
2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര‑സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ടാണ് ഓരോ ബജറ്റും അവതരിപ്പിക്കപ്പെടുന്നത് എന്നതാണ് പൊതുവായ ധാരണ. മിക്ക ബജറ്റുകളും കുറച്ചൊക്കെ നന്മ കൊണ്ടുവന്നിട്ടുണ്ട് എന്നത് ചരിത്രം. എന്നാൽ 1947 മുതൽ 2026 വരെയുള്ള ദീർഘമായ കാലഘട്ടത്തിൽ, ഇത്രയധികം ബജറ്റുകൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചതിനു ശേഷവും രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സ്ഥിതി എവിടെയെത്തിയെന്ന് പരിശോധിക്കുമ്പോഴാണ്, കേന്ദ്രബജറ്റുകൾ ജനങ്ങളോട് വേണ്ടത്ര നീതി കാട്ടിയോ എന്ന ചോദ്യം ഉദിക്കുന്നത്. ബിജെപി സർക്കാരും ഇതിനകം ഒരു ഡസൻ ബജറ്റുകൾ അവതരിപ്പിച്ചു കഴിഞ്ഞു. പ്രഖ്യാപനങ്ങൾക്കും അവകാശവാദങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല. ഇവയെല്ലാം പൊള്ളയായിരുന്നു എന്ന് പറയാനാകില്ല. രാജ്യം വളർന്നിട്ടുണ്ട്. ജനങ്ങൾക്ക് കുറച്ച് സൗജന്യങ്ങളൊക്കെ കിട്ടിയിട്ടുമുണ്ട്.
എന്നിട്ടും രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സ്ഥിതി എന്താണ്? ഇപ്പോഴത്തെ ബജറ്റ് രാജ്യത്തിനും ജനങ്ങൾക്കും എന്ത് പ്രയോജനം ചെയ്യുന്നതാണ്? വളർച്ചയുടെ നേട്ടവും സമ്പത്തിന്റെ കേന്ദ്രീകരണവും ചെന്നെത്തുന്നത് കോർപറേറ്റുകളിലാണെന്ന പതിവ് രീതിക്ക് ഇക്കുറി എന്തെങ്കിലും മാറ്റമുണ്ടൊ? കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മൂന്നുദിവസം മുമ്പവതരിപ്പിച്ച സംസ്ഥാന ബജറ്റ്, കേന്ദ്ര ബജറ്റുമായി ചേർത്തുവച്ച് പരിശോധിക്കുന്നത് ഉചിതമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന് ഒരു ഇടതുപക്ഷ മനസുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന എല്ലാ ബജറ്റുകളിലും അതിന്റെ മുദ്ര പ്രകടമാണ്. ജനുവരി 29ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് എല്ലാ വഴികളിലൂടെയും കേരളത്തെ, പൊതുസമൂഹത്തെ വലിയതോതിൽ സ്വാധീനിക്കുന്ന ഒന്നായി മാറി എന്നതില്‍ തർക്കമില്ല. ബിജെപി സർക്കാരിന് ഒരിക്കലും ദഹിക്കാത്ത ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. ഓരോ വർഷവും ഇതിനുവേണ്ടി ബജറ്റ് വകയിരുത്തുന്ന തുക കുറഞ്ഞു കുറഞ്ഞുവന്നു. വേതനം വർധിപ്പിച്ചില്ല. ഇന്നിപ്പോൾ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് നീക്കം.
അതിന്റെ ഭാഗമായി 40% ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലാക്കി. ബജറ്റിൽ ഇതിനുവേണ്ടി വകയിരുത്തിയിരിക്കുന്നത് 95,692 കോടിയാണ്. കേന്ദ്രം പ്രഖ്യാപിച്ച പ്രതിവര്‍ഷം 125 ദിവസം തൊഴിൽ നൽകണമെങ്കിൽ 2.32 ലക്ഷം കോടി വേണം. അതിനർത്ഥം സംസ്ഥാനങ്ങൾ കൈവിട്ടാൽ പദ്ധതി ഉണ്ടാകില്ല എന്നാണ്. ഈ പ്രശ്നത്തിന്റെ ഗൗരവം അതിന്റെ പൂർണതയിൽ ഉൾക്കൊണ്ട്, 1000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ബജറ്റില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനും ആർട്സ് ആന്റ് സയൻസ് ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കാനും തുക വകയിരുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഒരു വയോജന ബജറ്റിനു കൂടി സംസ്ഥാനം രൂപം നൽകി. ക്ഷേമനിധി പെൻഷൻ ഉൾപ്പെടെ മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു വർഷം ചെലവഴിക്കുന്ന തുക 46,236 കോടിയായി ഉയര്‍ന്നു. ഇത് ബജറ്റിന്റെ 19.07 ശതമാനമാണ്. ആരോഗ്യ രക്ഷയ്ക്ക് 352 കോടി കൂടുതലായി വകയിരുത്തി. ആകെ 2502 കോടി.
വർധനവ് 16.28%. ഓട്ടോ, ടാക്സി തൊഴിലാളികൾ, ഹരിതകർമ്മസേന ഇവർക്കെല്ലാം ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തും. കൃഷിയെ ശാസ്ത്രീയ വിജ്ഞാനവുമായി കൂട്ടിയിണക്കാൻ പദ്ധതി. എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട വനിതകളെ ശാക്തീകരിക്കാൻ ‘വനിത സമൃദ്ധി പദ്ധതി‘ക്ക് 60 കോടി. ഭക്ഷ്യ പൊതുവിതരണം ശക്തിപ്പെടുത്താനും വ്യാപകമാക്കാനും കൂടുതൽ തുക. വനിതാ പാർക്കുകളും പ്രവാസി പാർക്കുകളും സ്ഥാപിക്കും. ഒരു ലക്ഷം നാനോ സംരംഭങ്ങൾ. റബ്ബർ കർഷകർക്ക് ആശ്വാസമേകാൻ 700 കോടി മാറ്റിവയ്ക്കുന്നു. എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്നീ ലക്ഷ്യങ്ങൾ വൈകാതെ കൈവരിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ വലിയ പരിശ്രമം നടത്തി. ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കല്‍, ക്ഷാമബത്ത കുടിശിക അനുവദിക്കൽ, ‘ഉറപ്പായ പെൻഷൻ പദ്ധതി’, ഭവന നിർമ്മാണ വായ്പ പുനസ്ഥാപിക്കൽ, മെഡിസെപ് കൂടുതൽ ഫലപ്രദമാക്കല്‍ തുടങ്ങിയവയും ഉൾപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധി അലവൻസ് വർധിക്കും. മുൻ ജനപ്രതിനിധികൾക്ക് ക്ഷേമനിധി. പത്രപ്രവർത്തക പെൻഷനിൽ 1500 രൂപ വർധനവ്. 150ല്‍ അധികം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹകരണ ജീവനക്കാർക്കും കൂടി മെഡിസെപ് നടപ്പിലാക്കും.
എംസി റോഡ് വികസനത്തിൽ ഇനി കുതിച്ചുചാട്ടം ഉണ്ടാകും. ഇതിനായി 5217 കോടിയും തിരുവനന്തപുരം-കാസര്‍കോട് അതിവേഗ പാതയ്ക്ക് 100 കോടിയും മാറ്റിവച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി മേഖലയിൽ ‘ബ്ലൂ എക്കോണമി’ നയം നടപ്പിലാക്കും. ബജറ്റ് കണക്കു പ്രകാരം ഒരു വർഷത്തെ മൊത്തം വരവ് 1.83 ലക്ഷം കോടിയും ചെലവ് 2.17 ലക്ഷം കോടിയുമാണ്. റവന്യൂ കമ്മി 34,586 കോടിയാണ്. കേന്ദ്ര ബജറ്റ് പുറത്തുവന്നപ്പോൾ ഇത് ഭീതിപ്പെടുത്തുന്ന കമ്മിയായി മാറിയിട്ടുണ്ട്. കാരണം കേരളം പ്രതീക്ഷിച്ചതൊന്നും കേന്ദ്ര ബജറ്റിലില്ല. മാത്രമല്ല, ശമ്പള പരിഷ്കരണം ഉൾപ്പെടെ കാര്യങ്ങൾ മുന്നിൽ നിൽക്കുന്നു. അതേ സമയം കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ, അഞ്ചു വർഷത്തിനുള്ളിൽ 1.52 ലക്ഷം കോടിയുടെ വർധനവുണ്ടായി എന്നത് ആശ്വാസകരമാണ്. യുഡിഎഫ് ഭരണകാലത്തു്, ശരാശരി വാർഷിക ചെലവ് 68,028 കോടിയായിരുന്നതു്, ഇപ്പോള്‍ 1,69,316 കോടിയായി ഉയർന്നു എന്നതും ശ്രദ്ധേയമാണ്.
രാജ്യം കൈവരിച്ച പുരോഗതിയെ കുറിച്ചാണ് 12 വർഷങ്ങളായി മോഡി പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കിലും ലോകത്തേറ്റവും കൂടുതൽ ജനങ്ങൾ നേരത്തെ മരിക്കുന്നവരുടെ രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യം, നിരക്ഷരത, ശിശുമരണം, ചികിത്സ കിട്ടാതെ മരിക്കുന്നവർ, വീടില്ലാത്തവർ, തൊഴിലില്ലാത്തവർ, ശുദ്ധജലം കിട്ടാത്തവർ, സ്ത്രീസുരക്ഷ ഇല്ലായ്മ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ലോകത്ത് ലജ്ജാകരമായ ഒന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഈ സ്ഥിതി കൂടുതൽ വഷളാക്കാൻ ഉപകരിക്കുന്ന ബജറ്റാണ് നിർമ്മലാ സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചതു്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഓരോ വർഷവും ബജറ്റ് വിഹിതം കൂട്ടുകയാണ് സാധാരണ ചെയ്യാറുള്ളതു്. കേരള ബജറ്റിൽ ഇത് പ്രകടമാണ്. എന്നാല്‍ കേന്ദ്രബജറ്റിലോ? ഇത്തരം മേഖലകളിലെല്ലാം വെട്ടിക്കുറവു വരുത്തി. ഗ്രാമീണ വികസനം (53,067 കോടി), നഗര വികസനം (39,573 കോടി), സാമൂഹിക ക്ഷേമം (9,999 കോടി), കൃഷി (6,985 കോടി), വിദ്യാഭ്യാസം (6,701 കോടി), ആരോഗ്യം (3,686 കോടി), എസ്സി- എസ്ടി ക്ഷേമം (3,499 കോടി), വനിതാ ക്ഷേമം (5,344 കോടി), ജലജീവൻ പദ്ധതി (50,000 കോടി) ഈ ക്രമത്തിൽ ഒരു സർക്കാരും വെട്ടിക്കുറവു വരുത്തിയിട്ടില്ല. ദരിദ്രരില്ലാത്ത ഇന്ത്യയെക്കുറിച്ച് ചിന്തിക്കാനോ അതിനാവശ്യമായ ഒരു പാക്കേജ് ബജറ്റിലൂടെ പ്രഖ്യാപിക്കാനോ ബിജെപി സർക്കാരിന് എന്നെങ്കിലും കഴിയുമോ? രാജ്യത്തു്, ഈ ബജറ്റ് കാലത്തു് ഉയർന്നു വരേണ്ട ഏറ്റവും വലിയ ചോദ്യമിതാകണം.
16-ാം ധനകാര്യ കമ്മിഷൻ ശുപാർശകൾ ബജറ്റിലൂടെ അംഗീകരിച്ചിട്ടുണ്ട്. നിലവിലുള്ള 41% തുകയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൈമാറുന്നതു്. കേരളത്തിന് ഇതിന്റെ 2.38% കിട്ടും. ഇത് പ്രയോജനകരമാണ്. കാരണം നേരത്തെ ഇത് 1.92% മാത്രമായിരുന്നു. ഇതു പ്രകാരം 9540 കോടി കൂടുതൽ കിട്ടും. അങ്ങനെ ആകെ കിട്ടുന്നത് 36,356 കോടിയാണ്. അതേസമയം ഒരു വിധത്തിലുള്ള ഗ്രാന്റുകള്‍ ഇനി കിട്ടില്ല. അതിന്റെ ഫലമായി 32,411 കോടിയുടെ കുറവാണ് ഉണ്ടാകാൻ പോകുന്നതു്. ബജറ്റിന് പുറത്ത് ഒരു രൂപയും കടമെടുക്കാൻ പാടില്ല എന്ന പ്രഖ്യാപനം കേരളത്തിന് ദോഷകരമാണ്. കേന്ദ്രസർക്കാരിന്റെ ഒരു വർഷത്തെ മൊത്തം വരവ് 36.51 ലക്ഷം കോടിയും ചെലവ് 53.47 ലക്ഷം കോടിയും റവന്യൂ കമ്മി 16.95 ലക്ഷം കോടിയുമാണ്. പലിശ നല്കാന് മാത്രം 20% തുക ചെലവഴിക്കണം. അത്ര വേഗത്തിലാണ് പൊതുകടം ഉയര്ന്നുകൊണ്ടിരിക്കുന്നതു്. സര്‍ക്കാരിന്റെ വരവില്‍ 24% കടമെടുപ്പിലൂടെയാണ്. ഇന്‍കം ടാക്സിലൂടെ 21%, കോര്‍പറേറ്റ് ടാക്സിലൂടെ 18%, ജിഎസ്ടി ഉള്‍പ്പെടെയുള്ള നികുതിയിലൂടെ 15%, നികുതിയിതരം 10%, കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിലൂടെ 06%, കസ്റ്റംസ് നികുതിയിലൂടെ 04%, മറ്റുള്ളവയിലൂടെ 02% ഈ ക്രമത്തിലാണ് വരവ്. ചെലവില്‍ 22% സംസ്ഥാനങ്ങൾക്ക് കൈമാറും. പലിശയ്ക്ക് 20%, കേന്ദ്ര പദ്ധതികൾക്ക് 17%, പ്രതിരോധത്തിന് 11%, കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് 08%, സബ്സിഡികൾക്ക് 06%, സിവിൽ പെൻഷൻ നൽകാൻ 02%, മറ്റുള്ളവർക്ക് 14% ഈ ക്രമത്തില്‍ ചെലവുണ്ടാകും.
17.20 ലക്ഷം കോടി രൂപയാണ് പുതിയ വർഷം കടമെടുക്കാൻ പോകുന്നതു്. ബജറ്റിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടി കേരളം കേന്ദ്രത്തിനു് സമർപ്പിച്ച അതിവേഗ റെയിൽ, എയിംസ്, ശബരിപാത, വിഴിഞ്ഞം തുറമുഖ വികസനം, തിരുവനന്തപുരം മെട്രോ, വയനാട് പുനരധിവാസം, വന്യജീവി ആക്രമണം തടയൽ ഉൾപ്പെടെ 29 കാര്യങ്ങളിൽ ഒന്നുപോലും അനുവദിച്ചില്ല. കേരളത്തിന്റെ സമഗ്രമായ വളർച്ച കേന്ദ്രത്തെ അലോസരപ്പെടുത്തുന്നു എന്നത് വ്യക്തം. കേന്ദ്ര‑സംസ്ഥാന ബജറ്റുകൾ മുന്നിൽ വച്ച്, ഏറ്റവും മൗലിക സ്വഭാവത്തിലുള്ള 10 കാര്യങ്ങൾ എടുത്ത് താരതമ്യം ചെയ്യാം. (എ) ശരാശരി ഇന്ത്യക്കാർ ജീവിക്കുന്നതിനേക്കാൾ എട്ടുവർഷം കൂടുതൽ മലയാളികൾ ജീവിക്കുന്നു. (ബി) കേരളത്തിൽ ദാരിദ്ര്യം ഇല്ലാതാകുന്നു. എന്നാൽ ലോകത്തു് ഏറ്റവും കൂടുതൽ ദരിദ്രര്‍ ഉള്ള രാജ്യമായി ഇന്ത്യ നിലനിൽക്കുന്നു. (സി) ശിശുമരണനിരക്ക് കേരളത്തില്‍ ഏറ്റവും കുറവ്. ഇന്ത്യ ലോകത്തു തന്നെ ഒന്നാമതു്. (ഡി) സാക്ഷരതയിൽ കേരളം പൂർണതയിൽ എത്തുമ്പോൾ, ലോകത്തേറ്റവും കൂടുതൽ നിരക്ഷരര്‍ ഇന്ത്യയിലാണ്. (ഇ) ചികിത്സ കിട്ടാതെ മരിക്കുന്നവർ കേരളത്തിൽ ഇല്ലാതായിരിക്കുന്നു. ഇങ്ങനെയുള്ള മരണം ലോകത്തേറ്റവും കൂടുതൽ ഇന്ത്യയിൽ. (എഫ്) എല്ലാവർക്കും ഭൂമി (97%), എല്ലാവർക്കും വീട് (98%) എന്ന അവസ്ഥയിലേക്ക് കേരളം എത്തുന്നു. എന്നാൽ ലോകത്തേറ്റവും കൂടുതൽ വീടില്ലാത്തവരും ഭൂമിയില്ലാത്തവരും ഇന്ത്യയിലാണ്. (ജി) കേരളത്തിൽ വർഗീയ കലാപമില്ല. ഇന്ത്യയിൽ ഓരോ വർഷവും വർഗീയ കലാപത്തിലൂടെ ആയിരങ്ങൾ മരിക്കുന്നു. (എച്ച്) കേരളത്തിൽ സിവിൽ സർവീസ് ശക്തിപ്പെടുന്നു. കൂടുതൽ നിയമനങ്ങൾ നടക്കുന്നു. ജനങ്ങൾക്ക് കൂടുതൽ സേവനം കിട്ടുന്നു.
അതേസമയം കേന്ദ്രസർവീസ് ചെറുതാകുന്നു. നിയമനങ്ങൾ അപൂർവമായിരിക്കുന്നു. 10.34 ലക്ഷം തസ്തികൾ ഒഴിഞ്ഞു കിടക്കുന്നു. സംവരണ വ്യവസ്ഥ തന്നെ അപ്രസക്തമാകുന്നു. (ഐ) കേരളത്തിൽ പൊതുമേഖല ശക്തിപ്പെടുന്നു. കേന്ദ്രത്തിൽ ഇവ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. (ജെ) പൊതുവിതരണ രംഗം നാൾക്കുനാള്‍ കേരളത്തിൽ ശക്തിപ്പെടുമ്പോൾ ഇന്ത്യയിൽ ഈ രംഗം നാമാവശേഷമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ബജറ്റുകൾ കേരളത്തെ വളർത്തിയിട്ടുണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അതിന്റെ നേട്ടമെത്തി. പുതിയ ബജറ്റ് അതിനു് കൂടുതൽ കരുത്തേകുന്നതായി മാറി. കേന്ദ്രബജറ്റുകൾ പലപ്പോഴും ജനജീവിതത്തെ ഗുണകരമായി സ്പര്‍ശിക്കുന്നതായി മാറാറില്ല. പുതിയ ബജറ്റിന്റെ സ്ഥിതിയും അതുതന്നെ. കേരളത്തെ സംബന്ധിച്ചിടത്തോളം, കേന്ദ്ര ബജറ്റ് എല്ലാ അർത്ഥത്തിലും ദുരന്തം വിതയ്ക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.