉപരോധ ഭീഷണികൾ, ഏകപക്ഷീയമായ സാമ്പത്തിക പ്രയോഗം എന്നിവയെല്ലാം ട്രംപ് ഉപയോഗിക്കുന്നത് അദ്ദേഹം അവകാശപ്പെടുന്നതുപോലെ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനല്ല, മറിച്ച് ആഗോള സമ്പദ് വ്യവസ്ഥയിൽ യുഎസ് ആധിപത്യത്തിന്റെയും കോർപറേറ്റ് കുത്തകകളുടെയും തകർച്ചയെ പ്രതിരോധിക്കാനാണ്. വാചകകസർത്തിന്റെ മൂടുപടമണിഞ്ഞ് ആഗോള മത്സരത്തെ അഭിമുഖീകരിക്കുകയും മേധാവിത്വം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഭരണവർഗ താല്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നവയായിരുന്നു ഈ നടപടികൾ.
ട്രംപിന്റെ വ്യാപാരയുദ്ധം കൂടുതൽ അപകടകരമാക്കുന്നത് അതിന്റെ സാമ്പത്തികമായ യുക്തിയിൽ മാത്രമല്ല മറിച്ച് വീണ്ടുവിചാരമില്ലായ്മയുടെയും സൈനിക സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലുമാണ്. ട്രംപിന്റെയും മറ്റു പ്രമുഖ സമ്പദ്‌വ്യവസ്ഥകളുടെയും വ്യാപാരയുദ്ധ നീക്കം വിനാശകരവും 2008ലെ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായ ഘട്ടത്തിലെ കറൻസി യുദ്ധത്തെക്കാൾ രൂക്ഷവുമായിരിക്കും. അന്താരാഷ്ട്ര കരാറുകളെ പരസ്യമായി അവഹേളിക്കൽ, ഉപരോധ ഭീഷണി, ഡോളറിനെ ആയുധമാക്കൽ, വ്യാപാരനയത്തെ രാഷ്ട്രീയ ഭീഷണിക്കുള്ള ഉപകരണമാക്കൽ എന്നിങ്ങനെയുള്ള ട്രംപിന്റെ നയങ്ങൾ ലെനിൻ വിശേഷിപ്പിച്ചതുപോലെ ലോകത്തെ യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും യുഗം എന്ന അവസ്ഥയിലേക്ക് അടുപ്പിക്കുകയാണ്. അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള ട്രംപിന്റെ സൈനികവും വംശീയവൽക്കരിക്കപ്പെട്ടതും അഹങ്കാരം നിറഞ്ഞതുമായ സമീപനം സാമ്രാജ്യതത്തിന്റെ മേധാവിത്വബോധത്തിൽ ഉണ്ടായിരിക്കുന്ന നിരാശയെയാണ് പ്രതിഫലിപ്പിക്കുന്നത്.
മാത്രമല്ല അദ്ദേഹത്തിന്റെ സാമ്പത്തിക ദേശീയതയ്ക്കൊപ്പം തന്നെ കടുത്ത വിദേശീയ വിദ്വേഷവും വംശീയതയും നിലനിൽക്കുകയും ചെയ്യുന്നു. കുതിയിളവുകളിലൂടെയും നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിലൂടെയും മൂലധനത്തിന്റെ അനിയന്ത്രിത ചലനം സാധ്യമാകുമ്പോൾ തന്നെ ജനങ്ങളുടെ, പ്രത്യേകിച്ച് തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ജീവിതം ശക്തമായി നിയന്ത്രിക്കപ്പെടുന്നു. അമേരിക്കൻ തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി കോർപറേറ്റുകൾ പുറം കരാർ നൽകുകയും യൂണിയനുകളെ ദുർബലപ്പെടുത്തുകയും ചെയ്യുമ്പോൾ അതിന്റെ പേരിൽ കുടിയേറ്റ നിരോധനങ്ങൾ, അതിർത്തിയിൽ ഉയർത്തുന്ന മതിലുകൾ, തടങ്കൽ പാണയങ്ങൾ, വംശീയ കാഴ്ചപ്പാടുകൾ എന്നിവ ന്യായീകരിക്കപ്പെടുകയാണ്. മൂലധനത്തിന് സ്വതന്ത്രമായി ചലിക്കാനുള്ള അവസരം, തൊഴിലാളികൾക്ക് നിർബന്ധിത അചഞ്ചലാവസ്ഥ എന്നിവ സാമ്രാജ്യത്വത്തിന്റെ ഉൾക്കാമ്പായിരിക്കുന്നു. തൊഴിലാളികളെ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ചൂഷക വസ്തുവാക്കുകയും അതിദേശീയ വിഷം പ്രയോഗിച്ച് തൊഴിലാളിവർഗത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിഭാസങ്ങൾ നയപരമായ വ്യതിയാനങ്ങൾ അല്ല, മറിച്ച് ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആഗോള വ്യവസ്ഥയുടെ പ്രതിഫലനമാണെന്ന് മനസിലാക്കാനും കുത്തക മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ അതിന്റെ ചട്ടക്കൂടിനകത്ത് പരിഹരിക്കാൻ ആവുന്നതല്ലെന്ന് തിരിച്ചറിയാനും ലെനിന്റെ വിശകലനം നമ്മെ സഹായിക്കുന്നു.
ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും രൂപീകരിച്ചത് മുതൽ ലോകത്തെ, പ്രത്യേകിച്ച് ആഗോള ദക്ഷിണ രാഷ്ട്രങ്ങളെ സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന നയങ്ങൾ സ്വീകരിക്കുന്നതിന് നിർബന്ധിച്ച് തുടങ്ങിയിരുന്നു. കൂടാതെ വൻശക്തികൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരങ്ങൾ അനിവാര്യമായ സംഘർഷത്തിലേക്കാണ് ലോകത്തെ നയിക്കുന്നതും.
സമാധാനത്തന്റെ പേരിൽ യുദ്ധങ്ങളും സമൃദ്ധിയുടെ പേരിൽ ചൂഷണവും സൃഷ്ടിക്കപ്പെടുന്നു. മുതലാളിത്തം കൂടുതൽ വികസിതമാകുമ്പോൾ, ഏകീകൃത സാമ്രാജ്യത്വ ബൂർഷ്വാസിയുടെ നുകം തൊഴിലാളിവർഗം കൂടുതൽ ശക്തമായി അനുഭവിക്കേണ്ടിവരുമെന്നാണ് ലെനിൻ എഴുതിയത്. അപ്പോൾ മുന്നോട്ടുള്ള വഴി എന്താണ്? വിനാശകരവും വംശീയവും സൈനികവുമായ നയങ്ങളുടെ പിടിയിൽ നിന്ന് നമുക്ക് എങ്ങനെ രക്ഷപ്പെടാനാകുമെന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം വിപ്ലവകരമായ മാർക്സിസം-ലെനിനിസത്തിലൂടെ എന്നാണ്. തൊഴിലാളിവർഗ അന്താരാഷ്ട്രവാദത്തിന്റെ പുനഃസംഘടനയിലും ശക്തിപ്പെടുത്തലിലും സാമ്രാജ്യത്വത്തിന്റെ യഥാർത്ഥ സ്വഭാവത്തിന്റെ മുഖംമൂടി അനാവരണം ചെയ്യലിലൂടെയും എന്നും. അതുകൊണ്ട് സംരക്ഷണവാദത്തിന്റെയും ജനാധിപത്യ സിദ്ധാന്തങ്ങളുടെയും തെറ്റായ വാഗ്ദാനങ്ങൾ നിരസിച്ചുകൊണ്ട് സോഷ്യലിസത്തിനായുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകേണ്ട ഘട്ടമാണിത്. യുദ്ധത്തിലൂടെയും പുറന്തള്ളലിലൂടെയുമല്ല മറിച്ച് ഐക്യദാർഢ്യത്തിലൂടെയും പരസ്പരം ബന്ധത്തിലൂടെയും പൊതുസമരത്തിലൂടെയുമാണ് തങ്ങളുടെ വിമോചനമെന്ന് തൊഴിലാളിവർഗം തിരിച്ചറിയണം. ട്രംപിന്റെ വ്യാപാരയുദ്ധം, അമേരിക്കൻ തൊഴിലാളിവർഗത്തെ സംരക്ഷിക്കുന്നതിനുപകരം, സാമ്രാജ്യത്വത്തിന്റെ ആഗോള തകർച്ചയെയും നീതിയുക്തമോ സമാധാനപരമോ ആയ ഒരു ലോകക്രമം നൽകാനുള്ള കഴിവില്ലായ്മയെയുമാണ് തുറന്നുകാട്ടുന്നത്. ബദൽ മാർഗമെന്നത് അസമത്വവും സാമ്രാജ്യത്വാധിപത്യവും വളർത്തിയ ക്ലാസിക്കൽ നവലിബറലിസത്തിലേക്കുള്ള തിരിച്ചുപോക്കല്ല, മറിച്ച് സോഷ്യലിസത്തിനായുള്ള ഒരു സംഘടിത ശ്രമമാണ്. അതാകട്ടെ മാർക്സിന്റെയും ലെനിന്റെയും അവർ പ്രചോദിപ്പിച്ച വിപ്ലവ പ്രസ്ഥാനങ്ങളുടെയും പാരമ്പര്യങ്ങളിൽ വേരൂന്നിയതുമാണ്. അപ്പോൾ മാത്രമേ നമുക്ക് ചൂഷണത്തിന്റെയും വിഭജനത്തിന്റെയും ലോകത്തിൽ നിന്ന് സമത്വത്തിന്റെയും സഹകരണത്തിന്റെയും ലോകത്തിലേക്ക് നീങ്ങാൻ കഴിയൂ. അവിടെ സമാധാനം യുദ്ധങ്ങൾക്കിടയിലുള്ള ദുർബലമായ ഇടവേളയല്ല, മറിച്ച് മുതലാളിത്തത്തിനപ്പുറമുള്ള ഒരു ലോകക്രമത്തിന്റെ ശാശ്വതമായ ഫലം കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.