
മലയോര ജനതയ്ക്ക് ഏറ്റവും വലിയ ഓണസമ്മാനമായി കേരള സർക്കാർ നല്‍കിയ പട്ടയ ചട്ടഭേദഗതി കൃഷിക്കാരന്റെ ആത്മാഭിമാനം വാനോളം ഉയർത്തുന്നു. 1960ലെ ഭൂ പതിവ് നിയമത്തിന് ചട്ടങ്ങൾ നിർമ്മിച്ചത് 1964ലെ കോൺഗ്രസ് സർക്കാരാണ്. കൃഷി ചെയ്യുന്നതിനും, വീട് വയ്ക്കുന്നതിനും മാത്രമായി പട്ടയാവകാശം ചുരുക്കി. കുടിയേറ്റ കർഷകർ മണ്ണിൽ പൊന്നു വിളയിച്ച് ഭക്ഷ്യക്ഷാമം അകറ്റുകയും നാണ്യവിളകൾ ഉല്പാദിപ്പിച്ച് വിദേശനാണ്യം നേടുകയും ചെയ്തു. തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെട്ടു. തങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസസ്ഥാപനങ്ങളും, ആരാധനാലയങ്ങളും, വാണിജ്യ സ്ഥാപനങ്ങളും ഉണ്ടാക്കി. തൊഴിൽശാലകളും, സഹകരണ‑സാമ്പത്തിക സ്ഥാപനങ്ങളും, ചെറുനഗരങ്ങളും ഉയർന്നുവന്നു. ഇതെല്ലാം ഉപയോഗിക്കപ്പെട്ടത് തങ്ങൾക്ക് സ്ഥിരാവകാശം കിട്ടിയ പട്ടയഭൂമിയിലാണ്.
പ്രകൃതിദുരന്തങ്ങളും, പകർച്ചവ്യാധികളും നേരിട്ടുകൊണ്ടാണ് കർഷകർ അന്ന് കുടിയേറ്റം സാധ്യമാക്കിയത്. വന്യമൃഗാക്രമണം മൂലവും, മലമ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങൾ ബാധിച്ചും അനേകർ ജീവൻ വെടിഞ്ഞു. അവരുടെ ബന്ധുക്കളും, പിന്മുറക്കാരുമാണ് മലയോര മേഖലയെ ഇന്ന് കാണുന്ന രൂപത്തിൽ വികസിപ്പിച്ചെടുത്തത്. നിരന്തരമായ ത്യാഗത്തിന്റെയും, കണ്ണീരിന്റെയും, കഷ്ടപ്പാടിന്റെയും കഥയാണ് മലയോര കർഷകരുടെ ചരിത്രം. ഈ കൃഷിക്കാർക്ക് അവരുടെ കൈവശഭൂമിക്ക് പട്ടയം ലഭ്യമാക്കിയത് സൗജന്യമായിട്ടായിരുന്നില്ല. പലപ്പോഴും വലിയ പ്രക്ഷോഭങ്ങൾ തന്നെ നടത്തേണ്ടി വന്നിട്ടുണ്ട്.
അന്ന് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയ നിയമങ്ങൾ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഇടയാക്കി. 1961 മുതൽ 82 വരെ കോൺഗ്രസ് ഭരിച്ച കാലങ്ങളിൽ 12 തവണ ഇടുക്കി ജില്ലയിൽ കുടിയൊഴിപ്പിക്കൽ നടത്തി. പൊലീസ് മർദനങ്ങളിൽ അനവധി കൃഷിക്കാർ മരിക്കുകയും, നിരവധി പേർ കള്ളക്കേസിൽ പ്രതികളായി ഫോറസ്റ്റുകാരുടെയും, പൊലീസുകാരുടെയും ഭീകരമായ മർദനം ഏറ്റുവാങ്ങുകയും, ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
1980ലെ കേന്ദ്ര വനസംരക്ഷണ നിയമം പാസായപ്പോള്‍, പട്ടയം നൽകുന്നതിനെതിരായി ആദ്യം മുനിസിഫ് കോടതിയിലും, പിന്നീട് കേരള ഹൈക്കോടതിയിലും ഹർജികൾ നൽകിയത് കോൺഗ്രസിന്റെ ദേവികുളം നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന മോഹൻകുമാർ ആണ്. അവരോടൊപ്പം തിരുവാങ്കുളം നാച്ചുറൽ ലവേഴ്സ് ക്ലബ്ബ് എന്ന സംഘടനയും ഉണ്ടായിരുന്നു. കേസ് തീർപ്പാകാൻ കാലതാമസം നേരിട്ടപ്പോൾ അഖിലേന്ത്യാ കിസാൻ സഭ കക്ഷി ചേരുകയും 1991 മാർച്ചില്‍ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. തുടർന്ന് ഹൈക്കോടതി കർഷർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചെങ്കിലും യുഡിഎഫ് അധികാരത്തിലെത്തിയതോടെ പട്ടയ വിതരണം അനിശ്ചിതത്വത്തിലായി.
അതിനിടെ ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോൺഗ്രസ് ഭരണകൂടം സഹായം ചെയ്യുകയുമുണ്ടായി. അവിടെയും പരാജയപ്പെട്ട ഇവർ പഴയ ഉടമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകൾ ഉൾക്കൊള്ളുന്ന വിപുലമായ ഏലമല പ്രദേശം ‘കാർഡമം ഹിൽ റിസർവ്’ വനഭൂമിയാണെന്നും അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോദവർമ്മൻ തിരുമുല്പാട് കേസിനെ പി ൻപറ്റി സുപ്രീം കോടതിയിലെത്തി. എ കെ ആ ന്റണി, ഉമ്മൻചാണ്ടി സർക്കാരുകളും കർഷകർക്കെതിരായ നിലപാടുകൾ സ്വീകരിച്ചു.
2007ൽ അധികാരത്തിൽ വന്നപ്പോഴും പിന്നീട് 2018ലും 24ലും ഈ പ്രദേശം വനഭൂമിയല്ല റവന്യു ഭൂമിയാണെന്ന വ്യക്തമായ സത്യവാങ്മൂലം എൽഡിഎഫ് സർക്കാര്‍ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഈ കേസിലും കോൺഗ്രസിന്റെ ഒളിച്ചുകളി വ്യക്തമാണ്. ഇപ്പോഴത്തെ തടസങ്ങൾക്ക് തുടക്കം കുറിച്ചത് മൂന്നാറിനെ നശിപ്പിക്കുന്ന കയ്യേറ്റങ്ങൾക്കെതിരായി 2007ൽ ആരംഭിച്ച ഒഴിപ്പിക്കൽ നടപടികളെ തുടർന്നുണ്ടായ കേസുകളാണ്. പട്ടയ വിതരണത്തിനും, ചട്ടലംഘനത്തിനും കോടതി തടസം നില്‍ക്കുകയും ഇത് മലയോര ജനതയുടെ ജീവിതത്തിന് ദുരിതമാവുകയും ചെയ്തു.
ആകെ 12ഓളം കുടിയൊഴിപ്പിക്കലുകളാണ് വിവിധ ഘട്ടങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ ഇടുക്കി ജില്ലയിൽ നടത്തിയിട്ടുള്ളത്. 1961ൽ അയ്യപ്പൻകോവിലിൽ ആയിരക്കണക്കിന് കർഷകരെ കുടിയൊഴിപ്പിച്ചു. കുടിയേറ്റ കർഷകരെ വനം കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന സമീപനമാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരുന്നത്. കുടിയേറ്റവും കയ്യേറ്റവും രണ്ടാണെന്നും കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ഉറപ്പിച്ച് പ്രഖ്യാപിച്ചു. മലയോര കർഷകരെ സംരക്ഷിച്ചത് ഇടതുപക്ഷമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
കാലം കടന്നുപോയപ്പോൾ സമ്പത്തിന്റെ വർധനവും, മതങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങളും, കപടവിശ്വാസങ്ങളുമെല്ലാം ചേർന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ എണ്ണം മലയോര മേഖലയിൽ വർധിപ്പിച്ചതുകൊണ്ട് കക്ഷി രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്നതും വസ്തുതയാണ്. എങ്കിലും കർഷകദ്രോഹം സ്ഥിരമായി കൊണ്ടുനടന്ന കോൺഗ്രസും, സഖ്യകക്ഷികളും ചില്ലറയൊന്നുമല്ല മലയോര ജനതയെ ദ്രോഹിച്ചിട്ടുള്ളത്. അതിന്റെ ചരിത്രം പരിശോധിക്കാതിരിക്കാനാകില്ല. പട്ടയ നിയമം ഭേദഗതി ചെയ്തപ്പോൾ നിയമസഭയിൽ പിന്തുണയ്ക്കുകയും വെളിയിൽ വന്ന് അതിനെതിരായി പ്രചരണം നടത്തുകയും ചെയ്തത് യുഡിഎഫാണ്. ഈ ബില്ലിൽ ഗവർണർ ഒപ്പിടാതിരിക്കാൻ വേണ്ടി എല്ലാ കുതന്ത്രങ്ങളും യുഡിഎഫ് സ്വീകരിച്ചു.
യുഡിഎഫിനോടൊപ്പം ചില പരിസ്ഥിതിവാദികളും കർഷകരുടെ പേരിലെ ചില സംഘടനകളും ചേർന്ന് നടത്തിയ ഗൂഢാലോചന ഗവർണർ ഒപ്പുവയ്ക്കുന്നതിന് തടസമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇക്കൂട്ടർ പറയുന്നത് സർക്കാരിന് പണപ്പിരിവും കൊള്ളയും നടത്താൻ വേണ്ടിയാണ് ക്രമീകരണങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത് എന്നാണ്. നടക്കുന്നത് കൊള്ളയും അഴിമതിയുമാണെന്ന് ഇടുക്കി എംപിയുടെ നേതൃത്വത്തിൽ യുഡിഎഫും, കപട പരിസ്ഥിതിവാദികളും ചില കർഷക സംഘടനകളും വേണ്ടി വ്യാജപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
യുഡിഎഫിനെ അവഗണിച്ച് കൃഷിക്കാരെ സഹായിക്കാൻ എൽഡിഎഫ് തീരുമാനിച്ചത് അവർക്കിടയിൽ കടുത്ത ആശാഭംഗം സൃഷ്ടിച്ചു. എങ്ങനെയെങ്കിലും മുഖം രക്ഷിക്കാനുള്ള ശ്രമമാണവര്‍ നടത്തുന്നത്. പട്ടയ ചട്ടം ലംഘിച്ച് നടത്തിയ നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും വിധിച്ചതിനെ തുടർന്നാണ് ഈ നടപടികളിലേക്ക് സര്‍ക്കാരിന് പോകേണ്ടി വന്നത്. അതുകൊണ്ട് വാണിജ്യ വ്യാവസായിക നിർമ്മാണങ്ങൾക്ക് 3000 ചതുരശ്രയടിയില്‍ കൂടുതലുള്ള കെട്ടിടത്തിന് ചെറിയ ഫീസീടാക്കാൻ തീരുമാനിച്ചു. എന്നാൽ ഇത് സൗജന്യമാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചത് കാപട്യമാണ്. മുമ്പ് നടത്തിയ വഞ്ചനകളുടെ തുടർച്ചയും സാധാരണക്കാരെയും പാവപ്പെട്ടവരെയും ബലിയാടാക്കി സമ്പന്നവർഗ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒളിച്ചുകളിയുമാണ്. ജനങ്ങളുടെയിടയിൽ സർക്കാർ വിരുദ്ധ വികാരം വളർത്തിയെടുക്കാനാണ് അധികാര മോഹികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.