
“മുതലാളിത്തം അതിന്റെ അവസ്ഥാതലങ്ങളെ നിലനിര്‍ത്തുന്നതിനായി മുതലാളിത്തകേന്ദ്രങ്ങളിലെ അതിന്റെ സാമ്രാജ്യത്വ മേധാവിത്വം നിലനിർത്തുന്നതിനുവേണ്ടി കൂടുതൽ കൂടുതൽ പ്രാകൃതമായി പെരുമാറിക്കൊണ്ടിരിക്കും’’. ആഫ്രിക്കൻ വിപ്ലവചിന്തകൻ ഡോ. സമിർ അമിന്റെ വാക്കുകളാണിത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വെനസ്വേലൻ ഭരണകൂടത്തെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ ഈ വാക്കുകൾക്ക് കനമേറുകയാണ്. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനുമേൽ സൈനിക സമ്മർദം കനപ്പിക്കുകയാണ് അമേരിക്കൻ ഭരണകൂടം. വെനസ്വേലൻ സർക്കാരിനെ അട്ടിമറിക്കാൻ ട്രംപ് നടത്തുന്ന പരിശ്രമങ്ങളുടെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരുന്നു. ജനാധിപത്യഭരണകൂടങ്ങളെ ഇല്ലാതാക്കാനുള്ള വർഷങ്ങളായി തുടരുന്ന യുഎസ് പരിശ്രമങ്ങളുടെ തീവ്രത കൂടുതൽ വെളിവാകുകയും ചെയ്യുന്നു. വെനസ്വേലയോടുള്ള പക ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്ന സൈനിക സംവിധാനങ്ങളുടെ പെരുക്കങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു വിമാനവാഹിനിക്കപ്പൽ, ഒരു ആണവ അന്തർവാഹിനി, പ്യൂർട്ടോറിക്കോയിൽ കേന്ദ്രീകരിച്ചിരിക്കുന്ന നിരവധി എഫ് ‑35 യുദ്ധവിമാനങ്ങൾ, 10,000ലധികം യുഎസ് സൈനികർ എന്നിവയ്ക്കൊപ്പം എട്ട് യുഎസ് നാവിക യുദ്ധക്കപ്പലുകളും വെനസ്വേലയെ ലാക്കാക്കി നിലകൊള്ളുന്നു. മഡൂറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസവും ട്രംപ് മുഴക്കിയ വെല്ലുവിളി.
കരീബിയനിലും കിഴക്കൻ പസഫിക്കിലും വെനസ്വേലൻ കപ്പലുകൾ കേന്ദ്രീകരിച്ച് നിരവധി ആക്രമണങ്ങൾ നടത്തിയതിന് ചുമതലയുള്ള യുഎസ് നേവി അഡ്മിറൽ ആൽവിൻ ഹോൾസി ഒക്ടോബർ പകുതിയോടെ ട്രംപിന്റെ നിർദേശങ്ങളോട് വിയോജിച്ച് രാജിവച്ചുവെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും മനുഷ്യത്വ രഹിതമായ പ്രവൃത്തികൾക്ക് വിരാമമില്ല. ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 57 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് ബോട്ടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ബോംബാക്രമണം പ്രഖ്യാപിക്കുകയും ന്യായീകരിക്കുകയും ചെയ്തത് ഇങ്ങനെയാണ്: ” എന്റെ നിർദേശമനുസരിച്ച്, സൗത്ത്കോം മേഖലയിൽ ട്രെൻ ഡി അരാഗുവ (ടിഡിഎ) എന്ന നാർക്കോ ടെററിസ്റ്റുകൾക്കെതിരെ യുഎസ് സൈന്യം ആക്രമണം നടത്തി. നിക്കോളാസ് മഡുറോയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ടിഡിഎ. കൂട്ടക്കൊല, മയക്കുമരുന്ന് കടത്ത്, ലൈംഗിക കടത്ത്, അമേരിക്കയിലും പടിഞ്ഞാറൻ അർധഗോളത്തിലുടനീളമുള്ള അക്രമ, ഭീകര പ്രവർത്തനങ്ങൾ എന്നിവയിലും ഉത്തരവാദിയാണ് ടിഡിഎ” വെറും വാചകമടിയല്ല എന്ന് തെളിയിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ലക്ഷ്യമിട്ട് വെനസ്വേലയിലേക്ക് നുഴഞ്ഞുകയറാൻ ഒരു സിഐഎ സംഘത്തിന് ഉത്തരവിട്ടതായും, അട്ടിമറിക്ക് യുഎസ് സൈനിക അധിനിവേശത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചു. മഡുറോയുടെ തലയ്ക്ക് പ്രഖ്യാപിച്ച 50 ദശലക്ഷം ഡോളറിന്റെ വിലയും ഇരട്ടിയാക്കി. മറ്റൊരു രാജ്യത്തിന്റെ നേതാവിനെ വധിക്കാനുള്ള പച്ചയായ ക്ഷണമാണിത്. 2024ൽ ഒരു യുഎസ് ഏജന്റ് മഡുറോയുടെ പൈലറ്റ് ജനറൽ ബിറ്റ്നർ വില്ലെഗാസിനെ സ്വാധീനിക്കാൻ ശ്രമിച്ചതായി അസോസിയേറ്റഡ് പ്രസ് പോയ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. വെനസ്വേലൻ പ്രസിഡന്റിനെ യുഎസ് കസ്റ്റഡിയിൽ എത്തിച്ചാൽ കനത്തപ്രതിഫലം വാഗ്ദാനം ചെയ്തു. എപി റിപ്പോർട്ട് ചെയ്തതുപോലെ, ശീതയുദ്ധകാലത്തെ ഒരു ചാര നോവൽ പോലെ പരാജയപ്പെട്ട മറ്റൊരു പദ്ധതി. പക്ഷെ മഡുറോയെ പുറത്താക്കാൻ യുഎസ് എത്രത്തോളം ഗൗരവമായി പരിശ്രമിക്കുന്നു എന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നു. ലോകത്തെവിടെയും ഇടപെടാൻ ശേഷിയുള്ള ഒരു കാപാലിക സംഘടനയായ സിഐഎ ട്രംപിന്റെ താല്പര്യങ്ങൾക്കൊപ്പം നീങ്ങുന്നു. വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അമേരിക്കൻ സാമാജ്യത്വത്തിന്റെ താല്പര്യങ്ങൾക്കനുസൃതമായി സിഐഎ അതിനിഷ്ഠുരമായി അട്ടിമറിച്ച ചരിത്രം ലോകത്തിനു മുന്നിലുണ്ട്. അത്തരം അട്ടിമറിശ്രമങ്ങൾ വെനിസ്വേലയിൽ തുടരുകയും ചെയ്യുന്നു.
ഇപ്പോൾ, ട്രംപ് കൂടുതൽ പ്രകടമായ സമ്മർദം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ ഊന്നിയിരിക്കുന്നത്. വെനസ്വേലയിലെ ചെറിയ മത്സ്യബന്ധന തുറമുഖമായ സാൻ ജുവാൻ ഡി ഉനാരെയിലെ ജനങ്ങൾക്ക് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾ വന്യമാണ്. സെപ്റ്റംബറിൽ യുഎസ് നടത്തിയ ഒരു മിസൈൽ ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. മത്സ്യബന്ധന ബോട്ടുകൾ നശിപ്പിക്കപ്പെട്ടു. ആക്രമണത്തെ അതിജീവിച്ചവരെ കടലിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചുമില്ല. ട്രംപിന്റെ യുദ്ധക്കൊതിക്ക് എതിരെ ചില സ്വരങ്ങൾ ഉയരുന്നുണ്ട്. സെനറ്റർമാരായ റാൻഡ് പോൾ, ആർ‑കി, ബേണി സാൻഡേഴ്സ് തുടങ്ങിയവർ വെനസ്വേലൻ കപ്പലുകളെ ആക്രമിച്ചുകൊണ്ട് ട്രംപ് നടത്തുന്ന സൈനിക നടപടി നിയമവിരുദ്ധവും ജനാധിപത്യധ്വംസനവുമാണെന്ന് ചൂണ്ടിക്കാട്ടി സെനറ്റിൽ പ്രമേയം അവതരിപ്പിച്ചു. മയക്കുമരുന്ന് തീവ്രവാദികൾ എന്ന ആരോപണത്തെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നുമില്ല, ഫോക്സ് ന്യൂസിനോട് ഇവർ പറഞ്ഞു. അവർ ആയുധധാരികളാണെന്ന് ആരും പറഞ്ഞിട്ടില്ല. ഒരു തെളിവും ഹാജരാക്കിയിട്ടുമില്ല. ” “അതിനാൽ ഈ ഘട്ടത്തിൽ, ട്രംപ് ചെയ്യുന്നത് പച്ചയായ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ ആണ്. ” ഒക്ടോബർ എട്ടിന് 48–51 വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. രണ്ട് റിപ്പബ്ലിക്കൻമാർ പ്രമേയത്തെ അനുകൂലിച്ചു. ഡെമോക്രാറ്റിക് സെനറ്റർമാരായ വിർജീനിയയിൽ നിന്നുള്ള ടിം കെയ്നും കണക്റ്റിക്കട്ടിൽ നിന്നുള്ള റിച്ചാർഡ് ബ്ലൂമെന്റലും പ്രമേയത്തെ ശക്തമായി പിന്തുണച്ചു. പ്രതിനിധി സഭയിൽ ആദം സ്മിത്ത്, ഡി വാഷ് തുടങ്ങിയവർ വെനസ്വേലയ്ക്കെതിരായ ട്രംപിന്റെ ഏകപക്ഷീയമായ യുദ്ധത്തെക്കുറിച്ച് പൊതുജനാഭിപ്രായം തേടണമെന്ന് ആവശ്യപ്പെട്ടു. കരീബിയനിൽ യുഎസ് നാവികസേന ചെയ്യുന്നത് കൊലപാതകമാണ്, ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റായ സ്മിത്ത് പറഞ്ഞു. “അമേരിക്കൻ പ്രസിഡന്റ് ഒരാളെ കൊല്ലാൻ ആഗ്രഹിക്കുകയും അവരെ കൊല്ലുകയും ചെയ്യുന്നു. അത് പ്രസിഡന്റ് സ്ഥാനത്തിന്റെ അസാധാരണമായ അധികാരപരിധിയാണ്. വളരെ അപകടകരമാണ് ഇത്. തുടരാൻ അനുവദിച്ചാൽ, അത് ലാറ്റിൻ അമേരിക്കയിലുടനീളം സംഘർഷങ്ങൾ വർധിപ്പിക്കും” സ്മിത്ത് മുന്നറിയിപ്പ് നൽകി. ലാറ്റിൻ അമേരിക്കയിലുടനീളം രോഷം പടരുകയാണ്. ആക്രമണങ്ങളെ “ഹീനമായ കുറ്റകൃത്യങ്ങൾ” എന്ന് മഡുറോ തന്നെ അപലപിക്കുകയും തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്രംപിന്റെ കടൽവേട്ടയെ “സ്വേച്ഛാധിപത്യ പ്രവർത്തനങ്ങൾ” എന്ന് വിമർശിച്ചു, “നിങ്ങൾക്ക് ബോട്ട് നിർത്തി ജീവനക്കാരെ അറസ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ എന്തിനാണ് മിസൈൽ ഉപയോഗിച്ച് തകർക്കുന്നത്? ” അദ്ദേഹം ചോദിക്കുന്നു.
ബോട്ടുകൾ തകർക്കുന്നതിനെക്കുറിച്ചുള്ള നിലപാട് പെട്രോ ആവർത്തിച്ചു, “അതിനെയാണ് ഒരാൾ കൊലപാതകം എന്ന് വിളിക്കുക. ”കരീബിയൻ ദ്വീപുകളിലെ യുഎസ് ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണ്. അത് അവസാനിപ്പിക്കണം, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. “സായുധ സംഘട്ടനമില്ലാത്ത സാഹചര്യങ്ങളിൽ മാരകമായ ബലപ്രയോഗം നടത്തുന്നത് നിസഹായരായ ആളുകളെ വധിക്കുന്നതിന് തുല്യമാണ്” എന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ പറഞ്ഞു. മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് ആളുകളെ ഒറ്റയടിക്ക് കൊന്നൊടുക്കാൻ യുഎസ് പട്ടാളക്കാർക്ക് ആകുമോ, ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ വാഷിങ്ടൺ ഡയറക്ടർ സാറ യാഗർ ചോദിക്കുന്നു. ട്രംപ് ഭരണകൂടം “നിയമവിരുദ്ധമായ കൊലപാതകങ്ങൾ” ചെയ്തുകൊണ്ടേയിരിക്കുന്നു. കോൺഗ്രസിലും ലാറ്റിൻ അമേരിക്കയിലും ഉടനീളമുള്ള മനുഷ്യസ്നേഹികളും ആഗോള സമൂഹത്തിലെ വലിയൊരു വിഭാഗവും ഇവർക്കൊപ്പം ചേർന്ന് സംസാരിക്കുന്നുണ്ട്. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ ടർക്ക് യുഎസ് സൈനിക ആക്രമണങ്ങൾ “സ്വീകാര്യമല്ല” എന്നും അത് അവസാനിപ്പിക്കണമെന്നും പോയ ആഴ്ചയിലും ആവർത്തിച്ചു. ടർക്കിന്റെ ഓഫിസ് വക്താവായ രവീണ ഷംദാസാനിയുടെ സന്ദേശം അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ് “ഈ ആക്രമണങ്ങളും വർധിച്ചുവരുന്ന മനുഷ്യ നഷ്ടവും അസ്വീകാര്യമാണ്. യുഎസ് അത്തരം ആക്രമണങ്ങൾ തടയുകയും ബോട്ടുകൾ ആക്രമിക്കുന്നതും ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കുകയും വേണം. കരീബിയനിലും പസഫിക്കിലും അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ്.” പുരോഗമന സർക്കാരുകൾക്കെതിരെ ലോകത്തെവിടെയുമുള്ള ഏകാധിപതികൾക്കും ഫാസിസ്റ്റ് സ്വേച്ഛാധിപതികൾക്കും സൈനികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമ്പൂർണ പിന്തുണ നൽകിക്കൊണ്ടാണ് അമേരിക്കൻ സാമ്രാജ്യത്വം എക്കാലത്തും നിലനിന്നിട്ടുള്ളത്. ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട്, കൂട്ടക്കൊലകൾക്ക് കാവൽ നിന്നുകൊണ്ട്, ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും മാധ്യമസന്നാഹങ്ങളിലൂടെ അവർ വലിയവാക്കുകൾ വിളമ്പുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.