12 April 2025, Saturday
KSFE Galaxy Chits Banner 2

യുഎന്‍ സംഘടനകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു

നീലാഞ്ജൻ ബാനിക്
December 16, 2023 4:35 am

അടുത്തനാളുകളിലായി ആഗോള ബഹുമുഖ ഏജൻസികൾക്ക് അവയുടെ പ്രസക്തി നഷ്ടപ്പെടുകയാണ്. ഉദാഹരണം ഐക്യരാഷ്ട്ര സഭ തന്നെ. ഗാസയിൽ വെടിനിർത്തണമെന്ന ആവശ്യത്തിന് അനുകൂലമായി ഭൂരിപക്ഷം അംഗങ്ങള്‍ വോട്ട് ചെയ്തിട്ടും, യുഎസ് വീറ്റോ അധികാരം ഉപയോഗിച്ച് അത് തടഞ്ഞു. ഒരു വർഷം മുമ്പ്, ഭൂരിഭാഗം രാജ്യങ്ങളും ഉക്രെയ്‌നിൽ വെടിനിർത്തൽ ആവശ്യപ്പെട്ടപ്പോൾ റഷ്യയും ഇതേ വീറ്റോ അധികാരം ഉപയോഗിച്ചു.  അഞ്ച് സ്ഥിരാംഗങ്ങൾ‑യുഎസ്എ, റഷ്യ, ഫ്രാൻസ്, യുകെ, ചൈന- ഒരു പ്രമേയത്തിൽ അന്തിമവാക്ക് എന്നത് യുഎൻ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്ന വിമർശനം നേരത്തേയുണ്ട്.  വികസിച്ചുവരുന്ന ഒരു ബഹുധ്രുവ ലോകത്ത്, യുഎൻ സംവിധാനം ആഗ്രഹിക്കുന്ന ഫലങ്ങൾ നൽകാൻ സാധ്യതയില്ല. ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ),ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തുടങ്ങിയ ബഹുമുഖ ഏജൻസികളെ സംബന്ധിച്ചും അവസ്ഥയില്‍ മാറ്റമില്ല. ആഗോള ജിഡിപിയുടെ ശതമാനത്തില്‍ വ്യാപാരം കുറയുന്നതിന് കാരണം, ഡബ്ല്യുടിഒയുടെ കാര്യക്ഷമതയില്ലായ്മയാണെന്ന് വ്യാപാര രംഗത്തെ വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥ, ലിംഗഭേദം, ബൗദ്ധിക സ്വത്തവകാശം പോലെയുള്ള വിവേചനപരമായ പ്രശ്നങ്ങളും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വിപണി പ്രവേശനത്തെ നിയന്ത്രിക്കുന്ന തടസങ്ങളാണ്.
ലോകാരോഗ്യ സംഘടനയുടെ സ്ഥിതിയിലും വ്യത്യാസമൊന്നുമില്ല. ഡബ്ല്യുഎച്ച്ഒയുടെ അശ്രദ്ധയാണ് കോവിഡ് 19 കാലത്ത് ഉയർന്ന മരണനിരക്കിന് കാരണമായി പലരും പറയുന്നത്. രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചു. സംഘടനയുടെ ശുപാർശകളിൽ പലതും അടിസ്ഥാനരഹിതവും പലപ്പോഴും വളരെ വൈകിയും അപൂര്‍ണവും അപ്രായോഗികവുമായിരുന്നു. കോവിഡിന്റെ പ്രാരംഭനാളുകളിൽ, രാജ്യങ്ങളോട് അതിർത്തികൾ തുറന്നിടാൻ ഡബ്ല്യുഎച്ച്ഒ നിർദേശിച്ചു. ചൈന ഒരു വലിയ ദാതാവാണ് എന്ന വസ്തുത നിലനില്‍ക്കെയായിരുന്നു സംഘടനയുടെ ഈ മൃദുസമീപനം. കോവിഡ് 6.9 ദശലക്ഷം ആളുകളുടെ ജീവനെടുത്തതിന് ഇതും കാരണമായിട്ടുണ്ട്.

 


ഇതുകൂടി വായിക്കു: മുതലാളിത്തത്തിന്റെ സത്ത


ഇപ്പോള്‍ ചൈനയിൽ മറ്റൊരു അജ്ഞാത വൈറസിന്റെ വരവോടെ ലോകാരോഗ്യ സംഘടന അതിന്റെ നിരീക്ഷണം സൂക്ഷ്മമാക്കിയിരിക്കുന്നു. ബീജിങ്ങിലും ലിയോണിങ് പ്രവിശ്യയിലും അപൂര്‍വമായ ന്യുമോണിയ പൊട്ടിപ്പുറപ്പെടുന്നത് കോവിഡ് 19ന്റെ ആദ്യ നാളുകളെ ഓർമ്മിപ്പിക്കുന്നുണ്ട്. രോഗബാധിതരായ കുട്ടികളും അധ്യാപകരും ആശുപത്രികളിൽ നിറയുകയാണ്. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ സ്കൂളുകള്‍ അടച്ചിടാന്‍വരെ കാരണമായി. പുതിയ രോഗങ്ങളെ ചെറുക്കുന്നതിൽ ജാഗ്രത, ഗവേഷണം, തയ്യാറെടുപ്പ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരുകളോട് പ്രസംഗിക്കുന്ന ലോകാരോഗ്യ സംഘടന തന്നെ ചൈന പോലുള്ള രാജ്യങ്ങളോട് വ്യത്യസ്തമായ നിലപാടെടുക്കുന്നത് മഹാമാരിയെ നിയന്ത്രിക്കുന്നതിലെ ഫലപ്രാപ്തിയെത്തന്നെ ചോദ്യം ചെയ്യുന്നു.
കഥ ഇവിടെ അവസാനിക്കുന്നില്ല. വിവിധ ഭരണകൂടങ്ങളുടെ നടപടിക്കെതിരെ ശബ്ദിക്കുന്നതിലെ വിവേചനം മുതല്‍, ലോകാരോഗ്യ സംഘടനയുടെ ചില പ്രഖ്യാപനങ്ങളും സംശയാസ്പദമാണ്. പെട്രോൾ, സ്മാർട്ട്ഫോണ്‍, ഉപ്പിലിട്ട പച്ചക്കറികൾ, കഫീക് ആസിഡ് (കാപ്പി, വൈൻ, ചായ എന്നിവയിൽ കാണപ്പെടുന്നത്) തുടങ്ങിയവ അർബുദ സാധ്യതയുള്ള ഗ്രൂപ്പ് 2ബി വിഭാഗമായി ലോകാരോഗ്യ സംഘടന തരംതിരിച്ചിട്ടുണ്ട്. കൂടാതെ, ചുവന്ന മാംസത്തെ അപകടസാധ്യതയുള്ള രീതിയില്‍ കാൻസര്‍ സാധ്യതയുള്ള ഗ്രൂപ്പ് 2എ ആയും തരംതിരിച്ചിരിക്കുന്നു. ഗ്രൂപ്പ് രണ്ട് ഇനങ്ങൾ മനുഷ്യരിൽ കാൻസറിന് കാരണമാകുമെന്നതിന് തെളിവുകൾ കുറവാണെങ്കിലും മൃഗങ്ങളിൽ ഇത് സംഭവിക്കാമെന്ന് പരീക്ഷണം തെളിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് 2ബിയിലാകട്ടെ സാധ്യത വളരെ കുറവാണെന്നും സൂചിപ്പിക്കുന്നു. എന്നിട്ടും ഇത്തരം പ്രഖ്യാപനങ്ങൾ ജനങ്ങളിൽ ഭയം ജനിപ്പിക്കുന്നവയാണ്. അതോടൊപ്പം എങ്ങനെ കെെകാര്യം ചെയ്യണമെന്ന കാര്യത്തില്‍ സർക്കാരുകളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.

അസ്പാർട്ടേം (പഞ്ചസാരയുടെ പകരക്കാരൻ) ഉപയോഗം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന സമീപകാലത്ത് പ്രഖ്യാപിച്ചു. എന്നാല്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഈ വർഗീകരണത്തോട് വിയോജിച്ചു, തെളിവുകൾ ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവുമായി യോജിക്കുന്ന തരത്തില്‍ അസ്പാർട്ടേം ‘മനുഷ്യരില്‍ കാൻസറിന് കാരണമായേക്കാം’ എന്ന് എഫ്ഡിഎ തിരുത്തിയെങ്കിലും കാന്‍സറിന് കാരണമാകുമെന്ന് ഉറപ്പാക്കുന്നില്ല. മറ്റൊരു ഉദാഹരണം, ചൂടാക്കിയ പുകയില ഉല്പന്നങ്ങള്‍(എച്ച്ടിപി), ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റം (ഇഎന്‍ഡിഎസ്) എന്നിവ പരമ്പരാഗത ഉല്പന്നങ്ങളെക്കാൾ ഗണ്യമായ രീതിയില്‍ നിക്കോട്ടിൻ ഉള്ളടക്കം കുറയ്ക്കും എന്ന വാദമാണ്. ഡബ്ല്യുഎച്ച്ഒ ഈ വിഷയത്തിൽ അനിശ്ചിതത്വത്തിലാണെങ്കിലും, യുഎസ്, യുകെ, ജപ്പാൻ മുതലായ ചില രാജ്യങ്ങൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സുരക്ഷിതമായ ബദലുകളായി ഇവ സ്വീകരിച്ചു. കത്തിക്കുന്ന സിഗരറ്റുകളിൽ കാണപ്പെടുന്നതിനെക്കാൾ ചില വിഷവസ്തുക്കളുടെ അളവ് കുറവായതിനാൽ, പൊതുജനാരോഗ്യ സംരക്ഷണത്തിന് പരിഷ്കരിച്ച പുകയില ഉല്പന്നങ്ങൾ (എംആർടിപി) അനുയോജ്യമാണെന്ന് യുഎസ് അംഗീകരിച്ചു. 2013നും 16നും ഇടയിൽ പുകവലിയുടെ വ്യാപനം ഒരു ശതമാനം കുറഞ്ഞു. 2016നും 19നുമിടയിൽ നിരക്ക് 5.2 ശതമാനം കുറഞ്ഞ ജപ്പാനിലെ സാഹചര്യം, എച്ച്ടിപികളുടെയും ഇഎന്‍ഡികളുടെയും സാധ്യത തെളിയിക്കുന്നു. അതേസമയം പുകയിലയുമായി ബന്ധപ്പെട്ട എല്ലാ ഉല്പന്നങ്ങളെയും ഒരുമിച്ച് ആക്രമിക്കുന്ന സമീപനമാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചത്. അതുവഴി ഗവേഷണത്തിലൂടെയും വികസനത്തിലൂടെയും മെച്ചപ്പെട്ട ശീലത്തിലേക്ക് മാറുന്നതിനുള്ള വാതിൽ അടച്ചു.


ഇതുകൂടി വായിക്കു: വിദ്യാഭ്യാസ ഗുണനിലവാരവും പരീക്ഷാ വിജയവും


 

 

ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്മേലുള്ള നിരോധനം യഥാർത്ഥത്തിൽ പ്രയോജനത്തിന് പകരം കൂടുതൽ സാമൂഹിക നഷ്ടത്തിലേക്കാണ് നയിക്കുക. ഉദാഹരണത്തിന്, ബിഹാറിലെ മദ്യനിരോധനം സംബന്ധിച്ച കേസുകള്‍ തന്നെ. മദ്യപാനം കുറ്റകരമാക്കുന്നതിന്റെ ചെലവ്, അനധികൃത മദ്യമാഫിയ, മദ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ കൂമ്പാരം, വ്യാജമദ്യമരണം (ഏഴ് വർഷത്തിനുള്ളിൽ മുന്നൂറോളം), 40,000 തൊഴിലവസര നഷ്ടം, സംസ്ഥാനത്തെ നികുതി വരുമാനക്കുറവ് എന്നിവയിലേക്ക് നയിച്ചു. വ്യാവസായിക, വായു മലിനീകരണം പോലുള്ള ആരോഗ്യത്തെ നശിപ്പിക്കുന്ന ആഗോളവ്യാപക പ്രശ്നങ്ങളില്‍ പോലും, അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെടുന്നു. ഇത്തരം രൂക്ഷമായ വിഷയങ്ങൾക്കെതിരെ നടപടിയെടുക്കാൻ രാജ്യങ്ങളെ നിർദേശിക്കേണ്ടിടത്ത് മൗനംപാലിക്കുന്നതിലൂടെ, ഉത്തരവാദിത്തം നടപ്പാക്കുന്നതിലും പരാജയമാണ്. ഫണ്ടിങ് പങ്കാളികളോട് വിധേയത്വം പ്രകടിപ്പിച്ചും മാനവികതയെ സംരക്ഷിക്കേണ്ട മേഖലകളിൽ ഉത്തരവാദിത്തം മറന്നും അത് സ്വയം അപഹസിക്കുകയാണ് ചെയ്യുന്നത്, പ്രത്യേകിച്ചും ഗുരുതരമായ അവസ്ഥയുള്ള ആരോഗ്യ മേഖലയിൽ. ലോകവ്യാപാര സംഘടനയെപ്പോലെ ലോകാരോഗ്യ സംഘടനയ്ക്കും വെെകാതെ പ്രസക്തി നഷ്ടപ്പെടുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
(അവലംബം: ഐപിഎ)

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.